Friday, August 20, 2010

മാടായിപാറയുടെ ഹൃദയത്തിലേയ്ക്കൊരു യാത്ര !

ഇന്ന് പകല്  ഒരു യാത്ര പോരുന്നോ എന്നോടൊപ്പം?
ഈ ഞാന് ആരെന്നാവും അല്ലേ? രണ്ടര വര്ഷം മുമ്പ് മലയോര ഗ്രാമത്തിന്റെ ശീതളിമയില് നിന്നും മാടായിപ്പാറയെന്ന അല്ഭുതഭൂമികയിലേക്ക് ഉദ്യോഗാര്ത്ഥം എത്തിച്ചേര്ന്നതാണു ഞാന്. എത്രയോ നാളുകളെടുത്തു ഇവിടുത്തെ വിചിത്രമായ കാലാവസ്ഥകളോട് എന്റെ ശരീരമൊന്നു പൊരുത്തപ്പെടാന്..കാറ്റിന്, മഴയ്ക്ക്, വെയിലിന് ഒക്കെ പല ഭാവങ്ങളാണ് പാറയില്… മുപ്പതിലേറെ കിലോമീറ്റല് താണ്ടി സമയത്തെത്തിച്ചേരാല് തത്രപ്പെടുന്നതിനിടയില് ചവിട്ടടിയിലെ പാറയെ ഞാനറിയാന്  ശ്രമിച്ചതേയില്ല..

 പയ്യെപ്പയ്യെ പഴയങ്ങാടി എന്ന ചരിത്രമുറങ്ങുന്ന മണ്ണ് എന്നെ മാടി വിളിച്ചു.അവിടുത്തെ അല്ഭുതങ്ങളിലെക്ക് എന്നെ ക്ഷണിച്ചു.കാണും തോറും കൌതുകമുണര്ത്തുന്ന കാഴ്ച്ചകള്........കേട്ടറിഞ്ഞ ചരിത്രങ്ങള്...എനിക്ക് കൂടുതലറിയാന്  തിടുക്കമായി..

ഒരല്പ്പം ചരിത്രം പറഞ്ഞു തരട്ടെ? അതു നമ്മുടെ മുന്നോട്ടുള്ള യാത്രക്ക് സഹായകമാകും.

 ഏഴിമല രാജവംശത്തിലെ രാജാവായ നന്ദന് പാഴിയുദ്ധത്തില് ആയ് രാജവംശത്തിലെ രാജാവായ ആയ് എയ്നനെ വധിച്ചതായി അകനാനൂറില് പറയുന്നു.ഈ പാഴി മാടായിപ്പാറയാണെന്നും പാഴി അങ്ങാടിയാണു പഴയങ്ങാടി എന്നും വിശ്വസിക്കുന്നു.ഉത്തരകേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളായ വടുകുന്ദശിവക്ഷേത്രവും മാടായിക്കാവും മാടായിപ്പാറയിലാണ്.ധാരാളം ഐതിഹ്യങ്ങള് മാടായിക്കാവുമായി ബന്ധപ്പെട്ട് ദേശവാസികള് വിശ്വസിക്കുന്നുണ്ട്.അതിലേറ്റവും പ്രസിദ്ധം ദാരികാസുരനിഗ്രഹവുമായി ബന്ധപ്പെട്ടാണ്.ദാരികവധം. കഴിഞ്ഞിട്ടും രോഷമടങ്ങാത്ത ദേവി എരിയുന്ന കണ്ണ് കൊണ്ട് നോക്കിയതാണത്രേ എരിപുരം.മീനചൂടില് എരിയുന്ന പാറയില് നിന്നു അഗ്നി തന്നെ വമിക്കുന്നതു കാണുമ്പോ ആരും ഇക്കഥ വിശ്വസിച്ചുപോകും!

 വടുകുന്ദ ശിവക്ഷേത്രത്തിനു മുന്‍പിലാണ് നാം നില്‍ക്കുന്നത്!
 ക്രുദ്ധയായ ദേവിയെ ശാന്തയാക്കാന്  ശിവന് മധുരം നല്കി.. നീരാടാനൊരു തടാകം നിര്മ്മിച്ചു..അതാണു വടുകുന്ദ ശിവക്ഷേത്രവും വടുകുന്ദതടാകവും എന്നൊരു വിശ്വാസവും ഇവിടെയുണ്ട്.

