Thursday, February 23, 2012

പയ്യാവൂർ ഊട്ടുത്സവം ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌- ഒരു കൂട്ടുത്സവക്കാഴ്ച

പയ്യാവൂർഊട്ടുത്സവം പലതുകൊണ്ടും മറ്റ് ഉത്സവങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. നാടിന്റെ എല്ലാ അതിർത്തികളും ഭേദിച്ച് സ്നേഹത്തിന്റെയും ഒരുമയുടേയും വിസ്മയക്കാഴ്ചകളൊരുക്കുന്ന ഉത്സവം. ദേശഭാഷകളുടെ അതിരുകൾക്കപ്പുറം ഒരുമയുടെ കഥപറയുന്ന ആഘോഷം. കാർഷിക സംസ്കാരത്തിന്റെ പൊലിമ തുളുമ്പുന്ന ആചാരങ്ങൾ.വ്യത്യസ്ത ദേശങ്ങളുടേയും സംസ്കാരങ്ങളുടേയും സംഗമഭൂമിയായി ഒരു നാട് മാറുന്ന കാലം.
വില്ലാളി വീരനായ അർജുനൻ പരമശിവനിൽ നിന്നും പാശുപതാസ്‌ത്രലബ്‌ധിക്കായി ശിവനെ തപസ്സുചെയ്‌തു. ഏറെക്കാലം കഴിഞ്ഞപ്പോൾ ഭഗവാൻ ഭക്തനെ പരിക്ഷിക്കാൻ തീരുമാനിച്ചു. ശിവപാർവതിമാർ കിരാതവേഷമെടുത്തുവന്നു ഈ സമയം മുകാസുരൻ പന്നിയുടെ രൂപത്തിൽ തപസ്വിയായ അർജുനനുനേർക്കടുത്തു. കിരാതനും കിരീടിയും ഒരേസമയം പന്നിയെ അമ്പെയ്‌തു. സുരകവധത്തിന്‌ രണ്ടുപേരും അവകാശവാദമുന്നയിച്ചു. തർക്കംമൂത്ത്‌ പൊരിഞ്ഞ യുദ്ധമായി അസ്‌ത്രപ്രയോഗത്തിൽ കോപിഷ്‌ഠനായ കിരാതൻ തന്റെ വലതുകാൽകൊണ്ട്‌ അർജുനനെ പിറകോട്ട്‌ തോണ്ടിയെറിഞ്ഞു.അർജുനൻ വീണസ്ഥലം വെകാലൂരെന്നും കാലാന്തരത്തിൽ പയ്യാവൂരെന്നു പേരു വന്നു. ഇതാണ്‌ സ്ഥാലനാമ ഐതിഹ്യം.

പിൽക്കാലത്ത് അവിടെ നടത്തിപ്പോന്നിരുന്ന ഉത്സവം വറുതിയുടെ ഏതോ പൌരാണിക കാലത്ത് അവർക്ക് തങ്ങളുടെ ആരാധ്യദേവനായ പയ്യാവൂരപ്പനെ ഊട്ടാൻ നിവൃത്തികേടായി. അന്ന് രൂപമെടുത്ത ആശയമാണ് കുടകരുടെ അരിക്കാഴ്ച്ച മുതൽ ചൂളിയാടിന്റെ പഴക്കാഴ്ച്ച വരെ. മുറ തെറ്റാതെ ഇന്നത്തെ തലമുറയും അത് പാലിച്ചു പോരുന്നു എന്നത് ചെറിയ കാര്യമല്ല.

ശിവക്ഷേത്രത്തിലെ ഊട്ടുത്സവത്തിന് മുന്നോടിയായി ഊട്ടറിയിക്കാന്‍ കോമരത്തച്ചന്‍ കുടകിലേക്ക് പുറപ്പെടും. കുടകിലെ മുണ്ടയോടന്‍ ബഹുരിയന്‍ വീട്ടുകാരെ ഊട്ടറിയിച്ചതിനുശേഷം മടങ്ങും. ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന പ്രധാന ചടങ്ങുകളില്‍ ഒന്നാണിത്. കാട്ടിലൂടെ കാല്‍നടയായാണ് യാത്ര. കോമരത്തച്ചന്റെ ക്ഷണം സ്വീകരിച്ച് കാളപ്പുറത്ത് ഊട്ടിനുള്ള അരിയുമായി കുടകര്‍ പയ്യാവൂരിലെത്തും. കുടകരും മലയാളികളും ഒത്തൊരുമിച്ച് നടത്തുന്ന ഉത്സവമാണ് പയ്യാവൂര്‍ ശിവക്ഷേത്ര ഊട്ടുത്സവം . കുടകിലെ മുണ്ടയോടന്‍, ബഹൂരിയന്‍ തറവാട്ടുകാരുടെ നേതൃത്വത്തിൽഅതിര്‍ത്തിവനത്തിലൂടെ 40 കിലോമീറ്ററോളം സഞ്ചരിച്ചാണ് കുടകര്‍ കാളപ്പുറത്ത് അരി എത്തിക്കുന്നത് . ആചാരങ്ങളും അനുഷ്ഠാനങ്ങളും ജനനന്മയ്ക്ക് ഉപയോഗപ്പെടുമ്പോഴേ സാർത്ഥകമാകുന്നുള്ളു. മാത്സര്യബുദ്ധികളുടെ ഇക്കാലത്തും അന്യം നിന്നു പോകാതെ തലമുറകൾ ഏറ്റെടുത്തു നടത്തുന്ന ദേശങ്ങളുടെ ഒരുമയുടെ ഈ കൂട്ടുത്സവം ചരിത്രത്തിൽ വിരളമായേക്കാം.

കുംഭമാസത്തിന്റെ തിളയ്കുന്ന ചൂടിലേക്ക് നൂറുകണക്കിനാളുകൾ വെള്ളമുണ്ടുടുത്ത് , തോർത്ത് പുതച്ച് നഗ്നപാദരായി തങ്ങളുടെ കാഴ്ച്ചകൾ ദേവനു സമർപ്പിക്കാനായി എത്തിക്കുന്നു. അവിടെ ക്ഷേത്രസന്നിധിയിൽ ,പയ്യാറ്റുവയലിൽ ആനയും അമ്പാരിയുമായി ക്ഷേത്രം ഭാരവാഹികൾ,നാട്ടുകാർ,നെയ്യമൃതുകാർ എന്നിവർ ചേർന്ന് കാഴ്ചയെ വരവേൽക്കുന്നു.

പഴക്കം ചെന്ന ജനനന്മകളുൾക്കൊള്ളുന്ന ഒരു ഫോക് പാരമ്പര്യം ഇക്കഥകളിലുണ്ട്. എത് പ്രതിസന്ധികളേയും തരണം ചെയ്യാനാകുന്ന കർമ്മനിരതരായ ഒരു പൂർവ്വികപാരമ്പര്യം കൂടി ഈ ഉത്സവം നമ്മെ ഓർമ്മിപ്പിക്കും.

Tuesday, February 21, 2012

രമണൻ

മെയ് മാസത്തിന്റെ ചൂടിൽ അരിയും മുന്നേ വാടിവീഴുന്ന പുല്ലുകൾ. അവൾക്കൊപ്പം ആദ്യമായി അവിടേക്ക് വന്നപ്പോൾ പതുപതുത്ത പച്ചമെത്തപോലിരുന്നു ഇവിടം.കൺ വെട്ടത്തെങ്ങുമില്ലല്ലൊ. അവൾ, നിങ്ങൾക്കു വേണ്ടി ഞാനവളെ ചന്ദ്രികയെന്നു പറയാം. അഞ്ചാറു പശുക്കളെക്കൊണ്ടു ജീവിച്ചു പോരുന്നവളെ ചന്ദ്രികയെന്ന് എന്തിനു പറയണം എന്നൊന്നും ചോദിക്കണ്ട. വഴിയേ പറയാം. ഓർമ്മ വെച്ച നാൾ മുതൽ ഇവളെ ഞാൻ കാണുന്നതാണ്. എന്നെക്കാൾ ലേശം മൂപ്പുണ്ട്. വിദ്യാഭ്യാസം കഷ്ടി. നല്ല ബുദ്ധിയായിരുന്നു പഠിക്കാനെന്ന് ഇവൾടമ്മ എന്നും പറയും. ഇളയതുങ്ങളെ പഠിക്കാനയച്ച് അവൾ കുടുംബഭാരം ചുമക്കാൻ തുടങ്ങിയതാണ്.

അവധിക്കാലങ്ങളിൽ ഞാനും ചേരും പുല്ലുചെത്താൻ. വീട്ടിലെ വയറൊട്ടിയ പശൂന് ഇത്തിരി പച്ച കൊടുക്കാൻ. പുല്ലുചെത്താനറിയാത്ത, കത്തിപിടിക്കാനറിയാത്ത ഞാൻ അവൾക്ക് ആ സമയങ്ങളിൽ ഒരു തലവേദനയാകും. എന്നാലും അവളതു സഹിക്കും. ‘നിനക്ക് രമണൻ പാടാനറിയാമോ’? എനിക്കു വേണ്ടി പുല്ല് ചെത്തുന്നതിനിടയിൽ നിവർന്ന് നിന്ന് അവൾ ചോദിച്ചു. കുഞ്ഞിരാമൻ മാഷിന്റെ നേർത്ത സ്വരത്തിൽകുറച്ച് ഭാഗം ഞാൻ ഓർത്തെടുത്തു.

പുളകം പോൽ കുന്നിൻ പുറത്തു വീണ
പുതുമൂടൽ മഞ്ഞല പുൽകി നീക്കി
.....അവളും ഏറ്റുപാടി

ഒരുകൊച്ചു കാറ്റെങ്ങാൻ വന്നുപോയാൽ
തുരുതുരെ പൂമഴയായി പിന്നെ.

കാറ്റിൽ ഉതിർന്നു വീണ മഞ്ഞുകണങ്ങളേറ്റുകൊണ്ട് അറിയുന്നതു വരെ ഞങ്ങളന്ന് ചേർന്നുപാടി.

