Thursday, February 23, 2012

പയ്യാവൂർ ഊട്ടുത്സവം ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌- ഒരു കൂട്ടുത്സവക്കാഴ്ച

പയ്യാവൂർഊട്ടുത്സവം പലതുകൊണ്ടും മറ്റ് ഉത്സവങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. നാടിന്റെ എല്ലാ അതിർത്തികളും ഭേദിച്ച് സ്നേഹത്തിന്റെയും ഒരുമയുടേയും വിസ്മയക്കാഴ്ചകളൊരുക്കുന്ന ഉത്സവം. ദേശഭാഷകളുടെ അതിരുകൾക്കപ്പുറം ഒരുമയുടെ കഥപറയുന്ന ആഘോഷം. കാർഷിക സംസ്കാരത്തിന്റെ പൊലിമ തുളുമ്പുന്ന ആചാരങ്ങൾ.വ്യത്യസ്ത ദേശങ്ങളുടേയും സംസ്കാരങ്ങളുടേയും സംഗമഭൂമിയായി ഒരു നാട് മാറുന്ന കാലം.
വില്ലാളി വീരനായ അർജുനൻ പരമശിവനിൽ നിന്നും പാശുപതാസ്‌ത്രലബ്‌ധിക്കായി ശിവനെ തപസ്സുചെയ്‌തു. ഏറെക്കാലം കഴിഞ്ഞപ്പോൾ ഭഗവാൻ ഭക്തനെ പരിക്ഷിക്കാൻ തീരുമാനിച്ചു. ശിവപാർവതിമാർ കിരാതവേഷമെടുത്തുവന്നു ഈ സമയം മുകാസുരൻ പന്നിയുടെ രൂപത്തിൽ തപസ്വിയായ അർജുനനുനേർക്കടുത്തു. കിരാതനും കിരീടിയും ഒരേസമയം പന്നിയെ അമ്പെയ്‌തു. സുരകവധത്തിന്‌ രണ്ടുപേരും അവകാശവാദമുന്നയിച്ചു. തർക്കംമൂത്ത്‌ പൊരിഞ്ഞ യുദ്ധമായി അസ്‌ത്രപ്രയോഗത്തിൽ കോപിഷ്‌ഠനായ കിരാതൻ തന്റെ വലതുകാൽകൊണ്ട്‌ അർജുനനെ പിറകോട്ട്‌ തോണ്ടിയെറിഞ്ഞു.അർജുനൻ വീണസ്ഥലം വെകാലൂരെന്നും കാലാന്തരത്തിൽ പയ്യാവൂരെന്നു പേരു വന്നു. ഇതാണ്‌ സ്ഥാലനാമ ഐതിഹ്യം.

പിൽക്കാലത്ത് അവിടെ നടത്തിപ്പോന്നിരുന്ന ഉത്സവം വറുതിയുടെ ഏതോ പൌരാണിക കാലത്ത് അവർക്ക് തങ്ങളുടെ ആരാധ്യദേവനായ പയ്യാവൂരപ്പനെ ഊട്ടാൻ നിവൃത്തികേടായി. അന്ന് രൂപമെടുത്ത ആശയമാണ് കുടകരുടെ അരിക്കാഴ്ച്ച മുതൽ ചൂളിയാടിന്റെ പഴക്കാഴ്ച്ച വരെ. മുറ തെറ്റാതെ ഇന്നത്തെ തലമുറയും അത് പാലിച്ചു പോരുന്നു എന്നത് ചെറിയ കാര്യമല്ല.

ശിവക്ഷേത്രത്തിലെ ഊട്ടുത്സവത്തിന് മുന്നോടിയായി ഊട്ടറിയിക്കാന്‍ കോമരത്തച്ചന്‍ കുടകിലേക്ക് പുറപ്പെടും. കുടകിലെ മുണ്ടയോടന്‍ ബഹുരിയന്‍ വീട്ടുകാരെ ഊട്ടറിയിച്ചതിനുശേഷം മടങ്ങും. ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന പ്രധാന ചടങ്ങുകളില്‍ ഒന്നാണിത്. കാട്ടിലൂടെ കാല്‍നടയായാണ് യാത്ര. കോമരത്തച്ചന്റെ ക്ഷണം സ്വീകരിച്ച് കാളപ്പുറത്ത് ഊട്ടിനുള്ള അരിയുമായി കുടകര്‍ പയ്യാവൂരിലെത്തും. കുടകരും മലയാളികളും ഒത്തൊരുമിച്ച് നടത്തുന്ന ഉത്സവമാണ് പയ്യാവൂര്‍ ശിവക്ഷേത്ര ഊട്ടുത്സവം . കുടകിലെ മുണ്ടയോടന്‍, ബഹൂരിയന്‍ തറവാട്ടുകാരുടെ നേതൃത്വത്തിൽഅതിര്‍ത്തിവനത്തിലൂടെ 40 കിലോമീറ്ററോളം സഞ്ചരിച്ചാണ് കുടകര്‍ കാളപ്പുറത്ത് അരി എത്തിക്കുന്നത് . ആചാരങ്ങളും അനുഷ്ഠാനങ്ങളും ജനനന്മയ്ക്ക് ഉപയോഗപ്പെടുമ്പോഴേ സാർത്ഥകമാകുന്നുള്ളു. മാത്സര്യബുദ്ധികളുടെ ഇക്കാലത്തും അന്യം നിന്നു പോകാതെ തലമുറകൾ ഏറ്റെടുത്തു നടത്തുന്ന ദേശങ്ങളുടെ ഒരുമയുടെ ഈ കൂട്ടുത്സവം ചരിത്രത്തിൽ വിരളമായേക്കാം.

കുംഭമാസത്തിന്റെ തിളയ്കുന്ന ചൂടിലേക്ക് നൂറുകണക്കിനാളുകൾ വെള്ളമുണ്ടുടുത്ത് , തോർത്ത് പുതച്ച് നഗ്നപാദരായി തങ്ങളുടെ കാഴ്ച്ചകൾ ദേവനു സമർപ്പിക്കാനായി എത്തിക്കുന്നു. അവിടെ ക്ഷേത്രസന്നിധിയിൽ ,പയ്യാറ്റുവയലിൽ ആനയും അമ്പാരിയുമായി ക്ഷേത്രം ഭാരവാഹികൾ,നാട്ടുകാർ,നെയ്യമൃതുകാർ എന്നിവർ ചേർന്ന് കാഴ്ചയെ വരവേൽക്കുന്നു.

പഴക്കം ചെന്ന ജനനന്മകളുൾക്കൊള്ളുന്ന ഒരു ഫോക് പാരമ്പര്യം ഇക്കഥകളിലുണ്ട്. എത് പ്രതിസന്ധികളേയും തരണം ചെയ്യാനാകുന്ന കർമ്മനിരതരായ ഒരു പൂർവ്വികപാരമ്പര്യം കൂടി ഈ ഉത്സവം നമ്മെ ഓർമ്മിപ്പിക്കും.

Tuesday, February 21, 2012

രമണൻ

മെയ് മാസത്തിന്റെ ചൂടിൽ അരിയും മുന്നേ വാടിവീഴുന്ന പുല്ലുകൾ. അവൾക്കൊപ്പം ആദ്യമായി അവിടേക്ക് വന്നപ്പോൾ പതുപതുത്ത പച്ചമെത്തപോലിരുന്നു ഇവിടം.കൺ വെട്ടത്തെങ്ങുമില്ലല്ലൊ. അവൾ, നിങ്ങൾക്കു വേണ്ടി ഞാനവളെ ചന്ദ്രികയെന്നു പറയാം. അഞ്ചാറു പശുക്കളെക്കൊണ്ടു ജീവിച്ചു പോരുന്നവളെ ചന്ദ്രികയെന്ന് എന്തിനു പറയണം എന്നൊന്നും ചോദിക്കണ്ട. വഴിയേ പറയാം. ഓർമ്മ വെച്ച നാൾ മുതൽ ഇവളെ ഞാൻ കാണുന്നതാണ്. എന്നെക്കാൾ ലേശം മൂപ്പുണ്ട്. വിദ്യാഭ്യാസം കഷ്ടി. നല്ല ബുദ്ധിയായിരുന്നു പഠിക്കാനെന്ന് ഇവൾടമ്മ എന്നും പറയും. ഇളയതുങ്ങളെ പഠിക്കാനയച്ച് അവൾ കുടുംബഭാരം ചുമക്കാൻ തുടങ്ങിയതാണ്.

അവധിക്കാലങ്ങളിൽ ഞാനും ചേരും പുല്ലുചെത്താൻ. വീട്ടിലെ വയറൊട്ടിയ പശൂന് ഇത്തിരി പച്ച കൊടുക്കാൻ. പുല്ലുചെത്താനറിയാത്ത, കത്തിപിടിക്കാനറിയാത്ത ഞാൻ അവൾക്ക് ആ സമയങ്ങളിൽ ഒരു തലവേദനയാകും. എന്നാലും അവളതു സഹിക്കും. ‘നിനക്ക് രമണൻ പാടാനറിയാമോ’? എനിക്കു വേണ്ടി പുല്ല് ചെത്തുന്നതിനിടയിൽ നിവർന്ന് നിന്ന് അവൾ ചോദിച്ചു. കുഞ്ഞിരാമൻ മാഷിന്റെ നേർത്ത സ്വരത്തിൽകുറച്ച് ഭാഗം ഞാൻ ഓർത്തെടുത്തു.

പുളകം പോൽ കുന്നിൻ പുറത്തു വീണ
പുതുമൂടൽ മഞ്ഞല പുൽകി നീക്കി
.....അവളും ഏറ്റുപാടി

ഒരുകൊച്ചു കാറ്റെങ്ങാൻ വന്നുപോയാൽ
തുരുതുരെ പൂമഴയായി പിന്നെ.

കാറ്റിൽ ഉതിർന്നു വീണ മഞ്ഞുകണങ്ങളേറ്റുകൊണ്ട് അറിയുന്നതു വരെ ഞങ്ങളന്ന് ചേർന്നുപാടി.

‘ബുക്ക് എന്റെ വീട്ടിലുണ്ട്.അതു മുഴ്വോനും പഠിക്ക്.ന്നിട്ട് നമ്മക്ക് പാടണം.’
അവൾ ഒരു ലഹരിയിലെന്നോണം പറഞ്ഞു.
അവൾക്ക് പരിചയമുള്ള ലോകമായതിനാലാവണം ഒരു വിശുദ്ധ ഗ്രന്ഥത്തിനു കൊടുക്കുന്ന സ്ഥാനം ആ പുസ്തകത്തിനു കിട്ടിയത്.

ഇന്നാ വനത്തിലെ കാഴ്ചകാണാൻ..
കയ്യിലൊരുവാര പുല്ലുമായി അവൾ വരുന്നുണ്ട് . എന്റെ ചന്ദ്രികേ, നിനക്കിപ്പൊഴും ചങ്ങമ്പുഴ തന്നെയോ കവി?
‘പശൂനെ കൊടുത്തല്ലോ,പിന്നെന്തിനാ നീ ഈ കുന്നുകേറിവന്നത് ‘
അവൾ തിരക്കി.
‘നിന്നെക്കാണാൻ‘ ഞാൻ പറഞ്ഞു. അവൾക്ക് വിശ്വാസം വരാത്തപോലെ
“ഓ....അതൊന്നുമല്ല. വല്ല കവിതയും എഴുതാനാവും. കുട്ട്യോളാ പറഞ്ഞത് നീയിപ്പം കവിതയൊക്കെ എഴുതുംന്ന്.”

‘ഈ ഒണങ്ങിയ കുന്നിൻപുറത്തോ ചന്ദ്രികേ..‘

‘കളിയാക്കണ്ട. ഞാൻ ചന്ദ്രികയെപ്പോലെയൊന്നുമാവില്ല. ‘

‘അപ്പം രമണനൊക്കെയായി..പറപറ ആരാ‘

‘ദേ..വേണ്ട കെട്ടോ നേരം ഉച്ചയായി .പശു തൊള്ള തുറക്കുന്നുണ്ടാകും.‘

നേരിയ തിളക്കം ആ പൊരിവെയിലിന്റെ കത്തലിനിടയിലും അവളുടെ കണ്ണിൽ എന്നൊക്കെ പറയുന്നത് ക്ലീഷെ ആയേക്കും. എന്നാലും ഉള്ളതു പറയട്ടെ അവളിൽ പ്രണയം കണ്ടു. അതെനിക്കൊരു സുഖമുള്ള അറിവായിരുന്നു. ഇത്രയും കഷ്ടപ്പാടുകൾക്കിടയിലും അവൾക്ക് ആശ്വസിക്കാൻ സ്വന്തമായൊരു സ്വപ്നം...

ഒന്നു കറങ്ങി വരാം..നീ അപ്ലത്തെക്കും പണിതീർക്ക്.
ഞാൻ കുന്നിന്റെ മറുപുറം തേടി.

കൂറ്റൻ പാറക്കെട്ടുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്നൊരു മനോഹരമായ ഉറവയുണ്ടവിടെ. ക്യാമറയിലൊപ്പിയെടുക്കാൻ വേറെയും പല കാഴ്ച്ചകൾ. ഇതെല്ലാമൊന്നു അപ് ലോഡ് ചെയ്ത് പോസ്റ്റിയാൽ കിട്ടാൻ പോകുന്ന കമന്റുകൾ !താഴത്തെ വ്യൂ കിട്ടാൻ പാറക്കെട്ടിന്റെ മേലേക്ക് അള്ളിപ്പിടിച്ചുകേറുമോഴാണ് പാട്ടു കേട്ടത്.

‘ഈ പുഴയും സന്ധ്യകളും.. ‘മൊബൈലിൽ നിന്നാണ്. മരത്തണലിൽ പാട്ട്കേട്ട് കിടക്കുന്നഒരു ചെറുപ്പക്കാരൻ. നമുക്കവനെ രമണൻഎന്നു വിളിക്കാമല്ലോ ഇനി . മമ തോഴിചന്ദ്രികാരമണനല്ലോ ഇവൻ .എന്റെ അന്ത:കരണം പറഞ്ഞു.

ചന്ദ്രികേ എന്നിൽ നിന്നാ രഹസ്യം
ഇനിയും മറച്ചു പിടിക്കയാണോ?

അവളും ചിരിച്ചു
പാടില്ല പാടില്ല നമ്മെ നമ്മൾ
പാടേ മറന്ന് പറഞ്ഞു കൂടാ

ലവൻ വെറുമൊരാട്ടിടയനല്ല. സ്റ്റഡി ലീവിനു പശൂനെ തീറ്റുന്ന ഒരു കാശുകാരൻ നസ്രാണിപ്പയ്യൻ. കൈവിട്ടു കളിക്കല്ലേ ചന്ദ്രികേ. പക്ഷേ ദിവ്യമായ സ്നേഹത്താൽ പൂക്കുകയായിരുന്നു അവൾ.

അവൻ കാട്ടിക്കൊടുക്കുന്ന ലോകങ്ങൾ,അനുഭവങ്ങൾ .അതിശയങ്ങളാകും ഇവൾക്ക്.
ഇപ്പോൾ എന്തു പറഞ്ഞാലും തലേക്കേറില്ല.

സമൃദ്ധമായി മഴ പെയ്ത ഒരു കർക്കിടകസന്ധ്യയിൽ അവളെന്നെ തേടിയെത്തി.
“ചന്ദ്രിക മരിക്കാൻ പാടുണ്ടോ?“

കണ്ണിലൂടെയും മഴപെയ്തുകൊണ്ട് അവൾ ചോദിച്ചു.
‘ഇല്ല.‘

ഞാൻഒന്നുമാലോചിക്കാതെ മറുപടി പറഞ്ഞു.
‘അതുകൊണ്ട് ഞാനവനെ കൊന്നു. ‘ അവൾ തിരികെ നടന്നു ..

Saturday, December 24, 2011

മഞ്ഞുരുകാത്ത വെളുപ്പാംകാലങ്ങൾ

“അറുപത്താറിലെ ഇരുകരമുട്ടിയ വെള്ളപ്പൊക്കം ഓർമ്മേണ്ടോ അച്ഛന്.? അന്നല്ലേ ഓന്റെ ജനനം. കരക്കാട്ടിടത്തിലെ യശ്മാനൻ അന്നേ പറഞ്ഞതാ നല്ല നാളാന്ന്. “

‘പിന്നില്ലാണ്ട്..അന്ന് ഞാൻ ചീത്തപ്പാറ പൊനം വാള്ന്ന കാലം.‘
സ്വതവേ ചൊറിയുന്ന കഷണ്ടിയിൽ വട്ടം തടവി അച്ചപ്പൻ.

നിറം മങ്ങിയ ഒരു വൈകുന്നേരക്കാഴ്ച്ച നേരമല്ലാത്ത നേരത്ത് കടന്നുവന്നത് കണ്ട് അവൾ തല കുടഞ്ഞ് അത് ദൂരെക്കളഞ്ഞു.

‘ദി ഹെവൻസ് ‘ അപ്പാർട്ട്മെന്റിൽ പതഞ്ഞൊഴുകുന്ന പ്രളയത്തിനു നടുവിലായിരുന്നു അപ്പോൾ അയാൾ. പാതിയടയുന്ന കണ്ണിൽ കുന്നുമ്പുറത്തിരുന്നു കാണുന്ന അസ്തമയ സൂര്യന്റെ ചുവപ്പ്. ചുറ്റിലും ചുവന്ന കവിളുകളും കണ്ണുകളുമുള്ള മനുഷ്യർ പുളഞ്ഞുനടക്കുന്നു. മുത്തുപതിച്ച പട്ടുസാരി അവളുടെ ദേഹത്ത് കനത്തോടെ തൂങ്ങുന്നുണ്ട്. കൂട്ടിൽ നിന്ന് പുറത്തേക്ക് പാറുന്ന തേനീച്ചകളെപ്പോലെ ഓരോരുത്തരായി യാത്ര പറഞ്ഞിറങ്ങുന്നു. ‘യു ആർ ലക്കി’ പോവും മുൻപ് അവളുടെ കൈത്തലം ഞെരിച്ച് ചിലർ കാതിൽ പറഞ്ഞു. കയ്യിൽ ചൊറിയൻ പുഴു ഇഴഞ്ഞതുപോലെ . തിളപ്പിച്ച വെള്ളത്തിൽ അവൾ പലതവണ കൈ കഴുകി.

വെളുവെളുത്തൊരു ഫ്രോക്കിൽ മെഴുകുപ്രതിമപോലെ ഉറങ്ങുന്ന മകൾ. ഒട്ടും മുഷിയാതെ സൂക്ഷിച്ച ഉടുപ്പിലും ആ വിയർത്ത മുഖത്തും അവൾ കൌതുകത്തോടെ നോക്കി. കാലമിത്ര കഴിഞ്ഞിട്ടും തനിക്കു പിടിതരാത്തതിനോടെല്ലാം ചേർന്നു നിൽക്കാൻ ഇവൾക്കു എളുപ്പത്തിൽ കഴിയുന്നു. കഴിഞ്ഞ മാസം ഇവളുടെ ബർത്ത്ഡേയ്ക്കും ഇതുപോലെ, കീ കൊടുത്താൽ മാത്രം ചലിക്കുന്നൊരു പാവയെപ്പോലെയാണ് തോന്നിയത് . ഫിറ്റ് ചെയ്ത പുഞ്ചിരി മായാതെ, എല്ലാ വിയർത്ത കിസ്സുകളും ഏറ്റുവാങ്ങി ചടങ്ങു പൂർത്തിയാക്കി അച്ഛന്റെ യശസ്സുയർത്തിയ മകൾ.

ശ്രീകോവിലിനു പിന്നിലെ കല്ലിൽ ഇത്തവണയും കാലു തട്ടിയ പെൺകുട്ടി നടയ്ക്കൽ പ്രസാദത്തിനു കാത്തു നിൽക്കുന്നു. .
പേര്..........
നാള്..........
ഒന്നുമില്ല ഓർമ്മയിൽ. ആകെ പരിഭ്രമിച്ച് തിരിഞ്ഞോടി........

സ്വപ്നത്തിൽ നിന്ന് വിയർത്തെഴുന്നേറ്റിട്ടും കാ‍ലടിയിലറിയുന്ന വയൽ വരമ്പിന്റെ തണുപ്പിൽ ആ ഇരുട്ടത്തും അവൾ എന്തൊക്കെയോ തിരഞ്ഞുകൊണ്ടിരുന്നു..

Wednesday, October 12, 2011

ആറളം ഫാമിലേക്കൊരു യാത്ര

ആറളം വന്യ ജീവി സങ്കേതത്തിലേക്ക് ഒരു യാത്ര പോയാലോ എന്ന് ചോദിച്ച് ഗൂഗിൾ ബസ്സിൽ കണ്ട ബിൻസിയുടെ പോസ്റ്റായിരുന്നു ആദ്യ പ്രലോഭനം. കൂടെ മുൻ‌പരിചയമുള്ള ഒരുപറ്റം ബ്ലോഗ്-സൈബർ സുഹൃത്തുക്കളുമെന്നത് പിന്നെ ഒരു ആവേശമായി. വീഡിയോ കോച്ച് വണ്ടിയോ എയർ‌ബസ്സോ അല്ലെന്നും കാട്ടുവഴിയിലൂടെ ജീപ്പിലാണ് പോകേണ്ടതെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും മക്കൾസ് റെഡി തന്നെ ! കുട്ടിപ്പട്ടാളത്തിനേയും കൊണ്ട് തനിയെയുള്ള യാത്ര ചില്ലറ റിസ്‌കൊന്നുമല്ല, എന്നാലും ചെറിയ ദൂരമല്ലേ എന്ന് സമാധാനിച്ച് ഒൿടോബർ ഒൻപതിനു രാവിലെ തന്നെ കുടിയിൽ നിന്നും ഇറങ്ങി.

വീട്ടീന്ന് പുറത്തേക്കിറങ്ങണോ വേണ്ടയോ എന്നും, ഐപാഡ് മുതൽ ഐ ഡ്രോപ്സ് വാങ്ങാനും വരെ ഗൂഗിളമ്മച്ചിയോട് അനുവാദം വാങ്ങുന്നതല്ലേ ഇപ്പോ നാട്ടു നടപ്പ്. ആ പുതു സമ്പ്രദായമനുസരിച്ച് നെറ്റിൽ ആറളമെന്നു കൊടുത്തപ്പോ കിട്ടിയ കാര്യങ്ങൾ അറിഞ്ഞപ്പോൾ തൊട്ടടുത്തായിരുന്നിട്ടും ഈ സ്ഥലത്തെ ഇത് വരെ മൈൻഡാക്കാത്തതിൽ തോന്നിയ വിഷമം ചെറുതല്ല. അത് പിന്നെ മലയാളിയുടെ മുറ്റം, മുല്ല, മണം എന്നീ മകാരങ്ങൾ കൊണ്ട് തന്നെ.

പുഴകളുടെ നാട്‌ എന്ന അര്‍ത്ഥത്തിലാണ്‌ ഈ സ്ഥലത്തിന്‌ ആറളം (ആറിന്റെ അളം) എന്ന്‌ പേര്‌ വന്നതെന്നു പഴമക്കാർ പറയുന്നു. വടക്കു കിഴക്കായി പശ്ചിമഘട്ട മലമടക്കുകളാലും തെക്ക്‌ പടിഞ്ഞാറ്‌‌ ആറളം പുഴയാലും കാൽത്തളയിടപ്പെട്ട പ്രകൃതി രമണീയമായ സ്ഥലമാണ്‌ ആറളം ഫാമും വന്യജീവി സങ്കേതവും. വിശുദ്ധ ബാവലിപ്പുഴയുടെ നീരൊഴുക്ക് കൊണ്ടും വനഭൂമിയുടെ അചുംബിത സൗന്ദര്യം വഴിഞ്ഞൊഴുകുന്നതുമായ മനോഹര ഭൂപ്രദേശം. വളപട്ടണം പുഴയുടെ പ്രധാന നീർച്ചാലായ ചീങ്കണ്ണിപ്പുഴയുൾപ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു.

കണ്ണൂരിൽ എവിടെയും ഇടിഞ്ഞ് പൊളിഞ്ഞ കെട്ടിടമോ കാടു പിടിച്ച സ്ഥലമോ കണ്ടാൽ അത് ടിപ്പുസുല്‍ത്താൻ പൊളിച്ചതാണെന്ന് പറയുന്നൊരു പതിവുണ്ട്. അത് പോലെയാണോ എന്നറിയില്ല, മലബാർ ആക്രമണ കാലത്ത്‌ കക്ഷി ഇവിടെയും എത്തിയതായി ചില ചരിത്ര സാക്ഷ്യങ്ങളിൽ കാണുന്നുണ്ട്. വീര കേരള വർമ്മ പഴശ്ശിരാജയുടെ ഭരണത്തിൻ കീഴിലായിരുന്നെത്രെ പണ്ട് ആറളം. മഹത്തായ ഒരു പ്രാചീന നാഗരികതയുടെ പിൻ തുടര്‍ച്ചക്കാരായിരുന്ന കുറിച്യർ, പണിയർ, മലയർ എന്നീ തദ്ദേശീയരെ പിന്തള്ളി ഇവിടേക്കു കുടിയേറ്റം നടക്കുന്നത്‌ കഴിഞ്ഞ നൂറ്റാണ്ടിലാണ്‌.

