Saturday, August 13, 2011

മാടായിക്കാവിലെ മാരിത്തെയ്യങ്ങള്‍മഹാമാരികളെ ആട്ടിയകറ്റാന്‍ കര്‍ക്കിടകം പതിനാറാം നാള്‍ മാടായിക്കാവിന്റെ പരിസരങ്ങളില്‍ മാരിത്തെയ്യങ്ങളെത്തുന്നു. മാടായിക്കാവ് പരിസരത്തെ വീടുകള്‍ കയറിയിറങ്ങുന്ന തെയ്യങ്ങള്‍ ദുരിതങ്ങള്‍ ഉഴിഞ്ഞുമാറ്റി ഐശ്വര്യത്തെ കുടിയിരുത്തുമെന്നാണ് വിശ്വാസം. വിദേശത്തുനിന്നെത്തി നാടിനും നാട്ടാർക്കും ബാധിച്ച ശനി ബാധ ഒഴിപ്പിക്കാനാണ്‌ ഈ തെയ്യങ്ങൾ കെട്ടിയാടുന്നത്. മഹാമാരികളേയും ദോഷങ്ങളേയും ആവാഹിച്ചു കടലിലൊഴുക്കുകയെന്നതാണ് മാരിത്തെയങ്ങളുടെ ദൌത്യം. മാരിക്കലിയൻ,മാമാരിക്കലിയൻ, മാരിക്കലച്ചി,മാമായക്കലച്ചി, മാരിക്കുളിയൻ,മാമായക്കുളിയൻ എന്നീ ആറു തെയ്യക്കോലങ്ങളാണ്‌ മാരിത്തെയ്യങ്ങൾ .തുടിതാളത്തിന്റെ അകമ്പടിയോടെ വീടുകളിലെത്തുന്ന മാരിത്തെയ്യങ്ങളുടെ കുരുത്തോലകൊണ്ടുള്ള ആടയാഭരണങ്ങളും ഭാവപ്രകടനങ്ങളും ആരിലും കൌതുകമുണര്‍ത്തുന്നതാണ്. കർക്കടകമാസം 16-ം തീയ്യതി തിരുവർക്കാട്ടുകാവിലെ ഉച്ചപൂജക്കു ശേഷമാണ്‌ മാരിത്തെയ്യങ്ങൾ കെട്ടിപ്പുറപ്പെടുന്നത്. കുരുത്തോല കൊണ്ടുള്ള ഉടയാടയാണ്‌ ഈ തെയ്യങ്ങളുടെ പ്രത്യേകത. കലിയനും കലിച്ചിക്കും മുഖത്ത് തേപ്പ് ഉണ്ടായിരിക്കും. ഇതിൽ കുളിയന്‌ പൊയ്‌മുഖവും ഉണ്ട്. തുടികളും ചേങ്ങിലയുമാണ് പക്കവാദ്യങ്ങളായി ഉപയോഗിക്കുന്നത്. പുലയ സമുദായത്തിലെ പൊള്ള എന്ന സ്ഥാനികർക്കാണ്‌ ഈ തെയ്യം കെട്ടാനുള്ള അധികാരം. വീടുകൾ തോറും കയറിയിറങ്ങി ശനിബാധ ഒഴിപ്പിച്ച് തൊട്ടടുത്ത പുഴയിലോ കടലിലോ ഒഴുക്കിക്കളയുന്നതാണ്‌ ഈ തെയ്യത്തിലെ പ്രധാന ചടങ്ങ്. ഭയപ്പെടുത്തുന്ന മഹാമാരികളെ കണ്മുന്നില്‍ കെട്ടിയാടി അവരെ സംപ്രീതരാക്കി പറഞ്ഞയക്കുക വഴി മനുഷ്യര്‍ തങ്ങളുടെ ഭീതിയകറ്റി ഭയവിമുക്തരാകുകയാണ് ചെയ്യുന്നത്.