‘ബുക്ക് എന്റെ വീട്ടിലുണ്ട്.അതു മുഴ്വോനും പഠിക്ക്.ന്നിട്ട് നമ്മക്ക് പാടണം.’
അവൾ ഒരു ലഹരിയിലെന്നോണം പറഞ്ഞു.
അവൾക്ക് പരിചയമുള്ള ലോകമായതിനാലാവണം ഒരു വിശുദ്ധ ഗ്രന്ഥത്തിനു കൊടുക്കുന്ന സ്ഥാനം ആ പുസ്തകത്തിനു കിട്ടിയത്.

ഇന്നാ വനത്തിലെ കാഴ്ചകാണാൻ..
കയ്യിലൊരുവാര പുല്ലുമായി അവൾ വരുന്നുണ്ട് . എന്റെ ചന്ദ്രികേ, നിനക്കിപ്പൊഴും ചങ്ങമ്പുഴ തന്നെയോ കവി?
‘പശൂനെ കൊടുത്തല്ലോ,പിന്നെന്തിനാ നീ ഈ കുന്നുകേറിവന്നത് ‘
അവൾ തിരക്കി.
‘നിന്നെക്കാണാൻ‘ ഞാൻ പറഞ്ഞു. അവൾക്ക് വിശ്വാസം വരാത്തപോലെ
“ഓ....അതൊന്നുമല്ല. വല്ല കവിതയും എഴുതാനാവും. കുട്ട്യോളാ പറഞ്ഞത് നീയിപ്പം കവിതയൊക്കെ എഴുതുംന്ന്.”

‘ഈ ഒണങ്ങിയ കുന്നിൻപുറത്തോ ചന്ദ്രികേ..‘

‘കളിയാക്കണ്ട. ഞാൻ ചന്ദ്രികയെപ്പോലെയൊന്നുമാവില്ല. ‘

‘അപ്പം രമണനൊക്കെയായി..പറപറ ആരാ‘

‘ദേ..വേണ്ട കെട്ടോ നേരം ഉച്ചയായി .പശു തൊള്ള തുറക്കുന്നുണ്ടാകും.‘

നേരിയ തിളക്കം ആ പൊരിവെയിലിന്റെ കത്തലിനിടയിലും അവളുടെ കണ്ണിൽ എന്നൊക്കെ പറയുന്നത് ക്ലീഷെ ആയേക്കും. എന്നാലും ഉള്ളതു പറയട്ടെ അവളിൽ പ്രണയം കണ്ടു. അതെനിക്കൊരു സുഖമുള്ള അറിവായിരുന്നു. ഇത്രയും കഷ്ടപ്പാടുകൾക്കിടയിലും അവൾക്ക് ആശ്വസിക്കാൻ സ്വന്തമായൊരു സ്വപ്നം...

ഒന്നു കറങ്ങി വരാം..നീ അപ്ലത്തെക്കും പണിതീർക്ക്.
ഞാൻ കുന്നിന്റെ മറുപുറം തേടി.

കൂറ്റൻ പാറക്കെട്ടുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്നൊരു മനോഹരമായ ഉറവയുണ്ടവിടെ. ക്യാമറയിലൊപ്പിയെടുക്കാൻ വേറെയും പല കാഴ്ച്ചകൾ. ഇതെല്ലാമൊന്നു അപ് ലോഡ് ചെയ്ത് പോസ്റ്റിയാൽ കിട്ടാൻ പോകുന്ന കമന്റുകൾ !താഴത്തെ വ്യൂ കിട്ടാൻ പാറക്കെട്ടിന്റെ മേലേക്ക് അള്ളിപ്പിടിച്ചുകേറുമോഴാണ് പാട്ടു കേട്ടത്.

‘ഈ പുഴയും സന്ധ്യകളും.. ‘മൊബൈലിൽ നിന്നാണ്. മരത്തണലിൽ പാട്ട്കേട്ട് കിടക്കുന്നഒരു ചെറുപ്പക്കാരൻ. നമുക്കവനെ രമണൻഎന്നു വിളിക്കാമല്ലോ ഇനി . മമ തോഴിചന്ദ്രികാരമണനല്ലോ ഇവൻ .എന്റെ അന്ത:കരണം പറഞ്ഞു.

ചന്ദ്രികേ എന്നിൽ നിന്നാ രഹസ്യം
ഇനിയും മറച്ചു പിടിക്കയാണോ?

അവളും ചിരിച്ചു
പാടില്ല പാടില്ല നമ്മെ നമ്മൾ
പാടേ മറന്ന് പറഞ്ഞു കൂടാ

ലവൻ വെറുമൊരാട്ടിടയനല്ല. സ്റ്റഡി ലീവിനു പശൂനെ തീറ്റുന്ന ഒരു കാശുകാരൻ നസ്രാണിപ്പയ്യൻ. കൈവിട്ടു കളിക്കല്ലേ ചന്ദ്രികേ. പക്ഷേ ദിവ്യമായ സ്നേഹത്താൽ പൂക്കുകയായിരുന്നു അവൾ.

അവൻ കാട്ടിക്കൊടുക്കുന്ന ലോകങ്ങൾ,അനുഭവങ്ങൾ .അതിശയങ്ങളാകും ഇവൾക്ക്.
ഇപ്പോൾ എന്തു പറഞ്ഞാലും തലേക്കേറില്ല.

സമൃദ്ധമായി മഴ പെയ്ത ഒരു കർക്കിടകസന്ധ്യയിൽ അവളെന്നെ തേടിയെത്തി.
“ചന്ദ്രിക മരിക്കാൻ പാടുണ്ടോ?“

കണ്ണിലൂടെയും മഴപെയ്തുകൊണ്ട് അവൾ ചോദിച്ചു.
‘ഇല്ല.‘

ഞാൻഒന്നുമാലോചിക്കാതെ മറുപടി പറഞ്ഞു.
‘അതുകൊണ്ട് ഞാനവനെ കൊന്നു. ‘ അവൾ തിരികെ നടന്നു ..

Saturday, December 24, 2011

മഞ്ഞുരുകാത്ത വെളുപ്പാംകാലങ്ങൾ

“അറുപത്താറിലെ ഇരുകരമുട്ടിയ വെള്ളപ്പൊക്കം ഓർമ്മേണ്ടോ അച്ഛന്.? അന്നല്ലേ ഓന്റെ ജനനം. കരക്കാട്ടിടത്തിലെ യശ്മാനൻ അന്നേ പറഞ്ഞതാ നല്ല നാളാന്ന്. “

‘പിന്നില്ലാണ്ട്..അന്ന് ഞാൻ ചീത്തപ്പാറ പൊനം വാള്ന്ന കാലം.‘
സ്വതവേ ചൊറിയുന്ന കഷണ്ടിയിൽ വട്ടം തടവി അച്ചപ്പൻ.

നിറം മങ്ങിയ ഒരു വൈകുന്നേരക്കാഴ്ച്ച നേരമല്ലാത്ത നേരത്ത് കടന്നുവന്നത് കണ്ട് അവൾ തല കുടഞ്ഞ് അത് ദൂരെക്കളഞ്ഞു.

‘ദി ഹെവൻസ് ‘ അപ്പാർട്ട്മെന്റിൽ പതഞ്ഞൊഴുകുന്ന പ്രളയത്തിനു നടുവിലായിരുന്നു അപ്പോൾ അയാൾ. പാതിയടയുന്ന കണ്ണിൽ കുന്നുമ്പുറത്തിരുന്നു കാണുന്ന അസ്തമയ സൂര്യന്റെ ചുവപ്പ്. ചുറ്റിലും ചുവന്ന കവിളുകളും കണ്ണുകളുമുള്ള മനുഷ്യർ പുളഞ്ഞുനടക്കുന്നു. മുത്തുപതിച്ച പട്ടുസാരി അവളുടെ ദേഹത്ത് കനത്തോടെ തൂങ്ങുന്നുണ്ട്. കൂട്ടിൽ നിന്ന് പുറത്തേക്ക് പാറുന്ന തേനീച്ചകളെപ്പോലെ ഓരോരുത്തരായി യാത്ര പറഞ്ഞിറങ്ങുന്നു. ‘യു ആർ ലക്കി’ പോവും മുൻപ് അവളുടെ കൈത്തലം ഞെരിച്ച് ചിലർ കാതിൽ പറഞ്ഞു. കയ്യിൽ ചൊറിയൻ പുഴു ഇഴഞ്ഞതുപോലെ . തിളപ്പിച്ച വെള്ളത്തിൽ അവൾ പലതവണ കൈ കഴുകി.

വെളുവെളുത്തൊരു ഫ്രോക്കിൽ മെഴുകുപ്രതിമപോലെ ഉറങ്ങുന്ന മകൾ. ഒട്ടും മുഷിയാതെ സൂക്ഷിച്ച ഉടുപ്പിലും ആ വിയർത്ത മുഖത്തും അവൾ കൌതുകത്തോടെ നോക്കി. കാലമിത്ര കഴിഞ്ഞിട്ടും തനിക്കു പിടിതരാത്തതിനോടെല്ലാം ചേർന്നു നിൽക്കാൻ ഇവൾക്കു എളുപ്പത്തിൽ കഴിയുന്നു. കഴിഞ്ഞ മാസം ഇവളുടെ ബർത്ത്ഡേയ്ക്കും ഇതുപോലെ, കീ കൊടുത്താൽ മാത്രം ചലിക്കുന്നൊരു പാവയെപ്പോലെയാണ് തോന്നിയത് . ഫിറ്റ് ചെയ്ത പുഞ്ചിരി മായാതെ, എല്ലാ വിയർത്ത കിസ്സുകളും ഏറ്റുവാങ്ങി ചടങ്ങു പൂർത്തിയാക്കി അച്ഛന്റെ യശസ്സുയർത്തിയ മകൾ.