കണ്ണൂർ ജില്ലയിൽ, തലശ്ശേരിയിൽ നിന്നും 35 കിലോമീറ്റർ അകലെയും കണ്ണൂർ നഗരത്തിൽനിന്നും 60 കിലോമീറ്റർ അകലെയുമായാണ്‌ ആറളം സ്ഥിതി ചെയ്യുന്നത്. കര്‍ണ്ണാടക റിസര്‍വ്വ് വനത്തോട് ചേര്‍ന്ന് കിടക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവിസങ്കേതമായ ഇതിന്റെ വിസ്തൃതി, 55 ചതുരശ്ര കിലോമീറ്ററാണ്. ഇവിടെ ആന, കാട്ടുപോത്ത്, മ്ലാവ്, കേഴമാൻ, കാട്ടുപന്നി, കാട്ടുനായ്, കടുവ, വിവിധ തരം കുരങ്ങുകൾ, കുട്ടിതേവാങ്ക്, വേഴാമ്പൽ തുടങ്ങിയ ജീവികളുണ്ട്. 1984 ൽ ആണ് ഈ വന്യജീവിസങ്കേതം രൂപികരിക്കപ്പെട്ടത്. സമദ്രനിരപ്പില്‍നിന്നും 300 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ കേന്ദ്രത്തിൽ 4351 ഹെക്ടര്‍ വനഭൂമി അടങ്ങിയിട്ടുണ്ട്. മീന്‍മുട്ടി വെള്ളച്ചാട്ടം, സ്റ്റേറ്റ് ഫാംസ് കോര്‍പ്പറേഷന്റെ കീഴിലുള്ള ആറളം സെന്‍ട്രൽ സ്റ്റേറ്റ് ഫാം എന്നിവ ആറളം ഗ്രാമ പഞ്ചായത്തിലെ ഈ കൊച്ചു പച്ചപ്പിനെ രാജ്യത്തിന്റെ മൊത്തം ശ്രദ്ധാകേന്ദ്രമാക്കുന്നു.

ഡിസംബർ-ജനവരി മാസങ്ങളിൽ നടക്കുന്ന ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനം ശലഭ നിരീക്ഷകുരുടെയും ജന്തുശാസ്ത്രജ്ഞരുടെയും പ്രത്യേകശ്രദ്ധ ആകർഷിക്കുന്നു. ചീങ്കണ്ണിപ്പുഴയുടെ തീരത്തുകൂടെ ആയിരകണക്കിന് ശലഭങ്ങളാണ് ഈ കാലത്ത് പറന്നു പോകുന്നത്. ഇവ കുടക്മല നിരകളിൽ നിന്നും പുറപ്പെട്ട് വയനാടൻ കാടുകൾ വഴി കടന്നു പോകുന്നതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു മിനുട്ടിൽ 40 മുതൽ 140 വരെ ആൽബട്രോസ്സ് ശലഭങ്ങൾ പുഴയോരത്തുകൂടെ പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

കൂത്തുപറമ്പിൽ നിന്നും കിറു കിറുത്യം പത്ത് മണിക്ക് രണ്ട് ജീപ്പുകളിൽ പുറപ്പെട്ട് നെടുമ്പൊയിൽ കാക്കയങ്ങാട് വഴി ചീങ്കണ്ണിപ്പുഴയുടെ പാലം കടന്ന് ഒരു പതിനൊന്നര മണി കഴിഞ്ഞപ്പോൾ ഞങ്ങൾ ഫാമിന്റെ ഗേറ്റിലെത്തി. അകത്തേക്കും പുറത്തേക്കും പോകുന്ന വണ്ടികളൊക്കെ ആദ്യത്തെ ഗേറ്റിൽ നമ്പർ രേഖപ്പെടുത്തി പാസ്സ് വാങ്ങണം. കുരുമുളകു കുപ്പായമിട്ട നിറയെ കായ്ച്ച തെങ്ങിൻ തോട്ടത്തിന്റെയും കശുമാവ്, കാപ്പി, പേരത്തോട്ടങ്ങളുടേയും നടുവിലൂടെയുള്ള റോഡിലൂടെയുള്ള യാത്ര കുറച്ച് കഴിഞ്ഞപ്പോൾ ഫാമിലെത്തി. അവിടെ ജൂൺ മാസത്തിൽ പോയാൽ തെങ്ങ്, മാവ്, പേര, കുരുമുളൿ കൊടികൾ, സപ്പോട്ട തുടങ്ങി അത്യുൽ‌പ്പാദന ശേഷിയുള്ള വിവിധയിനം നടീൽ വസ്തുക്കൾ വിലകൊടുത്ത് വാങ്ങാം.അതും കടന്ന്‌ ഞങ്ങൾ കാടിന്റെ എൻ‌ട്രൻസിലെ വനം വകുപ്പ് ഓഫീസിലെത്തി.
അധികൃതരുടെ പെർമിഷനും ഗൈഡിനെ കിട്ടാനുമായി കാത്തിരിക്കുമ്പോൾ ധാരാളം പേർ മുൻ‌കൂട്ടി ബുക്ക് ചെയ്യാത്തതിനാൽ അകത്തേക്ക് പോകാനാവാതെ നിൽക്കുന്നത് കണ്ടു. ഫോണിൽ ബുക്ക് ചെയ്ത് ഫോർ‌വീൽ ജീപ്പുമായി ചെന്നാലേ അകത്തേക്ക് കടത്തി വിടൂ. കാട്ടാന ഇറങ്ങുന്നത് കൊണ്ട് യാതൊരു റിസ്കിനും അധികൃതർ ഒരുമ്പെടില്ല. തദ്ദേശവാസികളായ ആദിവാസി സ്ത്രീ/പുരുഷൻ‌മാരാണ് ഗൈഡുകളായി വർക്ക് ചെയ്യുന്നത്. 150 രൂപയാണ് അവരുടെ കൂലി. അകത്തേക്ക് പ്രവേശിക്കാൻ ഒരാൾക്ക് 15 രൂപയും. ഉച്ച ആയതിനാൽ ഗൈഡുമാരെ കിട്ടാഞ്ഞ് ചിലർ കാടു കാണാതെ മടങ്ങുന്നുണ്ടായിരുന്നു. വെറുതെ ചുറ്റും നോക്കിയപ്പോൾ കുളക്കടവിലേക്കെന്നോണം കുറെ പെൺ‌കിടാങ്ങൾ കൂളായി പുഴയിലേക്ക് നടക്കുന്ന നയനാനന്ദകരമായ കാഴ്ച കണ്ടു. ഈ ഒളിക്യാമറാ കാലത്ത് എങ്ങോട്ടാ ഓപ്പൺ ബാത്തിന് എന്നു ഞങ്ങളിൽ ചിലരുടെ അമ്മമനസ്സ്.

പത്ത് മിനുട്ട് കഴിഞ്ഞപ്പോൾ ഒരു ഗൈഡിനേയും ഒപ്പിച്ച് ഞങ്ങളുടെ ജീപ്പുകൾ പുറപ്പെട്ടു. പോകുന്ന വഴിക്കൊക്കെ ആദിവാസികളുടെ യാഗകൾ കാണാമായിരുന്നു. അവിടെ ആദിവാസികൾ അവരുടെ കുടിലിനെ യാഗാന്നാണു വിളിക്കുന്നത്‌. ചട്ടിയും കലവും ഭൂമിയുമൊക്കെയായി ജീവിതം സുന്ദരം തന്നെയെന്ന് അവരും. 7000 ഏക്കറാണ്‌ ഫാം. അതില്‍ 1000 ഏക്കർ ആദിവാസികൾക്ക് വിട്ടുകൊടുത്തു. ഒരാൾക്ക് ഒരേക്കർ എന്ന കണക്കിൽ.

വന്യജീവികളെ കാണുമെന്ന അമിത പ്രതീക്ഷ വേണ്ടെന്ന വനം വകുപ്പ് ഉദ്യോഗസ്ഥനും ബ്ലോഗറുമായ വിധുചോപ്രയുടെ വാക്കുകളാണ് ‘കാടെവിടെ? ആനയെവിടെ? ബ്ലോഗറേ..‘ എന്ന ബിൻ‌സിയുടെ നിലവിളി അടക്കിയത്. വാഹനങ്ങളുടേയും ആളുകളുടേയും ബഹളം കേട്ടിട്ടും ‘ഇതാ എന്നെ കണ്ടോളൂ ‘ എന്നു പറയാൻ വന്യ ജീവികളുടെ റിയാലിറ്റി ഷോ ഇല്ലെന്ന് ! പോകുന്ന വഴിയിൽ ആകെ വളഞ്ഞു പിരിഞ്ഞു വിചിത്രാകൃതിയിൽ നിൽക്കുന്ന കുറെ മരങ്ങൾ. അതാണ്‌ ചീനിമരം. വള്ളമുണ്ടാക്കാൻ ബെസ്റ്റാണത്രേ. ഒരുപാടുയരത്തിൽ വളരുന്നത് കൊണ്ട്‌ ഒടിഞ്ഞു പോകാതിരിക്കാൻ വേണ്ടി കാറ്റിന്റെ ദിശയ്ക്കനുസരിച്ച്‌ രൂപപ്പെടുന്നതാണത്രെ അതിന്റെ ഷെയ്പ്പ്. കാട്ടുജീവികളെ കാണാനുള്ള ഞങ്ങളുടെ കാത്തിരിപ്പിന് ഒടുക്കം വേഴാമ്പൽ തന്നെ കനിയേണ്ടി വന്നു. മരക്കൊമ്പുകളിൽ തൂങ്ങിയും ചുരുണ്ടും ചില പാമ്പുകളും ഞങ്ങൾക്ക് സ്വാഗതമോതി. ഇടക്കിടക്ക് നുരഞ്ഞ് പതഞ്ഞ് കാടിന്റെ മാറിലൂടെ കുലുങ്ങിയൊഴുകുന്നു, വെള്ളിച്ചിലങ്കയണിഞ്ഞൊരു പെൺ‌കിടാവിനെപ്പോലെ ചില അരുവികൾ.

കാട്ടിലൂടെയുള്ള ജീപ്പ് യാത്ര ശരീരത്തിലെ സകല പാർ‌ട്സും ഇളക്കും വിധം ബഹളമാനം. ഇത്തിരിപ്പോന്ന കുട്ടികളൊക്കെ തുള്ളിത്തുളുമ്പി. തൊട്ടുമുന്നിൽ പുട്ടുകുറ്റിയിൽ നിന്നിറക്കിയ ആവിപാറുന്ന പുട്ടു പോലത്തെ ആനപ്പിണ്ടം കാണും വരെ അവർ ഒച്ചപ്പാടു തന്നെ. പിന്നെ, ഏതു നിമിഷവും ഒരു കരിവീരനെ കാണുമെന്ന ഭീതി കണ്ണിൽ നിറച്ച് യാത്ര തുടർന്നു. ഭ്രമരം പടത്തിൽ ലാലേട്ടന്റെ ജീപ്പ് യാത്ര പോലെയുണ്ട് എന്നാരോ ഓർമ്മിപ്പിച്ചു. ചിലയിടങ്ങളിൽ കൊടും കാടിനു നടുവിലൂടെയും ചിലയിടങ്ങളിൽ അഗാധമായ കൊക്കയുടെ സമീപത്തൂടെ ഫുൾ റിസ്കെടുത്തും. പാറക്കല്ലുകളും വളവുകളും തിരിവുകളും കടന്ന് ഓരങ്ങളിൽ വാത്സല്യത്തിന്റെ കനിവുറവുമായി ഞങ്ങൾക്കു മുന്നിൽ കാട് മാത്രം ! ദൂരം ചെല്ലും തോറും നാടും നഗരവും വിട്ട് മറ്റെങ്ങോ എന്നു തോന്നിപ്പിച്ചു കൊണ്ടേയിരുന്നു മനസ്സ്. മൂക്കിലേക്ക് അടിച്ചു കയറുന്ന അപരിചിതമായ കാട്ടു ഗന്ധങ്ങൾ ! ചിലപ്പോൾ നാളെ ശുദ്ധവായു ശ്വസിക്കാനായി മാത്രം ഈ കാട്ടിലേക്ക് ആളുകൾ വന്നെന്നുമിരിക്കും.

യുഗങ്ങൾക്കപ്പുറമെവിടെയോ എന്ന് തന്നെ തോന്നി ചില സ്ഥലങ്ങൾ കണ്ടപ്പോൾ. പ്ലാസ്റ്റിക്കോ മറ്റ് മനുഷ്യനിർമ്മിത മാലിന്യങ്ങളോ ഏതുമില്ലാത്ത വനഭൂമി. വളരെ ശ്രദ്ധയോടെ ഒട്ടും നശിക്കാതെ ഇവിടം പരിപാലിച്ചു പോരുന്നതിന് അധികൃതരെ അഭിനന്ദിക്കാതെ വയ്യ. അവരുടെ ജാഗ്രതയെ മാനിച്ച് ഒരു മിഠായി കവർ പോലും ഞങ്ങൾ അവിടെ കളഞ്ഞില്ല. ഒരു മണിക്കൂറിനു ശേഷം കാട്ടിന്നതിരിൽ ചെങ്കുത്തായ കയത്തിന്റെ കരയിൽ ഞങ്ങളുടെ യാത്ര അവസാനിച്ചു. ആ കയത്തിന്നപ്പുറം കർണ്ണാടകമാണ്. പെട്ടെന്ന് കണ്ണിലേക്കൊരു വെള്ളിവെളിച്ചം. ഉയരത്തിൽ നിന്നു താഴോട്ട് പതിക്കുന്ന മീൻ‌മുട്ടി വെള്ളച്ചാട്ടം.
അതിന്റെ അരികിലൂടെ അടർന്ന കല്ലുകളിൽ ചവിട്ടിയും വള്ളികളിൽ പിടിച്ചും 300 അടിയോളമുള്ള അടിവാരത്തിലേക്ക് ഉത്സാഹത്തോടെ ഓടിയിറങ്ങുന്ന കുട്ടികളുടെ കൂടെ ഞങ്ങളും. ‘‘ഇറക്കം സുഖമാണ്. കയറ്റമാണ്.....’ എന്ന അർദ്ധോക്തിയിൽ ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ട് ചിലർ മടങ്ങുന്നു.


താഴെ പലചാലിൽ ഒഴുകിയൊടുവിൽ തലതല്ലി വീഴുന്ന മീന്മുട്ടിയിലേക്ക് പ്രപഞ്ചമാകെ ചുരുങ്ങും പോലെ. ഈയൊരനുഭൂതി ഇതിനു മുന്‍പ് ആതിരപ്പള്ളിയിലാണ് കിട്ടിയിട്ടുള്ളത്. മുഖത്തേക്ക് ചിതറിത്തെറിക്കുന്ന ജലകണങ്ങൾ. കൈക്കുമ്പിളിൽ കോരിയെടുത്ത ജലത്തിന്റെ തണുപ്പ് ഏതു ചൂടും ശമിപ്പിക്കും. ഓരം ചേര്‍ന്ന് പാറയിൽ അള്ളിപ്പിടിച്ച് മീൻ‌മുട്ടിയുടെ ഉല്‍ഭവം തേടിയിറങ്ങി ഒരു സംഘം. (മരക്കൊമ്പിലെ വാനരപ്പട പോലും നാണിച്ചു കാണണം.) കയറിക്കയറിയൊടുവിൽ സ്വര്‍ഗത്തിലെത്തിയെന്ന് കുമാരേട്ടനും ഷമിത്തും. ക്ഷീണിച്ചു നീണ്ട ഏതോ കൈ, കൊണ്ടു പോയ ഭക്ഷണപ്പൊതിയഴിച്ചു. ഒരു കട്‌ലറ്റിനൊക്കെ ഇത്രയും രുചിയാവാമോ എന്നു തോന്നിയ സമയം. ഒരു വലിയ ബോണി നിറയെ രുചികരമായ പലഹാരമൊരുക്കിയ പ്രീതേച്ചിക്ക് ബിലേറ്റഡ് കൃതജ്ഞതാ മലരുകൾ.
(ഞങ്ങളുടെ ടീം..ബിന്‍സി, ഷീബ, വിധു ചോപ്രയും കുടുംബവും, വരുണ്‍,കുമാരന്‍,ബയാന്‍,ഞാനും കുട്ട്യോളും, പ്രീതേച്ചി,പൊന്മളക്കാരന്‍, ഡ്രൈവര്‍ ചേട്ടന്മാര്. പോട്ടം പിടിക്കുന്നത് ഷമിത്‍)

ഇറക്കത്തിനും കയറ്റത്തിനുമിടയിലെവിടെയോ വച്ചാണ് ഉണ്ടായിരുന്ന സകല അഹങ്കാരവും ആവിയായിപ്പോയത്. ഉള്ള കാലുകൾ പോരാതെ വടികളിൽ താങ്ങിയും ആളുകൾ എനിക്കു പിറകെയുണ്ട്. വീണ്ടും തുടർന്ന റോഡ് യാത്ര എൺ‌പത് അടി ഉയരത്തിലുള്ള വാച്ച് ടവറിൽ അവസാനിച്ചു. കാട്ടു തീയോ മറ്റോ ഉണ്ടോ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അറിയാനാണ് കാട്ടിന്റെ നടുവിൽ ഈ ഇരുമ്പ് പണിത്തരം. പടികയറിച്ചെന്നത് ഏതോ ഒരു മായിക ലോകത്തിലേക്ക്. ‘ഞങ്ങളിപ്പോൾ എയറിലാണ്’‘ കുമാരേട്ടൻ ആരോടോ ഫോണിൽ പറയുന്നതു കേട്ടു. അക്ഷരാര്‍ത്ഥത്തിൽ അത് ശരിയായിരുന്നു. അങ്ങകലെ കൊട്ടിയൂർ മല. ശരീരമാകെ മേഘമാലകൾ വന്ന് മൂടുന്നു. കണ്ണെത്താവുന്നിടത്തോളം കണ്ണുകൾ മേഞ്ഞു നടന്നു.

ദൂരെയെവിടെയോ മഴയിരമ്പം കേട്ടപ്പോൾ മാത്രമാണ് വീടും നാടും നേരവുമൊക്കെ ഓര്‍ത്തത്. പടികളിറങ്ങുമ്പോൾ കാലുകൾ‌ക്കൊരു മടി. ആറളം ഫാമിലെ ജീവനക്കാർ ഒരുക്കിത്തന്ന പായസ സഹിതമുള്ള ഊണിനു ശേഷം ഇടിയുടെയും മഴയുടെയും ശിങ്കാരി മേളത്തോടെ മടക്കയാത്ര. പല നിറത്തിൽ, ഭാവത്തിൽ, ചിന്തയിൽ കാടിനുള്ളിലേക്ക് കയറിപ്പോയ ഞങ്ങൾ തിരികെ ഇറങ്ങിയത് ഒരേ ചെമ്മൺ നിറത്തിലായിരുന്നു. വണ്ടിയിൽ കയറും മുന്നേ ഒരനുഗ്രഹം പോലെ നെറുകയിൽ മഴത്തുള്ളികൾ ! ഇലച്ചാര്‍ത്തുകളിൽ മഴയുടെ താളം. മണ്ണിന്റെ മാദക ഗന്ധം. ആദ്യാനുരാഗം പോലെ അവാച്യമായി, നവ്യാനുഭൂതിയായി കാട്ടിലെ മഴ…


‘ഞാനിവിടെ വീണ്ടും വരും’ അടുത്തിരുന്ന് ആരോ അങ്ങനെ എന്റെ കാതിൽ മന്ത്രിച്ചതു പോലെ..

(യാത്രക്കാരുടെ ശ്രദ്ധയ്ക്ക്)

Saturday, August 13, 2011

മാടായിക്കാവിലെ മാരിത്തെയ്യങ്ങള്‍



മഹാമാരികളെ ആട്ടിയകറ്റാന്‍ കര്‍ക്കിടകം പതിനാറാം നാള്‍ മാടായിക്കാവിന്റെ പരിസരങ്ങളില്‍ മാരിത്തെയ്യങ്ങളെത്തുന്നു. മാടായിക്കാവ് പരിസരത്തെ വീടുകള്‍ കയറിയിറങ്ങുന്ന തെയ്യങ്ങള്‍ ദുരിതങ്ങള്‍ ഉഴിഞ്ഞുമാറ്റി ഐശ്വര്യത്തെ കുടിയിരുത്തുമെന്നാണ് വിശ്വാസം. വിദേശത്തുനിന്നെത്തി നാടിനും നാട്ടാർക്കും ബാധിച്ച ശനി ബാധ ഒഴിപ്പിക്കാനാണ്‌ ഈ തെയ്യങ്ങൾ കെട്ടിയാടുന്നത്. മഹാമാരികളേയും ദോഷങ്ങളേയും ആവാഹിച്ചു കടലിലൊഴുക്കുകയെന്നതാണ് മാരിത്തെയങ്ങളുടെ ദൌത്യം. മാരിക്കലിയൻ,മാമാരിക്കലിയൻ, മാരിക്കലച്ചി,മാമായക്കലച്ചി, മാരിക്കുളിയൻ,മാമായക്കുളിയൻ എന്നീ ആറു തെയ്യക്കോലങ്ങളാണ്‌ മാരിത്തെയ്യങ്ങൾ .തുടിതാളത്തിന്റെ അകമ്പടിയോടെ വീടുകളിലെത്തുന്ന മാരിത്തെയ്യങ്ങളുടെ കുരുത്തോലകൊണ്ടുള്ള ആടയാഭരണങ്ങളും ഭാവപ്രകടനങ്ങളും ആരിലും കൌതുകമുണര്‍ത്തുന്നതാണ്. കർക്കടകമാസം 16-ം തീയ്യതി തിരുവർക്കാട്ടുകാവിലെ ഉച്ചപൂജക്കു ശേഷമാണ്‌ മാരിത്തെയ്യങ്ങൾ കെട്ടിപ്പുറപ്പെടുന്നത്. കുരുത്തോല കൊണ്ടുള്ള ഉടയാടയാണ്‌ ഈ തെയ്യങ്ങളുടെ പ്രത്യേകത. കലിയനും കലിച്ചിക്കും മുഖത്ത് തേപ്പ് ഉണ്ടായിരിക്കും. ഇതിൽ കുളിയന്‌ പൊയ്‌മുഖവും ഉണ്ട്. തുടികളും ചേങ്ങിലയുമാണ് പക്കവാദ്യങ്ങളായി ഉപയോഗിക്കുന്നത്. പുലയ സമുദായത്തിലെ പൊള്ള എന്ന സ്ഥാനികർക്കാണ്‌ ഈ തെയ്യം കെട്ടാനുള്ള അധികാരം. വീടുകൾ തോറും കയറിയിറങ്ങി ശനിബാധ ഒഴിപ്പിച്ച് തൊട്ടടുത്ത പുഴയിലോ കടലിലോ ഒഴുക്കിക്കളയുന്നതാണ്‌ ഈ തെയ്യത്തിലെ പ്രധാന ചടങ്ങ്. ഭയപ്പെടുത്തുന്ന മഹാമാരികളെ കണ്മുന്നില്‍ കെട്ടിയാടി അവരെ സംപ്രീതരാക്കി പറഞ്ഞയക്കുക വഴി മനുഷ്യര്‍ തങ്ങളുടെ ഭീതിയകറ്റി ഭയവിമുക്തരാകുകയാണ് ചെയ്യുന്നത്.


ഐതിഹ്യം:

ആരിയ നാട്ടിൽ നിന്ന് (ആര്യ നാട്)ഏഴ് ദേവതമാരുടെ കപ്പൽ പുറപ്പെടുകയുണ്ടായി. എന്നാല്‍ ഈ ദേവതമാരുടെ കണ്ണിൽ പെടാതെ ആരിയ നാട്ടില്‍ തന്നെ ജന്മമെടുത്ത മാരിക്കൂട്ടങ്ങള്‍ കപ്പലില്‍ കയറിപ്പറ്റി. കടലിന്റെ മധ്യത്തിലെത്തുമ്പോഴേക്കും കപ്പലിനെ മാരിയങ്കാറ്റും ചൂരിയങ്കാറ്റും പിടിച്ചുലച്ചു. ദേവതമാര്‍ പ്രശ്നം വെച്ച് നോക്കുകയും കാരണക്കാർ മാരിക്കൂട്ടങ്ങളാണെന്ന് അറിയുകയും ചെയ്തു. അങ്ങനെ കപ്പൽ മലനാടിന്റെ അരികിലൂടെ (അറബിക്കടലിന്റെ) വിടുകയും തട്ടും തടയും വെച്ച് മാരിക്കൂട്ടങ്ങളെ അവിടെയിറക്കുകയും ചെയ്തുവത്രെ. അതിനുശേഷമായിരുന്നു വന്‍വിപത്ത് മലനാടിനെ ബാധിച്ചത്. കടുത്ത രോഗങ്ങള്‍ കൊണ്ട് മനുഷ്യരും കന്നുകാലികളും പക്ഷികളും ചത്തൊടുങ്ങാന്‍ തുടങ്ങി. ക്ഷേത്രങ്ങള്‍ ദീപവും തിരിയുമില്ലാതെ അനാഥമായി. ഒടുവില്‍ മാടായി തിരുവര്‍ക്കാട്ട് ദേവിക്കും ശനി(കൊടും വിപത്ത്) ബാധിച്ചിരിക്കുന്നു എന്നറിയുകയും ഇതിനു പരിഹാരം പൊള്ളയ്ക്ക് മാത്രമേ ചെയ്യാന് സാധിക്കുകയുള്ളു എന്ന് പ്രശ്നവശാല്‍ തെളിയുകയും ചെയ്ത. ഉടനെ പൊള്ളയെ വിളിപ്പിച്ചു. മാടായിക്കാവിലെ ഊട്ടുപുരയ്ക്ക് മുന്നില്‍ വെച്ച് പൊള്ള തനിക്കറിയാവുന്ന വിധത്തില്‍ മന്ത്രങ്ങളാല്‍ 118 കൂട്ടം ശനികള്‍ ദേവിയേയും നാടിനേയും ബാധിച്ചിരുന്നു എന്ന സത്യം വെളിപ്പെടുത്തുകയും അതിന് പരിഹാര മാര്‍ഗ്ഗമായി “മാരിത്തെയ്യം കെട്ടി മാരിപ്പാട്ട് പാടിയാല്‍ മാത്രമെ ശനി നീങ്ങുകയുള്ളു“ എന്ന് അരുള്‍ ചെയ്യുകയും ചെയ്തു.