ഐതിഹ്യം:

ആരിയ നാട്ടിൽ നിന്ന് (ആര്യ നാട്)ഏഴ് ദേവതമാരുടെ കപ്പൽ പുറപ്പെടുകയുണ്ടായി. എന്നാല്‍ ഈ ദേവതമാരുടെ കണ്ണിൽ പെടാതെ ആരിയ നാട്ടില്‍ തന്നെ ജന്മമെടുത്ത മാരിക്കൂട്ടങ്ങള്‍ കപ്പലില്‍ കയറിപ്പറ്റി. കടലിന്റെ മധ്യത്തിലെത്തുമ്പോഴേക്കും കപ്പലിനെ മാരിയങ്കാറ്റും ചൂരിയങ്കാറ്റും പിടിച്ചുലച്ചു. ദേവതമാര്‍ പ്രശ്നം വെച്ച് നോക്കുകയും കാരണക്കാർ മാരിക്കൂട്ടങ്ങളാണെന്ന് അറിയുകയും ചെയ്തു. അങ്ങനെ കപ്പൽ മലനാടിന്റെ അരികിലൂടെ (അറബിക്കടലിന്റെ) വിടുകയും തട്ടും തടയും വെച്ച് മാരിക്കൂട്ടങ്ങളെ അവിടെയിറക്കുകയും ചെയ്തുവത്രെ. അതിനുശേഷമായിരുന്നു വന്‍വിപത്ത് മലനാടിനെ ബാധിച്ചത്. കടുത്ത രോഗങ്ങള്‍ കൊണ്ട് മനുഷ്യരും കന്നുകാലികളും പക്ഷികളും ചത്തൊടുങ്ങാന്‍ തുടങ്ങി. ക്ഷേത്രങ്ങള്‍ ദീപവും തിരിയുമില്ലാതെ അനാഥമായി. ഒടുവില്‍ മാടായി തിരുവര്‍ക്കാട്ട് ദേവിക്കും ശനി(കൊടും വിപത്ത്) ബാധിച്ചിരിക്കുന്നു എന്നറിയുകയും ഇതിനു പരിഹാരം പൊള്ളയ്ക്ക് മാത്രമേ ചെയ്യാന് സാധിക്കുകയുള്ളു എന്ന് പ്രശ്നവശാല്‍ തെളിയുകയും ചെയ്ത. ഉടനെ പൊള്ളയെ വിളിപ്പിച്ചു. മാടായിക്കാവിലെ ഊട്ടുപുരയ്ക്ക് മുന്നില്‍ വെച്ച് പൊള്ള തനിക്കറിയാവുന്ന വിധത്തില്‍ മന്ത്രങ്ങളാല്‍ 118 കൂട്ടം ശനികള്‍ ദേവിയേയും നാടിനേയും ബാധിച്ചിരുന്നു എന്ന സത്യം വെളിപ്പെടുത്തുകയും അതിന് പരിഹാര മാര്‍ഗ്ഗമായി “മാരിത്തെയ്യം കെട്ടി മാരിപ്പാട്ട് പാടിയാല്‍ മാത്രമെ ശനി നീങ്ങുകയുള്ളു“ എന്ന് അരുള്‍ ചെയ്യുകയും ചെയ്തു.
അന്ന് മലനാട് ഭരിച്ചിരുന്നത് ചിറയ്ക്കല്‍ തമ്പുരാനും ക്ഷേത്രങ്ങളുടെ ഭരണം ചേരമാന്‍ പെരുമാളുമായിരുന്നു എന്നാണ് വാദം(തോറ്റം പാട്ടില്‍ ഇവ പരാമര്‍ശിക്കുന്നുമുണ്ട്). 118 കൂട്ടം ശനികളില്‍ 2 കൂട്ടം ശനിയെ മലയന് ഒഴിപ്പിക്കാൻ കഴിയുമെന്നും ഒരു കൂട്ടം ശനിയെ വണ്ണാനും ബാക്കിവരുന്ന ശനിയെ പുലയനും മാത്രമേ കഴിയൂ എന്നും ‘ഭട്ട്യൻ പൊള്ള‘ അരുള്‍ ചെയ്തു. ഒടുവില്‍ പുലയരുടെ മാരിത്തെയ്യങ്ങളില്‍ മാരിക്കലച്ചിയും മാമായക്കലുവനും കെട്ടണമെന്നും മാരിക്കലച്ചിക്ക് കുരുത്തോലാഭരണവും മരമുഖവും കല്‍പ്പിക്കുകയും ചെയ്തു. ഇതാണ് മാരിത്തെയ്യത്തിന്റെ ഐതിഹ്യം.