ശ്രീകോവിലിനു പിന്നിലെ കല്ലിൽ ഇത്തവണയും കാലു തട്ടിയ പെൺകുട്ടി നടയ്ക്കൽ പ്രസാദത്തിനു കാത്തു നിൽക്കുന്നു. .
പേര്..........
നാള്..........
ഒന്നുമില്ല ഓർമ്മയിൽ. ആകെ പരിഭ്രമിച്ച് തിരിഞ്ഞോടി........

സ്വപ്നത്തിൽ നിന്ന് വിയർത്തെഴുന്നേറ്റിട്ടും കാ‍ലടിയിലറിയുന്ന വയൽ വരമ്പിന്റെ തണുപ്പിൽ ആ ഇരുട്ടത്തും അവൾ എന്തൊക്കെയോ തിരഞ്ഞുകൊണ്ടിരുന്നു..

Wednesday, October 12, 2011

ആറളം ഫാമിലേക്കൊരു യാത്ര

ആറളം വന്യ ജീവി സങ്കേതത്തിലേക്ക് ഒരു യാത്ര പോയാലോ എന്ന് ചോദിച്ച് ഗൂഗിൾ ബസ്സിൽ കണ്ട ബിൻസിയുടെ പോസ്റ്റായിരുന്നു ആദ്യ പ്രലോഭനം. കൂടെ മുൻ‌പരിചയമുള്ള ഒരുപറ്റം ബ്ലോഗ്-സൈബർ സുഹൃത്തുക്കളുമെന്നത് പിന്നെ ഒരു ആവേശമായി. വീഡിയോ കോച്ച് വണ്ടിയോ എയർ‌ബസ്സോ അല്ലെന്നും കാട്ടുവഴിയിലൂടെ ജീപ്പിലാണ് പോകേണ്ടതെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും മക്കൾസ് റെഡി തന്നെ ! കുട്ടിപ്പട്ടാളത്തിനേയും കൊണ്ട് തനിയെയുള്ള യാത്ര ചില്ലറ റിസ്‌കൊന്നുമല്ല, എന്നാലും ചെറിയ ദൂരമല്ലേ എന്ന് സമാധാനിച്ച് ഒൿടോബർ ഒൻപതിനു രാവിലെ തന്നെ കുടിയിൽ നിന്നും ഇറങ്ങി.

വീട്ടീന്ന് പുറത്തേക്കിറങ്ങണോ വേണ്ടയോ എന്നും, ഐപാഡ് മുതൽ ഐ ഡ്രോപ്സ് വാങ്ങാനും വരെ ഗൂഗിളമ്മച്ചിയോട് അനുവാദം വാങ്ങുന്നതല്ലേ ഇപ്പോ നാട്ടു നടപ്പ്. ആ പുതു സമ്പ്രദായമനുസരിച്ച് നെറ്റിൽ ആറളമെന്നു കൊടുത്തപ്പോ കിട്ടിയ കാര്യങ്ങൾ അറിഞ്ഞപ്പോൾ തൊട്ടടുത്തായിരുന്നിട്ടും ഈ സ്ഥലത്തെ ഇത് വരെ മൈൻഡാക്കാത്തതിൽ തോന്നിയ വിഷമം ചെറുതല്ല. അത് പിന്നെ മലയാളിയുടെ മുറ്റം, മുല്ല, മണം എന്നീ മകാരങ്ങൾ കൊണ്ട് തന്നെ.

പുഴകളുടെ നാട്‌ എന്ന അര്‍ത്ഥത്തിലാണ്‌ ഈ സ്ഥലത്തിന്‌ ആറളം (ആറിന്റെ അളം) എന്ന്‌ പേര്‌ വന്നതെന്നു പഴമക്കാർ പറയുന്നു. വടക്കു കിഴക്കായി പശ്ചിമഘട്ട മലമടക്കുകളാലും തെക്ക്‌ പടിഞ്ഞാറ്‌‌ ആറളം പുഴയാലും കാൽത്തളയിടപ്പെട്ട പ്രകൃതി രമണീയമായ സ്ഥലമാണ്‌ ആറളം ഫാമും വന്യജീവി സങ്കേതവും. വിശുദ്ധ ബാവലിപ്പുഴയുടെ നീരൊഴുക്ക് കൊണ്ടും വനഭൂമിയുടെ അചുംബിത സൗന്ദര്യം വഴിഞ്ഞൊഴുകുന്നതുമായ മനോഹര ഭൂപ്രദേശം. വളപട്ടണം പുഴയുടെ പ്രധാന നീർച്ചാലായ ചീങ്കണ്ണിപ്പുഴയുൾപ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു.

കണ്ണൂരിൽ എവിടെയും ഇടിഞ്ഞ് പൊളിഞ്ഞ കെട്ടിടമോ കാടു പിടിച്ച സ്ഥലമോ കണ്ടാൽ അത് ടിപ്പുസുല്‍ത്താൻ പൊളിച്ചതാണെന്ന് പറയുന്നൊരു പതിവുണ്ട്. അത് പോലെയാണോ എന്നറിയില്ല, മലബാർ ആക്രമണ കാലത്ത്‌ കക്ഷി ഇവിടെയും എത്തിയതായി ചില ചരിത്ര സാക്ഷ്യങ്ങളിൽ കാണുന്നുണ്ട്. വീര കേരള വർമ്മ പഴശ്ശിരാജയുടെ ഭരണത്തിൻ കീഴിലായിരുന്നെത്രെ പണ്ട് ആറളം. മഹത്തായ ഒരു പ്രാചീന നാഗരികതയുടെ പിൻ തുടര്‍ച്ചക്കാരായിരുന്ന കുറിച്യർ, പണിയർ, മലയർ എന്നീ തദ്ദേശീയരെ പിന്തള്ളി ഇവിടേക്കു കുടിയേറ്റം നടക്കുന്നത്‌ കഴിഞ്ഞ നൂറ്റാണ്ടിലാണ്‌.

കണ്ണൂർ ജില്ലയിൽ, തലശ്ശേരിയിൽ നിന്നും 35 കിലോമീറ്റർ അകലെയും കണ്ണൂർ നഗരത്തിൽനിന്നും 60 കിലോമീറ്റർ അകലെയുമായാണ്‌ ആറളം സ്ഥിതി ചെയ്യുന്നത്. കര്‍ണ്ണാടക റിസര്‍വ്വ് വനത്തോട് ചേര്‍ന്ന് കിടക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവിസങ്കേതമായ ഇതിന്റെ വിസ്തൃതി, 55 ചതുരശ്ര കിലോമീറ്ററാണ്. ഇവിടെ ആന, കാട്ടുപോത്ത്, മ്ലാവ്, കേഴമാൻ, കാട്ടുപന്നി, കാട്ടുനായ്, കടുവ, വിവിധ തരം കുരങ്ങുകൾ, കുട്ടിതേവാങ്ക്, വേഴാമ്പൽ തുടങ്ങിയ ജീവികളുണ്ട്. 1984 ൽ ആണ് ഈ വന്യജീവിസങ്കേതം രൂപികരിക്കപ്പെട്ടത്. സമദ്രനിരപ്പില്‍നിന്നും 300 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ കേന്ദ്രത്തിൽ 4351 ഹെക്ടര്‍ വനഭൂമി അടങ്ങിയിട്ടുണ്ട്. മീന്‍മുട്ടി വെള്ളച്ചാട്ടം, സ്റ്റേറ്റ് ഫാംസ് കോര്‍പ്പറേഷന്റെ കീഴിലുള്ള ആറളം സെന്‍ട്രൽ സ്റ്റേറ്റ് ഫാം എന്നിവ ആറളം ഗ്രാമ പഞ്ചായത്തിലെ ഈ കൊച്ചു പച്ചപ്പിനെ രാജ്യത്തിന്റെ മൊത്തം ശ്രദ്ധാകേന്ദ്രമാക്കുന്നു.

ഡിസംബർ-ജനവരി മാസങ്ങളിൽ നടക്കുന്ന ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനം ശലഭ നിരീക്ഷകുരുടെയും ജന്തുശാസ്ത്രജ്ഞരുടെയും പ്രത്യേകശ്രദ്ധ ആകർഷിക്കുന്നു. ചീങ്കണ്ണിപ്പുഴയുടെ തീരത്തുകൂടെ ആയിരകണക്കിന് ശലഭങ്ങളാണ് ഈ കാലത്ത് പറന്നു പോകുന്നത്. ഇവ കുടക്മല നിരകളിൽ നിന്നും പുറപ്പെട്ട് വയനാടൻ കാടുകൾ വഴി കടന്നു പോകുന്നതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു മിനുട്ടിൽ 40 മുതൽ 140 വരെ ആൽബട്രോസ്സ് ശലഭങ്ങൾ പുഴയോരത്തുകൂടെ പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