അന്ന് മലനാട് ഭരിച്ചിരുന്നത് ചിറയ്ക്കല്‍ തമ്പുരാനും ക്ഷേത്രങ്ങളുടെ ഭരണം ചേരമാന്‍ പെരുമാളുമായിരുന്നു എന്നാണ് വാദം(തോറ്റം പാട്ടില്‍ ഇവ പരാമര്‍ശിക്കുന്നുമുണ്ട്). 118 കൂട്ടം ശനികളില്‍ 2 കൂട്ടം ശനിയെ മലയന് ഒഴിപ്പിക്കാൻ കഴിയുമെന്നും ഒരു കൂട്ടം ശനിയെ വണ്ണാനും ബാക്കിവരുന്ന ശനിയെ പുലയനും മാത്രമേ കഴിയൂ എന്നും ‘ഭട്ട്യൻ പൊള്ള‘ അരുള്‍ ചെയ്തു. ഒടുവില്‍ പുലയരുടെ മാരിത്തെയ്യങ്ങളില്‍ മാരിക്കലച്ചിയും മാമായക്കലുവനും കെട്ടണമെന്നും മാരിക്കലച്ചിക്ക് കുരുത്തോലാഭരണവും മരമുഖവും കല്‍പ്പിക്കുകയും ചെയ്തു. ഇതാണ് മാരിത്തെയ്യത്തിന്റെ ഐതിഹ്യം.

“മാരിക്കലച്ചി, പോയി കിണ്ണം കരിഗ്ഗുരിസെടുത്തു
മാരിക്കലുവൻ പോയി തട്ടിമുട്ടിയുഴിഞ്ഞെടുത്തു.“

മാരിക്കലുവന്‍ പോയി കിണ്ണത്തിൽ കലക്കിവച്ചിരുന്ന കരിഗുരുസിയും എടുത്ത് കുടഞ്ഞ് ശനിയെ ആവാഹിച്ചു. (ഗുരുസി ഒരുതരം ചുവപ്പു വെള്ളം, നിവ്വല്‍ എന്നൊരു സസ്യം ചമച്ചുണ്ടാക്കുന്ന വെള്ളം ഇവ രക്തത്തിനു സമം.) പിന്നീട് മാരികള്‍ തങ്ങള്‍ക്കായി വച്ചിരിക്കുന്ന ‘വാരണകള്‍’ (ഭക്ഷണങ്ങള്‍ – അവല്‍, മലര്‍, പഞ്ചസാര, പയറുവര്‍ഗ്ഗങ്ങള്‍ 5, മഞ്ഞൾ, കരിക്കട്ട, ഉണക്ക്, മുളക്, അരി) എന്നിവ കഴിച്ച് തട്ടിയും മുട്ടിയും ശബ്ദിച്ചും ഉഴിഞ്ഞെടുത്ത് കത്തിയെരിയുന്ന ദീപത്തെ കെടുത്തി പൂര്‍ണ്ണമായും ശനിയെ ഉഴിഞ്ഞെടുത്ത് ദേഹത്തിലേക്കാവാഹിക്കുന്നു. കരിം ഗുരുസി വെള്ളത്തിന് കറുത്ത രക്തത്തിന്റെ നിറമായിരുന്നു. മറ്റതിന് ചുവപ്പും വെളുപ്പുമല്ലാത്ത ഒരു നിറവും. മാരിക്കിഷ്ടം മനുഷ്യന്റെയോ മൃഗങ്ങളുടെയോ കോഴിയുടെയോ രക്തമാണ്. അത് സാധ്യമല്ലാത്തതു കൊണ്ട് അതിനനുസൃതമായി കരിഗുരുസിയും ഇവയിലേതെങ്കിലും ഒന്നിനെ അറുത്ത് അവസാനം ചോരയും വെള്ളവുമല്ലാത്ത നീര് സാധാരണ ഗുരുസിയും. ഈ രക്തത്തിലൂടെയാണ് ശനിയെ ആവാഹിച്ചെടുക്കുന്നത്.





പിന്നെ മാരിത്തെയ്യങ്ങൾ തറവാടുതോറും സഞ്ചരിച്ച് ശനിയെ ആവാഹിച്ചുകൊണ്ടേയിരിക്കുന്നു. ഒടുവില്‍ മാരികള്‍ക്ക് വാരണയുടെ സമയമായി. അവര്‍ക്കായി തയ്യാറാക്കിയ സ്ഥലങ്ങളിൽ വാരണയ്കായി തെയ്യങ്ങളെ ഇരുത്തി. ഭക്ഷണമായി അവലും മലരും പഞ്ചങ്ങളും കലശവും (കള്ള്, റാക്ക്) വെച്ച് അവരെ സംപ്രീതരാക്കുന്നു. അതിനു ശേഷം തെയ്യം രണ്ട് വലിയ ചെമ്പുകളിൽ തങ്ങള്‍ക്കായി ഉണ്ടാക്കിവച്ച കരിംഗുരുസിയും ഗുരുസിയും മോന്തി മോന്തി രക്തത്തോടുള്ള ആര്‍ത്തി തീര്‍ത്ത് സന്തുഷ്ടരാകുന്നു.

കര്‍ക്കിടകം ഇരുപത്തെട്ടിന് നാട്ടില്‍ നിന്ന് ആവാഹിച്ചെടുത്ത മാരികളുമായി പാവക്കൂട്ടങ്ങളെപ്പോലെ ആനച്ചവിട്ടടിച്ചന്തത്തോടെ ഈ തെയ്യങ്ങൾ ഉറഞ്ഞ് കടലിലേക്ക് നീങ്ങുന്നു. മാരികളെ ആരിയ ഗംഗയിലേക്ക് (കടലിലേക്ക്, മാരികൾ വന്നിടത്തേക്ക്) ഒഴുക്കാനാണ് പോകുന്നത്. അങ്ങനെ തെയ്യങ്ങള്‍ ഉറഞ്ഞാടി ശനിയുടെ ഭാരത്തോടെ ഒടുവില്‍ തെയ്യത്തേയും അവര്‍ ആവാഹിച്ചെടുത്ത ശനിയേയും ആരിയ നാട്ടിലേക്ക് തന്നെ തിരിച്ചയക്കുന്നു. നാടിനെ രക്ഷിക്കുന്നു.



മാരി കെട്ടുന്നവൻ പുലയൻ എന്ന ഉപജാതിയാണ്. ക്ഷേത്രത്തിനു വെളിയിലാണ് മാരിത്തെയ്യങ്ങളെ കെട്ടിയാടുന്നത്. തുലാമാസത്തിൽ തുടങ്ങുന്നതും ഇടവപ്പാതിയിൽ വളപ്പട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ ഭഗവതിയുടെ മുടി അഴിയുന്നതോടെ തീരുന്നതുമാണ് വടക്കെ മലബാറിലെ പതിവ് തെയ്യക്കോലങ്ങള്‍ ‍. പിന്നെ കര്‍ക്കിടകത്തിലെ മാരിത്തെയ്യങ്ങളും ആടിവേടന്മാരും അടങ്ങുന്ന മറ്റൊരു ദൌത്യ സംഘം. കര്‍ക്കിടകത്തില്‍ നാട്ടില്‍ പടര്‍ന്നുപിടിച്ച സകല ദുരിതങ്ങളും ശനികളും രോഗങ്ങളും ഉഴിഞ്ഞകറ്റി വരാന്‍ പോകുന്ന പൊന്നിന്‍ ചിങ്ങത്തിന് , നല്ല നാളേക്ക് ഒരു മുന്നൊരുക്കം. നാടിനെ ശുദ്ധീകരിക്കല്‍ .

പൊതുതാൽ‌പ്പര്യത്തിൽ അധിഷ്ഠിതമായൊരു സമൂഹബോധം ഉയത്തുക എന്ന അലൻഡൻഡസ് തിയറി പ്രകാരം ഇവിടെ രോഗമെന്ന ഭീതിയെ ഒരൊറ്റ മനസ്സോടെ നേരിടുന്ന ഒരു സമൂഹത്തെക്കാണാം. കെട്ടിയാടി കടലിലെത്തിച്ച് ഇല്ലാതാക്കുകയെന്ന നമ്മുടെ സമൂഹ മിത്ത്. തങ്ങളുടെ ഉർവ്വരതയ്ക്ക് തടസ്സമുണ്ടാക്കുന്നതെന്തും അവർക്ക് പൊതു ശത്രുവാണ്. പ്രാചീനകാലത്തു തന്നെ ദ്രാവിഡ ജനതയ്ക്ക് കടൽ വാണിജ്യമുണ്ടായതായി ബന്ധമുണ്ടായിട്ടുള്ളതായി ഡോ.കാൽഡ്വൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. സമുദ്ര വ്യാപാരത്തിന് ദ്രാവിഡരെ പ്രേരിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്ത ശക്തമായ നാഗരികത ഉണ്ടായിരുന്നു. പഴയങ്ങാടിയുടെ വാണിജ്യപ്രാധാന്യം പയ്യന്നൂർപ്പാട്ടുകളിൽ നിന്നും വ്യക്തമാണ്. വിദേശ ബന്ധവും അവരുമായുള്ള സമ്പർക്കം വഴി വന്നുചേരാനിടയുള്ള അതുവരെ അജ്ഞാതമായ രോഗങ്ങളും ജനങ്ങളെ ഭയപ്പെടുത്തിയിട്ടുണ്ടാവണം. അത്തരമൊരു സാഹചര്യമാണ് മാരിത്തെയ്യം പോലൊരു കെട്ടിയാടലിലിന് വഴിയൊരുക്കിയത്. കാർഷിക വ്യവസ്ഥിതിയിലൂന്നിയുള്ള ഒരു സമൂഹവും ഏറ്റവും കൂടുതലായി രോഗങ്ങൾ പടരാറുള്ള കർക്കിടക മാസവും ഒക്കെ ഇത്തരം വിശ്വാസങ്ങളുടെ സാധ്യത കൂട്ടുന്നുണ്ട്.

മാരിത്തെയ്യം ചരിത്രവും പറയുന്നുണ്ട്. അതുലന്റെ മൂഷികവംശത്തിൽ നിന്ന് മാടായിയിലെ ചേരാധിപത്യത്തെക്കുറിച്ചുള്ള സൂചനയൊന്നും കിട്ടുന്നില്ല. രാജവംശത്തെ ദിവ്യമായ അപദാനങ്ങളല്ലേ അത്തരം കാവ്യങ്ങളിൽ നിന്ന് പ്രതീക്ഷിക്കേണ്ടൂ. എന്നാൽ വാമൊഴി വഴക്കങ്ങളുടെ കഥയിതല്ല. മാടായിലെ പുലയരുടെ മാരിപ്പാട്ടിലും മറ്റും ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്ന പരാമര്‍ശമാണ് ‘ചേരമാൻ പെരുമാൾ നാടുവാണീടും കാലം’ എന്നത്. പാടിപ്പതിഞ്ഞ ഇന്നലെയുടെ ചരിതങ്ങൾ. വിദേശ ബന്ധങ്ങൾ പകര്‍ന്നു തന്ന ഭീതിപ്പെടുത്തുന്ന രോഗങ്ങൾ, പരിഷ്കാരമില്ലാത്ത ഒരു ജനതയുടെ ഭയങ്ങൾ‍, ഒടുവിൽ ഭയപ്പെടുന്ന ഒന്നിനെ കണ്മുന്നിൽ കെട്ടിയാടി അവയെ തൃപ്തരാക്കുകയെന്ന, ഇങ്ങിനി വരാതെ പറഞ്ഞയക്കുകയെന്ന, വിശ്വാസം. ഒരു സമൂഹത്തിന്റെ ആകംക്ഷകളാണ് അവിടെ തൃപ്തിപ്പെടുന്നത്. തങ്ങളെ ബാധിക്കുന്ന എല്ലാ ദോഷങ്ങൾക്കും കാരണം കടൽ കടന്നെത്തുന്ന ഇത്തരം ബാധകളാണെന്ന വിശ്വാസം. അവയെ കൊല്ലുകയല്ല, കെട്ടിയാടി, സന്തോഷിപ്പിച്ച് കടലിലേക്ക് പറഞ്ഞയക്കുകയെന്ന ആശ്വാസം. ഇത് സമൂഹ മന:ശാസ്ത്രത്തിന്റെ സമീപനം കൂടിയാണ്. അവരുടെ ബാധകളെ ഇത്തരത്തിൽ തൃപ്തിപ്പെടുത്തി പറഞ്ഞയക്കുക വഴി സമൂഹം മാനസികാരോഗ്യം വീണ്ടെടുക്കുന്നു.

Monday, August 1, 2011

ഇന്നെന്റെ പിറന്നാളാ..


പുലര്‍ച്ചയ്ക്ക് മൊബൈലില്‍ ഒരു ബര്‍ത്ത് ഡേ സോങ്ങ് കേട്ടാണ് ഞെട്ടിയുണര്‍ന്നത്. കഴിഞ്ഞത് ഒരു കാളരാത്രിയായിരുന്നു. വെളുപ്പാന്‍ കാലത്തെപ്പൊഴോ ആണ് ഉറക്കത്തിലേക്കൊന്ന് വഴുതിയത്. ഒട്ടും മതിയായില്ല ഉറക്കം. പാട്ട് ഓഫ് ചെയ്ത് കുറെ നേരം അങ്ങനെ കെടന്നു. ആര്ടെ പിറന്നാള്‍ ..? സീറോ ബള്‍ബിന്റെ വെളിച്ചത്തില്‍ അടുത്തുറങ്ങുന്ന മോളെ നോക്കി. ഓര്‍മ്മയില്‍, തണുപ്പത്ത് കുഞ്ഞിനേം ചേര്‍ത്തുപിടിച്ചുറങ്ങുന്ന, മഴപെയ്യുന്നൊരമ്മക്കാലം. നെഞ്ചിലൊരു വെള്ളിടി വെട്ടി. ഇന്നാണോ ഇവളുടെ..? എന്റീശ്വരാ, ഈ കെടക്കുന്ന കെടപ്പൊന്ന്വല്ല സംഗതി. പിറന്നാള്‍ എന്നൊക്കെ പറഞ്ഞാ ഇവള്‍ക്കതൊരു സംഭവം തന്നാണ്. ഐറ്റംസ് കുറെ ഉണ്ട്.
ബര്‍ത്ത് ഡേ ഡ്രസ്സ്, (കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി. ഫെമീടെ മോള്‍ടെ പിറന്നാള്‍ ഫോട്ടോ എഫ്ബീയിലിട്ടത് കാട്ടിക്കൊടുത്തപ്പൊ അവള്‍ക്കും അങ്ങനത്തെ ഫ്രോക്ക് തന്നെ വേണം ബര്‍ത്ത്ഡേയ്ക്ക്. (അല്ല, എനിക്കതിന്റെ വല്ല കര്യോമുണ്ടാര്‍ന്നോ?) കേയ്ക്ക്, (അവള്‍ തന്നെ ബേക്കറീല്‍ പോയി പറഞ്ഞുണ്ടാക്കുന്നത്), സ്വീറ്റ്സ്, (സ്കൂള്‍ വാനില്‍, ക്ലാസ്സില്‍, റ്റീച്ചര്‍മാര്‍ക്ക് ഒക്കെ വെവ്വേറെ), ക്ലാസ് ലൈബ്രറീലേക്ക് ബുക്ക്, അമ്പലത്തില്‍ പോക്ക്, പായസം (അതിലിവള്‍ക്കൊരു താല്‍പ്പര്യോമില്ല) മിനിമം ഇത്രയെങ്കിലുമില്ലാതെ ഇപ്പിറന്നാള്‍ കഴിയാറില്ല. ഇത്തവണ എന്താ ഇവള്‍ മറന്നോ ? എത്രനാള്‍ മുന്നേ ഒരുങ്ങുന്നതാ. ഞാനും മറക്കാന്‍ പാടില്ലാര്‍ന്നു. ഇനിയിപ്പൊ, വൈകിട്ടുവരെ മിണ്ടാതിരുന്നാലോ എന്നും ചിന്തിക്കാതിരുന്നില്ല (ക്ഷമി). വൈകിട്ട് എന്തേലും ഒപ്പിക്കാം. ഒരു പായസമെങ്കിലും കിട്ടിയാല്‍ ഉത്സവമാകുമായിരുന്ന എന്റെയൊക്കെ കോപ്പിലെ പിറന്നാള്‍ ! അതൊന്നും പറഞ്ഞിട്ടിനി കാര്യമില്ല.



ഏതോ സ്വപ്നത്തിന്റെ ശേഷിപ്പും പേറിയുറങ്ങുന്ന ആ മുഖം കണ്ടപ്പൊ, ഒരു ചെലവുമില്ലാതെ കൊടുക്കാനാവുന്ന ഒരൊന്നാന്തരം സമ്മാനം എന്റട്ത്തുണ്ടല്ലോ എന്നോര്‍ത്തു. പുലരിയുടെ കുളിര്‍മ്മയില്‍ ആ കിളുന്ത് ദേഹം വാരിയടുപ്പിച്ച് നെറ്റീലൊരു മുത്തം കൊടുത്തു. പാവം. അവള്‍ ഞെട്ടിയുണര്‍ന്നുപോയി.



“ഇന്ന് മോള്‍ടെ പിറന്നാളാ..”
ഒന്നു ഞെട്ടി, അവള്‍ കണ്മിഴിച്ചു. അതിലും വേഗത്തില്‍ നോര്‍മ്മലായി.




“എന്റെ ബര്‍ത്ത്ഡേ ഇനി അട്ത്ത കൊല്ലേ വരൂള്ളു. ”
അവ്ടൊരു കണ്‍ഫ്യൂഷനുമില്ല. ശരിയാ. എന്റെ ഉറക്കം പമ്പ കടന്നു. കഴിഞ്ഞ മാസല്ലേ ഇവള്‍ടെ പിറന്നാള്‍ വാരാഘോഷം നടന്നത്. പിന്നാരുടേതാ ഇത് ? ഒന്നൂടെ നോക്കിയപ്പൊ അറിയാതെ ചിരിച്ചുപോയി.




“പിറന്നാള്‍ ആരതാമ്മേ ” അവള്‍ പിന്നേം.



ഞാന്‍ കുറുമ്പില്‍ അവളെ നോക്കിപ്പറഞ്ഞു , “വേറൊരു മോള്‍ടെ” .
ഈ ലോകത്തുള്ള സകല പൊസ്സസ്സീവ്നെസ്സും ആ കുഞ്ഞിക്കണ്ണുകളില്‍ നിറച്ച് അവളെന്നെ മിഴിച്ചുനോക്കി. ഞാനാ മൂക്കുപിടിച്ച് മെല്ലെ പറഞ്ഞു.



“എന്റെ ബ്ലോഗിന്റെയാ..”



“ഓ...” ഉറക്കം മുറിഞ്ഞ നീരസത്തോടെ അവള്‍ തിരിഞ്ഞുകിടന്നു.



നേരിയ ജാള്യതയോടെ അടുക്കളയിലേക്ക് നടക്കുമ്പോ എന്റെ മനസ്സില്‍ വള്ളത്തോളിന്റെ വരികളായിരുന്നു,



“നിനക്ക് ഗര്‍ഭപ്രസവാദിപീഢയാല്‍
മനം കലങ്ങാതെ ലഭിച്ച കുഞ്ഞവ“ള്‍ ‍...

Sunday, July 24, 2011

അങ്ങനെ ഒരോണക്കാലത്ത്..

വഴിവിളക്കിന്റെ കീഴിൽ ഉറുമ്പുകളെപ്പോലെ ഒന്നിനു പിറകെ മറ്റൊന്നായി തൊട്ടു നിൽക്കുന്ന വണ്ടികളുടെ നീണ്ട നിര. ഏറെ നേരമായി അവൾ ഈ ട്രാഫിക് ബ്ലോക്കിലാണ്‍. പുറത്ത് ഉത്രാടപ്പാച്ചലിലാണ്‍ നാട്. ചിന്നിപ്പെയ്യുന്ന ചിങ്ങമഴയത്ത് കൈകളിൽ ഓണച്ചരക്കുകളുമായി നീങ്ങുന്ന ആളുകൾ.



പച്ചക്കറികളും പൂക്കളും നിരന്ന ഓണച്ചന്തയുടെ സമൃദ്ധി. തിരക്കേറി ഓടുന്ന ജനങ്ങൾ. തെരുവു കച്ചവടക്കാരുടെ വിലപേശലുകൾ. ഇതിനിടെ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ്‍ അവളവനെ കാണുന്നത്. പലജാതിയിലുള്ള മറുനാടൻ പൂവുകൾക്കിടയിലൂടെ തലനീട്ടുന്ന ജമന്തിപ്പൂവിൽ കൈ വെച്ചതേയുള്ളു. ‘നാലു മുഴം’ എന്ന് കരുത്തുറ്റൊരു കൈ അതിന്മേല്‍ പതിച്ചു. ‘പകുതി എനിക്കും തരുമോ?’ പൂക്കാരൻ മിണ്ടുന്നില്ല. അവൾ വാങ്ങിയ ആളോട് ചോദ്യം ആവർത്തിച്ചു. അപ്പോഴാണ്‍, എവിടെയോ ഏറെ പരിചയമുണ്ടായിരുന്ന ആ മുഖം.. അവളെക്കാൾ മുന്നേ തിരിച്ചറിഞ്ഞുവെന്നതു പോലെ അയാൾ പൂക്കൾ മുഴുവനായി അവൾക്ക് നേരെ നീട്ടി.

‘ദാ, എട്ത്തോളൂ..’

ഞാറ്റുവേലക്കാറ്റു പോലെ വന്നൊരാൾത്തിരക്ക് അവരെ വീശിയകറ്റി. തിരക്കിലൂളയിട്ട് എന്തൊക്കെയോ വാങ്ങിക്കൂട്ടി. ബാക്ക് സീറ്റിൽ കവറുകളോടൊപ്പം ചാഞ്ഞുറങ്ങുന്ന കുട്ടികൾ. അവൾ റേഡിയോ ഓൺ ചെയ്ത് വോള്യം കുറച്ച് വെച്ചു. ‘….മുഗ്ദ്ധമിക്കാഴ്ച്ച തന്നെയൊരോണം..’ ഓണപ്പാട്ടിന്റെ ചിന്തേറി പട്ടണവും ചൂടും തിരക്കും കടന്ന് അവൾ പഴയൊരു പൂക്കാലം വരെ ചെന്നു….



കുന്നിൻ ചെരിവിലെ പൂക്കുലകളും വിളഞ്ഞ് നെൽക്കതിരു വീണുകിടക്കുന്ന വരമ്പുകളും നിറഞ്ഞ കൈത്തോടുകളും തൊട്ടറിഞ്ഞ് ആരവത്തോടെ പറന്നു നടക്കുന്ന കുട്ടിസംഘം. കുറ്റിമുൾച്ചെടികളിൽ കുരുങ്ങുന്ന പാവാടത്തുമ്പിനെ പറിച്ചെടുത്ത് കൂട്ടത്തിനൊപ്പമെത്താൻ കിതക്കുന്നവർ. നനഞ്ഞ കരിയിലയിൽ ചവിട്ടി വീഴുന്നവർ, കുത്തിയിരുന്ന് കാക്കപ്പൂവിറുക്കുന്നവർ, പരന്ന പാറപ്പുറം മായ കാട്ടി അവരെ കളിപ്പിക്കുന്നുമുണ്ട്.. ഇറുക്കുന്നിടത്തല്ല അപ്പുറമാണ്‍ പൂക്കളധികമെന്ന്.. അവിടെത്തുമ്പോ ഇപ്പുറമെന്ന്..!