മീനമാസത്തിലെ പൂരം നാളില് ഭഗവതിയുടെ തിടമ്പ് ഈ തടാകത്തില് ആറാടിക്കുന്നതിനെയാണു പൂരം കുളി എന്നു പറയുന്നത്.

ഇവിടെ വിവിധയിനം പൂക്കള്‍ സമൃദ്ധമായി വളരുന്നു. ഏതാനും ചിലവയെ പരിചയപെടുത്താം.

ഇതാണ്` പൂതപ്പൂവ്
                    
                                                                
.ഇത് കാക്കപ്പൂവ്..ഓണം ഇക്കുറി നേരത്തെയാണ്..കാക്കപ്പൂക്കള്‍ നീലപ്പരവതാനി വിരിക്കാന്‍  തുടങ്ങുന്നതേയുള്ളു.

തുമ്പപ്പൂക്കള്‍
                                                                  
ഓണപ്പൂക്കള്‍
                                                                      
നോക്കൂ കൃഷ്ണപ്പൂവ്  !
പാറപ്പുറത്ത് ധാരാളമായി കാണപ്പെടുന്ന ഒരിനം പൂവാണിത്. ഇതിനെപ്പറ്റി ഒരു വിശ്വാസമുണ്ട് ഇവിടുത്തെ പെണ്കുട്ട്യോള്ക്ക്..ഇടതു കാല് വിരലുകള് കൊണ്ട് ഈ പൂവ് പറിച്ച് വലതു കൈ കൊണ്ട് എടുത്ത് തലയില് ചൂടിയാല് അന്നത്തെ ദിവസം ശുഭമത്രേ..പാറപ്പുറത്ത് അവളുമാരുടെ ഒറ്റക്കാൽ നര്ത്തനം ഒരു പതിവു കാഴ്ച്ചയാണ്.........
   
ഡ്രൊസേറ ഇന്ഡിക് . (കടുപ്പം തന്നെ!)
ഇവള് ആളൊരല്പം പിശകാണു കെട്ടോ
തന്നിലെ ഗന്ധം കൊണ്ട്  വശീകരിച്ചടുപ്പിച്ച് ചെറുജീവികളെ അകത്താക്കുകയാണ് ഇവളുടെ പണി.
Droseraceae എന്ന കുടുംബത്തില് പെടുന്നു.
                                                
വിടരുന്ന കള്ളിപ്പൂവ്...!
അമ്മ കള്ളിയാണേലും മോളു കൊള്ളാം അല്ലേ?
   
തെളിനീര്ത്തടങ്ങള്‍.    പാറയില് പലയിടത്തും ഇത്തരം തടങ്ങളുണ്ട്.
                                                       
ജൂതക്കുളം
ജൂതന്മാര്  ഇവിടെ വന്നുവെന്നതിനെ സാധൂകരിക്കുന്നു ഈ കുളം.
       വാല്‍ക്കണ്ണാടി രീതിയില് പണിത ഈ കുളം ജൂതന്മാരുടെ രീതിയാണല്ലോ
                                                                            .
ഇതും ജൂതന്മാരുടെ ശേഷിപ്പ് തന്നെ! കുളത്തോട് ചേര്ന്നു തറകെട്ടിയ വൃക്ഷപരിപാലനം
                                                                        
ഇതു കണ്ടോ?....ഇതാണ് ഏഴിലം പാല!
     എനിക്കൊരല്പം പേടിയൊക്കെ തോന്നുന്നുണ്ട്..അതിനു ചുവട്ടില് കാണുന്നത് ബലിത്തറയാണ്.നമുക്കല്പം മാറി നടക്കാം കെട്ടോ..  
                                                   
ദൂരെ എഴിമല.  ഹനുമാന്‍    മൃത സഞ്ജീവനി കൊണ്ടു പോകുമ്പൊ അതില്നിന്നും അടര്ന്നു വീണൊരു ഭാഗമെന്നും ഐതിഹ്യം! അവിടുന്നു വീശുന്ന ഔഷധ ഗുണമുള്ള കാറ്റ്..
അങ്ങകലെ തെങ്ങിന് തോപ്പുകള്ക്കും ആകാശത്തിനുമിടയില്  അറബിക്കടലാണു..എന്റെ ക്യമറ പരാജയപ്പെടുന്നു അതൊന്നു ഒപ്പിയെടുക്കാന്‍
                                            
കണ്ണേ..........മടങ്ങുക
                                                      
നെഞ്ചു കീറുന്നൊരു കാഴ്ചയിലേക്കാണ് ഇനി ഞാന്  നിങ്ങളെ കൊണ്ടു പോകുന്നത്.   പാറയുടെ കരയുന്ന മുഖം..