“മാരിക്കലച്ചി, പോയി കിണ്ണം കരിഗ്ഗുരിസെടുത്തു
മാരിക്കലുവൻ പോയി തട്ടിമുട്ടിയുഴിഞ്ഞെടുത്തു.“

മാരിക്കലുവന്‍ പോയി കിണ്ണത്തിൽ കലക്കിവച്ചിരുന്ന കരിഗുരുസിയും എടുത്ത് കുടഞ്ഞ് ശനിയെ ആവാഹിച്ചു. (ഗുരുസി ഒരുതരം ചുവപ്പു വെള്ളം, നിവ്വല്‍ എന്നൊരു സസ്യം ചമച്ചുണ്ടാക്കുന്ന വെള്ളം ഇവ രക്തത്തിനു സമം.) പിന്നീട് മാരികള്‍ തങ്ങള്‍ക്കായി വച്ചിരിക്കുന്ന ‘വാരണകള്‍’ (ഭക്ഷണങ്ങള്‍ – അവല്‍, മലര്‍, പഞ്ചസാര, പയറുവര്‍ഗ്ഗങ്ങള്‍ 5, മഞ്ഞൾ, കരിക്കട്ട, ഉണക്ക്, മുളക്, അരി) എന്നിവ കഴിച്ച് തട്ടിയും മുട്ടിയും ശബ്ദിച്ചും ഉഴിഞ്ഞെടുത്ത് കത്തിയെരിയുന്ന ദീപത്തെ കെടുത്തി പൂര്‍ണ്ണമായും ശനിയെ ഉഴിഞ്ഞെടുത്ത് ദേഹത്തിലേക്കാവാഹിക്കുന്നു. കരിം ഗുരുസി വെള്ളത്തിന് കറുത്ത രക്തത്തിന്റെ നിറമായിരുന്നു. മറ്റതിന് ചുവപ്പും വെളുപ്പുമല്ലാത്ത ഒരു നിറവും. മാരിക്കിഷ്ടം മനുഷ്യന്റെയോ മൃഗങ്ങളുടെയോ കോഴിയുടെയോ രക്തമാണ്. അത് സാധ്യമല്ലാത്തതു കൊണ്ട് അതിനനുസൃതമായി കരിഗുരുസിയും ഇവയിലേതെങ്കിലും ഒന്നിനെ അറുത്ത് അവസാനം ചോരയും വെള്ളവുമല്ലാത്ത നീര് സാധാരണ ഗുരുസിയും. ഈ രക്തത്തിലൂടെയാണ് ശനിയെ ആവാഹിച്ചെടുക്കുന്നത്.

പിന്നെ മാരിത്തെയ്യങ്ങൾ തറവാടുതോറും സഞ്ചരിച്ച് ശനിയെ ആവാഹിച്ചുകൊണ്ടേയിരിക്കുന്നു. ഒടുവില്‍ മാരികള്‍ക്ക് വാരണയുടെ സമയമായി. അവര്‍ക്കായി തയ്യാറാക്കിയ സ്ഥലങ്ങളിൽ വാരണയ്കായി തെയ്യങ്ങളെ ഇരുത്തി. ഭക്ഷണമായി അവലും മലരും പഞ്ചങ്ങളും കലശവും (കള്ള്, റാക്ക്) വെച്ച് അവരെ സംപ്രീതരാക്കുന്നു. അതിനു ശേഷം തെയ്യം രണ്ട് വലിയ ചെമ്പുകളിൽ തങ്ങള്‍ക്കായി ഉണ്ടാക്കിവച്ച കരിംഗുരുസിയും ഗുരുസിയും മോന്തി മോന്തി രക്തത്തോടുള്ള ആര്‍ത്തി തീര്‍ത്ത് സന്തുഷ്ടരാകുന്നു.