ഏതു കൊമ്പിലെ പൂവും പറിച്ച് പങ്കുവെച്ച് അവന്റെ കൂടെ നടക്കുമ്പോ പൂക്കളുടെ സൂക്ഷിപ്പുകാരി മാത്രമാണ്‍ അവൾ ! നശിപ്പിക്കാതെ പൂവിറുക്കാൻ നല്ല ശ്രദ്ധ വേണം. കൂട്ടം പലതായി പിരിഞ്ഞ് പല വഴിയായി. ചെമ്പൻ പാറപ്പുറത്തവർ കിതപ്പാറ്റിയിരുന്നു. പാറക്കുളത്തിൽ കൈയും മുഖവും കഴുകി. ചെരിപ്പിട്ട് തിരിയാനാഞ്ഞതും അപ്പുറത്തേക്ക് കാൽ വഴുതി വീഴുകയായിരുന്നു. വള്ളിപ്പടർപ്പിലും കുറ്റിയിലുമൊക്കെപ്പിടിച്ച് മുകളിലേക്ക് വലിയും തോറും ഓരോന്നായി പൊട്ടിയടർന്നു. വെപ്രാളത്തോടെ ഓടി വന്ന അവന്റെ കൈയ്യിൽ പിടുത്തം കിട്ടിയെങ്കിലും അവനെയും വലിച്ച് താഴേക്ക് പതിച്ചു. കുത്തനെയുള്ള കുന്നിൻ ചെരിവ് രണ്ടുപേരും ഉരുണ്ടിറങ്ങി. എത്ര നേരമുരുണ്ടെന്നോ, നേരമെത്ര കഴിഞ്ഞെന്നോ അറിഞ്ഞില്ല. കണ്ണ് തുറന്നപ്പോ കൈകോർത്തുപിടിച്ച് തൊട്ടുതൊട്ട് അവനുണ്ടായിരുന്നു കൂടെ. ഒരു കുസൃതിച്ചിരിയോടെ രണ്ടുപേരും തിരികെ ജീവിതത്തിലേക്ക് പിടഞ്ഞെണീറ്റു. തൊട്ടാവാടിയും കുറ്റിച്ചെടികളും ദേഹത്തു നിന്ന് തട്ടിക്കളഞ്ഞ്, പരസ്പരം താങ്ങി, ഒന്നും മിണ്ടാതെ മുകളിലെത്തി. അപ്പൊഴേക്കും അടുത്തെവിടെനിന്നോ കൂടുകാർ അവരെ വിളിച്ച് നടക്കുന്നത് കേൾക്കാമായിരുന്നു. തിരികെ, നിറഞ്ഞ പൂക്കൂടയുമായുള്ള നടപ്പിൽ പൂവിന്റെ ഭാരം പോലുമില്ലാത്തൊരു മനസ്സുമായി അവൾ ഏറ്റവും പിറകിലായിരുന്നു.



ജമന്തിപ്പൂക്കൾക്കുമേൽ അവിചാരിതമായി വീണ്ടും കൊരുത്ത കൈവിരലുകളുടെ ഔചിത്യമോർത്തപ്പോൽ അവളിൽ കൌമാരത്തിന്റെ നാണം പൂത്തു.



‘വണ്ടി എട്ക്ക്.. നടുറോഡിലാണോ സ്വപ്നം കാണുന്ന് !” വണ്ടിയുടെ ഗ്ലാസ്സ് തട്ടിക്കൊണ്ട് പുറത്തുനിന്നൊരാക്രോശം.. കൂടെ ഒരു പറ്റം ആളുകൾ, മുന്നിൽ റോഡ് ശൂന്യമായി പാതയൊരുക്കി. പിറകിൽ ഉറുമ്പിന്‍ പറ്റങ്ങളുമായി അവൾ യാത്ര തുടർന്നു.

Thursday, July 14, 2011

ബ്ലോഗന്മാരുടെ ശ്രദ്ധയ്ക്ക്

    ശ്രീകുമാര്‍ തിരക്കിലാണ്. കയ്യെത്തും ദൂരത്ത് നോക്കുന്ന സാധങ്ങള്‍ കാണണമെന്ന് പണ്ടൊന്നും ശ്രീകുമാരനിത്ര നിര്‍ബന്ധമുണ്ടായിരുന്നില്ല. ഇതിപ്പൊ അങ്ങനാണോ? ആറുമണിക്ക് മുന്‍പ് റെയില്‍വെ സ്റ്റേഷനിലെത്തണം. വൈകിയാല്‍ സകല പ്ലാനും തെറ്റും.  നീല ഷര്‍ട്ടിന് ക്രീം പാന്റോ, പച്ച ഷര്‍ട്ടിന് കറുപ്പു പാന്റോ കൂടുതല്‍ ചേരുക എന്ന ചോദ്യത്തിന് ഉത്തരം കൊടുക്കാതെ നടപ്പാണ് ശ്രീകുമാരപത്നി.

    ശ്രീകുമാര്‍ അങ്ങനെ വെറുമൊരു കുമാറൊന്നുമല്ല.  അറിയപ്പെടുന്നൊരു ബ്ലോഗറാണ്. ബ്ലോഗര്‍ ശ്രീലനെ നാലാളറിയും. പിള്ളേര്‍ക്ക് നാലക്ഷരം പറഞ്ഞു കൊടുക്കാന്‍ പറയുമ്പോഴാണ് ശ്രീകുമാറില്‍ സാധാരണയായി ശ്രീലന്‍ ആവേശിക്കുക എന്നത്  പത്നി നിഷക്ക് മാത്രമറിയാവുന്ന സൃഷ്ടി രഹസ്യം.


    കുറ്റം പറയരുതല്ലോ..നിഷ ഒരു കശ്മല അല്ല. ഏതൊരു മഹാന്റെയും... എന്നൊക്കെ പറയും പോലെ ശ്രീലന്റെ എഴുത്തിന്റെ മുന്നിലും, എന്തിന് പിന്നില്‍ പോലും നിഷ തന്നെ. പോസ്റ്റില്‍ ശ്രീ കാട്ടുന്ന കയ്യടക്കത്തിലും (മറ്റെവിടെയും അതില്ലെങ്കിലും) നിരീക്ഷണ ചാതുരിയിലും  മതിപ്പുള്ളവള്‍.  നോക്കീം കണ്ടും നിന്നില്ലെങ്കില്‍ തന്നേം പിടിച്ച് കഥാപാത്രമാക്കി പോസ്റ്റിക്കളയും എന്ന ധാരണയുള്ളവള്‍ .

    സ്വന്തം വീട്ടിലൊരു ചടങ്ങ് നടക്കുമ്പോ ഭര്‍ത്താവിനൊപ്പം ഞെളിഞ്ഞ് നിൽക്കാന്‍ ഏതു ഭാര്യക്കും ആഗ്രഹം കാണും. ബ്ലോഗ് മീറ്റും കല്യാണവും എന്നൊരു ടൈ ശ്രീലനെ ഒട്ടും കണ്‍ഫ്യൂഷ്യനാക്കിയില്ല.  നൂറുകണക്കിന് ഫോളോവേര്‍സും ആയിരക്കണക്കിന് ആരാധകരുമുള്ളൊരു ബ്ലോഗര്‍  മറിച്ചെന്ത് തീരുമാനിക്കാന്‍! ഭര്‍ത്താവിന്റെ സന്തോഷങ്ങളെ നിഷേധിക്കേണ്ടെന്ന് സിമ്പതി വര്‍ക്കൌട്ട് ചെയ്ത ഏതോ നിമിഷത്തില്‍ അവള്‍ സമ്മതിച്ചു പോയതാണ്. എന്നാല്‍ പരിധി വിട്ടുള്ള ഈ ആവേശം അവള്‍ക്ക് (അവളും ഒരു ശരാശരി മല്ലു ഭാര്യ അല്ലേ..?!) ആശങ്ക തോന്നിക്കാതിരുന്നില്ല.

    നാലു തവണ വിളിച്ചിട്ടും അമ്മായിയപ്പന്‍ ഫോൺ എടുക്കാത്തതിനൊക്കെ ക്ഷമയുടെ നെല്ലിപ്പലയോളം ക്ഷമിച്ച് പിന്നേം വിളിച്ച് മോളേം കുട്ട്യോളേം കൂട്ടിക്കോണ്ടു പോകാന്‍ ശട്ടം കെട്ടി. സ്വൈര്യമായി, ബാധ്യതകളെല്ലാമൊഴിച്ച് ബല്ലൂണ്‍ പോലെ പൊങ്ങുന്നൊരു മനസ്സുമായി സ്റ്റേഷനിലെത്തി.  പറഞ്ഞതു പോലെ ഓരോരുത്തരായി കൂട്ടത്തിലേക്ക് ഓരോ സ്റ്റോപ്പില്‍ നിന്ന് ജോയിന്‍ ചെയ്യാന്‍ തുടങ്ങിയതോടെ പെരുമഴയത്ത് തുള്ളിച്ചാടുന്ന കുട്ടിയെപ്പോലെയായി മനസ്സ്. ദാഹജലവും സപ്ലേയുമായി ‘നൂലനും’ ചേര്‍ന്നപ്പോ തുടങ്ങും മുന്‍പേ ആവര്‍ത്തിച്ച് നാലു മിസ്സ് കാളിലൂടെ ഓർമ്മയുണ്ടെന്ന് വാമഭാഗത്തെ അറിയിച്ച ശേഷം ശ്രീലന്റെ തലയുടെ പ്രധാന ഭാഗങ്ങള്‍ തിരക്കിട്ട മറ്റ് ചര്‍ച്ചകള്‍ക്കായി അറേഞ്ച്മെന്റ്സ് തുടങ്ങി. രാവേറെ ചെന്ന് റൂമില്‍ സെറ്റിലാവുമ്പോഴേക്കും പലരും സ്വിച്ച് ഓഫായിരുന്നു.

    കാത്തിരുന്ന പ്രഭാതം.  പതിവിലും നേരത്തെ ശ്രീലന്‍ ഉണര്‍ന്നൊരുങ്ങി. വീടിനേക്കുറിച്ചോര്‍ക്കുമ്പോഴേ വീര്‍ത്തു വന്ന മുഖം കണ്ണാടിയില്‍ കണ്ടപ്പോള്‍ ആ ചിന്ത തന്നെ തട്ടിയെറിഞ്ഞു. വരാനിരിക്കുന്ന ആരാധകവൃന്ദങ്ങള്‍ക്കു മുന്നില്‍ വിനീതനാകേണ്ടതിന്റെ റിഹേര്‍സല്‍ തുടങ്ങി. 



    പട്ടും പൊന്നും കണ്ട് നടക്കുന്നതിനിടയിലും കമേഴ്സ്യല്‍  ബ്രേക്കെടുത്ത് കണവനെ വിളിച്ചു കൊണ്ടിരുന്നു നിഷ. ഇത്രേം ഗ്യാപ്പില്‍ ശ്രീ മിസ്സാവുമ്പോഴൊക്കെ സംഗതി റോങ്ങാവാറുണ്ട്. കല്യാണവും കളവാണവും തരത്തിലൊന്ന് കഴിച്ചുകൂട്ടി അവള്‍ വീട്ടിലേക്കോടി.

    ബ്ലോഗ് മീറ്റ് ലൈവ്.. തുടങ്ങിയിട്ട്  കുറെ നേരമായി. വലുതും ചെറുതുമായ ബ്ലോഗര്‍മാരും ബ്ലോഗിണികളും നിറഞ്ഞ ഹാള്‍. അരങ്ങ് കൊഴുപ്പിക്കുന്ന സുന്ദരനായ അവതാരകന്‍ . പാട്ട്, കളികള്‍ ..അതിനിടയില്‍ ഓടി നടക്കുന്ന ശ്രീ ശ്രീ ശ്രീലന്‍.  സുന്ദരിമാരോടൊത്ത് ചിരിച്ച് കുഴയുന്ന ആ ബൂലോക മാണിക്യത്തെക്കണ്ട് ചുവന്ന മുഖവും നിറഞ്ഞ കണ്ണുകളുമായി നിഷ ശയ്യാവലംബിയായി.

    കല്യാണപ്പന്തലില്‍ പ്രത്യേകിച്ച് ടെന്‍ഷന്‍ ഒന്നുമില്ലാതിരുന്ന കുട്ടികള്‍ സദ്യയുണ്ട ആലസ്യത്തില്‍ നേരത്തേയുറങ്ങി. തിരിച്ചുള്ള യാത്ര നാടെത്തും വരെ സുഖായിരുന്നു ശ്രീലന്.   തന്റെ നെലേം വെലേം അറിയാത്ത സഹധര്‍മ്മിണിയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ പൂര്‍വ്വാശ്രമം തന്നെ വെറുത്തു ശ്രീലന്‍.

    പാതിരായ്ക്ക് വീടണഞ്ഞ ശ്രീലനു മുഖം കൊടുക്കാതെ നിഷ പ്രതികാരിയായി.  അടച്ചു വെച്ച ഭക്ഷണം പാത്രങ്ങള്‍ തല്ലിയിട്ടിട്ടാണെങ്കിലും മുഴുവനും കഴിച്ചു. S ആകൃതിയില്‍ പരിഭവിച്ചു കിടക്കുന്ന നിഷയ്ക്ക് എതിര്‍ദിശയില്‍ കിടന്ന് ശ്രീകുമാരൻ ആലോചിക്കുകയായിരുന്നു.

    എന്തായിരുന്നു ‘ദേവസേന’പറയാന്‍ ബാക്കി വെച്ചത്?  “വൈഡൂര്യ‘യെ  കാറു വരെ കൊണ്ടുവിടണമായിരുന്നോ? ആ പഹയന്‍ ‘ചെകുത്താന്‍’ കണ്ടമാനം ഷൈന്‍ ചെയ്തു കളഞ്ഞു. അവനിപ്പൊ എന്തെഴുതിയാലും നൂറു കമന്റാ. ചവറ് ! എന്റെ പോസ്റ്റിലോട്ടൊന്നും അമവനിപ്പൊ വരാറെയില്ല. അവന്റെ ഇമ്മാസത്തെ പോസ്റ്റിനും ഞാന്‍  കമന്റിയതാ.  വിളിച്ചൊന്നു ചീത്തപറഞ്ഞാലോ? അല്ലെങ്കില്‍ വേണ്ട. ഒരു അനോണി ബ്ലോഗുണ്ടാക്കി തെറി പറയാം.  കാര്യങ്ങള്‍ തലയ്ക്കകത്ത് ഇങ്ങനെ കുഴയുമ്പോഴാണ് നിഷയ്ക്ക് ജലദോഷം പിടിച്ചത്. ചീറ്റലും തുമ്മലുമായി അതു പിന്നെ മൂര്‍ച്ഛിച്ചു.

    “ബ്ലോഗ് മീറ്റാ പോലും ! ഞാന്‍ കണ്ടു നിങ്ങടെ തനി നെറം. നാണോമില്ലേ മനുഷ്യാ..‘

    ലൈവ്..!! ഇവളതെപ്പോ...? ‘ നീ മിണ്ടണ്ട.കണ്ടവന്റെ കൂടെയൊക്കെ കറങ്ങിത്തിരിഞ്ഞ് ഇപ്പം എന്റെ മെക്കിട്ട് കേറണ്ട.’ (നമ്മളോടാ കളി !)

   ഇവളിത്ര ചീപ്പാണോ?ആരാധകരല്ലേ ഒരു ബ്ലോഗറുടെ ശക്തി?  നൂറ് നൂറു കമന്റുകള്‍ കിട്ടുന്ന പോസ്റ്റുകളെക്കുറിച്ചോര്‍ത്തപ്പോൾ തന്നെ ശ്രീലന് കുളിരു കോരി. നിഷ ഏങ്ങലടിയില്‍ തന്നെ. അല്ലേലും കാര്യപ്പെട്ട വല്ലതും ആലോചിക്കുമ്പം ഇവള്‍ക്കീ ബാക്ക് ഗ്രൌണ്ട് മ്യൂസിക്ക് പതിവാ.

    അങ്ങോട്ടുമിങ്ങോട്ടും വക്കുകള്‍ സ്മാഷ് ചെയ്ത്  തളര്‍ന്ന് എപ്പൊഴോ രണ്ടുപേരും അഭിമുഖമായി. കിതപ്പോടെ ഒരു ഗ്യാപ്പിട്ടപ്പോഴാണ് നിഷ യാത്ര ചെയ്ത് തളര്‍ന്ന കാന്തന്റെ മുഖം നോക്കിയത്. ഒരു നിമിഷം കൊണ്ട് കാതരയായി അവള്‍ ശ്രീലന്റെ നെഞ്ചോട് ചേര്‍ന്നു. മെല്ലെ ഒന്നു തോണ്ടി.

  “ശ്രീ.. ശ്രീയേട്ടാ..എന്നിട്ട്..എങ്ങനുണ്ടേർന്നു മീറ്റ്?”

    വലതു കൈ കൊണ്ട് അവളെ ചേര്‍ത്ത് പിടിച്ച് ശ്രീലന്‍ മൊഴിഞ്ഞു.

    ‘ഗംഭീരം..ഇതുവരെ കണ്ടതില്‍ മികച്ചത്..” ഉരുകുന്ന പരിഭവങ്ങളില്‍ വിശേഷങ്ങള്‍ ചിറകു വിടര്‍ത്തി. ആ നിമിഷത്തിലാണ് ശ്രീയുടെ ഫോണ്‍ ചിലച്ചതും നിഷ അറ്റന്റ് ചെയ്തതും..
    ഫോണിലൊരു കിളിക്കൊഞ്ചൽ.

    ‘‘ശ്രീ.........വീട്ടിലെത്തിയോടാ.. കുട്ടാ...?’‘

   ദാരികനിഗ്രഹം കഴിഞ്ഞ കാളിയെപ്പോലെ കൈയ്യില്‍ ഫോണുമായി മുടിയഴിച്ചുള്ള ആ‍ നില്‍പ്പ് കണ്ടപ്പോള്‍ ശ്രീലന് യാതോരു ഉപമയും വന്നില്ല.

Sunday, July 3, 2011

അന്ന് സന്ധ്യയ്ക്ക്..

ഊടുവഴികളില്‍ ആടിയുലഞ്ഞ് ഉണര്‍ന്ന ഓര്‍മ്മകളിലാണ് ബസ്സിറക്കം. കാലോ ഞാനോ ആദ്യം എന്ന  തര്‍ക്കത്തിനൊടുവില്‍ രണ്ടും  വീണു. നടക്കാന്‍ പഠിച്ച വഴിയില്‍ കാലിടറുന്നതിന്റെ സുഖത്തില്‍  വഴികളോട് പരിചയം പുതുക്കി.

"അമ്മേന്റെ കണ്ണടയും മുമ്പ് ഒന്ന് തിരിഞ്ഞു നോക്കാന്‍ തോന്നീല്ലല്ലോ നിനിക്ക്’.“ വടക്കേക്കരയിലെ വാസന്തി എളേമ്മയാണ്.  ഈ പ്രായത്തിലും എന്തൊരോര്‍മ്മ. കണ്ടാ തിരിയുമെന്ന് തന്നെ വിചാരിച്ചില്ല. അവര്‍ക്ക് മാത്രല്ല ഇന്നാട്ടില്‍ പലര്‍ക്കും പറയാന്‍ പലതും കാണും‍..ഒതുക്കുകല്ലുകള്‍ ചവിട്ടിക്കയറുമ്പോള്‍ ഇളകാതിരിക്കാന്‍ ശ്രദ്ധിച്ചു രഘു. മുകളിലെ കല്ല് ഇപ്പോഴും ഉറക്കാതെ തന്നെ.  മുറ്റത്ത് തലങ്ങും വിലങ്ങും വരച്ച കള്ളികള്‍ .  പെറ്റിക്കോട്ടിട്ട രണ്ട് പെണ്‍കുട്ടികള്‍ ഒറ്റക്കാലില്‍ എന്തോ കളിയിലാണ്.  കുറച്ച് നേരം മുഖത്തേക്ക് നോക്കി നിന്ന ചുവപ്പു റിബ്ബണ്‍ അകത്തേക്ക് ഓടി അമ്മയുമായെത്തി.

  ഇറങ്ങിയ വര്‍ഷങ്ങളെണ്ണി തിരിച്ചുകയറുമ്പോള്‍ കാലുകള്‍ക്ക് ഭാരം കൂടിയതുപോലെ.   പടിഞ്ഞിറ്റയിലെ ഇരുട്ടിന് അമ്മയുടെ മണം.

  പൂപ്പല്‍ പിടിച്ച ചാരുകസേരയില്‍ മലര്‍ന്ന്കിടന്നു.  പറമ്പിലെ കൊന്നമരത്തില്‍ ഇക്കുറിയും രണ്ടുമൂന്നു മെലിഞ്ഞപൂക്കുലകള്‍ .  ചേദിയില്‍ ചോണനുറുമ്പുകള്‍ ഇഴയുന്ന നാട്ടുമാങ്ങകള്‍ !  ടൌണിലെ തുണിക്കടയുടെ പേരെഴുതിയ ചില്ലുഗ്ലാസ്സില്‍ സുധ ചായ കൊണ്ടുവന്നു. കുട്ടികളെയും അവളേയും ഒരുമിച്ച് കണ്ടപ്പോ സങ്കടം തോന്നി.  കരുണേട്ടനുമൊത്ത് കുറച്ചുകൂടെ മെച്ചപ്പെട്ടൊരു ജീവിതം കിട്ടുമായിരുന്നോ ഇവള്‍ക്ക്?  പിന്നെ ആരാണ് ഇവളെ കല്യാണം കഴിച്ചത്?..എവിടെയാണ്? അവളുമായി ബന്ധപ്പെട്ട് മനസ്സിലുദിച്ച ചോദ്യങ്ങള്‍ ആറ്റിലെ മീനിനെപ്പോലെ ഉള്ളില്‍ത്തന്നെ നീന്തി.

  കുഴമ്പും എണ്ണയും ഒഴിഞ്ഞ് അവളെക്കുറിച്ചൊരോര്‍മ്മയില്ല.  അമ്മേടെ ശുശ്രൂഷ ഇവളുടെ മാത്രം കാര്യമെന്ന പോലാര്‍ന്നു ഞാനടക്കം മറ്റെല്ലാര്‍ക്കും. കണ്ണിലെ നിസ്സംഗഭാവം നേരിടാനാകുന്നില്ല.  വര്‍ഷങ്ങള്‍ക്ക് ശേഷം കൂടപ്പിറപ്പിനെ കാണുന്നതിന്റെ അതിശയമോ ഈര്‍ഷ്യയോ ഒന്നും ആ മുഖത്തില്ല. അതോ താനീ കസേരയില് കാലങ്ങളായി കെടപ്പുണ്ടായിരുന്നോ..? അലഞ്ഞ് വിഴുപ്പുകൂടിയ മരവിപ്പുകളുടെ ഭാണ്ഡം പോലെ.

  ഇരുട്ടുപരന്നപ്പോഴേക്കും ഉറക്കത്തിലായ ഗ്രാമം. അങ്ങിങ്ങ് മിന്നിക്കാണുന്ന ഇലക്ട്രിക് ബള്‍ബുകളില്‍ നാട്ടിനൊരു അപരിചിത ഭാവം.  കുളിമുറിയില്‍ വെള്ളത്തിനു ചൂടു പാകമാക്കി.  എത്രയോ നീരൊഴുക്കുകളറിഞ്ഞ ദേഹം.  എന്നിട്ടും വീടിന്റെ ശീലങ്ങള്‍ ! കരിന്തിരി കത്തും പോലെ മങ്ങിക്കത്തുന്ന ബള്‍ബിന്റെ കാരുണ്യത്തില്‍ വെള്ളം കോരി. ചരിഞ്ഞ പറമ്പില്‍ നിന്ന് കെട്ടിയുയര്‍ത്തിയ ആള്‍മറ കാലപ്പഴക്കത്തില്‍ വിണ്ടുപോയിരിക്കുന്നു.  കുളിമുറിയുടെ നിലത്തോളം അകന്നിരിക്കുന്ന വിടവ്.

  ഓട്ടുകരണ്ടിയിലുണ്ടാക്കിയ കായയുപ്പേരി, ചുട്ട പപ്പടം, മോര് ..ഇപ്പോഴും തന്റെ നാവിന്റെ രുചി ഇതൊക്കെത്തന്നെയാണോ..!

  രാത്രിവണ്ടിക്ക് വരുന്ന വീട്ടുകാരനു കൂടിയാണ് ഈ സദ്യ. “ഇവര്ടച്ഛന്ന് ടൌണില് ഹോട്ടലിലാ പണി. രണ്ടാഴ്ച്ച കൂടുമ്പോഴാ വരുന്നത്. ഇന്നെത്തും.  നാളെ വിഷുവല്ലേ. “

  “മുട്ട് ഇടണ്ട. പൊലര്‍ച്ചെ കണി കാണാന്‍ ഇറങ്ങണ്ടതാ.’ മുകളിലേക്ക് ഏണിപ്പടികള്‍ കയറുമ്പോ അമ്മയാണോ താഴെ നിന്ന് പറയുന്നത്.. മുഴുവനായി നിവരാത്ത പായയില്‍ കാലു നീട്ടിയിരുന്ന് പുകച്ചുരുളുകളെ  ജനലഴികള്‍ക്കിടയിലൂടെ പറഞ്ഞുവിട്ടു.