കൂത്തുപറമ്പിൽ നിന്നും കിറു കിറുത്യം പത്ത് മണിക്ക് രണ്ട് ജീപ്പുകളിൽ പുറപ്പെട്ട് നെടുമ്പൊയിൽ കാക്കയങ്ങാട് വഴി ചീങ്കണ്ണിപ്പുഴയുടെ പാലം കടന്ന് ഒരു പതിനൊന്നര മണി കഴിഞ്ഞപ്പോൾ ഞങ്ങൾ ഫാമിന്റെ ഗേറ്റിലെത്തി. അകത്തേക്കും പുറത്തേക്കും പോകുന്ന വണ്ടികളൊക്കെ ആദ്യത്തെ ഗേറ്റിൽ നമ്പർ രേഖപ്പെടുത്തി പാസ്സ് വാങ്ങണം. കുരുമുളകു കുപ്പായമിട്ട നിറയെ കായ്ച്ച തെങ്ങിൻ തോട്ടത്തിന്റെയും കശുമാവ്, കാപ്പി, പേരത്തോട്ടങ്ങളുടേയും നടുവിലൂടെയുള്ള റോഡിലൂടെയുള്ള യാത്ര കുറച്ച് കഴിഞ്ഞപ്പോൾ ഫാമിലെത്തി. അവിടെ ജൂൺ മാസത്തിൽ പോയാൽ തെങ്ങ്, മാവ്, പേര, കുരുമുളൿ കൊടികൾ, സപ്പോട്ട തുടങ്ങി അത്യുൽ‌പ്പാദന ശേഷിയുള്ള വിവിധയിനം നടീൽ വസ്തുക്കൾ വിലകൊടുത്ത് വാങ്ങാം.അതും കടന്ന്‌ ഞങ്ങൾ കാടിന്റെ എൻ‌ട്രൻസിലെ വനം വകുപ്പ് ഓഫീസിലെത്തി.
അധികൃതരുടെ പെർമിഷനും ഗൈഡിനെ കിട്ടാനുമായി കാത്തിരിക്കുമ്പോൾ ധാരാളം പേർ മുൻ‌കൂട്ടി ബുക്ക് ചെയ്യാത്തതിനാൽ അകത്തേക്ക് പോകാനാവാതെ നിൽക്കുന്നത് കണ്ടു. ഫോണിൽ ബുക്ക് ചെയ്ത് ഫോർ‌വീൽ ജീപ്പുമായി ചെന്നാലേ അകത്തേക്ക് കടത്തി വിടൂ. കാട്ടാന ഇറങ്ങുന്നത് കൊണ്ട് യാതൊരു റിസ്കിനും അധികൃതർ ഒരുമ്പെടില്ല. തദ്ദേശവാസികളായ ആദിവാസി സ്ത്രീ/പുരുഷൻ‌മാരാണ് ഗൈഡുകളായി വർക്ക് ചെയ്യുന്നത്. 150 രൂപയാണ് അവരുടെ കൂലി. അകത്തേക്ക് പ്രവേശിക്കാൻ ഒരാൾക്ക് 15 രൂപയും. ഉച്ച ആയതിനാൽ ഗൈഡുമാരെ കിട്ടാഞ്ഞ് ചിലർ കാടു കാണാതെ മടങ്ങുന്നുണ്ടായിരുന്നു. വെറുതെ ചുറ്റും നോക്കിയപ്പോൾ കുളക്കടവിലേക്കെന്നോണം കുറെ പെൺ‌കിടാങ്ങൾ കൂളായി പുഴയിലേക്ക് നടക്കുന്ന നയനാനന്ദകരമായ കാഴ്ച കണ്ടു. ഈ ഒളിക്യാമറാ കാലത്ത് എങ്ങോട്ടാ ഓപ്പൺ ബാത്തിന് എന്നു ഞങ്ങളിൽ ചിലരുടെ അമ്മമനസ്സ്.

പത്ത് മിനുട്ട് കഴിഞ്ഞപ്പോൾ ഒരു ഗൈഡിനേയും ഒപ്പിച്ച് ഞങ്ങളുടെ ജീപ്പുകൾ പുറപ്പെട്ടു. പോകുന്ന വഴിക്കൊക്കെ ആദിവാസികളുടെ യാഗകൾ കാണാമായിരുന്നു. അവിടെ ആദിവാസികൾ അവരുടെ കുടിലിനെ യാഗാന്നാണു വിളിക്കുന്നത്‌. ചട്ടിയും കലവും ഭൂമിയുമൊക്കെയായി ജീവിതം സുന്ദരം തന്നെയെന്ന് അവരും. 7000 ഏക്കറാണ്‌ ഫാം. അതില്‍ 1000 ഏക്കർ ആദിവാസികൾക്ക് വിട്ടുകൊടുത്തു. ഒരാൾക്ക് ഒരേക്കർ എന്ന കണക്കിൽ.

വന്യജീവികളെ കാണുമെന്ന അമിത പ്രതീക്ഷ വേണ്ടെന്ന വനം വകുപ്പ് ഉദ്യോഗസ്ഥനും ബ്ലോഗറുമായ വിധുചോപ്രയുടെ വാക്കുകളാണ് ‘കാടെവിടെ? ആനയെവിടെ? ബ്ലോഗറേ..‘ എന്ന ബിൻ‌സിയുടെ നിലവിളി അടക്കിയത്. വാഹനങ്ങളുടേയും ആളുകളുടേയും ബഹളം കേട്ടിട്ടും ‘ഇതാ എന്നെ കണ്ടോളൂ ‘ എന്നു പറയാൻ വന്യ ജീവികളുടെ റിയാലിറ്റി ഷോ ഇല്ലെന്ന് ! പോകുന്ന വഴിയിൽ ആകെ വളഞ്ഞു പിരിഞ്ഞു വിചിത്രാകൃതിയിൽ നിൽക്കുന്ന കുറെ മരങ്ങൾ. അതാണ്‌ ചീനിമരം. വള്ളമുണ്ടാക്കാൻ ബെസ്റ്റാണത്രേ. ഒരുപാടുയരത്തിൽ വളരുന്നത് കൊണ്ട്‌ ഒടിഞ്ഞു പോകാതിരിക്കാൻ വേണ്ടി കാറ്റിന്റെ ദിശയ്ക്കനുസരിച്ച്‌ രൂപപ്പെടുന്നതാണത്രെ അതിന്റെ ഷെയ്പ്പ്. കാട്ടുജീവികളെ കാണാനുള്ള ഞങ്ങളുടെ കാത്തിരിപ്പിന് ഒടുക്കം വേഴാമ്പൽ തന്നെ കനിയേണ്ടി വന്നു. മരക്കൊമ്പുകളിൽ തൂങ്ങിയും ചുരുണ്ടും ചില പാമ്പുകളും ഞങ്ങൾക്ക് സ്വാഗതമോതി. ഇടക്കിടക്ക് നുരഞ്ഞ് പതഞ്ഞ് കാടിന്റെ മാറിലൂടെ കുലുങ്ങിയൊഴുകുന്നു, വെള്ളിച്ചിലങ്കയണിഞ്ഞൊരു പെൺ‌കിടാവിനെപ്പോലെ ചില അരുവികൾ.

കാട്ടിലൂടെയുള്ള ജീപ്പ് യാത്ര ശരീരത്തിലെ സകല പാർ‌ട്സും ഇളക്കും വിധം ബഹളമാനം. ഇത്തിരിപ്പോന്ന കുട്ടികളൊക്കെ തുള്ളിത്തുളുമ്പി. തൊട്ടുമുന്നിൽ പുട്ടുകുറ്റിയിൽ നിന്നിറക്കിയ ആവിപാറുന്ന പുട്ടു പോലത്തെ ആനപ്പിണ്ടം കാണും വരെ അവർ ഒച്ചപ്പാടു തന്നെ. പിന്നെ, ഏതു നിമിഷവും ഒരു കരിവീരനെ കാണുമെന്ന ഭീതി കണ്ണിൽ നിറച്ച് യാത്ര തുടർന്നു. ഭ്രമരം പടത്തിൽ ലാലേട്ടന്റെ ജീപ്പ് യാത്ര പോലെയുണ്ട് എന്നാരോ ഓർമ്മിപ്പിച്ചു. ചിലയിടങ്ങളിൽ കൊടും കാടിനു നടുവിലൂടെയും ചിലയിടങ്ങളിൽ അഗാധമായ കൊക്കയുടെ സമീപത്തൂടെ ഫുൾ റിസ്കെടുത്തും. പാറക്കല്ലുകളും വളവുകളും തിരിവുകളും കടന്ന് ഓരങ്ങളിൽ വാത്സല്യത്തിന്റെ കനിവുറവുമായി ഞങ്ങൾക്കു മുന്നിൽ കാട് മാത്രം ! ദൂരം ചെല്ലും തോറും നാടും നഗരവും വിട്ട് മറ്റെങ്ങോ എന്നു തോന്നിപ്പിച്ചു കൊണ്ടേയിരുന്നു മനസ്സ്. മൂക്കിലേക്ക് അടിച്ചു കയറുന്ന അപരിചിതമായ കാട്ടു ഗന്ധങ്ങൾ ! ചിലപ്പോൾ നാളെ ശുദ്ധവായു ശ്വസിക്കാനായി മാത്രം ഈ കാട്ടിലേക്ക് ആളുകൾ വന്നെന്നുമിരിക്കും.

യുഗങ്ങൾക്കപ്പുറമെവിടെയോ എന്ന് തന്നെ തോന്നി ചില സ്ഥലങ്ങൾ കണ്ടപ്പോൾ. പ്ലാസ്റ്റിക്കോ മറ്റ് മനുഷ്യനിർമ്മിത മാലിന്യങ്ങളോ ഏതുമില്ലാത്ത വനഭൂമി. വളരെ ശ്രദ്ധയോടെ ഒട്ടും നശിക്കാതെ ഇവിടം പരിപാലിച്ചു പോരുന്നതിന് അധികൃതരെ അഭിനന്ദിക്കാതെ വയ്യ. അവരുടെ ജാഗ്രതയെ മാനിച്ച് ഒരു മിഠായി കവർ പോലും ഞങ്ങൾ അവിടെ കളഞ്ഞില്ല. ഒരു മണിക്കൂറിനു ശേഷം കാട്ടിന്നതിരിൽ ചെങ്കുത്തായ കയത്തിന്റെ കരയിൽ ഞങ്ങളുടെ യാത്ര അവസാനിച്ചു. ആ കയത്തിന്നപ്പുറം കർണ്ണാടകമാണ്. പെട്ടെന്ന് കണ്ണിലേക്കൊരു വെള്ളിവെളിച്ചം. ഉയരത്തിൽ നിന്നു താഴോട്ട് പതിക്കുന്ന മീൻ‌മുട്ടി വെള്ളച്ചാട്ടം.
അതിന്റെ അരികിലൂടെ അടർന്ന കല്ലുകളിൽ ചവിട്ടിയും വള്ളികളിൽ പിടിച്ചും 300 അടിയോളമുള്ള അടിവാരത്തിലേക്ക് ഉത്സാഹത്തോടെ ഓടിയിറങ്ങുന്ന കുട്ടികളുടെ കൂടെ ഞങ്ങളും. ‘‘ഇറക്കം സുഖമാണ്. കയറ്റമാണ്.....’ എന്ന അർദ്ധോക്തിയിൽ ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ട് ചിലർ മടങ്ങുന്നു.