കര്‍ക്കിടകം ഇരുപത്തെട്ടിന് നാട്ടില്‍ നിന്ന് ആവാഹിച്ചെടുത്ത മാരികളുമായി പാവക്കൂട്ടങ്ങളെപ്പോലെ ആനച്ചവിട്ടടിച്ചന്തത്തോടെ ഈ തെയ്യങ്ങൾ ഉറഞ്ഞ് കടലിലേക്ക് നീങ്ങുന്നു. മാരികളെ ആരിയ ഗംഗയിലേക്ക് (കടലിലേക്ക്, മാരികൾ വന്നിടത്തേക്ക്) ഒഴുക്കാനാണ് പോകുന്നത്. അങ്ങനെ തെയ്യങ്ങള്‍ ഉറഞ്ഞാടി ശനിയുടെ ഭാരത്തോടെ ഒടുവില്‍ തെയ്യത്തേയും അവര്‍ ആവാഹിച്ചെടുത്ത ശനിയേയും ആരിയ നാട്ടിലേക്ക് തന്നെ തിരിച്ചയക്കുന്നു. നാടിനെ രക്ഷിക്കുന്നു.മാരി കെട്ടുന്നവൻ പുലയൻ എന്ന ഉപജാതിയാണ്. ക്ഷേത്രത്തിനു വെളിയിലാണ് മാരിത്തെയ്യങ്ങളെ കെട്ടിയാടുന്നത്. തുലാമാസത്തിൽ തുടങ്ങുന്നതും ഇടവപ്പാതിയിൽ വളപ്പട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ ഭഗവതിയുടെ മുടി അഴിയുന്നതോടെ തീരുന്നതുമാണ് വടക്കെ മലബാറിലെ പതിവ് തെയ്യക്കോലങ്ങള്‍ ‍. പിന്നെ കര്‍ക്കിടകത്തിലെ മാരിത്തെയ്യങ്ങളും ആടിവേടന്മാരും അടങ്ങുന്ന മറ്റൊരു ദൌത്യ സംഘം. കര്‍ക്കിടകത്തില്‍ നാട്ടില്‍ പടര്‍ന്നുപിടിച്ച സകല ദുരിതങ്ങളും ശനികളും രോഗങ്ങളും ഉഴിഞ്ഞകറ്റി വരാന്‍ പോകുന്ന പൊന്നിന്‍ ചിങ്ങത്തിന് , നല്ല നാളേക്ക് ഒരു മുന്നൊരുക്കം. നാടിനെ ശുദ്ധീകരിക്കല്‍ .

പൊതുതാൽ‌പ്പര്യത്തിൽ അധിഷ്ഠിതമായൊരു സമൂഹബോധം ഉയത്തുക എന്ന അലൻഡൻഡസ് തിയറി പ്രകാരം ഇവിടെ രോഗമെന്ന ഭീതിയെ ഒരൊറ്റ മനസ്സോടെ നേരിടുന്ന ഒരു സമൂഹത്തെക്കാണാം. കെട്ടിയാടി കടലിലെത്തിച്ച് ഇല്ലാതാക്കുകയെന്ന നമ്മുടെ സമൂഹ മിത്ത്. തങ്ങളുടെ ഉർവ്വരതയ്ക്ക് തടസ്സമുണ്ടാക്കുന്നതെന്തും അവർക്ക് പൊതു ശത്രുവാണ്. പ്രാചീനകാലത്തു തന്നെ ദ്രാവിഡ ജനതയ്ക്ക് കടൽ വാണിജ്യമുണ്ടായതായി ബന്ധമുണ്ടായിട്ടുള്ളതായി ഡോ.കാൽഡ്വൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. സമുദ്ര വ്യാപാരത്തിന് ദ്രാവിഡരെ പ്രേരിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്ത ശക്തമായ നാഗരികത ഉണ്ടായിരുന്നു. പഴയങ്ങാടിയുടെ വാണിജ്യപ്രാധാന്യം പയ്യന്നൂർപ്പാട്ടുകളിൽ നിന്നും വ്യക്തമാണ്. വിദേശ ബന്ധവും അവരുമായുള്ള സമ്പർക്കം വഴി വന്നുചേരാനിടയുള്ള അതുവരെ അജ്ഞാതമായ രോഗങ്ങളും ജനങ്ങളെ ഭയപ്പെടുത്തിയിട്ടുണ്ടാവണം. അത്തരമൊരു സാഹചര്യമാണ് മാരിത്തെയ്യം പോലൊരു കെട്ടിയാടലിലിന് വഴിയൊരുക്കിയത്. കാർഷിക വ്യവസ്ഥിതിയിലൂന്നിയുള്ള ഒരു സമൂഹവും ഏറ്റവും കൂടുതലായി രോഗങ്ങൾ പടരാറുള്ള കർക്കിടക മാസവും ഒക്കെ ഇത്തരം വിശ്വാസങ്ങളുടെ സാധ്യത കൂട്ടുന്നുണ്ട്.