ഇതുപോലൊരു രാത്രിയിലാണ് കരുണേട്ടനുമായി ഇടയേണ്ടി വന്നത്. കൂട്ടുകാരന്റെ അനിയത്തിയെ സ്നേഹിക്കുന്നത് പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുന്നതിനേക്കാള്‍ വലിയ തെറ്റായിട്ടാണ് അന്ന് തോന്നിയിരുന്നത്.  അറിഞ്ഞപ്പോ ചതി എന്നേ തോന്നിയുള്ളു. റേഷന്‍ കടയ്ക്ക് മുന്നിലന്ന് ഒരുപാട് തിരക്കുണ്ടായിരുന്നു. ഒരൊറ്റ മനസ്സ് പോലെ നടന്നവനെയാണ് തല്ലിയിടേണ്ടി വന്നത്.   നാട് മുഴുവന്‍ കാഴ്ച്ചക്കാരായ ആ സന്ധ്യയ്ക്ക് ശേഷം എങ്ങോട്ടെങ്കിലും പോയാ മാത്രം മതിയെന്നായി.  നാടിനും വീടിനും കൊള്ളാത്തവന് ഏത് നേരവും ഒരുപോലെ.  അമ്മയെക്കണ്ട് ഇറങ്ങാനാണ് അകത്ത് കയറിയത്. കട്ടിലിനടിയിലെ പലകപ്പെട്ടിയില്‍ നിന്ന് അമ്മയുടെ കാതിലെ തക്കയിലൊന്ന് എടുത്തത് മുന്‍പേ തീരുമാനിച്ചിട്ടൊന്നുമല്ല.

 പുലരുവോളം ചിത്രങ്ങള്‍ നിറഞ്ഞ തിരശ്ശീലയായിരുന്നു മനസ്സ്.
“കുഞ്ഞേട്ടാ..വാ.. മെല്ലെ..കണ്ണ് തുറക്കല്ലേ..”
കാതങ്ങള്‍ ഒരൊറ്റ വിളിയാലെ  അരികിലായി.  പടികള്‍ പിടിച്ച് ഇറങ്ങിച്ചെന്നത്  അമ്മയുടെ കമ്മലൊരുക്കിയ കണിയിലേക്കാണ്.  ഒറ്റത്തക്കയുടെ തിളക്കം. തൂങ്ങുന്ന കാതിന്റെ തണുപ്പ്. കണിപ്പലകയില്‍ ചമ്രം പടിഞ്ഞിരുന്ന്  രഘു ഓരോന്നായി എണ്ണാന്‍ തുടങ്ങി..ചക്ക,മാങ്ങ,തേങ്ങ,വെള്ളരിക്ക..കൊന്നപ്പൂ .പഞ്ചങ്ങളഞ്ചും..

Friday, June 24, 2011

സ്തീപര്‍വ്വം

ഫോണ്‍ കയ്യില്‍ പിടിച്ച്  നില്‍പ്പു തുടങ്ങീട്ട് കുറേ നേരമായി.  ഒരുകാലത്ത്  ഞാന്‍ തന്നെ ആയിരുന്ന പ്രിയപ്പെട്ട കൂട്ടുകാരിയാണു മറുവശത്ത്.

വര്‍ഷങ്ങള്‍ക്ക്  ശേഷം..  എന്തെങ്കിലുമൊന്ന് മിണ്ടിയിരുന്നെങ്കില്‍, അടുത്തു വന്നൊന്ന് ഇരുന്നെങ്കില്‍ എന്നൊക്കെ ആശിച്ച് കടന്നു പോയ  കാലം... ഉരുകാത്തൊരു മൌനവുമായി നിന്ന് ഞങ്ങള്‍  പരിഭവിച്ചു.  ഒന്നു കരയാന്‍ തോന്നി  എനിക്ക്.. പക്ഷേ അവള്‍ പിന്നെ വിളിക്കാമെന്നു പറഞ്ഞു വച്ചുകളഞ്ഞു.

രണ്ടാമത്തെ വിളിക്ക് വാക്കുകള്‍ മെല്ലെ വിരുന്നുകാരായി...
കുട്ടികള്‍, വീട്ടുകാര്‍... അങ്ങനെ ഓരോരുത്തരായി നാവില്‍ വന്ന് ഓര്‍മ്മ പുതുക്കി.  പട്ടാളക്കാരനായ ഭര്‍ത്താവുമൊത്ത് അവള്‍ ജമ്മുവിലായിരുന്നു. ഇപ്പോള്‍ രണ്ട് കുട്ടികള്‍. നാട്ടിലുണ്ട്.  വര്‍ഷങ്ങള്‍  വാക്കുകളിലൊതുങ്ങിയ  നേരത്തിനിടയിലെപ്പൊഴോ  ഞങ്ങള്‍  ഞാനും  അവളുമായി.
“പിന്നെ, പറയ് വേറെന്താ വിശേഷം..?
“......ഏയ്”
“ന്നാ, എനിക്ക്  ചെറിയൊരു വിശേഷമുണ്ട്.  “ ഒരു ശ്വാസദൂരത്തില്‍ അവള്‍ തുടര്‍ന്നു. “ബ്രെയിന്‍ ട്യൂമറാണ്. അടുത്തയാഴ്ച്ച ഒരു ഓപ്പറേഷനുണ്ട്. ബാംഗ്ലൂരില്‍ പോകണം. അതിനു മുന്‍പ് നിന്നെ ഒന്നു കാണണം”

ഇത്തവണ ഫോണ്‍ എന്റെ കയ്യില്‍ നിന്ന് താഴെ വീഴുകയായിരുന്നു.

കോളേജ് പഠനകാലത്ത്  ഞങ്ങളുടെ ബാച്ചിന്റെ വിസ്മയമായിരുന്നു സുജയ. ബോബനേം മോളിയേം പോലെയുള്ള ഇരട്ടകളില്‍ ഒരുവള്‍. എന്ത്, എപ്പോ ചെയ്യുമെന്നോ പറയുമെന്നോ പ്രവചിക്കാനാകാത്തവള്‍.  ഉര്‍വ്വശിയുടെ പഴയ രൂപം.  ആരും അടുക്കാന്‍ ഒന്ന് മടിക്കുന്ന പ്രകൃതം. അതുകൊണ്ട് ചെക്കന്മാരൊന്നും പേടിച്ച് അടുക്കാറില്ല. ഇവളുടെ കൂട്ടുകാരിയായതോ, കാണാന്‍ വല്യ ശേലൊന്നുമില്ലാത്തതോ എന്നറീല, എന്നോടും.  ഏതു പ്രശ്നവും അനായാസമായി കൈകാര്യം ചെയ്യാനാവുന്ന അവള്‍ എന്റെ മാതൃക തന്നെയായിരുന്നു.  ഒരുമിച്ചല്ലാതെ ഞങ്ങളെ കാണാനാകില്ല. എനിക്ക് പറയാനുള്ളതും  അവള്‍ക്ക് പറയാ‍നുള്ളതും അവള്‍ തന്നെ പറയും. “കൊറച്ച് കൂടെ അടക്കം വേണം പെണ്ണിന്“ എന്റമ്മ പറയും.

അവളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഓര്‍മ്മകള്‍ പലതുണ്ട്.  കോറിഡോറില്‍ വച്ച്  ഒരിക്കല്‍ അവള്‍ സീനിയറാ‍യ സദാനന്ദനെ നീട്ടി വിളിക്കുകയായിരുന്നു. “സദേട്ടാ...”  “എന്താ പ്രിയേ..” മറുപടിക്കും താമസമുണ്ടായില്ല. കേട്ടുകൊണ്ട് വന്ന മാധവൻ‌ മാഷ് ഞങ്ങളെ രണ്ടു പേരെയും ദഹിപ്പിച്ചൊന്നു നോക്കി ക്ലാസിലേക്ക് കയറി. പിറകെ ഞങ്ങളും. ക്ലാസ്സില്‍ എഴുത്തച്ഛന്റെ അധ്യാത്മ രാമായണം.  ഭക്തിഗാനസുധയില്‍ ആറാടി രാമനെ ഇനിയെന്ത് വിളിക്കേണ്ടൂ എന്ന എഴുത്തച്ഛന്‍ ഭാവത്തെ വിവരിക്കുകയാണു മാഷ്.  ചിന്മയന്‍, ചിരാമയന്‍, ജഗന്മയന്‍..  പേരുകളിങ്ങനെ പോകുമ്പോള്‍ എന്തിനോ എന്റെ നാവും വിളിച്ചു പറഞ്ഞു ‘സദാനന്ദന്‍‘.


“സ്റ്റാന്റ് അപ്പ്..“
ഞാന്‍ പൊങ്ങി. മാഷ് അച്ഛന്റെ അടുത്ത സുഹൃത്താണ്. ആ ഒരുഅധികാരം എവിടേം കാട്ടും.
“എന്താ നിന്റെ ഭാവം?” കണ്ണുകളീലേക്ക് നോക്കിക്കോണ്ട് മാഷ് ചോദിച്ചു. ഒന്നും പറയാനായില്ല.

“എന്തിനാ മാഷേ അവളെ പറയുന്നെ.. അത് ശരിയല്ലേ? സദാനന്ദന്‍ ഈശ്വരനല്ലേ. സദാ ആനന്ദം നല്‍കുന്നവന്‍..“

ഇവള്‍ക്കിപ്പോ മിണ്ടാതിരുന്നാപ്പോരേ..ദേഷ്യ ഭാവത്തില്‍ എന്നോട് ഇരിക്കാന്‍ പറഞ്ഞ് മാഷ് പോയി.  വീട്ടിലെത്തിയിട്ടും എന്തോ തെറ്റ് ചെയ്തെന്ന് മനസ്സ്.  ഒരു തുണ്ട് കടലാസ്സില്‍ ക്ഷമാപണം എഴുതിച്ചിട്ടേ അതടങ്ങിയുള്ളൂ.

അതായിരുന്നു ഞാനെഴുതിയ ആദ്യ കവിത.

കോളേജ് ഡേയില്‍ സാരിയൊക്കെ ഉടുത്ത് അതിമനോഹരിയായി വന്ന അവള്‍ എന്റടുത്ത് നിന്ന് “ഒരു മിനിറ്റ്” എന്നു പറഞ്ഞ് എഴുന്നേറ്റ് പോയി.  പിന്നെ കണ്ടത് ഇതേ സാരി കയറ്റിക്കുത്തി ആളു തികയാതെ വന്ന ഒരു ടീമിനൊപ്പം സ്റ്റേജില്‍  ഡാന്‍സു ചെയ്യുന്നതാണ്.  പല രൂപങ്ങളിങ്ങനെ തെളിഞ്ഞു മാഞ്ഞ് വരുന്നു. പരസ്പരം വിവരങ്ങളൊന്നുമില്ലാതെ കടന്ന വര്‍ഷങ്ങള്‍.  എന്നിലൂടെ കടന്നുപോയ ഋതുക്കള്‍‍.  അറിഞ്ഞ വെയിലുകള്‍. ഉണക്കാനിട്ട മേഘം പോലെ തെന്നിനീങ്ങിയ നാളുകള്‍..

ഒറ്റക്കു പോകാന്‍ ധൈര്യമില്ലാതിരുന്നതിനാല്‍ ഒപ്പം പഠിച്ച റീനയേയും കൂട്ടി, അവളുടെ വീട്ടിലേക്ക്.  ഒരു വലിയ കുന്നിനു മുകളിലാണ് വീട്.  ഞങ്ങളങ്ങോട്ട് കയറുമ്പോള്‍ അവളുടെ ഇടവകയിലെ പുരോഹിതന്‍  താഴോട്ട് ഇറങ്ങുന്നു.

അവിടെ അവളുടെ ചെറിയ കുഞ്ഞിനു അമ്മ കുപ്പിയില്‍ പാലു കൊടുക്കുകയായിരുന്നു. ഒന്നും മിണ്ടാനാവാതെ നിന്ന ഞങ്ങളെ തോണ്ടി അവള്‍ ചിരിച്ചു.

’‘നിങ്ങളിങ്ങോട്ട് വരുമ്പോ പള്ളീലെ അച്ചനെക്കണ്ടോ? എന്റമ്മച്ചീ.. അങ്ങേരെ ആശ്വസിപ്പിക്കാന്‍ ഞാന്‍ പെട്ട പാട്.”

ഇവള്‍ക്ക് ധൈര്യം കൊടുക്കാന്‍ വന്നതാവണം പാവം.  

“ഹോസ്പിറ്റലില്‍ വച്ച് ഡോക്ടറെന്നോട് ചോദിച്ചു, നിന്റെ അസുഖമെന്താന്ന് നിനക്കറിയില്ലേ മോളേ എന്ന്.. എന്റെ ചിരിക്കുന്ന മുഖം കാണുമ്പോ വെഷമമാകുന്നു പോലും.  ഞാന്‍ പറഞ്ഞു, ഡോക്ടര്‍, അപ്പുറത്ത് റൂമില്‍ എന്റെ കുഞ്ഞുങ്ങളുണ്ട്.  അതില്‍ ചെറുതിന് ഒരു മാസം പോലുമായില്ല. എനിക്ക് കരയാന്‍ വയ്യ“

നിസ്സഹായത മനുഷ്യനു നല്‍കുന്ന ചില അനുഗ്രഹങ്ങളുണ്ട്. നിസ്സംഗതയോടെ കേട്ടിരുന്നു ഞാന്‍.

“ദേ, നോക്ക് എനിക്കീ ഇരുത്തം പിടിക്കുന്നില്ലാട്ടോ.. നീ അറിയണം ഇതൊക്കെയാ  ജീവിതമെന്ന്.” അവള്‍ തലയില്‍ ചുറ്റിയ സ്കാര്‍ഫ് ഊരിയിട്ടു..!!

“ഞാനെല്ലാം സൂക്ഷിച്ചിട്ടുണ്ട്“

കയ്യിലിരുന്ന കുഞ്ഞു കാര്‍ബോഡ് പെട്ടിയില്‍  ഉറങ്ങുന്ന പാമ്പിനെപ്പോലെ ഒതുങ്ങിക്കിടക്കുന്നു അവളുടെ നീണ്ട തലമുടി.

എനിക്കാ മുഖത്തേക്ക് നോക്കാനായില്ല. അഴിഞ്ഞുലഞ്ഞ് കിടന്ന അവളുടെ മുടിയിഴകളെന്നെ നോക്കി എതോ കാലത്തിരുന്ന് പല്ലിളിക്കുന്നു..

ഏത് കൊടുങ്കാറ്റും അറിഞ്ഞിട്ടില്ലാത്ത,  മെലിഞ്ഞുണങ്ങി  കാതല്‍ മാത്രം ശേഷിച്ച  മരം  പോലെ അവള്‍.  ഉലയാതെ, ഇളകാതെ..പൂമ്പാറ്റകള്‍ പറന്ന കാലത്ത്  എന്റൊപ്പം നടന്ന  പെണ്ണല്ല ഇത്.  വിണ്ട പാടങ്ങളില്‍ നടന്ന് പതം വന്ന ആ കാലുകള്‍ക്ക്  ഇന്ന് ഉറപ്പേറെയാണ്. ആള്‍ക്കൂട്ടത്തിനു മുന്നില്‍ പകച്ച് നില്‍ക്കുന്ന, അന്യര്‍ക്ക്  മുന്നില്‍ ആമയെപ്പോലെ തല വലിക്കുന്ന,  അകത്തളങ്ങളിലെ ഇരുട്ടില്‍ ജീവിച്ചു തീര്‍ക്കുന്ന സ്ത്രീകള്‍ പോലും ചില സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ അതിശയകരമാം വിധം കരുത്തോടെ പെരുമാറുന്നത് കാണാം.  ഇതു പോലെ.  സഹതാപമോ അനുകമ്പയോ വേണ്ട ഇവള്‍ക്ക്.  ഈ ഒരു മനസ്സിന് ഏത് രോഗത്തേയും പറിച്ചെറിയാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒപ്പം നിന്ന് കൊടുത്താ മാത്രം മതി കൂടെയുള്ളവര്‍.

Monday, May 30, 2011

നിന്റെ നാട്ടിലേക്കുള്ള യാത്ര.



നിന്റെ നാട്ടിലേക്കുള്ള യാത്ര. 

ഓര്‍മ്മകളുടെ ഹെയര്‍പ്പിന്‍ വളവുകളില്‍ ഊയലാടുന്നുണ്ട് ഞാന്‍. 

“നിനക്കായി മാത്രം പൂക്കുന്നൊരു പൂക്കാലത്തിലേ നിന്നെ ഞാനിങ്ങു കൊണ്ടു വരികയുള്ളൂ.”
നേര്‍ത്തൊരു കാറ്റില്‍ പൂക്കുലകള്‍ കൊഴിയുന്നൊരു പുലരിയിലാണ് അവനത് പറഞ്ഞത്. 

ഉള്ളിലെ കടമ്പുമരച്ചില്ലയില്‍ ചിലന്തിവലകള്‍ കാറ്റത്ത് ഉലയുന്നു‍.  കാലം തീരുമാനിച്ച ചില നിമിഷങ്ങളിലേക്കുള്ള പ്രയാണം.  ഒരു യമിയുടെ നിര്‍വികാരതയാണ് ഉള്ളിലെങ്കിലും നീ പറഞ്ഞു മാത്രം കേട്ട പുറംകാഴ്ച്ചകള്‍.   ഗ്ലാസ്സ് താഴ്ത്തിയിട്ടപ്പോള്‍ ഏറെനാള്‍ കൂടിക്കാണുന്ന കൂട്ടുകാരിയെ പോലെ കൈനീട്ടി തൊടുന്ന സുഖമുള്ളൊരു തണുപ്പ് .

‘സീനാ, നോക്കൂ ഇരുവശവും വയലറ്റ് നിറമുള്ള പൂക്കള്‍ കാണുന്നുണ്ടോ നീ?  അപ്പുറം കടും പച്ച നിറമുള്ള വള്ളികളില്‍ ഓറഞ്ച് നിറമുള്ള കുലകള്‍.  വെള്ള, മഞ്ഞ, ചുവപ്പ്.. പൂക്കൂട നിറച്ച് ഒരുങ്ങി നില്ക്കുകയല്ലേ നമ്മളെയും കാത്ത് എന്ന പോലെ.. താലമേന്തുന്ന വള്ളിപ്പടര്‍പ്പുകള്‍..! കുറച്ചൂടെ പോട്ടെ ഞാനൊരൂട്ടം കാട്ടിത്തരാം.. വളവു കഴിഞ്ഞ് ഒന്നു സ്ലോ ചെയ്യ്.. ! ദാ, ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധം.. റോഡിനപ്പുറത്തേക്ക് നോക്ക് നീ.  പാറക്കെട്ടുകളില്‍ നിന്നു ഒഴുകിയിറങ്ങുന്ന നീരുറവ കാണുന്നില്ലേ?  വാനരപ്പട വായ്ക്കുരവയുമായി നമ്മെ എതിരേല്‍ക്കുന്നത് കണ്ടോ...“  

“ഇനി കഷ്ടിച്ച് അര മണിക്കൂര്‍... അവരവിടെ എത്തിക്കാണ്വോ...?”

‘'കാത്തിരിപ്പുണ്ടാവും. ഉറപ്പ്..”

“ഇത് വേണമായിരുന്നോ?  നിന്നെ അവര്‍ തിരിച്ചറിയില്ലേ.. നിന്റെ ഫെയിം.. എനിക്ക് പേടിയുണ്ട്.. ഒക്കെ ഞാന്‍ കൂടി അറിഞ്ഞോണ്ടാണ് എന്നല്ലേ നിന്റച്ഛന്‍ പറയൂ..”

“ഫെയിം...! നീയൊന്നു മിണ്ടാണ്ടിരിക്ക്.. ഈ യാത്രയുടെ, കാഴ്ച്ചയുടെ ത്രില്‍ നശിപ്പിക്കാതെ..  അവരൊക്കെ എത്ര അതിശയിക്കുമെന്നോ. ഇത്ര പെട്ടെന്ന് പ്രതീക്ഷിക്കാത്തതാണ്.. ഒന്നു പ്രിപ്പയര്‍ ചെയ്യാനായില്ല എനിക്ക്....”

‘‘അതെ.. അതു തന്നാ ഞാന്‍ പറഞ്ഞത്.. വല്ല ട്രാപും ആവ്വ്വോ ഈശ്വരാ.. നിന്റെ ഓരോ പ്രാന്ത്.. ദാ, ഇതാണ് പാലം.“

“നമ്മളെത്തി. നീ സൂക്ഷിക്കണം..”

‘‘ഇനി താഴോട്ടിറങ്ങണം.. കല്ലുകള്‍ ഇളകിയിട്ടുണ്ടാവും. നീ കൈ പിടിക്ക്..”

*************************************************************
“നീ അറ്റന്റ് ചെയ്യ്...”
ആശുപത്രിയുടെ വിറങ്ങലിച്ച ഇടനാഴിയില്‍ വച്ചാണ് മനുവിന്റച്ഛന്‍ അവന്റെ ഫോണ്‍ കയ്യില്‍ തന്നത്. 
സന്ധ്യ മുതല്‍ കലുങ്കില്‍ തനിച്ചിരുന്ന് ഭ്രാന്തു പിടിക്കുമെന്നായപ്പോഴാണ്  മനുവിന്റെ ഫോണ്‍ ഓണാക്കിയത്.  കാലത്തിനെ ഇല്ലാതാക്കുന്ന, യാഥാർഥ്യങ്ങളെ മറച്ചു വെക്കാനാകുന്ന യന്ത്രലോകം. അവനില്ലാത്ത ദിവസങ്ങള്‍  ഭീകരമായപ്പോഴാണ്, വെറുതെ, സ്വന്തം ഫോണിലേക്കൊന്നു വിളിക്കാനായി ഓണ്‍ ചെയ്തത്. “മനു ഈസ് കോളിംഗ്..” എന്ന് പറയാന്‍ മറ്റാർക്കു കഴിയും?  രണ്ടാമതും ഡയല്‍ ചെയ്യുമ്പോഴെക്കും ഇടയ്ക്കു കയറി വന്ന ഒരു കോളിന്റെ ഷോക്കിലാണ് ദിലീപ്.  വിരഹവും വേവലാതിയും പൂണ്ട ഒരു മധുര സ്വരം.  എന്തു പറയണമെന്നറിയാതെ തരിച്ചിരുന്നുപോയി. വിളിച്ചത് ആരെന്നറിയാനൊരു ശ്രമം.  അവനാവാന്‍ ആവില്ലെന്നറിഞ്ഞു തന്നെയാണ് അനുകരിച്ചത്.  അതിശയിച്ചുപോയി. ഇത്ര കരുതലോടെ അവനെ വിളിക്കാന്‍ ഏതാണ് താനറിയാത്തൊരു പെൺ‌കുട്ടി...?  കൂട്ടുകാരെ അറിയിച്ചപ്പോള്‍ സത്യന്‍മാഷാണ് ഒന്നു കാണാന്‍ വരട്ടെ എന്ന് പറഞ്ഞത്.  ഇങ്ങോട്ടു വന്നേ കാണു എന്ന് ഉത്തരം. ഒരു കണ്ടീഷനോടെ. കൂട്ടുകാര്‍ എല്ലാരും വേണം.  ഗരുഡന്‍ കുന്നില്‍ വച്ച്.  കാര്യം അവളറിഞ്ഞില്ലെന്നുറപ്പാണ്. 

********************************************************************
കുന്നിന്‍ ചരിവിലെ പുല്‍ത്തകിടിയില്‍ നിന്ന് പിടഞ്ഞെണീറ്റു.  മനുവിന്റെ പെണ്ണ് ആരെന്നറിയാനുള്ള കൌതുകം എല്ലാവരിലുമുണ്ട്.  

“പാ‍ലക്കാട്ട് നിന്നാ... ?”

“അതെ.  ഞാന്‍ സീന.  ഇവളെ അറിയുമല്ലോ. ശർമ്മിള. പിന്നണി ഗായിക“

കാറില്‍ നിന്നിറങ്ങിയ സുന്ദരികളെ കണ്ട് വിശ്വസിക്കാനായില്ല ദിലീപിന്.  അന്ധയായ പ്രശസ്ത പിന്നണി ഗായിക ശർമ്മിള.. മനുവിന്റെ...?!!!