തിരുഹൃദയരക്തം കുടിക്കാന്‍.....
                                             
നെഞ്ചു കീറരുതേ....ഖനനം മൂലം പാറയിലുണ്ടായ വിള്ളലുകള്‍
                                                              
 ധാതു ലവണങ്ങളുടെ സമ്പത്തു കൊണ്ടും ഇവിടം ധന്യമാണല്ലോ..ഗുണങ്ങള് ശാപമാവുന്ന ഒരു അവസ്ഥ! ഒരല്പം വിവരങ്ങള്‍.
1957 -ല് വടുകുന്ദ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള പ്രദേശം ചൈനാക്ലേ വര്ക്സ് എന്നപേരില് രജിസ്റ്റര്  ചെയ്തു.
1973 ഇല് ഈ സ്ഥാപനം സൂപ്പര് ക്ലേസ് ആന്റ് മിനറല് മൈനിങ്ങ് കമ്പനി എന്ന പ്രൈവറ്റ് കമ്പനിയായി മാറി.76ഇല് ധനനഷ്ടവും തൊഴിലാളി പ്രശ്നവുമോക്കെ കാണിച്ച് കേരള സര്ക്കാര് ഏറ്റെടുത്ത് കേരള ക്ലേയ്സ് ആന്റ് സെറമിക് പ്രൊഡക്റ്റ് ലിമിട്ടഡ് കമ്പനിയാക്കി മാറ്റുകയും ചെയ്തു.കഴിഞ്ഞ 30ഇലേറ വർഷങ്ങളായി 120 അടിയിലേറെ ഉയരമുള്ള കുന്നു തുരന്നുമേൽപ്പാറയും മണ്ണും പൊടിച്ച് കളഞ്ഞ് ചൈനാക്ലേ എന്ന ചേടിപ്പൊടി  തമിഴ്നാട്ടിലേക്കും പോണ്ടിച്ചേരിയിലേക്കും കയറ്റി അയക്കുന്നു! നെഞ്ചു തുരന്നു വെടിമരുന്നു നിറച്ച് ഈ  പൈതൃക ഭൂമിയില്  സ്ഫോടനങ്ങൾ ഉണ്ടാക്കുന്നു!

അടരുകളില് നിന്നു അടര്‍ത്തിമാറ്റിയ ഉരുളന് കല്ലുകളും അവയ്ക്കടിയില് കരിയുടെ അംശം കുറഞ്ഞ ലിഗ്നേറ്റിന്റെ അടരുകളും ആണു ഈ കൂന.
ശുദ്ധ ജല സഞ്ചയങ്ങള്  വിഷമയമാകുന്നു. കിണറുകളില്  ജലത്തിന്റെ പി എച്ച് മൂല്യം 3ല് താഴുന്നു. സള്ഫേറ്റ്, ഫോസ്ഫേറ്റ്, ഇരുമ്പ് എന്നിവയുടെ അംശങ്ങള്  വര്ദ്ധിക്കുന്നു.ധാരാളം കിണറുകള് ഉപയോഗശൂന്യമായി.കൃഷിയിടങ്ങള് തരിശാവുന്നു.

ഇതിനെതിരായി പ്രവര്ത്തനങ്ങൾ നടക്കാതില്ല. 90കളില് തന്നെ ഇതിനെതിരായി Environmental conservation group( E.C.G) എന്ന പേരില്  മാടായിപ്പാറ സംരക്ഷണ സമിതി നിലവില്  വന്നിരുന്നു..
പരിസ്ഥിതി സംഘടനയായ സീക്കിന്റെ (society for Environmental Education in Kerala) പ്രവര്ത്തനങ്ങളും നിസ്തുലമാണ്. മാടായി കോളേജ് ഇക്കൊ-ഫ്രെണ്ട്‍ലി ക്ലബ്ബും ഈ ജൈവഭൂമിക്കു വേണ്ടി ശബ്ദമുയര്ത്തുന്നുണ്ട്.. ഭൂമിയെ രക്ഷിക്കാന്‍ നമുക്ക് കഴിയട്ടെ!