മാരിത്തെയ്യം ചരിത്രവും പറയുന്നുണ്ട്. അതുലന്റെ മൂഷികവംശത്തിൽ നിന്ന് മാടായിയിലെ ചേരാധിപത്യത്തെക്കുറിച്ചുള്ള സൂചനയൊന്നും കിട്ടുന്നില്ല. രാജവംശത്തെ ദിവ്യമായ അപദാനങ്ങളല്ലേ അത്തരം കാവ്യങ്ങളിൽ നിന്ന് പ്രതീക്ഷിക്കേണ്ടൂ. എന്നാൽ വാമൊഴി വഴക്കങ്ങളുടെ കഥയിതല്ല. മാടായിലെ പുലയരുടെ മാരിപ്പാട്ടിലും മറ്റും ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്ന പരാമര്‍ശമാണ് ‘ചേരമാൻ പെരുമാൾ നാടുവാണീടും കാലം’ എന്നത്. പാടിപ്പതിഞ്ഞ ഇന്നലെയുടെ ചരിതങ്ങൾ. വിദേശ ബന്ധങ്ങൾ പകര്‍ന്നു തന്ന ഭീതിപ്പെടുത്തുന്ന രോഗങ്ങൾ, പരിഷ്കാരമില്ലാത്ത ഒരു ജനതയുടെ ഭയങ്ങൾ‍, ഒടുവിൽ ഭയപ്പെടുന്ന ഒന്നിനെ കണ്മുന്നിൽ കെട്ടിയാടി അവയെ തൃപ്തരാക്കുകയെന്ന, ഇങ്ങിനി വരാതെ പറഞ്ഞയക്കുകയെന്ന, വിശ്വാസം. ഒരു സമൂഹത്തിന്റെ ആകംക്ഷകളാണ് അവിടെ തൃപ്തിപ്പെടുന്നത്. തങ്ങളെ ബാധിക്കുന്ന എല്ലാ ദോഷങ്ങൾക്കും കാരണം കടൽ കടന്നെത്തുന്ന ഇത്തരം ബാധകളാണെന്ന വിശ്വാസം. അവയെ കൊല്ലുകയല്ല, കെട്ടിയാടി, സന്തോഷിപ്പിച്ച് കടലിലേക്ക് പറഞ്ഞയക്കുകയെന്ന ആശ്വാസം. ഇത് സമൂഹ മന:ശാസ്ത്രത്തിന്റെ സമീപനം കൂടിയാണ്. അവരുടെ ബാധകളെ ഇത്തരത്തിൽ തൃപ്തിപ്പെടുത്തി പറഞ്ഞയക്കുക വഴി സമൂഹം മാനസികാരോഗ്യം വീണ്ടെടുക്കുന്നു.

11 comments:

 1. വളര്‍ച്ചയുടെ ഓരോ പടവുകളിലൂം ഇങ്ങനെ എത്ര വിശ്വാസങ്ങള്‍!
  അവസാനത്തെ ഫോട്ടോയ്ക്ക് ഗൂഗിളിനോട് കടപ്പാട്.

  ReplyDelete
 2. പുതിയ അറിവുകൾ,, നന്നായിരിക്കുന്നു,
  ഇനിയങ്ങോട്ട് പിന്നാലെ വരുന്നുണ്ട്.