“നിങ്ങളെല്ലാരുമുണ്ടെന്ന വിശ്വാസമുണ്ടെനിക്ക്.  എന്നോടെന്തു പറയുമെന്നു കരുതി വിഷമിക്കേണ്ട.  മനു ഈ ലോകത്ത് ഇപ്പോ ഇല്ലെന്നെനിക്കറിയാം, ദിലീപാണ് വിളിച്ചതെന്നും..  ശ്വാസം പോലും തിരിച്ചറിയാവുന്ന തരത്തില്‍ ഞങ്ങള്‍ പരിചിതരാണ്.  എന്റെ കാഴ്ചയാണ് അവന്‍.  പുലര്‍ച്ചെ ഈ പാറപ്പുറമൊരുക്കുന്ന ഭൂപാളം കേട്ടാണ് ഞാനുണരുന്നത്.  അതാണ് അവന്റെ മോര്‍ണിംഗ് വാക്ക്.  അവനിലൂടെ ഞാന്‍ കണ്ട ലോകങ്ങള്‍, കേട്ട ശബ്ദങ്ങള്‍.. ദിവസങ്ങള്‍ നീണ്ട ഈ മൌനത്തിന് മറ്റൊന്നും പറയാനാകില്ല.  ഒടുവില്‍ അറ്റന്റ് ചെയ്ത ദിലീപ് മനുവാകാന്‍ ശ്രമിക്കുന്നത് കൂടി കണ്ടപ്പോള്‍ ഞാനുറപ്പിച്ചു.  ദിലീപ്, ഞങ്ങളുടെ രീതികളൊന്നും അങ്ങനല്ല. അല്ലെങ്കിലും ഒരാള്‍ക്കും മറ്റൊരാളെ അടയാളപ്പെടുത്താനാകില്ല. അവന്റെ കാലടികള്‍ക്കൊപ്പം ഞാനും കൂടീട്ട് കുറച്ചു വര്‍ഷമായി.. ഈ സുഹൃത് സംഘമാണ് അവന്റെ പ്രാണനെന്നും എനിക്കറിയാം.  നിങ്ങളും ഞാനും ഉള്ളിടത്ത് അവനില്ലാതെ വരില്ല.  അതാണ് ഇങ്ങോട്ട് വിളിപ്പിച്ചത്.“

അനായാസമായി മനസ്സിനെ കൂട്ടിക്കൊണ്ടു പോകുന്ന സ്വരത്തില്‍ ശര്‍മ്മിള പറഞ്ഞു നിര്‍ത്തി.

കാതുകളെ വിശ്വസിക്കാമോ എന്നറിയാതെ സീന നടുങ്ങി.  മനുവിനെ കാണാന്‍ എന്നു പറഞ്ഞതുകൊണ്ടാണ് കൂടെ പോന്നത്.  ഒന്നിച്ചുവളര്‍ന്നവള്‍. ഏതു പോരായ്മയേയും നികത്തുന്ന കഴിവുകളുള്ളവള്‍.  സ്വകാര്യ സംഭാഷണങ്ങളില്‍ മനുവെന്നൊരു പേര് കുറച്ചുകാലമായി കടന്നു വരുന്നുണ്ട്.  ഇവളുടെ പണത്തിനും പ്രശസ്തിക്കും അപ്പുറമൊരിഷ്ടമുണ്ടോ അവന് എന്ന് നേരിട്ടറിയാനാണ് പുറപ്പെട്ടത്.  എന്നിട്ടിപ്പോ..  ഈ യാത്ര ഒഴിവാക്കേണ്ടതായിരുന്നു..

സാന്ദ്രത കൂടുന്നൊരു മൌനത്തിനു സാക്ഷിയായി ഗരുഡന്‍ കുന്ന്.

********************************************************************

“സത്യന്‍ മാഷൊന്നു വരുമോ എനിക്കൊപ്പം... കുന്നിന്മേലുള്ള ശാന്തിപ്പാറയില്‍... "

അവളുടെ വാക്കുകള്‍, ആഗ്രഹങ്ങള്‍.. നടുക്കം ഓരോരുത്തര്‍ക്കും പെരുമ്പറ പോലെ നെഞ്ചിലിടിക്കുന്നതായി.  പടവുകള്‍ നോക്കി നെടുവീര്‍പ്പിടുന്ന മൌനവല്മീകങ്ങള്‍. അതിനു മുകളില്‍ വെച്ചാണ് തിരകള്‍ക്കൊപ്പം പാറക്കെട്ടില്‍  തലതല്ലി അവനും ചേര്‍ന്നത്.  ഒന്നും  പറയാനാവാതെ താന്‍ കുഴഞ്ഞു പോകുന്നതായി സത്യന്‍ മാ‍ഷിന് തോന്നി.  മെയ്ഫ്ലവര്‍ കൊഴിഞ്ഞു വീണു കിടക്കുന്ന പടവുകളില്‍ ശാന്തിപ്പാറയ്ക്ക് ഇപ്പോള്‍ അഭൌമമായൊരു പരിവേഷമുണ്ട്.  ചൂളം കുത്തി പറന്നു പോകുന്ന കാറ്റ് ഇവളോട് മാത്രം സ്വകാര്യമായെന്തോ പറയുന്നതു പോലെ.  അന്ന്, ഇരുട്ട് വീണ് തുടങ്ങുന്ന ആ സന്ധ്യയില്‍ ചെറിയൊരു ലഹരിയോടെ താന്‍ “രാവണപുത്രി” ചെല്ലുമ്പോള്‍ പടവുകള്‍ കയറുകയായിരുന്നു മനു.   ലോകം ഞങ്ങളിലേക്ക് ഒതുങ്ങാറുള്ള ആ നേരങ്ങള്‍ക്ക് പങ്കാളിയായി മറ്റൊരു കാതു കൂടി ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.  ഇപ്പോള്‍ ഇവളും ഞങ്ങളും ചേരുന്ന ഈ സന്ധ്യയില്‍ മനുവിന്റെ നിശ്വാസച്ചൂട് അനുഭവപ്പെടുന്നുണ്ടോ..?!  ഉള്‍ക്കണ്ണില്‍ വെളിച്ചവുമായി, ഒന്നാം പടവില്‍ തൊട്ട് വന്ദിച്ച് കയറിപ്പോകുന്ന ആ അന്ധ യുവതിക്കൊപ്പമെത്താനാവാതെ മാഷ് തളര്‍ന്നു.  ഈയൊരു നിമിഷത്തിലേക്കായിരുന്നു തന്റെ ഏതു യാത്രയുമെന്ന് അവളുടെ ചലനങ്ങള്‍ പറയുന്നുണ്ട്.

“അഞ്ചാം പടവിലൊരു യതി ആവാം.. അല്ലേ മാ‍ഷേ..?” നേര്‍ത്തൊരു കിതപ്പില്‍ അവള്‍ നിന്നു.
മനുവിന്റെ ഭാഷ!

“ശംഖ് ദ്വാരമുള്ളൊരു ഭാ‍ഗമില്ലേ എട്ടാം പടവിനിടതുവശം..അതെ ഇതു തന്നെ,  സാഗരം മുഴുവന്‍  ആസക്തിയോടെ ഇരമ്പുന്നു ..ആര്‍ത്തി ,ആവേശം, അട്ടഹാസം, നിരത്ഥകത, ശൂന്യത..പിന്നെയുമെന്തെല്ലാമാണ് കടല്‍??“

ഇവളിലൂടെ മനു പിന്നെയും അതിശയിപ്പിക്കുന്നു..!!
************************************************************************

പതിനാലാമത്തെ പടിയില്‍. 

ശാന്തമാണ് മനസ്സ്.   അതിനുമപ്പുറം വീശിയടിക്കുന്ന കാറ്റ്.  നിന്നിലേക്ക് നീളുന്ന എന്റെ വിരലുകള്‍ കോര്‍ക്കുന്നത് നിന്റെ കൈകളാണെന്ന്, വിയര്‍പ്പുതുള്ളികള്‍ ഊറുന്ന നെറ്റിത്തടം തലോടുന്നത് നീയാണെന്ന്, ഭാരമില്ലാതാവുന്ന എന്റെ ദേഹം ചായുന്നത്  നിന്നിലേക്കാണെന്ന്, ഞാനറിയുന്നു.   കാതിലലക്കുന്ന ത്രിപുടതാളത്തോടെ സാഗരം.  മനസ്സ് മുഴുവന്‍  ചേർത്ത് എന്നെ ആവാഹിക്കട്ടെ.  ചിതറിയടിച്ച്, അലതല്ലി, ആര്‍ത്തലച്ചൊടുവില്‍ ശാന്തയാവുന്ന കടല്‍ പോലെ...

എല്ലാം ചേര്‍ന്നോടുവിലൊന്നാവുന്ന ഓംകാരം പോലെ... നമുക്കു മുന്നിലൊരേ വെളിച്ചമുള്ളൊരു ലോകത്തിലേക്ക്..
 
ഈ നിമിഷങ്ങള്‍,  ഇത് മാത്രമാണ് തീരുമാനിക്കപ്പട്ടത്.

Thursday, March 31, 2011

പയ്യാറ്

അടുക്കളയൊതുക്കി, മീ ചട്ടിയുമായി  മുവശത്തെ  മുറ്റത്തേക്കിറങ്ങിയതാണ്. ഉണക്കത്തെരണ്ടി കഴുകിയ വെള്ളം  താഴേക്ക് കളയണം. തിണ്ടി കാലെടുത്തു  വച്ചപ്പോഴേ  കേട്ടു  താഴെ പിള്ളാര് ടെ ഒച്ച.  മീ മുറിക്കുമ്പോ സ്കൂളി മണിയടിക്കുന്നത് കേട്ടിരുന്നു .  കയ്യാല പിടിച്ച് മെല്ലെ താഴോട്ടിറങ്ങി.
“ഈറ്റ്ങ്ങളെന്റെ പറമ്പ് കളയ്‌വല്ലോ..”
തൈക്കുണ്ടിന്റെ വട്ടത്തിലിരുന്നു അഞ്ചാറ് പെപിള്ളേര് മൂത്രമൊഴിക്കുന്നു. ഒച്ചയിട്ടപ്പോ എല്ലാം കൂടി ഉരുണ്ടുപിരണ്ടോടി.  കൂട്ടത്തിലൊന്നു തിരിഞ്ഞു നിന്ന് താളത്തി തുടങ്ങി.
“പയ്യൊന്ന്, പയ് രണ്ട്, പയ് മൂന്ന്, പയ്നാല്, പയ്യഞ്ച്, പയ്യാ……………..റ്..
ഓടിക്കോ പയ്യാറ് വരുന്നൂ..”
പടിഞ്ഞാറെടത്തിലെ നാരാണ മാഷിന്റെ മോള് .  തല തെറിച്ച പെണ്ണ്. ഓൾടപ്പനെ ഞാമ്പേടിച്ചിറ്റ്ല്ല.  പിന്നാ മോള്.  പീട്യേ പോവുമ്പോ ഒന്നത്രടം ചെല്ലണം.  ഇന്നിത് ഏഡ്മാഷോട് പറയണം.  മൂത്രത്തിന്റെ വാടയടിച്ച് ഉറങ്ങാമ്പറ്റ്ന്നില്ല.  ഒരു മൂത്രപ്പൊര കെട്ടിയാലെന്താ ആട?  ഇപ്പോ പഴേ കാലൊന്ന്വല്ലല്ലോ.

പുറത്തെ അയലീന്ന് ഒരു തോത്തുമുണ്ട് വലിച്ച് തോളിലിട്ട്, ചേദീന്ന് സോപ്പുപെട്ടീമെടുത്ത് തോട്ടുങ്കരയിലേക്കിറങ്ങി.  കാലത്തും വയ്യിട്ടും ഈ തോട്ടിലൊന്നു മുങ്ങിക്കുളിച്ചാ തീരാത്ത ക്ഷീണൊന്നും ഇന്നുമില്ല. മൂക്കുപിടിച്ചൊന്ന് മുങ്ങിനിവന്നു.  മോളി കുന്നുമ്മലെ മുരളി കാലീനെ കുളിപ്പിക്കുന്നുണ്ട്.
  “പറഞ്ഞാ കേക്കാത്ത നായീന്റെമോ.  ഓനൊക്കെ കെണറും കുളിമുറീമുണ്ട്. ആ കാലീന്റെ മേലെ ഒരു നാല് ബക്കറ്റ് വെള്ളമൊയിച്ചാപ്പോരെ?  ന്റെ മേത്തേക്ക് ഈ ചാണം കലക്കി വിടണോ?”
പുല്ലു ചെത്തുന്ന കാത്ത്യായനി കേക്കാഞ്ഞിറ്റല്ല മിണ്ടാത്തത്.

നേരം വൈകി.  ഏട്ടനിന്നും കാത്തുനിന്ന് ദേഷ്യം വരുന്നുണ്ടാകും.  അവറാച്ചന്റെ ഓടെ കയ്യീന്ന് ഒരു നാല് കാശു കിട്ടാ എത്ര നേരം കാത്തു നിന്നാലാ? പണിയെട്ത്ത കൂലിക്കാ നിക്കുന്നത് എന്ന ഒരു വിചാരോം ഓൾക്കില്ല.  മാളികേല് നിന്നാപ്പോരാ.  താഴേക്ക് നോക്കാനും കയ്യണം.  ജീരകപ്പാട്ട തുറന്ന് ചുരുട്ടി വച്ച നോട്ടെടുത്ത് മുണ്ടിന്റെ കോന്തലയി കെട്ടി.  ഇറയി തിരുകിവച്ച പൊട്ടിയ കണ്ണാടിയിൽ കഷണങ്ങളായി ഒരുങ്ങി.  കഴിഞ്ഞ ഓണത്തിന് അങ്ങാടീലെ തുണിക്കടേല് മുണ്ടും വേഷ്ടീം വാങ്ങാ പോയപ്പോ മുഴുവനായി കണ്ണാടീല് കണ്ടു.   സിനിമേ കാണണപോലെ. 
വാതി ചേത്തടച്ച് അരിവാകയ്യിലെടുത്ത് മുറ്റത്തിറങ്ങി. റോഡി പിള്ളാര് ടെ  പട തന്നെയുണ്ട്.  വീട്ടിലത്താനുള്ള തിരക്കി തട്ടിയിട്ടോടുന്നു.  പെണ്ണ് പിന്നേം തുടങ്ങി..
“പയ്യൊന്ന്, പയ് രണ്ട്, പയ് മൂന്ന്, പയ് നാല്, പയ്യഞ്ച്ച്, പയ്യാറ്…..’

തികട്ടി വന്ന വാക്ക് തൊണ്ടയിലടക്കി നടന്നു.  എന്തൊക്കെ പേരുകളുണ്ട്. ഏച്ചി ഉമ്പാച്ചി, ഏട്ട പൊക്ക..നാളിതുവരെ ആ പേരിന് കുറച്ചിലൊന്നും തോന്നീട്ടില്ല. ഇപ്പഴത്തെ കുട്ട്യോക്ക് ഇതെല്ലാം തമാശയാണ്.

വെയിലാറിത്തുടങ്ങി.  ഏട്ടനെയോത്തപ്പോത്തന്നെ നടത്തത്തിന് വേഗത കൂടി. ഇറയത്ത് തന്നെയുണ്ട്. ചവക്കാനുള്ള വട്ടത്തിലാണ്.  അരികിലിരുന്ന് ഇടിച്ചൊതുക്കിയതി നിന്ന് ഒരു നുള്ള് തുമ്മാ വാങ്ങി മേചുണ്ടിനിടേ തിരുകി.  റോഡി ഏട്ടനോടോപ്പം നടക്കുമ്പോ വയസ്സെത്രയായി രണ്ടാക്കുമെന്നു വെറുതേ ഓത്തു.  എത്രയോ കാലമായി ഈ നടപ്പ് തുടരുന്നു.  ചാഞ്ഞ വെയിലത്ത് കള്ളുഷാപ്പെത്തും വരെയുള്ള നടപ്പി വിശേഷങ്ങളിതുവരെ തീർന്നിട്ടില്ല.
 “ഇന്റെ കയ്യിലെന്തിനാണേ ഇനീം അരിവാള്? ഇതും പിടിച്ചോണ്ടു വേണോ ഇനീം നടക്കാ?”

കളിയാക്കാനുള്ള പുറപ്പാടാണ്.  മംഗലം കയ്യാത്ത അടിയാത്തീന്റട്ത്ത് തെമ്മാടിത്തോം കൊണ്ടുവരുന്നവരെ നേക്കുനിത്തിയ അരിവാളാണിത്.
‘നെന്റെ ഊക്കു കണ്ടിറ്റാ പെണ്ണേ നിന്നെ എനിക്ക് പിടിച്ചത്” എന്നും പറഞ്ഞ് ചങ്കിക്കേറിയ ക്ടാത്തൻ ഒന്നും മിണ്ടാതെ പൊയ്ക്കളഞ്ഞിട്ട് കാലമേറെയായി.  നുണക്കുഴിക്കവിളി തൊട്ട്, ചൂട്ടുകനലാളുന്ന നോട്ടത്തിന്റെ പൊള്ളലി  പൊട്ട തെയ്യം കണ്ടിരുന്ന ഒരു രാവിന്റെ കുങ്കുമച്ചോപ്പുള്ള ഒരോമ്മ.

“ഒന്നു പോയാപ്പാ.. ഈന് മൂച്ച കൂട്ടാനാ.  നാളെ ചാക്കോ മാഷിന്റെ കണ്ടത്തിൽ  മൂരാ പോണം“.  അരിവാളൊന്നു നീട്ടിവീശി റോഡരികിലേക്കു നീണ്ട കമ്മ്യൂണിസ്റ്റുപച്ചയുടെ കൊമ്പ് അരിഞ്ഞെറിഞ്ഞു.

“നീയറിഞ്ഞാ, നമ്മടെ അമ്പൂന്റെ മോള് ഡോട്ടറ് ഭാഗം പഠിക്കാമ്പോണ്.  ഓനോട് പറഞ്ഞിന്.  എന്തെങ്കിലും തിരിഞ്ഞിറ്റ്ണ്ടാവ്വോന്നറീല.“

പാവം.  മൂന്നാലു കൊല്ലായി അട്ടം നോക്കി കെടപ്പന്നെ.  ഞാളെ കൂട്ടത്തി പഠിച്ച ചെക്ക.  ഒരു ഉദ്യോഗൊക്കെയായി കുടുമ്മത്തെ ഒരു കരക്കെത്തിക്കാ കയ്യുന്നോനായിര് ന്നു.  ഓന്റെ തലേല് ആരെല്ലാമോ  ഓരോരോ പ്രാന്തു കുത്തിക്കേറ്റി വീട്ട്ക്കിട്ടാണ്ടായി.  പ്രസംഗോം സഞ്ചാരോം കൊടി പിട്ത്തോം …കേമനാന്ന് പറയ്ന്നോരുമുണ്ട്. ഒരൂസം രാവിലെ റോഡ് വക്കി ചതച്ചിട്ട പോലെ കെടപ്പായിര് ന്നു. പാതി ചത്ത് ആ കെടപ്പ് തന്നെ ഇന്നും..

ഷാപ്പിക്കാര് കൂട്ന്നേയുള്ളു.  പിന്നാമ്പുറത്തെ ചായ്പ്പിലേക്ക് നടന്നു.  സാധനം അങ്ങെത്തിക്കോളും.
 “കയിച്ചോപ്പാ.  അപ്പറത്ത്ന്ന് പറഞ്ഞിറ്റാ.”
കള്ളിന്റൊപ്പം ഒരു പ്ലേറ്റ് കപ്പേം മീനും കൂടെ വെച്ചു ഗോയിന്ന.  ഒരു കോപ്പ കള്ള് മോന്തി തോത്തി ചുണ്ട് തോത്തി.

ഏട്ട എത്തുമ്പഴേക്കും അപ്രത്ത്ന്ന് രണ്ട് കായി  പൊകല വാങ്ങണം.  മോന്തിച്ചോപ്പിൽ  ഈ കുന്നിറക്കം ഒരു രസാണ്.  മെല്ലെ ചരതിച്ച് എറങ്ങീലെങ്കി വെവരറിയും.  കാലി ചെരിപ്പിട്ട് ഏട്ട നടക്കുന്നത് കാണാ നല്ല പത്രാസ്ണ്ട്.  എന്നെക്കൊണ്ടാവൂല്ല ഇങ്ങനത്തപരിഷ്കാരൊന്നും ശീലിക്കാ.

കുന്നുമ്മലെ മോഹനന്റെ മോ സുരേശനും ചങ്ങായിമാരും റോഡരികി നിത്തിയിട്ട പുതിയ കാറിലിര് ന്ന് വർത്താനം പറയ്ന്ന്ണ്ട്.  ശനിയായ്ച്ച കാവില് കണ്ടപ്പം ഇവന്റമ്മ പറഞ്ഞിന് മോ വന്നിറ്റ്ണ്ട്ന്ന്.
“പാച്ചൂം കോവാലനും ഇന്ന് നേരത്തെയാ ?”

ബല്യ ഗഫുകാരനൊക്കെയായിറ്റും ചെക്കനിതൊന്നും മറന്നിറ്റില്ല. 

“എടാ, ഇത് പയ്യാറ്.  ഞങ്ങടെ വാനമ്പാടി.”
അട്ത്തിരിക്കുന്ന ബാല്യക്കാര ചിരിച്ചു.

“കുഞ്ഞീ, പൊക്കനൊന്നൂല്ലേ തെരാ, ബെലിക്കാനും കുടിക്കാനും..”
“വാ, കേറ് രണ്ടാളും..വീട്ടില്ണ്ട്.  തെരാലോ…”

പാതി തുറന്ന വാതിലിലൂടെ അകത്തേക്ക് നൂണു.  ഉള്ളിലത്തെ തണുപ്പി കണ്ണടഞ്ഞു പോകും പോലെ തോന്നി.  പതുപതുത്ത സീറ്റിലേക്ക് അമർന്നു.  അതിന്റാത്ത് പാട്ട് കേക്കുന്നുണ്ട്. ‘കറുകറുത്തൊരു പെണ്ണാണ്, കടഞ്ഞെടുത്തൊരു മെയ്യാണ്…” ഓർമ്മയുള്ളത്രേം കൂടെ മൂളി നോക്കി.  കണ്ണു തുറന്നപ്പോ അട്ത്തിരിക്ക്ന്ന ബാല്യക്കാര ഞെക്കി വിളിക്ക്ന്ന സാധനോം എന്റെ നേരെ പിടിച്ച് ചിരിക്കുന്ന്.

“ദാ, നോക്ക്“
അതിനാത്ത് ഇടത്തേ കൈ പൊക്കി കത്തി കൊണ്ട് പൊറം ചൊറിഞ്ഞ് നിക്ക്ന്ന എന്റെ പോട്ടം.  പിന്നെ കണ്ണടച്ച് പാട്ട് പാട്ന്ന സിനിമ.
“ഉയ്യന്റപ്പാ.. ഇദെങ്ങനെ..?”  നാണിച്ചുപോയി.

“അകത്തേക്ക് വാ... ഇവിടെ വേറാരുമില്ല...”
“പിന്ന്യോപ്പാ... ഈ എറയത്തിനപ്രം കേറൂല പയ്യാറ്‌..”
ഉമ്മറത്തെ നിലത്തിരുന്നു.

“കേരി ബാണേ ഇങ്ങ്...” മണത്ത് മണത്ത് ഏട്ട അകത്തേക്ക് പോയി.  ദഹിപ്പിച്ചൊന്ന് നോക്കീറ്റും അറീന്നില്ല.

“ഇതൊന്ന് പിടിപ്പിക്ക്. എന്നിട്ട് പയ്യാറിന്റെ മാസ്റ്റപീസ് പാട്ട് ഓത്ത് വെക്ക്.. ഇപ്പം വരാം...”  സുരേശ കൊണ്ടു തന്ന കളറ് വെള്ളം മെല്ലെ കുടിച്ചു നോക്കി.  കള്ള് പോലെ പുളിപ്പില്ല.  എന്തോ  കുടിക്കാ നല്ല രസമുണ്ട്.

ഇക്കാണുന്ന പറമ്പെല്ലാം എന്റെ കൈയ്യെത്തിയതാന്ന്.  കൈമ്മല് കത്തി പിടിക്കാനായപ്പം ഈട ബെരാ തൊടങ്ങിയതാ.  നിറയെ കൊലച്ച് നിക്കുന്ന തെങ്ങിന്റെ ചോട്ടില് ചൊമച്ച് ചൊമച്ച് കെളക്കുന്ന അപ്പന്റെ രൂപം ഇപ്പളും കാണുന്ന പോലെ.

“പയ്യാറേ റെഡിയല്ലേ . എന്നാ തുടങ്ങാം..”   ബാല്യക്കാരെല്ലാം കസേരയി വട്ടത്തിലിരുന്നു.
ഇളം കാറ്റ് കൊണ്ട് ആ വരാന്തേലിര് ന്നപ്പോ ചെവീലാരോ മൂളുന്നു...

“നാട്ടിപ്പണിക്കാര് കേരാനായാ..
ആനേനെ കണ്ടിക്ക് കെട്ടാനായാ..
താളും തവ്ട്കഞ്ഞീം വെക്കാനാ‍യാ..”

ചുറ്റിലും കാലമെല്ലാം മാറുന്നുണ്ടോ.  കൂടെ ഏറ്റുപാടിക്കൊണ്ട് കൂട്ടരെല്ലാരുമുണ്ട്  ... വെളഞ്ഞ ചാഞ്ഞ പുഞ്ചപ്പാടത്ത് കൊയ്ത്ത് കാലം.  കതിരെല്ലാം അരിഞ്ഞ് മുന്നിട്ട് കേരുവാണ്.   അപ്പറത്തെ നെരേന്ന് ക്ടാത്ത കണ്ണെറിയുന്ന്ണ്ട് .  പാടിപ്പാടി കൊയ്ത് നിവരുമ്പോകൂട്ടിമുട്ടുന്ന നോട്ടത്തിന് അരിവാളിനേക്കാളും മൂച്ച.