ഇന്നിനി നമുക്ക് മടങ്ങിയാലോ..? ചരിത്രവും സംസ്കാരവും ജൈവികതയും അറിയാന് ഇനി പിന്നൊരിക്കല് പാറയുടെ അടുത്ത വശത്തേക്ക് നമുക്ക് പോകാം.വേരുകൾ ചികഞ്ഞ് ആ ആഴത്തിന്റെ സങ്കീര്ണ്ണതകളീല് അല്ഭുതം കൂറാം................

31 comments:

 1. നല്ല വിവരണം
  കുഞ്ഞുപൂവുകളുടെ ക്ലോസപ്പ് ചിത്രം വേണമായിരുന്നു.

  ReplyDelete
 2. ഈ ഖനനം ഇപ്പോള്‍ വലിയ വിവാദമായിരിക്കുകയല്ലേ.

  ReplyDelete
 3. വിവരണം നന്നായിട്ടുണ്ട്. കുറച്ചു കൂടി പുഷ്പങ്ങളുടെ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ നന്നായേനെ..
  അഭിനന്ദനങ്ങള്‍

  ReplyDelete
 4. മൂന്ന് തവണ ഓരോ ആവശ്യങ്ങൾക്ക് പോയി, മാടായിപാറയിൽ ചുറ്റി നടന്നു. മൂന്നും വേനൽക്കാലത്ത്, ഉണങ്ങിയ പാറ മാത്രം കണ്ടു. ഇനി ചാൻസ് കിട്ടിയാൽ ക്യാമറയുമായി പോകും. നല്ല വിവരണം.

  ReplyDelete
 5. എന്നോടൊപ്പം മാടായിപ്പാറ കാണാൻ വന്നവർക്കെല്ലാം നന്ദി..

  ഇടനാടൻ ചെങ്കൽക്കുന്നുകളിൽ കാക്കപ്പൂക്കൾ പകരുന്ന ശ്യാമകാന്തി..ചരിതങ്ങൾ..ചരിത്രങ്ങൾ.. ഏറെയുണ്ട് ഇനീം പറയാൻ ബാക്കി.ഇനിയൊരിക്കൽക്കൂടി പോകാം നമുക്ക്..

  @Kalavallabhan:സന്ദർശനത്തിനു നന്ദി.ആ കുറവു അറിയുന്നു.

  @കുമാരന്‍:അതെ..ശബ്ദങ്ങൾ ഉയരുന്നുണ്ട്.

  @ബിജുകുമാര്‍ :ഒപ്പം വന്ന മനസ്സിനു നന്ദി..ഒരുപാടു പൂക്കളുണ്ട് ബാക്കി..ശരിക്കും പൂവിരുന്നു എന്നു തന്നെ പറയാം..കുഞ്ഞുപൂവുകളുടെ അപൂർവ്വ ചാരുത കാണാൻ ഇനിയൊരിക്കൽക്കൂടി പോകാം.

  @mini:പോകൂ..അവസരങ്ങൾ കളയാതെ പോകൂ..നല്ല ചിത്രങ്ങൾ എടുക്കൂ..ഞങ്ങളേയും കാട്ടൂ.........
  എനിക്കും അബദ്ധം പറ്റി.ഒരു വേനൽക്കാലത്ത് വീട്ടുകാരേയും കൊണ്ടു വന്ന് അന്ധന്മാർ ആനയെ കാണുമ്പോലെ പാറയെക്കണ്ട് മടങ്ങി.തീർച്ചയയും ഇനിയൊരിക്കൽ ഈ പൂമേട് കാണാൻ എല്ലാരേയും ഞാനും കൊണ്ടുവരും.

  ReplyDelete
 6. പാഴിക്കുന്നിനെ കുറിച്ചുള്ള പോസ്റ്റ് നന്നായി; വ്യത്യസ്തമായ ഒരുപാടു ചരിത്രസ്മാരകങ്ങളും പരിസ്ഥിതി പാഠ്യങ്ങള്‍ക്ക് ആവേശം നല്‍കുന്നതുമായ കുറേ കൌതുകങ്ങള്‍ ഇവിടം ഉണ്ട്.