താഴെ പലചാലിൽ ഒഴുകിയൊടുവിൽ തലതല്ലി വീഴുന്ന മീന്മുട്ടിയിലേക്ക് പ്രപഞ്ചമാകെ ചുരുങ്ങും പോലെ. ഈയൊരനുഭൂതി ഇതിനു മുന്‍പ് ആതിരപ്പള്ളിയിലാണ് കിട്ടിയിട്ടുള്ളത്. മുഖത്തേക്ക് ചിതറിത്തെറിക്കുന്ന ജലകണങ്ങൾ. കൈക്കുമ്പിളിൽ കോരിയെടുത്ത ജലത്തിന്റെ തണുപ്പ് ഏതു ചൂടും ശമിപ്പിക്കും. ഓരം ചേര്‍ന്ന് പാറയിൽ അള്ളിപ്പിടിച്ച് മീൻ‌മുട്ടിയുടെ ഉല്‍ഭവം തേടിയിറങ്ങി ഒരു സംഘം. (മരക്കൊമ്പിലെ വാനരപ്പട പോലും നാണിച്ചു കാണണം.) കയറിക്കയറിയൊടുവിൽ സ്വര്‍ഗത്തിലെത്തിയെന്ന് കുമാരേട്ടനും ഷമിത്തും. ക്ഷീണിച്ചു നീണ്ട ഏതോ കൈ, കൊണ്ടു പോയ ഭക്ഷണപ്പൊതിയഴിച്ചു. ഒരു കട്‌ലറ്റിനൊക്കെ ഇത്രയും രുചിയാവാമോ എന്നു തോന്നിയ സമയം. ഒരു വലിയ ബോണി നിറയെ രുചികരമായ പലഹാരമൊരുക്കിയ പ്രീതേച്ചിക്ക് ബിലേറ്റഡ് കൃതജ്ഞതാ മലരുകൾ.
(ഞങ്ങളുടെ ടീം..ബിന്‍സി, ഷീബ, വിധു ചോപ്രയും കുടുംബവും, വരുണ്‍,കുമാരന്‍,ബയാന്‍,ഞാനും കുട്ട്യോളും, പ്രീതേച്ചി,പൊന്മളക്കാരന്‍, ഡ്രൈവര്‍ ചേട്ടന്മാര്. പോട്ടം പിടിക്കുന്നത് ഷമിത്‍)

ഇറക്കത്തിനും കയറ്റത്തിനുമിടയിലെവിടെയോ വച്ചാണ് ഉണ്ടായിരുന്ന സകല അഹങ്കാരവും ആവിയായിപ്പോയത്. ഉള്ള കാലുകൾ പോരാതെ വടികളിൽ താങ്ങിയും ആളുകൾ എനിക്കു പിറകെയുണ്ട്. വീണ്ടും തുടർന്ന റോഡ് യാത്ര എൺ‌പത് അടി ഉയരത്തിലുള്ള വാച്ച് ടവറിൽ അവസാനിച്ചു. കാട്ടു തീയോ മറ്റോ ഉണ്ടോ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അറിയാനാണ് കാട്ടിന്റെ നടുവിൽ ഈ ഇരുമ്പ് പണിത്തരം. പടികയറിച്ചെന്നത് ഏതോ ഒരു മായിക ലോകത്തിലേക്ക്. ‘ഞങ്ങളിപ്പോൾ എയറിലാണ്’‘ കുമാരേട്ടൻ ആരോടോ ഫോണിൽ പറയുന്നതു കേട്ടു. അക്ഷരാര്‍ത്ഥത്തിൽ അത് ശരിയായിരുന്നു. അങ്ങകലെ കൊട്ടിയൂർ മല. ശരീരമാകെ മേഘമാലകൾ വന്ന് മൂടുന്നു. കണ്ണെത്താവുന്നിടത്തോളം കണ്ണുകൾ മേഞ്ഞു നടന്നു.

ദൂരെയെവിടെയോ മഴയിരമ്പം കേട്ടപ്പോൾ മാത്രമാണ് വീടും നാടും നേരവുമൊക്കെ ഓര്‍ത്തത്. പടികളിറങ്ങുമ്പോൾ കാലുകൾ‌ക്കൊരു മടി. ആറളം ഫാമിലെ ജീവനക്കാർ ഒരുക്കിത്തന്ന പായസ സഹിതമുള്ള ഊണിനു ശേഷം ഇടിയുടെയും മഴയുടെയും ശിങ്കാരി മേളത്തോടെ മടക്കയാത്ര. പല നിറത്തിൽ, ഭാവത്തിൽ, ചിന്തയിൽ കാടിനുള്ളിലേക്ക് കയറിപ്പോയ ഞങ്ങൾ തിരികെ ഇറങ്ങിയത് ഒരേ ചെമ്മൺ നിറത്തിലായിരുന്നു. വണ്ടിയിൽ കയറും മുന്നേ ഒരനുഗ്രഹം പോലെ നെറുകയിൽ മഴത്തുള്ളികൾ ! ഇലച്ചാര്‍ത്തുകളിൽ മഴയുടെ താളം. മണ്ണിന്റെ മാദക ഗന്ധം. ആദ്യാനുരാഗം പോലെ അവാച്യമായി, നവ്യാനുഭൂതിയായി കാട്ടിലെ മഴ…


‘ഞാനിവിടെ വീണ്ടും വരും’ അടുത്തിരുന്ന് ആരോ അങ്ങനെ എന്റെ കാതിൽ മന്ത്രിച്ചതു പോലെ..

(യാത്രക്കാരുടെ ശ്രദ്ധയ്ക്ക്)

Saturday, August 13, 2011

മാടായിക്കാവിലെ മാരിത്തെയ്യങ്ങള്‍മഹാമാരികളെ ആട്ടിയകറ്റാന്‍ കര്‍ക്കിടകം പതിനാറാം നാള്‍ മാടായിക്കാവിന്റെ പരിസരങ്ങളില്‍ മാരിത്തെയ്യങ്ങളെത്തുന്നു. മാടായിക്കാവ് പരിസരത്തെ വീടുകള്‍ കയറിയിറങ്ങുന്ന തെയ്യങ്ങള്‍ ദുരിതങ്ങള്‍ ഉഴിഞ്ഞുമാറ്റി ഐശ്വര്യത്തെ കുടിയിരുത്തുമെന്നാണ് വിശ്വാസം. വിദേശത്തുനിന്നെത്തി നാടിനും നാട്ടാർക്കും ബാധിച്ച ശനി ബാധ ഒഴിപ്പിക്കാനാണ്‌ ഈ തെയ്യങ്ങൾ കെട്ടിയാടുന്നത്. മഹാമാരികളേയും ദോഷങ്ങളേയും ആവാഹിച്ചു കടലിലൊഴുക്കുകയെന്നതാണ് മാരിത്തെയങ്ങളുടെ ദൌത്യം. മാരിക്കലിയൻ,മാമാരിക്കലിയൻ, മാരിക്കലച്ചി,മാമായക്കലച്ചി, മാരിക്കുളിയൻ,മാമായക്കുളിയൻ എന്നീ ആറു തെയ്യക്കോലങ്ങളാണ്‌ മാരിത്തെയ്യങ്ങൾ .തുടിതാളത്തിന്റെ അകമ്പടിയോടെ വീടുകളിലെത്തുന്ന മാരിത്തെയ്യങ്ങളുടെ കുരുത്തോലകൊണ്ടുള്ള ആടയാഭരണങ്ങളും ഭാവപ്രകടനങ്ങളും ആരിലും കൌതുകമുണര്‍ത്തുന്നതാണ്. കർക്കടകമാസം 16-ം തീയ്യതി തിരുവർക്കാട്ടുകാവിലെ ഉച്ചപൂജക്കു ശേഷമാണ്‌ മാരിത്തെയ്യങ്ങൾ കെട്ടിപ്പുറപ്പെടുന്നത്. കുരുത്തോല കൊണ്ടുള്ള ഉടയാടയാണ്‌ ഈ തെയ്യങ്ങളുടെ പ്രത്യേകത. കലിയനും കലിച്ചിക്കും മുഖത്ത് തേപ്പ് ഉണ്ടായിരിക്കും. ഇതിൽ കുളിയന്‌ പൊയ്‌മുഖവും ഉണ്ട്. തുടികളും ചേങ്ങിലയുമാണ് പക്കവാദ്യങ്ങളായി ഉപയോഗിക്കുന്നത്. പുലയ സമുദായത്തിലെ പൊള്ള എന്ന സ്ഥാനികർക്കാണ്‌ ഈ തെയ്യം കെട്ടാനുള്ള അധികാരം. വീടുകൾ തോറും കയറിയിറങ്ങി ശനിബാധ ഒഴിപ്പിച്ച് തൊട്ടടുത്ത പുഴയിലോ കടലിലോ ഒഴുക്കിക്കളയുന്നതാണ്‌ ഈ തെയ്യത്തിലെ പ്രധാന ചടങ്ങ്. ഭയപ്പെടുത്തുന്ന മഹാമാരികളെ കണ്മുന്നില്‍ കെട്ടിയാടി അവരെ സംപ്രീതരാക്കി പറഞ്ഞയക്കുക വഴി മനുഷ്യര്‍ തങ്ങളുടെ ഭീതിയകറ്റി ഭയവിമുക്തരാകുകയാണ് ചെയ്യുന്നത്.