കൈകൊട്ടി കാത്താളമിട്ട് ഉറഞ്ഞ് വിയത്ത് പാടി.  നെഞ്ചി പെരുക്കം കൂടുന്ന പറച്ചെണ്ടമേളം.  തെളിഞ്ഞ് മായുന്ന മായക്കാഴ്ചകളിലൊന്നിലും മനസ്സ് നിക്കുന്നില്ല.  പൂരപ്പറമ്പിൽ ആക്കൂട്ടങ്ങമേലെ മേലെ ചവിട്ടിയരക്കുന്നത് പോലെ.  ചെവിയി തട്ടുന്ന പൊള്ളുന്ന കാറ്റ്! ഞെട്ടിയുണന്നു . ധൃതിയി അരയിലെ പേനാക്കത്തി തപ്പി നോക്കി.  ഇല്ല...കാണാനില്ല.. എന്റെ  തൊണ്ടച്ചാ...എട്യാ  അത്.. ആരുമറിയാതെ കൊണ്ടനടക്ക്ന്ന   എന്റെ  .........  ചേരട്ടയെപോലെ  ദേഹത്തിലിഴഞ്ഞ്  കാതി ആരോ സ്വകാര്യം പറയുന്നു....
“തപ്പണ്ട...“

Sunday, March 13, 2011

നിഴല്‍ക്കൂത്തുകള്‍

ചില ദിവസങ്ങളങ്ങനെയാണ്.  വിഷാദമേഘങ്ങള്‍ പെയ്യാതെ, തോരാതെ പ്രഭാതം മുഴുവന്‍ വിങ്ങിനില്‍ക്കും.  കാരണമന്വേഷിച്ചിട്ട്  കാര്യമില്ല.  ഓര്‍മ്മനൂല്‍ പിടിച്ച് പിറകോട്ട് പോയാല്‍  കുരുക്കിലാവും.  പലയിടങ്ങളും അഴിച്ചെടുക്കാനാവാതെ വിട്ടുകളയണം പിന്നെ.

ഇന്നിപ്പോ അതന്നെ അവസ്ഥ.  ക്ലിനിക്കിന്റെ  ഗെയ്റ്റ്  കടന്നപ്പോഴും തെളിഞ്ഞിട്ടില്ല.  പരിശോധനാ മുറിയില്‍ ചാഞ്ഞിരുന്ന് അല്പം കാറ്റിന്, വെളിച്ചത്തിന് പ്രാര്‍ത്ഥിച്ചു.  പിടിതരാതെ പലവഴി ഉരുളുന്ന പന്തുപോലെ  മനസ്സ്.  കണ്ണടച്ചിരുന്നതല്ലാതെ ഇരുട്ടോ വെളിച്ചമോ ഉണ്ടാകുന്നില്ല.


ഇന്നെന്തായിരുന്നു രാവിലെ..?  എന്തിനെന്നറിയാതെ ശാഠ്യം  കാട്ടിയ  മോളോ, സ്വയം മറന്നു  വാര്‍ത്തകളില്‍ മുഴുകിയ  അവള്‍ടച്ഛനോ?   അതോ, രാത്രിയില്‍ വന്ന അമ്മയുടെ കോളോ? വയസ്സേറെയായി  അച്ഛന്..  ഇപ്പോ കേള്‍വിയും കുറഞ്ഞിരിക്കുന്നു.  മറന്നിട്ടല്ല .  ഫോണിലും സംസാരിക്കാന്‍ പറ്റാതാവുമ്പോ അച്ഛനങ്ങനെ പലതും തോന്നുന്നുണ്ടാവും.  എന്നാല്‍  അമ്മയ്ക്കറിയരുതോ ഒരു വീട്ടിലെ തത്രപ്പാടുകള്‍ .!

‘ഗുഡ് മോര്‍ണിംഗ്  മാഡം...”

ഹൊ ! എവിടെ നിന്നോ തെറിച്ചുവീണ പോലെ...!  നിഷ ഹാഫ് ഡോര്‍   തുറന്ന് അകത്തു വന്നതാണ്.     ഒന്നു പതുക്കെ  സംസാരിക്കാന്‍  അവളോട്  എത്രയോ വട്ടം പറഞ്ഞിട്ടുണ്ട് ‍‍.    പൊടുന്നനെയുള്ള വിളികളില്‍  ഹൃദയമിടിപ്പു പോലും നിലച്ചതായി തോന്നും.  അല്ലെങ്കിലെന്തിനവളെ പറയണം! കൊക്കിനെപ്പോലെയിരുന്നു തപസ്സു ചെയ്യേണ്ട സ്ഥലമാണോ ഇത്?


“ഒരു പേഷ്യന്റ് വന്നിട്ടുണ്ട്.  അകത്തേക്കു വിടട്ടെ..?”

വേണമെന്നോ വേണ്ടെന്നോ വ്യക്തമാകാതെ ഞാന്‍ തലയാട്ടി.  ഉദ്യോഗസ്ഥദമ്പതിക‍ള്‍ .  ആര്‍ക്കാണ് രോഗമെന്നറിയാന്‍ പ്രയാസം.  മനോരോഗാശുപത്രികളുടെ പ്രത്യേകതയാണിത്.  പുറമേക്ക്  നല്ല  ആരോഗ്യമുള്ളവര്‍‍.  ഒറ്റ നോട്ടത്തിലൊന്നും തിരിച്ചറിയില്ല.

“ഡോക്ടര്‍ ,  ഞങ്ങളെ രക്ഷിക്കണം” പരുങ്ങല്‍  മറയ്ക്കാന്‍  ശ്രമിച്ച്  ഭര്‍ത്താവ് തന്നെ തുടങ്ങി.

“ഇവള്‍ .. ഇവള്‍ക്കെന്തു പറ്റീന്നറീല.  ഒന്നിലും ശ്രദ്ധയില്ല.  ഓര്‍മ്മ തന്നെ ഇല്ലാണ്ടായതു പോലെ.  ജോലിക്കു പോകാനാകാതെ കുറച്ചു ദിവസായി.." തുടരാനാവാതെ  ചുണ്ടുകള്‍  വിറച്ച്  അയാള്‍ എന്റെ നേരെ നോക്കി.

ഒരേ സമയം രണ്ടുപേരും രോഗികളാണെന്നും  കേടു വന്ന ഉപകരണം നല്‍കുന്ന അസ്വസ്ഥതയില്‍ ആണ് അയാളെന്നും എനിക്കു തോന്നി.

“ആദ്യൊക്കെ അശ്രദ്ധയാന്നേ തോന്നീള്ളു ഡോക്ടര്‍ ‍.  ചെയ്തോണ്ടിരിക്കുന്നത് അപ്പാടെ മറന്ന് മറ്റൊന്നിലെത്തും.  പതിവായി ഇവള്‍ ഓര്‍മ്മപ്പെടുത്താറുള്ളതൊക്കെ  ഇല്ലാണ്ടായി.  ഗ്യാസ് ബുക്കിംഗ്, ഫോണ്‍ ബില്ല്, ഇലക് ട്രിസിറ്റി ബില്ല്, കുട്ടികളുടെ ഫീസ്, ലോണ്‍ അടവുകള്‍  ഇവയൊന്നും  ഇവളുടെ ലോകത്തിപ്പോ ഇല്ല.   എന്റേം പിള്ളേര്‍ടേം   ഡ്രസ്സ് അയേണ്‍ ചെയ്യാനും അത് ഭംഗീല്‍  ഒതുക്കി വെക്കാനുമൊക്കെ ഇവള്‍ക്ക്  വല്യ ഇഷ്ടാര്‍ന്നു.  ഡ്രെസ്സൊക്കെ  ഓരോന്നായി കത്തിപ്പോവാന്‍  തുടങ്ങിയപ്പോ അത് നിര്‍ത്തി.  പിന്നെ അവള്‍ടെ  ഡ്രെസ്സ്  ഞാന്‍ അയേണ്‍ ചെയ്യുന്നത് നോക്കി ചിരിച്ചോണ്ട് അങ്ങനെ നിക്കും.  അടുപ്പത്തിരുന്നു കരിഞ്ഞുപോയ പാത്രങ്ങളിപ്പോ ഒരു കൂനയോളമായി..  അതൊക്കെ പോട്ടെന്നുവെക്കാം.., ഗ്യാസടുപ്പ് ഓഫ്  ചെയ്യാന്‍  മറക്ക്വ, ഓഫീസില്‍ പോകുമ്പോ വാതില്‍  അടക്കാതെ ‍പോവ്വ്വ , കുട്ടികളുടെ ബാഗില്‍ ടിഫിന്‍ വെക്കാന്‍  മറക്ക്വ..  ഇങ്ങനെ കാര്യങ്ങള്‍ അപകടമായിത്തുടങ്ങി.  ഇവള്‍ടെ  ആപ്പീസീന്നു  വരുന്ന  പരാതി കേക്കാനാവാത്തോണ്ട് ഫോണെടുക്കാന്‍  തന്നെ മടിയാ എനിക്കിപ്പൊ.  ചുട്ടു പൊള്ളുന്ന അയേണ്‍ ബോക്സില്‍ പിടിച്ച് കുഞ്ഞുമോളുടെ വലതു കൈ പൊള്ളിപ്പോയി..  ഒന്നും ഇവളറിഞ്ഞേയില്ല..  എനിക്ക്,  .. എനിക്കിപ്പൊ പേടിയാ ഡോക്ടര്‍   ഇവളെ  പുറത്തു വിടാനും  വീട്ടിനകത്തിരുത്താനും. രക്ഷിക്കണം..”


നല്ല കുടുംബത്തിലെ പെണ്ണ്.   ഇല്ലായ്മകളും  വല്ലായ്മകളും  പങ്കിട്ട് ജീവിതത്തിന്റെ  താഴ്വാരത്തെത്തിയവര്‍ . പാവം, അപ്പോഴേക്കും അവളുടെ  ഓര്‍മ്മച്ചിറകുകള്‍  മുറിഞ്ഞു പോയിരിക്കുന്നു.

വാരിച്ചുറ്റിയ സാരിയില്‍ മേഘത്തുണ്ടു പോലൊരു മനസ്സുമായിരിക്കുന്ന സ്ത്രീ രൂപം.  വിവശനായിപ്പോയ  ഭര്‍ ത്താവിനേയും എന്നെയും മാറിമാറി നോക്കുന്ന കണ്ണുകളില്‍  നിസ്സഹായത.  പുറം കാഴ്ചയിലെ ശാന്തത  അവളുടെ ഉള്ളിലെ  ഇരമ്പുന്ന കടലോളം കൊണ്ടുപോയി.  ഊണ്‍ മേശയോളം നീളുന്ന കൈവിരലുകളുള്ള, വിഭജിക്കപ്പെട്ട  ഇരുപത്തിനാലു മണിക്കൂറുകളുള്ള, ആള്‍ക്കൂട്ടങ്ങളിലെവിടെയോ സ്വയം നഷ്ടപ്പെട്ട,  എന്റെ തന്നെ പ്രതിബിംബം.  ഉള്ളില്‍ക്കിടന്നു ഊയലാടുന്ന ചില  ദൃശ്യങ്ങള്‍  തെളിമയോടെ മുന്നിലെത്തിയതുപോലെ.

നഗര വെളിച്ചത്തില്‍ പരസ്പരം കണ്ടുമുട്ടേണ്ടിവരുമ്പോള്‍  “നിനക്കൊന്നു വൃത്തീല്‍ നടന്നാലെന്താ “ എന്ന് ഇയാളും പറയുന്നുണ്ടാവും...  ഇവള്‍ക്കും വൈകുന്നേരങ്ങളില്‍ മേശമേലടച്ചുവച്ച  പലഹാരങ്ങള്‍  വിഴുങ്ങി ട്യൂഷന്‍ സെന്ററുകളിലേക്കോടുന്ന കുഞ്ഞുങ്ങളുണ്ടാവും...  ഇരുട്ടത്ത്  തിരിച്ചെത്തുമ്പോള്‍ അവരും "അമ്മയ്ക്ക് ഒരല്പം നേരത്തെ വന്നാലെന്താ.. “ എന്നു പരാതിപ്പെടുന്നുണ്ടാവും,  പ്രായമായ അച്ഛനമ്മമാരുടെ പിന്‍വിളികളുണ്ടാകും, ഓഫീസിലെ നൂറായിരം കുരുക്കുകളില്‍ കാല്‍തട്ടി വീഴുന്നുണ്ടാകും,  പറഞ്ഞറിയിക്കാനാവാത്ത അസ്വാസ്ഥ്യങ്ങളില്‍ സ്വകാര്യമായി മരണത്തെ വിളിക്കുന്നുണ്ടാകും, സ്വയം മറന്നിട്ടും പെണ്ണാണെന്നു പലരും ഓര്‍മ്മപ്പെടുത്തുന്നുണ്ടാകും...

ഇറങ്ങിച്ചെന്ന കണ്ണുകളുടെ ആഴങ്ങളില്‍  എനിക്ക് വഴി തെറ്റി.
ഇരുള്‍  മൂടിയ ഏതോ അറയില്‍ അയാളുടെ ശബ്ദം അപ്പോഴും പ്രതിദ്ധ്വനിച്ചു. 

പുതുമഴയത്ത് ഒഴുകാന്‍ ചാലു കണ്ടെത്തുന്ന മഴവള്ളപ്പാച്ചിലുകള്‍ പോലെ, ഇറക്കിവെക്കലിന്റെ  ആശ്വാസത്തില്‍ മേശമേല്‍  മുന്നോട്ടാഞ്ഞ്  ഞാനവളുടെ തണുത്ത കൈവിരല്‍  തൊട്ടു.  ആകാശവിരിക്കു കീഴില്‍  എന്റെ ഭാഷ മനസ്സിലാകുന്നവള്‍ ..  പതിഞ്ഞ ശബ്ദത്തില്‍  മിണ്ടിത്തുടങ്ങുമ്പോള്‍  ഞങ്ങളുടെ ഹൃദയമിടിപ്പുകള്‍ക്ക് ഒരേ താളമായിരുന്നു..



Saturday, February 19, 2011

പൊങ്കാല

‘അനന്തപുരിയെ അക്ഷരാര്‍ത്ഥത്തില്‍ യാഗശാലയാക്കിക്കൊണ്ട് പൊങ്കാലയൊരുക്കുന്ന അമ്മമാരും സഹോദരിമാരും.  പൊങ്കാലനിറവിന്റെ നേരിട്ടുള്ള കാഴ്ച്ചയിലേക്കാണ് നമ്മളിപ്പോള്‍ പോകുന്നത്..‘

ക്യാമറ പിടിച്ചു കൊണ്ട് മുന്നില്‍ നടക്കുന്ന അനിലിനൊപ്പമെത്താനാവാതെ സന്ധ്യ വലഞ്ഞു.  പുതുതായി ജോയിന്‍ ചെയ്ത സ്റ്റാഫ് എന്ന പരിഗണനയൊന്നും കിട്ടുന്നില്ലെന്നു മാത്രമല്ല,ഒരല്പം റാഗിംഗിന്റെ സ്മെല്ലും തോന്നുന്നുണ്ട്. വിട്ടുകൊടുക്കാനൊന്നും പോണില്ല താന്‍ ..  റാങ്ക് സര്‍ട്ടിഫിക്കറ്റൊന്നും വെറുതെ കിട്ടീതല്ലെന്നു ബോധ്യപ്പെടുത്തിക്കൊടുക്കണം ഇന്ന്.
നിരനിരയായൊരുക്കിയിരിക്കുന്ന പൊങ്കാലയ്ക്കിടയിലൊരു മുഖം,  തൊട്ടടുത്ത ദിവസങ്ങളിലെവിടെയോ കണ്ടുമാഞ്ഞ ഒരമ്മ മുഖം..  അവള്‍ ഓര്‍മ്മക്കാടുകള്‍ ചികഞ്ഞു.  അനിലിലിന് പെട്ടെന്നു ആളെ മനസ്സിലായി.  പെണ്ണു കൊള്ളാലോ.  നല്ല ഓര്‍മ്മ.

കല്യാണിയമ്മ, കഴിഞ്ഞദിവസങ്ങളിലെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ദുരന്തക്കേസിലെ പെണ്‍കുട്ടീടെ അമ്മ.  മറ്റാരും കൊത്തും മുന്‍പ് എത്താനുള്ള ഓട്ടത്തിനിടയില്‍ സന്ധ്യയുടെ കാല് പൊള്ളി.
“മനസ്സാക്ഷിയുള്ള ഒരു മലയാളിക്കും മറക്കാനാകാത്ത ഈ അമ്മയില്‍ നിന്നാവട്ടെ നമ്മുടെ തുടക്കം“. 
അനില്‍ ഒരു ക്ലോസ്സപ്പ് ഷൂട്ടില്‍ ..
“മകളുടെ ദുരന്തത്തിന്റെ നടുക്കം മാറും മുന്‍പ് ഈ തിരുസന്നിധിയിലേക്ക് അമ്മയെ നയിച്ച ചേതോവികാരമെന്തായിരിക്കും?  നമുക്കു നോക്കാം“.
“അമ്മ ആദ്യമായാണോ ഇവിടെ?“
പറയൂ'..

ക്യാമറയോ, ആള്‍ക്കൂട്ടമോ അറിയാതെ,  പൊരിവെയിലും തീച്ചൂടു പോലും തൊടാന്‍ ഭയന്ന് അകന്നു നില്‍ക്കുന്ന ആ മെലിഞ്ഞ രൂപം കുനിഞ്ഞ് തീ കൂട്ടി.  ഉത്തരം കിട്ടാത്ത ചോദ്യവുമായുള്ള സന്ധ്യയുടെ പരുങ്ങല്‍ അപ്പാടെ അനില്‍ ക്യാമറയില്‍ പകര്‍ത്തി.
“ഒന്നു സഹകരിക്കാന്‍ പറയൂ.. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഇവരും കുടുംബവും തന്നെയാണല്ലോ എല്ലാ ചാനലിലും.ഇതൊക്കെ പരിചയമായില്ലേ”
അര്‍ത്ഥമെന്തെന്നു വേര്‍തിരിക്കാനാവാത്ത ഒരു നോട്ടം കൊണ്ടാണ് മറുപടികിട്ടിയത്.  ഏഴുനിറങ്ങള്‍ക്കുമപ്പുറത്തൊരു നിറമുണ്ടെന്നു കല്യാണിയമ്മ അറിഞ്ഞത് മോള് വളരാന്‍ തുടങ്ങിയപ്പോഴാണ്.  ടിന്‍ ഫുഡിന്റേയോ മറ്റ് പോഷകാഹാരങ്ങളുടെയോ സഹായമില്ലാതെ അവളുടെ കവിളുകളില്‍ പുതിയ നിറങ്ങള്‍..  കണ്ടിട്ടുള്ള പെണ്‍കിടാങ്ങളില്‍ തന്റെ കുട്ട്യോളം ശേലില്‍ ഒന്നിനേം ആയമ്മക്കറിയില്ല.
അവള്‍ക്കു വേണ്ടി..
ഒന്നും ഇനി ബാക്കി വെക്കേണ്ടെന്ന തോന്നലില്‍ ‍..
കതിര്‍മണ്ഡപത്തോളം ചെല്ലേണ്ട ഒരു കനവു കൂടെ ആ അടുപ്പിലവര്‍ വേവിക്കുന്നത് പകര്‍ത്തിയപ്പോള്‍ അനിലിന്റെ കൈ വിറച്ചതു പോലെ തോന്നി.
‘മതി വാ പോകാം‘..
ഇനി ഈ കാഴ്ച്ചകൊണ്ട് എന്താ കാര്യം?  ഈ ആഘോഷം ഒന്നു കൊഴുപ്പിക്കാന്‍ പോന്ന മുഖം തേടി സന്ധ്യ.
ഉണ്ട്..അതാ മന്ത്രി പത്നി.  ഭര്‍ത്താവിന്റെ എല്ലാ വിജയത്തിനു പിന്നിലും തന്റെ പ്രാര്‍ത്ഥന മാത്രമാണെന്ന് കൂമ്പിയ മിഴികളുമായി ആ വാമഭാഗം.
കൊള്ളാം.  അദ്ദേഹത്തിനു ബോധിക്കും.
വി ഐ പി ഏരിയയാണ്.  ഇനിയങ്ങോട്ട് സിനിമ സീരിയല്‍ താര സുന്ദരിമാരും അമ്മമാരും..
‘പതിനഞ്ചാമത്തെ വര്‍ഷമാണിത്‘..
മുടങ്ങാതെ പൊങ്കാലയിടുന്ന മലയാളത്തിന്റെ ശാലീന മുഖം.
‘ചേട്ടന്റെ പുതിയ പടം ഹിറ്റായതിന്റെ സന്തോഷം‘..  നിറഞ്ഞ മുഖവുമായി ഒരു സംവിധായക പത്നി.
‘ദാ,നമ്മുടെ പ്രിയപ്പെട്ട കോമഡി താരം..വേറിട്ടൊരു ഭാവത്തില്‍ ‘..
‘ഇല്ല.ഇവിടെ എനിക്ക് തമാശയില്ല“
അവര്‍ കണ്ണടച്ച് പ്രാര്‍ത്ഥനാനിരതയായി..
കഴിഞ്ഞ കുറച്ചുകാലമായി ക്യാമറയ്ക്കു മുഖം കൊടുക്കാത്ത പ്രമുഖ താരം.  വിവാഹമോചനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആദ്യമേ വിലക്കി.
“വേണ്ട. അതൊക്കെ കോടതിക്കാര്യങ്ങള്‍ .  ഇവിടെ അതൊന്നും ചോദിക്കേണ്ട.”
നിരാശ മറച്ച് മടങ്ങി.
രാവിലെ മുതല്‍ തുടങ്ങിയ നടപ്പും ചൂടും കരുവാളിപ്പിച്ച മടക്കയാത്രയില്‍ സന്ധ്യയ്ക്ക് വേണ്ടത്ര തൃപ്തി വന്നില്ല.
ആവലാതികളും പരിവേദനങ്ങളും മദങ്ങളും വേവിച്ച് മടക്കയാത്രക്കൊരുങ്ങുന്ന ആള്‍ക്കൂട്ടരംഗങ്ങള്‍ ..ഇങ്ങേമൂലയില്‍ തീ പുകഞ്ഞു മാത്രം കത്തുന്ന അടുപ്പുമായിരിക്കുന്ന ആ രൂപം അപ്പോഴും കുനിഞ്ഞ് അങ്ങനെതന്നെ....
ക്യാമറയിലൂടെ ആ രൂപം ഒന്നുകൂടെ നോക്കാനുള്ള കരുത്തില്ലാതെ കാലുകള്‍ പറിച്ച് നടന്ന അനിലിന്റെ ഷര്‍ട്ടില്‍ പിടിച്ചു പിന്നോട്ടു വലിച്ചു സന്ധ്യ. 
പുറത്തേക്കുതള്ളിയ അവളുടെ കണ്ണുകള്‍ ചൂണ്ടിയ ദിശയില്‍ ..... 
ആളുകളൊഴിഞ്ഞുപോയിട്ടും പോകാതെ കുനിഞ്ഞിരുന്ന ആ അമ്മയുടെ മുഷിഞ്ഞ വേഷ്ടിയിലേക്ക് പടര്‍ന്നുകയറുന്ന തീ നാളങ്ങള്‍ ..‍  മുന്നോട്ടാഞ്ഞ അനിലിന്റെ കയ്യില്‍ അവന്‍ താഴെയിട്ട ക്യാമറ ബലമായി പിടിപ്പിച്ച് സന്ധ്യ തുടര്‍ന്നു..
“ഇതാ ഈ വര്‍ഷത്തെ പൊങ്കാലയുടെ ഏറ്റവും കരളലിയിക്കുന്ന രംഗങ്ങള്‍ക്കാണ് നിങ്ങളിപ്പോള്‍ സാക്ഷികളാകാന്‍ പോകുന്നത്“..

Tuesday, November 16, 2010

സമയതീരത്ത്

എന്തുകൊണ്ടിങ്ങനെ...

നീയതാലോചിച്ചിട്ടുണ്ടോ..?
ഒന്നും കരുതിയപോലെ അല്ല ! !
എന്നെങ്കിലുമൊരിക്കല്‍ കണ്ടുമുട്ടുമ്പോല്‍ നിന്‍റെ ഒരു നോക്കില്‍ വിടരുമെന്നു താലോലിച്ച പുളകത്തിന്‍ പൂക്കള്‍ ,
പൊയ്പ്പോയ ശിശിരത്തിനൊന്നും കൈമോശം വരാതെ കാത്തുവച്ച പരിഭവപത്രങ്ങള്‍ ‍...

നിന്‍റെ ഉള്ളിലും അങ്ങനെ ചിലതില്ലെ ..?!

എന്നിട്ടും ,
സമാഗമത്തിന്റെ നെഞ്ചിപ്പിടിപ്പുകള്‍ കവിളിലൊരു പൂക്കളം തീര്‍ത്തില്ല;
കണ്ണുകളിടഞ്ഞ് മിഴി ദൂരങ്ങള്‍ക്കിടയില്‍ നാണത്തിന്റെ ചെമ്പകങ്ങള്‍ പൂത്തില്ല.
കാഴ്ചകളില്‍ പണ്ടെന്ന പോലെ ശരീരം ഒരു വിറയലില്‍ ചാറ്റല്‍ മഴയിളിലകിയില്ല
മനസ്സിന്‍റെ കാണാചില്ലകളുലഞ്ഞില്ല; .