  ReplyDelete
 3. കൊള്ളാം.
  രണ്ടു മൂന്നു തവണ മാടായിക്കാവിൽ ഞാൻ പോയിട്ടുണ്ട്.
  (പരിയാരത്തു ജോലി ചെയ്ത കാലം.)

  ReplyDelete
 4. നന്നായി സിന്ധു. ചില പുതിയ കര്യങ്ങ്ങ്ങൾ കൂടി അറിഞ്ഞു.

  ReplyDelete
 5. നല്ല അറിവുകൾ.....!!! അഭിനന്ദനങ്ങൾ കേട്ടൊ....!!:)

  ReplyDelete
 6. ഒന്നുകൂടി വന്നു വായിക്കുന്നുണ്ട്.
  കുറച്ചു കൂടറിയണം.

  ReplyDelete
 7. ജാതിയുടെ ഉച്ചനീചത്വങ്ങളെ വിട്ടുകളയരുത്‌. മാടായിക്കാവിന്റെ പുറത്തുനിന്നാണ്‌ മാരിത്തെയ്യങ്ങള്‍ കെട്ടുന്നതും പുറപ്പെടുന്നതും. 18 കളരികളില്‍ ഒന്നായ മാടായിക്കളരി മാടായിപ്പാറയിലായിരുന്നുവത്രെ. അവിടെ നിന്നായിരുന്നു മുമ്പ്‌ തെയ്യങ്ങള്‍ കെട്ടിയിരുന്നുവെന്ന്‌ കേട്ടിട്ടുണ്ട്‌. മാടായിക്കളരിയും കാരിയും തമ്മിലുള്ള ബന്ധവും കാരിയെ ഇല്ലാതാക്കാനുള്ള തമ്പുരാന്റെ ശ്രമവുമൊക്കെ നമുക്ക്‌ വിട്ടുകളയാനാകുമോ...കുറ്റബോധത്തില്‍ നിന്നാണ്‌ ദിവ്യമായ പല ഐതിഹ്യങ്ങളും ഉണ്ടാകുന്നത്‌...

  ReplyDelete
 8. @ മിനി ടീച്ചര്‍ :നന്ദി . ഈ വായനയ്ക്ക്. നമുക്ക് പരസ്പരം പിന്നാലെ നടക്കാം കെട്ടോ..

  @ജയന്‍ ഡോക്ടര്‍: കണ്ടിട്ടുണ്ടോ മാരിത്തെയ്യം?

  @ ജസ്റ്റിന്‍ : ഇങ്ങനെ എന്തെല്ലാമുണ്ട് നാമറിയാത്തവ നമുക്ക് തൊട്ടടുത്തു പോലും .അല്ലേ?

  @പാപ്പാത്തി : നന്ദി.

  @ കലാവല്ലഭന്‍ : വന്നോളൂ..സ്വാഗതം.

  @വിജു : അതെ കാവിനു വെളിയില്‍ മാത്രം ആടാന്‍ വിധിക്കപ്പെട്ട അടിയാളര്‍. ഏത്രയോ പഴയൊരു കാലത്തേക്കാണ് ഇവ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്

  ReplyDelete
 9. തെയ്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാ൯ കഴിഞ്ഞു നന്ദി.

  ReplyDelete
 10. ലളിതമായവിവരണം ,,അതിനെക്കാളേറെ മനോഹരമായ കഥ പറയുന്ന ഈ ചിത്രങ്ങള്‍ ,,തീര്ത്തും ബോറടിപ്പിക്കാതെ സുഗന്ധിയുടെ വിശധീകരണം !!
  ഒരു പക്ഷെ നാളത്തെ തലമുറക്ക് ഇത്തരം അനുഷ്ഠാനങ്ങള്‍ വെറും ഇതും കേട്ടു കേള്‍വി മാത്രമാകാം ... !!

  ReplyDelete
 11. രാവണന്‍ എഴോക്കാരന്‍ ആയിട്ടു പോലും ഇതൊക്കെ അറിയുന്നത് ഇപ്പോഴാണ് .ഇങ്ങിനെ ഒന്ന് അവിടെ ഉണ്ട് എന്നറിയാം ഐതീഹ്യം ഇപ്പോഴാണ് അറിയുന്നത് ...!!

  ReplyDelete