ഐതിഹ്യം:

ആരിയ നാട്ടിൽ നിന്ന് (ആര്യ നാട്)ഏഴ് ദേവതമാരുടെ കപ്പൽ പുറപ്പെടുകയുണ്ടായി. എന്നാല്‍ ഈ ദേവതമാരുടെ കണ്ണിൽ പെടാതെ ആരിയ നാട്ടില്‍ തന്നെ ജന്മമെടുത്ത മാരിക്കൂട്ടങ്ങള്‍ കപ്പലില്‍ കയറിപ്പറ്റി. കടലിന്റെ മധ്യത്തിലെത്തുമ്പോഴേക്കും കപ്പലിനെ മാരിയങ്കാറ്റും ചൂരിയങ്കാറ്റും പിടിച്ചുലച്ചു. ദേവതമാര്‍ പ്രശ്നം വെച്ച് നോക്കുകയും കാരണക്കാർ മാരിക്കൂട്ടങ്ങളാണെന്ന് അറിയുകയും ചെയ്തു. അങ്ങനെ കപ്പൽ മലനാടിന്റെ അരികിലൂടെ (അറബിക്കടലിന്റെ) വിടുകയും തട്ടും തടയും വെച്ച് മാരിക്കൂട്ടങ്ങളെ അവിടെയിറക്കുകയും ചെയ്തുവത്രെ. അതിനുശേഷമായിരുന്നു വന്‍വിപത്ത് മലനാടിനെ ബാധിച്ചത്. കടുത്ത രോഗങ്ങള്‍ കൊണ്ട് മനുഷ്യരും കന്നുകാലികളും പക്ഷികളും ചത്തൊടുങ്ങാന്‍ തുടങ്ങി. ക്ഷേത്രങ്ങള്‍ ദീപവും തിരിയുമില്ലാതെ അനാഥമായി. ഒടുവില്‍ മാടായി തിരുവര്‍ക്കാട്ട് ദേവിക്കും ശനി(കൊടും വിപത്ത്) ബാധിച്ചിരിക്കുന്നു എന്നറിയുകയും ഇതിനു പരിഹാരം പൊള്ളയ്ക്ക് മാത്രമേ ചെയ്യാന് സാധിക്കുകയുള്ളു എന്ന് പ്രശ്നവശാല്‍ തെളിയുകയും ചെയ്ത. ഉടനെ പൊള്ളയെ വിളിപ്പിച്ചു. മാടായിക്കാവിലെ ഊട്ടുപുരയ്ക്ക് മുന്നില്‍ വെച്ച് പൊള്ള തനിക്കറിയാവുന്ന വിധത്തില്‍ മന്ത്രങ്ങളാല്‍ 118 കൂട്ടം ശനികള്‍ ദേവിയേയും നാടിനേയും ബാധിച്ചിരുന്നു എന്ന സത്യം വെളിപ്പെടുത്തുകയും അതിന് പരിഹാര മാര്‍ഗ്ഗമായി “മാരിത്തെയ്യം കെട്ടി മാരിപ്പാട്ട് പാടിയാല്‍ മാത്രമെ ശനി നീങ്ങുകയുള്ളു“ എന്ന് അരുള്‍ ചെയ്യുകയും ചെയ്തു.
അന്ന് മലനാട് ഭരിച്ചിരുന്നത് ചിറയ്ക്കല്‍ തമ്പുരാനും ക്ഷേത്രങ്ങളുടെ ഭരണം ചേരമാന്‍ പെരുമാളുമായിരുന്നു എന്നാണ് വാദം(തോറ്റം പാട്ടില്‍ ഇവ പരാമര്‍ശിക്കുന്നുമുണ്ട്). 118 കൂട്ടം ശനികളില്‍ 2 കൂട്ടം ശനിയെ മലയന് ഒഴിപ്പിക്കാൻ കഴിയുമെന്നും ഒരു കൂട്ടം ശനിയെ വണ്ണാനും ബാക്കിവരുന്ന ശനിയെ പുലയനും മാത്രമേ കഴിയൂ എന്നും ‘ഭട്ട്യൻ പൊള്ള‘ അരുള്‍ ചെയ്തു. ഒടുവില്‍ പുലയരുടെ മാരിത്തെയ്യങ്ങളില്‍ മാരിക്കലച്ചിയും മാമായക്കലുവനും കെട്ടണമെന്നും മാരിക്കലച്ചിക്ക് കുരുത്തോലാഭരണവും മരമുഖവും കല്‍പ്പിക്കുകയും ചെയ്തു. ഇതാണ് മാരിത്തെയ്യത്തിന്റെ ഐതിഹ്യം.

“മാരിക്കലച്ചി, പോയി കിണ്ണം കരിഗ്ഗുരിസെടുത്തു
മാരിക്കലുവൻ പോയി തട്ടിമുട്ടിയുഴിഞ്ഞെടുത്തു.“

മാരിക്കലുവന്‍ പോയി കിണ്ണത്തിൽ കലക്കിവച്ചിരുന്ന കരിഗുരുസിയും എടുത്ത് കുടഞ്ഞ് ശനിയെ ആവാഹിച്ചു. (ഗുരുസി ഒരുതരം ചുവപ്പു വെള്ളം, നിവ്വല്‍ എന്നൊരു സസ്യം ചമച്ചുണ്ടാക്കുന്ന വെള്ളം ഇവ രക്തത്തിനു സമം.) പിന്നീട് മാരികള്‍ തങ്ങള്‍ക്കായി വച്ചിരിക്കുന്ന ‘വാരണകള്‍’ (ഭക്ഷണങ്ങള്‍ – അവല്‍, മലര്‍, പഞ്ചസാര, പയറുവര്‍ഗ്ഗങ്ങള്‍ 5, മഞ്ഞൾ, കരിക്കട്ട, ഉണക്ക്, മുളക്, അരി) എന്നിവ കഴിച്ച് തട്ടിയും മുട്ടിയും ശബ്ദിച്ചും ഉഴിഞ്ഞെടുത്ത് കത്തിയെരിയുന്ന ദീപത്തെ കെടുത്തി പൂര്‍ണ്ണമായും ശനിയെ ഉഴിഞ്ഞെടുത്ത് ദേഹത്തിലേക്കാവാഹിക്കുന്നു. കരിം ഗുരുസി വെള്ളത്തിന് കറുത്ത രക്തത്തിന്റെ നിറമായിരുന്നു. മറ്റതിന് ചുവപ്പും വെളുപ്പുമല്ലാത്ത ഒരു നിറവും. മാരിക്കിഷ്ടം മനുഷ്യന്റെയോ മൃഗങ്ങളുടെയോ കോഴിയുടെയോ രക്തമാണ്. അത് സാധ്യമല്ലാത്തതു കൊണ്ട് അതിനനുസൃതമായി കരിഗുരുസിയും ഇവയിലേതെങ്കിലും ഒന്നിനെ അറുത്ത് അവസാനം ചോരയും വെള്ളവുമല്ലാത്ത നീര് സാധാരണ ഗുരുസിയും. ഈ രക്തത്തിലൂടെയാണ് ശനിയെ ആവാഹിച്ചെടുക്കുന്നത്.

പിന്നെ മാരിത്തെയ്യങ്ങൾ തറവാടുതോറും സഞ്ചരിച്ച് ശനിയെ ആവാഹിച്ചുകൊണ്ടേയിരിക്കുന്നു. ഒടുവില്‍ മാരികള്‍ക്ക് വാരണയുടെ സമയമായി. അവര്‍ക്കായി തയ്യാറാക്കിയ സ്ഥലങ്ങളിൽ വാരണയ്കായി തെയ്യങ്ങളെ ഇരുത്തി. ഭക്ഷണമായി അവലും മലരും പഞ്ചങ്ങളും കലശവും (കള്ള്, റാക്ക്) വെച്ച് അവരെ സംപ്രീതരാക്കുന്നു. അതിനു ശേഷം തെയ്യം രണ്ട് വലിയ ചെമ്പുകളിൽ തങ്ങള്‍ക്കായി ഉണ്ടാക്കിവച്ച കരിംഗുരുസിയും ഗുരുസിയും മോന്തി മോന്തി രക്തത്തോടുള്ള ആര്‍ത്തി തീര്‍ത്ത് സന്തുഷ്ടരാകുന്നു.

കര്‍ക്കിടകം ഇരുപത്തെട്ടിന് നാട്ടില്‍ നിന്ന് ആവാഹിച്ചെടുത്ത മാരികളുമായി പാവക്കൂട്ടങ്ങളെപ്പോലെ ആനച്ചവിട്ടടിച്ചന്തത്തോടെ ഈ തെയ്യങ്ങൾ ഉറഞ്ഞ് കടലിലേക്ക് നീങ്ങുന്നു. മാരികളെ ആരിയ ഗംഗയിലേക്ക് (കടലിലേക്ക്, മാരികൾ വന്നിടത്തേക്ക്) ഒഴുക്കാനാണ് പോകുന്നത്. അങ്ങനെ തെയ്യങ്ങള്‍ ഉറഞ്ഞാടി ശനിയുടെ ഭാരത്തോടെ ഒടുവില്‍ തെയ്യത്തേയും അവര്‍ ആവാഹിച്ചെടുത്ത ശനിയേയും ആരിയ നാട്ടിലേക്ക് തന്നെ തിരിച്ചയക്കുന്നു. നാടിനെ രക്ഷിക്കുന്നു.മാരി കെട്ടുന്നവൻ പുലയൻ എന്ന ഉപജാതിയാണ്. ക്ഷേത്രത്തിനു വെളിയിലാണ് മാരിത്തെയ്യങ്ങളെ കെട്ടിയാടുന്നത്. തുലാമാസത്തിൽ തുടങ്ങുന്നതും ഇടവപ്പാതിയിൽ വളപ്പട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ ഭഗവതിയുടെ മുടി അഴിയുന്നതോടെ തീരുന്നതുമാണ് വടക്കെ മലബാറിലെ പതിവ് തെയ്യക്കോലങ്ങള്‍ ‍. പിന്നെ കര്‍ക്കിടകത്തിലെ മാരിത്തെയ്യങ്ങളും ആടിവേടന്മാരും അടങ്ങുന്ന മറ്റൊരു ദൌത്യ സംഘം. കര്‍ക്കിടകത്തില്‍ നാട്ടില്‍ പടര്‍ന്നുപിടിച്ച സകല ദുരിതങ്ങളും ശനികളും രോഗങ്ങളും ഉഴിഞ്ഞകറ്റി വരാന്‍ പോകുന്ന പൊന്നിന്‍ ചിങ്ങത്തിന് , നല്ല നാളേക്ക് ഒരു മുന്നൊരുക്കം. നാടിനെ ശുദ്ധീകരിക്കല്‍ .