നീയും,

വിയര്‍പ്പണിഞ്ഞില്ല.

കണ്ണാലെന്നെയുഴിഞ്ഞില്ല.
നിശ്വാസങ്ങളാലെന്നെ പൊള്ളിച്ചില്ല.

ഉച്ച ,ഉച്ചിയില്‍ പതിവു വെയിലായിത്തന്നെ നിന്നു.
നിന്‍റെ ഒപ്പം എത്താന്‍ നടത്തത്തിന്റെ കൊടുമുടിയില്‍ ഞാന്‍ മാത്രം കിതച്ചു .

കരിമ്പാറക്കെട്ടുകളില്‍ പതം വന്ന കാലടികള്‍ നെയ്പ്പുല്ലിന്‍ നാമ്പുകള്‍ ഞെരിച്ചു..
മഞ്ഞപ്പുള്ളിയിട്ടൊരു തുമ്പിപ്പെണ്ണ് നിന്റെ , പിന്നെ എന്‍റെ കാതോരം വന്നു മടങ്ങി.

എന്നോടൊന്നും പറയാതെ ...

തണുത്തുറഞ്ഞ ഐസ്ക്രീമില്‍ മേശപകുത്തിരുന്ന് ,നമ്മള്‍ തെല്ലിട, രണ്ടു ശീത പാളികളായി നീണ്ട നിശ്വാസം പങ്കു വെച്ചു

എന്റെ മോന്റെ പനിയും നിന്റെ പെണ്ണിന്റെ ശാഠ്യവും മൌനത്തിന്റെ ഇടവേളകളില്‍ നമുക്ക് കൂട്ടായി
അലര്‍ജി ചികിത്സയില്‍ മിടുക്കനായ ഡോക്ടറുടെ വിലാസം എനിക്കും ,.
എന്റെ ഫോണ്‍ നമ്പര്‍ നിനക്കും ...

സംസാരിക്കുമ്പോളനങ്ങുന്ന നിന്റെ ഇടതു ചെന്നിയിലെ നീല ഞരമ്പിലേക്ക് അറിയാതുയര്‍ന്ന കൈ പലതായിപറന്ന മുടിയിഴകളൊതുക്കാനായി പറഞ്ഞയച്ച് ഞാനടക്കം കാട്ടി . ഐസ് പരലുകള്‍ വരിയിട്ട ചൊടികളിലേക്ക് നീങ്ങുന്ന
വിരല്‍ത്തുമ്പിനെ ചില്ലുപാത്രത്തിന്റെ മരവിപ്പിലേക്ക് നീയും..

ആ നേരങ്ങളില്‍ സത്യമായും ഞാനോര്‍ത്തത് ഫ്രിഡ്ജില്‍ വെക്കാന്‍ മറന്നുപോയ അരിമാവു
തന്നെയാണ്..ഇടക്കിടെ വിറച്ച ഫോണിനോട് നീ “ദാ ഇറങ്ങി “ എന്ന് ചിലമ്പിക്കൊണ്ടിരുന്നു..
എനിക്കോ നിനക്കോ തിടുക്കമേറെയെന്നു തിരക്കുന്ന നെടുവീര്‍പ്പുകള്‍ ‍....

തിരികെ ,
ഒരുമിച്ചുള്ള യാത്രയില്‍ ഓര്‍ക്കാന്‍ ,അലയാന്‍ ഒരുപാട് ഓര്‍മ്മകളുണ്ടായിരുന്നിട്ടും ഞാന്‍ തളര്‍ന്നുറങ്ങി.
നീയപ്പോ എന്തു ചെയ്തു? മുന്നില്‍ തുറന്നിരുന്ന മാഗസിനില്‍ ‍...?

അറിഞ്ഞിട്ടും തട്ടിയെറിഞ്ഞകന്ന്..
പതിമൂന്നു വര്‍ഷം...
ഒരിക്കല്‍‌പ്പോലും നീ എന്നെ ഓര്‍ത്തിരുന്നില്ലേ..?
മുനയൊടിഞ്ഞ ചോദ്യശരങ്ങള്‍ ആവനാഴിയില്‍ ഒതുങ്ങിക്കിടന്നു.
ട്രയിനിന്റെ താളത്തിനൊത്ത് പരസ്പരം അനങ്ങിയുരുമ്മി എന്നിട്ടും നമ്മളെന്താണ് കുലുക്കിയുണര്‍ത്താനാഞ്ഞത്?

കുടഞ്ഞെടുത്തിട്ടും പിടഞ്ഞകന്നത്?

മടക്കിപ്പിടിച്ച മാഗസിന്‍ കൊണ്ട് എന്നെ തട്ടിയുണര്‍ത്തി നീ പോകാനൊരുങ്ങി.

ഇനി രണ്ടു വഴി..

“ഇതു വച്ചോ...ഇതേ തരാനുള്ളു..”

ഒരു ഞൊടിയിലെപ്പോഴോ നിന്റെ കണ്‍കോണില്‍ കുസൃതി.
ചുരുട്ടിപ്പിടിച്ച ഒരു തുണ്ടു കടലാസ് എന്റെ നേര്‍ക്ക് നീട്ടി.

പിജി ക്ലാസ്സില്‍ നോട്ടിനുള്ളില്‍ തിരുകിയ കുറിമാനം ഞാനോര്‍ത്തു..

“പെണ്ണേ ..,എന്റെ വാരിയെല്ല് നിന്റട്ത്തുണ്ടോ..?”

ഓര്‍മ്മയിലിത്തവണ ഞാനൊന്നുലഞ്ഞു.സമ്മതിക്കുന്നു.
വിറയ്ക്കുന്ന വിരലുകള്‍ നിവര്‍ത്തുന്ന വെള്ളച്ചുരുള്‍..


നീ പൂരിപ്പിച്ചു..

“:ടിക്കറ്റ് ചെക്കിങ്ങിനു വരുമ്പോ കൊടുത്തേക്ക്....”

പതിവു പോലെ ,

നമ്മളിക്കുറിയും വാഗ്ദാനമൊന്നും നല്‍കിയില്ല.

Saturday, November 6, 2010

നൂല്‍പ്പാലം കടന്ന്..

ജനാലയ്ക്കപ്പുറം പെയ്യുന്ന ചാറ്റല്‍ മഴയെ തന്നിലെ വരള്‍ച്ചയിലേക്ക് ക്ഷണിച്ചു ഗായത്രി.
അസ്ഥികള്‍ നുറുങ്ങുന്ന വേദന.. വേവുന്ന ദേഹം..
കണ്ണു പൂട്ടി ഡോക്ടര്‍ പ്രിയംവദയുടെ വാക്കുകളുരുവിട്ടു.

“അബ് നോര്‍മ്മലാണെന്നു നടിച്ചോളൂ..അതാ കുട്ടിക്കു നല്ലത്..”

ഒരു സീരിയസ്സ് കേസ് അറ്റന്റ് ചെയ്ത് രാത്രി വൈകി വീട്ടിലെത്താനുള്ള തത്രപ്പാടിലായിരുന്നത്രേ ഡോക്ടര്‍ .വഴിയരികില്‍ ആരോ പറിച്ചെറിഞ്ഞ നിലയില്‍ കണ്ട യുവതി യാത്ര മുടക്കി.കാറിനുള്ളിലേക്ക് അവളെ വലിച്ചിട്ട് തിരികെ ഹോസ്പിറ്റലിലെത്തി.പ്രാഥമിക പരിശോധനയില്‍ തന്നെ കണ്ണില്‍‌പ്പെട്ട ചീന്തിയിട്ട മുറിപ്പാടുകള്‍ക്ക് നൂറു നാവുകളായിരുന്നു.മരണത്തിന്റെ തൂവല്‍ സ്പര്‍ശം കാത്തുനിന്നവളെ വീണ്ടും നോവുകളിലേക്ക് തിരിച്ചെത്തിച്ചതിന്റെ ക്ഷമാപണം.

നോര്‍മ്മലാണോ താന്‍ ‍?
നേര്‍ത്തൊരോളം പോലെ ഓര്‍മ്മകളുടെ ഊയലാട്ടം .
ഒന്നിനു പിന്നാലെ ഒന്നായി ചില ചിത്രങ്ങള്‍ ..
ചിലത് തെളിഞ്ഞ്..
ചിലതിന് ചലനങ്ങളുടെ , നിശ്വാസങ്ങളുടെ ചടുലതാളം..
ദൂരത്ത് ഒരിടത്ത് ഒരു പരിചിത മുഖം..
അടുത്തും അകന്നും...
കുറച്ചൊന്നു മിനക്കെട്ടാല്‍ തനിക്കീ ചിത്രങ്ങള്‍ നന്നായി എഡിറ്റ് ചെയ്തെടുക്കാനാവുമെന്നത് ഭാരമേറിയ ഒരറിവായി ഗായത്രിക്ക്..

“ടീവീലൊക്കെ ഇന്നു കുട്ടിയാ...”

മരുന്നുമായെത്തിയ വെള്ളയുടുപ്പിന്റെ ചിരിക്കോണില്‍ പരിഹാസം..
സുഖാന്വേഷികള്‍ ഡോക്ടറിന്റെ ഫോണും ചൂടാക്കുന്നുണ്ട്..

കുളക്കടവിന്റെ അവസാനത്തെ പടിയില്‍ ഒന്നു പടിഞ്ഞിരിക്കാന്‍ തോന്നി ഗായത്രിക്ക്..
ബാക്കിയെല്ലാം സ്വപ്നമായിരുന്നെന്നു പറയുന്ന ഒരു തിരിച്ചുപോക്ക്...

സൂപ്പര്‍മാര്‍ക്കറ്റും ബാറും റെസ്റ്റോറന്റും ലോഡ്ജുകളും നിറഞ്ഞ ആ പടുകൂറ്റന്‍ കെട്ടിടം സെമസ്റ്റര്‍ എക്സാം നാളുകളില്‍ കാണുന്ന ദു:സ്വപ്നങ്ങളിലൊന്നായിരുന്നെങ്കില്‍ .....

അല്ലെങ്കില്‍ ഇല്ലിക്കാടുകള്ക്കിടയിലൂടെ കുഞ്ഞാറ്റക്കിളിയുടെ കൂടന്വേഷിച്ചുള്ള പോക്കില്‍ എപ്പോഴും കിഴുക്കു തരുന്ന ചെക്കന്‍ പറഞ്ഞുതന്ന അതിശയ കഥകളിലൊന്ന്...

റൂം നമ്പര്‍ 310 ന്റെ വാതില്‍ക്കലെത്തിയപ്പോള്‍ തന്റെ ശ്വാസഗതി കൂടുന്നതായിത്തോന്നി ഡോക്ടര്‍ പ്രിയംവദയ്ക്ക്.കാര്യങ്ങളെന്നേ തന്റെ കൈവിട്ടിരിക്കുന്നു.310 ലെ പേഷ്യന്റ് ഇന്നൊരു പൊതുമുതലാണ്.അപ്പപ്പോഴുള്ള വിവരങ്ങളറിയാന്‍ ധാരാളം പേരുണ്ട്.വെളിയിലിരിക്കുന്ന തോരാത്ത കണ്ണുകളെ നേരിടാന്‍ വയ്യ.നിറങ്ങളെഴുതുന്ന കഥകളിലെവിടെയും തന്റെ കുട്ടിയെ കാണാനാവാതെ വിഹ്വലയായ ഒരമ്മ.പിണഞ്ഞഞരമ്പുകളുള്ള കാലുകള്ക്കു താങ്ങാനാകാത്ത ഭാരത്താല്‍ ഒരച്ഛന്‍ ‍..

“അവള്ക്കു വേണ്ടി സംസാരിച്ചാല്‍ കൂട്ടിക്കൊടുപ്പുകാരി ഡോക്ടറമ്മ തന്നെയാവും ..ഓര്‍ത്തോ”

അവസാനം വന്ന കോളും ആവര്‍ത്തിച്ചു.

“വയ്യാവേലി തലയില്‍ കേറ്റണ്ട..കുട്ടികളുടെ കാര്യം ഓര്‍മ്മ വേണം..”
സോക്സ് വലിച്ചു കയറ്റുന്നതിനിടെ പിറുപിറുപ്പ്..

“സുന്ദരിയായി വേണം പോകാന്‍..ഇതാ നിനക്ക് പാകമാവും ”

നീട്ടിയ പാക്കറ്റ് ഗായത്രി വലിച്ചുവാങ്ങി.ചുവന്നു കലങ്ങിയ ഒരു കണ്ണും അവള്‍ കണ്ടില്ല.

വണ്ടിയില്നിന്ന്ചാടിയിറങ്ങി.പുറത്ത്പുരുഷാരം.
കലോത്സവവേദിയിലേക്കെന്ന താളത്തില്‍ അവള്‍ നടന്നു.

“ഇനിയെന്തെങ്കിലും പറയാനുണ്ടോ?” മജിസ്ട്രേറ്റ് ആവര്‍ത്തിച്ചു.

അവള്‍ പെട്ടെന്ന് ഒരു കുട്ടിയായി.

“അയ്യേ...ഈ ഡ്രസ്സ് ഇങ്ങക്കൊട്ടും ചേരുന്നില്ല...അന്നത്തെ ആ വെളുത്ത ടീഷര്‍ട്ട് നല്ല ഭംഗീണ്ടാര്‍ന്നു ..“

ഒരു കള്ളച്ചിരിയോടെ അവള്‍ വിരല്‍ കടിച്ചു.

മജിസ്ട്രേറ്റ് വിയര്‍ത്തു.

പറഞ്ഞതൊന്നും മറന്നിട്ടില്ല.പ്രിയംവദ ഒന്നു നെടുവീര്‍പ്പിട്ടു.

“ഈ കുട്ടി പറയുന്നതെല്ലാം ശര്യന്നാവും.ഇയാളെപ്പറ്റി ഇന്നലേം ഞാനൊരു കഥ കേട്ടു.”

ഭര്‍ത്താവിന്റെ നാക്കിനെ ഡോക്ടര്‍ ദഹിപ്പിക്കുന്നൊരു നോട്ടത്താല്‍ ഒതുക്കി.

വിധിപറയല്‍ മാറ്റിവെച്ച സ്വാതന്ത്ര്യത്തിലേക്ക് അവളിറങ്ങി.

ചിതറിത്തെറിച്ചകലുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ തന്റെ നോട്ടത്തില്‍ നിന്നു വഴുതിമാറുന്ന രണ്ടു കണ്ണുകള്‍ ...
ആഴക്കടലിന്റെ ഏതു ചുഴിയില്‍ വച്ചാണ് ഈ വിരല്‍ത്തുമ്പ് ഊര്‍ന്നകന്നത്..
അവളൊരിക്കല്‍ക്കൂടി തിരിഞ്ഞു നോക്കി ..

വിജയ്..

കണ്ടെത്തലിന്റെ ആ നിമിഷത്തില്‍ അവള്‍ക്ക് പൊട്ടിച്ചിരിക്കാന്‍തോന്നി... ഉറക്കെയുറക്കെ...

Saturday, October 23, 2010

തുലാമഴ

‘ഇതെന്റെ ഓര്‍മ്മയ്ക്ക്..ഈ നിമിഷങ്ങളുടെ സ്നേഹത്തിന്..’

എന്റെ വലതു കയ്യില്‍ ഒരു പുസ്തകം ചേര്‍ത്തു വച്ച് ചുമലില്‍
തല ചായ്ച്ച് അവളിറങ്ങി..

നേര്‍ത്തൊരു മയക്കത്തിന്റെ നൂല്‍‌പ്പാലത്തിലേക്ക് ആടിയുലഞ്ഞ് വഴുതിയിറങ്ങുകയായിരുന്നു ഞാന്‍ ‍.
എവിടെയോ ഒന്നു തട്ടി വീണതു പോലെ !
കണ്‍പോളകള്‍ വലിച്ചെടുത്തപ്പോഴാണ് അരികിലവളെ കണ്ടത്.
ജീന്‍സിന്റെ പോക്കറ്റില്‍ നിന്നു കര്‍ച്ചീഫ് വലിച്ചെടുക്കാനായി അവള്‍ പകുതിയൊന്നനങ്ങി..
അവളുടെ കൈമുട്ടുകള്‍ മാറിലിടിച്ചപ്പോഴാണ് ഞാന്‍ പൂര്‍ണ്ണമായും ആ സന്ധ്യയിലേക്ക് മടങ്ങിയത്.

“സോറി ‘

അവള്‍ മെല്ലെ ഒന്നു മന്ദഹസിച്ചു.

ചുവന്നു വീര്‍ത്ത കണ്‍പീലികള്‍ ‍.
ഇടയ്ക്കിടെ ബാഗില്‍ തെരുപ്പിടിക്കുന്ന കൈകള്‍ .
കണ്ണടച്ച് സീറ്റിലേക്കു ചാഞ്ഞുള്ള ഇരിപ്പ്....
..എനിക്കവളെ എവിടെയോ അറിയാനായി..

പുറത്ത് ഇരുട്ട് പരന്നു തുടങ്ങി..
ഈ നേരത്ത് എങ്ങോട്ടവും ഇവള്‍ ‍..?
ബസ്സില്‍ സ്ത്രീകളായി ഞങ്ങള്‍ രണ്ടുപേരുമേ ഇപ്പോഴുള്ളൂ..

‘എങ്ങോട്ടാ..?’ ഞാന്‍ തിരക്കി.

അവള്‍ വിറയ്ക്കുന്ന ചൊടികളോടെ ഇടയിലുള്ള ഒരു ടൌണിന്റെ പേരു പറഞ്ഞു.

‘ അവ്ടെ?? ‘....അവളൊന്നും മിണ്ടിയില്ല.

“ന്താ മോളേ..സുഖമില്ലേ...? ഞാന്‍ മെല്ലെ അവളെയൊന്നു തൊട്ടു.

‘ഏയ്....’ എന്നിലേക്കു പാറിവീണ കണ്ണുകളില്‍ നനവ് പൊടിയാന്‍ തുടങ്ങി.

പെട്ടെന്ന് ഒരു തേങ്ങലോടെ അവളെന്റെ ചുമലിലേക്കു ചാഞ്ഞു..പിന്നെ പെയ്തു...

‘എന്താ കുട്ടീ...ന്തു പറ്റി?’

‘ഒന്നും ചോദിക്കല്ലേ...’

‘ഇല്ല..സാരമില്ല..’

ചേര്‍ത്തുപിടിച്ച കൈകളില്‍ വീഴുന്ന അവളുടെ കണ്ണീര്‍ത്തുള്ളികള്‍ എന്നെ പൊള്ളിച്ചു.
കിതപ്പുകള്‍ നേര്‍ത്തു നേര്‍ത്തില്ലാതെയായപ്പോള്‍ അവള്‍ മെല്ലെ നിവര്‍ന്നു.

‘ഇന്ന് ഒരു വല്ലാത്ത ദിവസമായിരുന്നു... ! ’

‘.......ഉം..’

‘മറ്റൊന്നും പറയാന്‍ വയ്യ...’

‘വേണ്ട..മനസ്സു കൈവിടാതിരിക്കൂ..’

മറ്റെന്തു പറയും ഇവളോട്?!
എവിടെയോ മുള പൊട്ടിയ വാത്സല്യത്തിന്റെ തണുപ്പില്‍
ഞാനാ തുടുത്ത കൈകളില്‍ വിരല്‍ കോര്‍ത്തു..

..പെയ്തിറങ്ങുന്ന മേഘം പൊലെ..

ഇറങ്ങിപ്പോകുന്ന അവളെ നോക്കി ഞാന്‍ മനസ്സിലോര്‍ത്തു.

പുറത്ത് ഇരുട്ട് പരക്കുന്നു.

ഇത്രയും വൈകാറില്ല.
പതിവില്ലാതെ വൈകിട്ട് ഒരു മീറ്റിംഗ്.
വണ്ടിയുമായി കാത്തിരിപ്പുണ്ട്.
ബസ്സില്‍ നിന്നിറങ്ങുമ്പോള്‍ത്തന്നെ ആ മുഖത്തെ പരിഭവം കണ്ടു.
മുഖത്ത് നോക്കാതെ വണ്ടിയില്‍ കയറി.
കാത്തിരിപ്പിന്റെ ദേഷ്യമോ..അതോ കുട്ടികളുമായി...?
വീടെത്തും വരെ മൌനം മുറിഞ്ഞില്ല.

ചിതറിക്കിടക്കുന്ന നോട്ടുബുക്കുകളിലൂടെ..
കലമ്പുന്ന പാത്രങ്ങളിലൂടെ...
നീന്തിക്കരയ്ക്കണഞ്ഞപ്പോള്‍ പാതിരാവായി..

നനഞ്ഞ മുടിയിഴകളുമായി അല്പമൊന്നിരുന്നപ്പോഴാണ്
ആ പുസ്തകം വീണ്ടും ഓര്‍ത്തത്..അവളെയും..

അവളുടെ ഡയറിയാണ്..!
ചില പേജുകളില്‍ മാത്രം ജീവിതമുള്ളവ.

" ഫെബ്:10
അച്ഛനു പിന്നെയും കൂടുതലായി..
ഷേവ് ചെയ്യാത്ത നരച്ച താടി രോമങ്ങളില്‍ അച്ഛന് ഒരു സന്ന്യാസിയുടെ തേജസ്സ്..
ആശുപത്രിയുടെ വെളുത്ത മിനുത്ത ചുമരുകള്‍ക്കുള്ളില്‍ എന്റെ സ്വപ്നങ്ങളിലെ നിറങ്ങള്‍ അലിഞ്ഞുചേര്‍ന്നു.
നെഞ്ചിടിപ്പിന്റെ പതിഞ്ഞ താളം...
ഏതു ശ്രുതിയിലാണ് ഈ താളം എന്നെ പണ്ട് ഉറക്കിയത്...?

മാര്‍ച്ച്:4

വെണ്‍ മേഘങ്ങള്‍ക്കിടയില്‍ ചന്ദ്രനെപ്പോലെ അച്ഛന്‍ ശാന്തനായുറങ്ങുന്നു.
ബോധാബോധങ്ങളുടെ നൂല്‍പ്പാലം കടന്നിക്കരെയെത്തുന്ന അപൂര്‍വ്വ നിമിഷങ്ങള്‍ .
എന്നെ തൊടുന്ന നോട്ടങ്ങള്‍ വായിച്ചെടുക്കുന്നില്ല.

അതാ അമ്മ..
അന്നത്തെ അതേ ചുവപ്പു സാരി..

എത്ര കൊതിച്ചിട്ടുണ്ട് പിന്നീട് ഒന്നു കാണാന്‍..
വന്നിട്ടില്ല........

പിന്നെന്തിനാണിപ്പോള്‍ ...

നോട്ടം അച്ഛനില്‍ മാത്രമാണ്..എന്നെ കാണുന്നതേയില്ല.
നീട്ടുന്ന ആ കയ്യില്‍ അച്ഛന്‍ തൊടുമോ?

പിന്നിലാരൊക്കെയോ ചേരുന്നുണ്ട്..
കുഞ്ഞിരാമന്മാഷ്,ജോര്‍ജ്ജേട്ടന്‍ ‍,അപ്പൂപ്പന്‍ ‍,...
പിന്നെയും എനിക്കു പേരറിയാത്ത ഒരുപാട് മുഖങ്ങള്‍ ..........
അവരൊരാള്‍ക്കൂട്ടം തന്നെയാകുന്നു..
ഇവരെല്ലാം എന്തിനിവിടെ..?

ഇല്ല.......ഞാന്‍ വിട്ടു തരില്ല.....!
ശോഷിച്ച ആ ദേഹത്തിനു മേല്‍ ഞാന്‍ കമിഴ്ന്നു വീണു.
ഏതൊരിടത്താണു ഇവരാരും കാണാതെ ഈ ദേഹം ഞാനൊന്നു സൂക്ഷിക്കേണ്ടത്...?!

ഏപ്രില്‍:15

ആരും കണിയൊരുക്കാനില്ലാത്തൊരു വിഷു...


..........


ജൂണ്‍:17

നിനക്കറിയില്ലേ വിളിച്ചാല്‍ ഞാന്‍ വരുമെന്ന്..!!!?

ഒക്ടോ:18

എത്രയോ വട്ടം സ്വപ്നത്തില്‍ കണ്ട ജനല്‍ വിരികള്‍..
മേഘപാളികള്‍ക്കിടയിലെന്നോണം നിന്നോടൊത്തുള്ള യാത്ര..
നിശ്ചലമായ നിമിഷങ്ങള് ‍....
പറഞ്ഞുതീരാത്ത സ്വപ്നങ്ങള്‍ നിനക്ക്...
കയറാന്‍ ബാക്കിയുള്ള പടവുകള്‍ ...

ഒരു ചുവടു പോലും എന്നോടോത്ത് ഇനി നിനക്ക് നടക്കാനുള്ളതായി നീ പറഞ്ഞില്ല....
..............

അമ്മ ഒന്ന് വന്നെങ്കില്‍ ..."


ഈ ദിവസം?!
നേരം പുലരാനിനി കുറച്ചു സമയം കൂടി...