പൊതുതാൽ‌പ്പര്യത്തിൽ അധിഷ്ഠിതമായൊരു സമൂഹബോധം ഉയത്തുക എന്ന അലൻഡൻഡസ് തിയറി പ്രകാരം ഇവിടെ രോഗമെന്ന ഭീതിയെ ഒരൊറ്റ മനസ്സോടെ നേരിടുന്ന ഒരു സമൂഹത്തെക്കാണാം. കെട്ടിയാടി കടലിലെത്തിച്ച് ഇല്ലാതാക്കുകയെന്ന നമ്മുടെ സമൂഹ മിത്ത്. തങ്ങളുടെ ഉർവ്വരതയ്ക്ക് തടസ്സമുണ്ടാക്കുന്നതെന്തും അവർക്ക് പൊതു ശത്രുവാണ്. പ്രാചീനകാലത്തു തന്നെ ദ്രാവിഡ ജനതയ്ക്ക് കടൽ വാണിജ്യമുണ്ടായതായി ബന്ധമുണ്ടായിട്ടുള്ളതായി ഡോ.കാൽഡ്വൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. സമുദ്ര വ്യാപാരത്തിന് ദ്രാവിഡരെ പ്രേരിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്ത ശക്തമായ നാഗരികത ഉണ്ടായിരുന്നു. പഴയങ്ങാടിയുടെ വാണിജ്യപ്രാധാന്യം പയ്യന്നൂർപ്പാട്ടുകളിൽ നിന്നും വ്യക്തമാണ്. വിദേശ ബന്ധവും അവരുമായുള്ള സമ്പർക്കം വഴി വന്നുചേരാനിടയുള്ള അതുവരെ അജ്ഞാതമായ രോഗങ്ങളും ജനങ്ങളെ ഭയപ്പെടുത്തിയിട്ടുണ്ടാവണം. അത്തരമൊരു സാഹചര്യമാണ് മാരിത്തെയ്യം പോലൊരു കെട്ടിയാടലിലിന് വഴിയൊരുക്കിയത്. കാർഷിക വ്യവസ്ഥിതിയിലൂന്നിയുള്ള ഒരു സമൂഹവും ഏറ്റവും കൂടുതലായി രോഗങ്ങൾ പടരാറുള്ള കർക്കിടക മാസവും ഒക്കെ ഇത്തരം വിശ്വാസങ്ങളുടെ സാധ്യത കൂട്ടുന്നുണ്ട്.

മാരിത്തെയ്യം ചരിത്രവും പറയുന്നുണ്ട്. അതുലന്റെ മൂഷികവംശത്തിൽ നിന്ന് മാടായിയിലെ ചേരാധിപത്യത്തെക്കുറിച്ചുള്ള സൂചനയൊന്നും കിട്ടുന്നില്ല. രാജവംശത്തെ ദിവ്യമായ അപദാനങ്ങളല്ലേ അത്തരം കാവ്യങ്ങളിൽ നിന്ന് പ്രതീക്ഷിക്കേണ്ടൂ. എന്നാൽ വാമൊഴി വഴക്കങ്ങളുടെ കഥയിതല്ല. മാടായിലെ പുലയരുടെ മാരിപ്പാട്ടിലും മറ്റും ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്ന പരാമര്‍ശമാണ് ‘ചേരമാൻ പെരുമാൾ നാടുവാണീടും കാലം’ എന്നത്. പാടിപ്പതിഞ്ഞ ഇന്നലെയുടെ ചരിതങ്ങൾ. വിദേശ ബന്ധങ്ങൾ പകര്‍ന്നു തന്ന ഭീതിപ്പെടുത്തുന്ന രോഗങ്ങൾ, പരിഷ്കാരമില്ലാത്ത ഒരു ജനതയുടെ ഭയങ്ങൾ‍, ഒടുവിൽ ഭയപ്പെടുന്ന ഒന്നിനെ കണ്മുന്നിൽ കെട്ടിയാടി അവയെ തൃപ്തരാക്കുകയെന്ന, ഇങ്ങിനി വരാതെ പറഞ്ഞയക്കുകയെന്ന, വിശ്വാസം. ഒരു സമൂഹത്തിന്റെ ആകംക്ഷകളാണ് അവിടെ തൃപ്തിപ്പെടുന്നത്. തങ്ങളെ ബാധിക്കുന്ന എല്ലാ ദോഷങ്ങൾക്കും കാരണം കടൽ കടന്നെത്തുന്ന ഇത്തരം ബാധകളാണെന്ന വിശ്വാസം. അവയെ കൊല്ലുകയല്ല, കെട്ടിയാടി, സന്തോഷിപ്പിച്ച് കടലിലേക്ക് പറഞ്ഞയക്കുകയെന്ന ആശ്വാസം. ഇത് സമൂഹ മന:ശാസ്ത്രത്തിന്റെ സമീപനം കൂടിയാണ്. അവരുടെ ബാധകളെ ഇത്തരത്തിൽ തൃപ്തിപ്പെടുത്തി പറഞ്ഞയക്കുക വഴി സമൂഹം മാനസികാരോഗ്യം വീണ്ടെടുക്കുന്നു.

Monday, August 1, 2011

ഇന്നെന്റെ പിറന്നാളാ..


പുലര്‍ച്ചയ്ക്ക് മൊബൈലില്‍ ഒരു ബര്‍ത്ത് ഡേ സോങ്ങ് കേട്ടാണ് ഞെട്ടിയുണര്‍ന്നത്. കഴിഞ്ഞത് ഒരു കാളരാത്രിയായിരുന്നു. വെളുപ്പാന്‍ കാലത്തെപ്പൊഴോ ആണ് ഉറക്കത്തിലേക്കൊന്ന് വഴുതിയത്. ഒട്ടും മതിയായില്ല ഉറക്കം. പാട്ട് ഓഫ് ചെയ്ത് കുറെ നേരം അങ്ങനെ കെടന്നു. ആര്ടെ പിറന്നാള്‍ ..? സീറോ ബള്‍ബിന്റെ വെളിച്ചത്തില്‍ അടുത്തുറങ്ങുന്ന മോളെ നോക്കി. ഓര്‍മ്മയില്‍, തണുപ്പത്ത് കുഞ്ഞിനേം ചേര്‍ത്തുപിടിച്ചുറങ്ങുന്ന, മഴപെയ്യുന്നൊരമ്മക്കാലം. നെഞ്ചിലൊരു വെള്ളിടി വെട്ടി. ഇന്നാണോ ഇവളുടെ..? എന്റീശ്വരാ, ഈ കെടക്കുന്ന കെടപ്പൊന്ന്വല്ല സംഗതി. പിറന്നാള്‍ എന്നൊക്കെ പറഞ്ഞാ ഇവള്‍ക്കതൊരു സംഭവം തന്നാണ്. ഐറ്റംസ് കുറെ ഉണ്ട്.
ബര്‍ത്ത് ഡേ ഡ്രസ്സ്, (കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി. ഫെമീടെ മോള്‍ടെ പിറന്നാള്‍ ഫോട്ടോ എഫ്ബീയിലിട്ടത് കാട്ടിക്കൊടുത്തപ്പൊ അവള്‍ക്കും അങ്ങനത്തെ ഫ്രോക്ക് തന്നെ വേണം ബര്‍ത്ത്ഡേയ്ക്ക്. (അല്ല, എനിക്കതിന്റെ വല്ല കര്യോമുണ്ടാര്‍ന്നോ?) കേയ്ക്ക്, (അവള്‍ തന്നെ ബേക്കറീല്‍ പോയി പറഞ്ഞുണ്ടാക്കുന്നത്), സ്വീറ്റ്സ്, (സ്കൂള്‍ വാനില്‍, ക്ലാസ്സില്‍, റ്റീച്ചര്‍മാര്‍ക്ക് ഒക്കെ വെവ്വേറെ), ക്ലാസ് ലൈബ്രറീലേക്ക് ബുക്ക്, അമ്പലത്തില്‍ പോക്ക്, പായസം (അതിലിവള്‍ക്കൊരു താല്‍പ്പര്യോമില്ല) മിനിമം ഇത്രയെങ്കിലുമില്ലാതെ ഇപ്പിറന്നാള്‍ കഴിയാറില്ല. ഇത്തവണ എന്താ ഇവള്‍ മറന്നോ ? എത്രനാള്‍ മുന്നേ ഒരുങ്ങുന്നതാ. ഞാനും മറക്കാന്‍ പാടില്ലാര്‍ന്നു. ഇനിയിപ്പൊ, വൈകിട്ടുവരെ മിണ്ടാതിരുന്നാലോ എന്നും ചിന്തിക്കാതിരുന്നില്ല (ക്ഷമി). വൈകിട്ട് എന്തേലും ഒപ്പിക്കാം. ഒരു പായസമെങ്കിലും കിട്ടിയാല്‍ ഉത്സവമാകുമായിരുന്ന എന്റെയൊക്കെ കോപ്പിലെ പിറന്നാള്‍ ! അതൊന്നും പറഞ്ഞിട്ടിനി കാര്യമില്ല.ഏതോ സ്വപ്നത്തിന്റെ ശേഷിപ്പും പേറിയുറങ്ങുന്ന ആ മുഖം കണ്ടപ്പൊ, ഒരു ചെലവുമില്ലാതെ കൊടുക്കാനാവുന്ന ഒരൊന്നാന്തരം സമ്മാനം എന്റട്ത്തുണ്ടല്ലോ എന്നോര്‍ത്തു. പുലരിയുടെ കുളിര്‍മ്മയില്‍ ആ കിളുന്ത് ദേഹം വാരിയടുപ്പിച്ച് നെറ്റീലൊരു മുത്തം കൊടുത്തു. പാവം. അവള്‍ ഞെട്ടിയുണര്‍ന്നുപോയി.“ഇന്ന് മോള്‍ടെ പിറന്നാളാ..”
ഒന്നു ഞെട്ടി, അവള്‍ കണ്മിഴിച്ചു. അതിലും വേഗത്തില്‍ നോര്‍മ്മലായി.
“എന്റെ ബര്‍ത്ത്ഡേ ഇനി അട്ത്ത കൊല്ലേ വരൂള്ളു. ”
അവ്ടൊരു കണ്‍ഫ്യൂഷനുമില്ല. ശരിയാ. എന്റെ ഉറക്കം പമ്പ കടന്നു. കഴിഞ്ഞ മാസല്ലേ ഇവള്‍ടെ പിറന്നാള്‍ വാരാഘോഷം നടന്നത്. പിന്നാരുടേതാ ഇത് ? ഒന്നൂടെ നോക്കിയപ്പൊ അറിയാതെ ചിരിച്ചുപോയി.
“പിറന്നാള്‍ ആരതാമ്മേ ” അവള്‍ പിന്നേം.ഞാന്‍ കുറുമ്പില്‍ അവളെ നോക്കിപ്പറഞ്ഞു , “വേറൊരു മോള്‍ടെ” .
ഈ ലോകത്തുള്ള സകല പൊസ്സസ്സീവ്നെസ്സും ആ കുഞ്ഞിക്കണ്ണുകളില്‍ നിറച്ച് അവളെന്നെ മിഴിച്ചുനോക്കി. ഞാനാ മൂക്കുപിടിച്ച് മെല്ലെ പറഞ്ഞു.“എന്റെ ബ്ലോഗിന്റെയാ..”“ഓ...” ഉറക്കം മുറിഞ്ഞ നീരസത്തോടെ അവള്‍ തിരിഞ്ഞുകിടന്നു.നേരിയ ജാള്യതയോടെ അടുക്കളയിലേക്ക് നടക്കുമ്പോ എന്റെ മനസ്സില്‍ വള്ളത്തോളിന്റെ വരികളായിരുന്നു,“നിനക്ക് ഗര്‍ഭപ്രസവാദിപീഢയാല്‍
മനം കലങ്ങാതെ ലഭിച്ച കുഞ്ഞവ“ള്‍ ‍...

Sunday, July 24, 2011

അങ്ങനെ ഒരോണക്കാലത്ത്..

വഴിവിളക്കിന്റെ കീഴിൽ ഉറുമ്പുകളെപ്പോലെ ഒന്നിനു പിറകെ മറ്റൊന്നായി തൊട്ടു നിൽക്കുന്ന വണ്ടികളുടെ നീണ്ട നിര. ഏറെ നേരമായി അവൾ ഈ ട്രാഫിക് ബ്ലോക്കിലാണ്‍. പുറത്ത് ഉത്രാടപ്പാച്ചലിലാണ്‍ നാട്. ചിന്നിപ്പെയ്യുന്ന ചിങ്ങമഴയത്ത് കൈകളിൽ ഓണച്ചരക്കുകളുമായി നീങ്ങുന്ന ആളുകൾ.പച്ചക്കറികളും പൂക്കളും നിരന്ന ഓണച്ചന്തയുടെ സമൃദ്ധി. തിരക്കേറി ഓടുന്ന ജനങ്ങൾ. തെരുവു കച്ചവടക്കാരുടെ വിലപേശലുകൾ. ഇതിനിടെ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ്‍ അവളവനെ കാണുന്നത്. പലജാതിയിലുള്ള മറുനാടൻ പൂവുകൾക്കിടയിലൂടെ തലനീട്ടുന്ന ജമന്തിപ്പൂവിൽ കൈ വെച്ചതേയുള്ളു. ‘നാലു മുഴം’ എന്ന് കരുത്തുറ്റൊരു കൈ അതിന്മേല്‍ പതിച്ചു. ‘പകുതി എനിക്കും തരുമോ?’ പൂക്കാരൻ മിണ്ടുന്നില്ല. അവൾ വാങ്ങിയ ആളോട് ചോദ്യം ആവർത്തിച്ചു. അപ്പോഴാണ്‍, എവിടെയോ ഏറെ പരിചയമുണ്ടായിരുന്ന ആ മുഖം.. അവളെക്കാൾ മുന്നേ തിരിച്ചറിഞ്ഞുവെന്നതു പോലെ അയാൾ പൂക്കൾ മുഴുവനായി അവൾക്ക് നേരെ നീട്ടി.

‘ദാ, എട്ത്തോളൂ..’

ഞാറ്റുവേലക്കാറ്റു പോലെ വന്നൊരാൾത്തിരക്ക് അവരെ വീശിയകറ്റി. തിരക്കിലൂളയിട്ട് എന്തൊക്കെയോ വാങ്ങിക്കൂട്ടി. ബാക്ക് സീറ്റിൽ കവറുകളോടൊപ്പം ചാഞ്ഞുറങ്ങുന്ന കുട്ടികൾ. അവൾ റേഡിയോ ഓൺ ചെയ്ത് വോള്യം കുറച്ച് വെച്ചു. ‘….മുഗ്ദ്ധമിക്കാഴ്ച്ച തന്നെയൊരോണം..’ ഓണപ്പാട്ടിന്റെ ചിന്തേറി പട്ടണവും ചൂടും തിരക്കും കടന്ന് അവൾ പഴയൊരു പൂക്കാലം വരെ ചെന്നു….കുന്നിൻ ചെരിവിലെ പൂക്കുലകളും വിളഞ്ഞ് നെൽക്കതിരു വീണുകിടക്കുന്ന വരമ്പുകളും നിറഞ്ഞ കൈത്തോടുകളും തൊട്ടറിഞ്ഞ് ആരവത്തോടെ പറന്നു നടക്കുന്ന കുട്ടിസംഘം. കുറ്റിമുൾച്ചെടികളിൽ കുരുങ്ങുന്ന പാവാടത്തുമ്പിനെ പറിച്ചെടുത്ത് കൂട്ടത്തിനൊപ്പമെത്താൻ കിതക്കുന്നവർ. നനഞ്ഞ കരിയിലയിൽ ചവിട്ടി വീഴുന്നവർ, കുത്തിയിരുന്ന് കാക്കപ്പൂവിറുക്കുന്നവർ, പരന്ന പാറപ്പുറം മായ കാട്ടി അവരെ കളിപ്പിക്കുന്നുമുണ്ട്.. ഇറുക്കുന്നിടത്തല്ല അപ്പുറമാണ്‍ പൂക്കളധികമെന്ന്.. അവിടെത്തുമ്പോ ഇപ്പുറമെന്ന്..!ഏതു കൊമ്പിലെ പൂവും പറിച്ച് പങ്കുവെച്ച് അവന്റെ കൂടെ നടക്കുമ്പോ പൂക്കളുടെ സൂക്ഷിപ്പുകാരി മാത്രമാണ്‍ അവൾ ! നശിപ്പിക്കാതെ പൂവിറുക്കാൻ നല്ല ശ്രദ്ധ വേണം. കൂട്ടം പലതായി പിരിഞ്ഞ് പല വഴിയായി. ചെമ്പൻ പാറപ്പുറത്തവർ കിതപ്പാറ്റിയിരുന്നു. പാറക്കുളത്തിൽ കൈയും മുഖവും കഴുകി. ചെരിപ്പിട്ട് തിരിയാനാഞ്ഞതും അപ്പുറത്തേക്ക് കാൽ വഴുതി വീഴുകയായിരുന്നു. വള്ളിപ്പടർപ്പിലും കുറ്റിയിലുമൊക്കെപ്പിടിച്ച് മുകളിലേക്ക് വലിയും തോറും ഓരോന്നായി പൊട്ടിയടർന്നു. വെപ്രാളത്തോടെ ഓടി വന്ന അവന്റെ കൈയ്യിൽ പിടുത്തം കിട്ടിയെങ്കിലും അവനെയും വലിച്ച് താഴേക്ക് പതിച്ചു. കുത്തനെയുള്ള കുന്നിൻ ചെരിവ് രണ്ടുപേരും ഉരുണ്ടിറങ്ങി. എത്ര നേരമുരുണ്ടെന്നോ, നേരമെത്ര കഴിഞ്ഞെന്നോ അറിഞ്ഞില്ല. കണ്ണ് തുറന്നപ്പോ കൈകോർത്തുപിടിച്ച് തൊട്ടുതൊട്ട് അവനുണ്ടായിരുന്നു കൂടെ. ഒരു കുസൃതിച്ചിരിയോടെ രണ്ടുപേരും തിരികെ ജീവിതത്തിലേക്ക് പിടഞ്ഞെണീറ്റു. തൊട്ടാവാടിയും കുറ്റിച്ചെടികളും ദേഹത്തു നിന്ന് തട്ടിക്കളഞ്ഞ്, പരസ്പരം താങ്ങി, ഒന്നും മിണ്ടാതെ മുകളിലെത്തി. അപ്പൊഴേക്കും അടുത്തെവിടെനിന്നോ കൂടുകാർ അവരെ വിളിച്ച് നടക്കുന്നത് കേൾക്കാമായിരുന്നു. തിരികെ, നിറഞ്ഞ പൂക്കൂടയുമായുള്ള നടപ്പിൽ പൂവിന്റെ ഭാരം പോലുമില്ലാത്തൊരു മനസ്സുമായി അവൾ ഏറ്റവും പിറകിലായിരുന്നു.ജമന്തിപ്പൂക്കൾക്കുമേൽ അവിചാരിതമായി വീണ്ടും കൊരുത്ത കൈവിരലുകളുടെ ഔചിത്യമോർത്തപ്പോൽ അവളിൽ കൌമാരത്തിന്റെ നാണം പൂത്തു.‘വണ്ടി എട്ക്ക്.. നടുറോഡിലാണോ സ്വപ്നം കാണുന്ന് !” വണ്ടിയുടെ ഗ്ലാസ്സ് തട്ടിക്കൊണ്ട് പുറത്തുനിന്നൊരാക്രോശം.. കൂടെ ഒരു പറ്റം ആളുകൾ, മുന്നിൽ റോഡ് ശൂന്യമായി പാതയൊരുക്കി. പിറകിൽ ഉറുമ്പിന്‍ പറ്റങ്ങളുമായി അവൾ യാത്ര തുടർന്നു.