  കൊടുംവേനലിലും തെളിഞ്ഞ വെള്ളം ലഭിക്കുന്ന പ്രകൃതിദത്തമായ വടുകുന്ദ തടാകം; ചെങ്കല്‍‌പാറ വെട്ടിയെടുത്തുണ്ടാക്കിയ ജൂതക്കുളം; മാടായിക്കാവിലെ 135 സെ. മീ നീളമുള്ള എട്ടുകൈകളുള്ള കടുംശര്‍ക്കരക്കൂട്ടില്‍ നിര്‍മ്മിച്ച ദേവീവിഗ്രഹം : വിസ്താരം ആഴവുമുള്ള മൂന്ന് കിണറുള്ള മാടായിക്കോട്ട. കേരളത്തിലെ മൂന്നാമത്തെ മുസ്ലിം പള്ളി; 1766 മൈസൂര്‍ രാജാവായ ഹൈദരലി ഏഴിമലയേയും പഴയങ്ങാടിപ്പുഴയേയും ബന്ധിപ്പിക്കാനായി മനുഷ്യനിര്‍മ്മിതമായ സുല്‍താന്‍‌തോട്. ആയിരത്തിയറുന്നൂറ് വര്‍ഷം കൂടുതല്‍ പഴക്കമുള്ള മാടായിക്കാവ്; ഇങ്ങിനെ മാടായിപ്പാറയെകുറിച്ച് പറഞ്ഞ് തുടങ്ങിയാല്‍ കോലത്തിരി രാജാവിന്റെ കഥമുതല്‍ പറയേണ്ടിവരും. പക്ഷേ അതിനുമാത്രം എവിടെ വിവരം.


  ലിങ്ക് തന്നതിന് കുമാരന് നന്ദി.

  ReplyDelete
 7. മാടായിപാറയിലേക്ക് വരുന്നവരെ സ്വാഗതം ചെയ്യുന്ന ചെങ്കണ്ണിതിത്തിരി((Red-wattled_Lapwing)യെകുറിച്ച് പറയാതെപോയതില്‍ പരഭവമുണ്ട്. അടുത്ത തവണ പോയാല്‍ ശ്രദ്ധിക്കുക.

  ReplyDelete
 8. @യരല‌വ : പാറയെ അറിയുന്നയാളിന്റെ പരിഭവങ്ങൾ സ്നേഹപൂർവ്വം സ്വീകരിക്കുന്നു..ഒരുപാടു അറിയാനുണ്ട് ഞാൻ..തിത്തിരിപ്പക്ഷിയെ കണ്ടിരുന്നു.മറന്നതല്ല...നന്ദി.കമന്റിനും നിർദ്ദേശങ്ങൾക്കും.

  ReplyDelete
 9. Abinu said...

  പ്രകൃതി ഭംഗി വഴിഞ്ഞൊഴുകുന്ന ഭൂവിഭാഗമാണ് മാടായി. കിഴക്ക് ഭാഗത്ത് പ്രകൃതി പ ണിത കോട്ട പോലെ മാടായി പാറയും അതിന് അതിരിട്ടതുപോലെ കാണുന്ന പയ്യന്നൂര്‍ -കണ്ണുര്‍ പിഡബ്ല്യു.ഡി റോഡും, വടക്കുഭാഗത്ത് വയലപ്രയുടെ തീരങ്ങളെ തഴുകി പരപ്പിലെത്തി, പടിഞ്ഞാറ് ചെമ്പല്ലിക്കുണ്ടും പിന്നീട് മൂലക്കിലേക്ക് നീങ്ങുന്ന രാമപുരം ചെമ്പല്ലിക്കുണ്ടുപുഴ,അഴിമുഖം ലക്ഷ്യമാക്കി ഒഴുകുന്ന പടിഞ്ഞാറുഭാഗത്തെ മൂലക്കീല്‍ -പാലക്കോട് പുഴ , മാടായി പ്രദേശത്തെ തെക്കുഭാഗത്ത്കൂടെ പകുത്തുകൊണ്ട് ഒഴുകുന്ന സുല്‍ത്താന്‍ തോട്
  ഖനനം , നാശത്തിന്റെ മണി മുഴക്കം , ഇനി ഇതും ചിത്രങ്ങള്‍ ആയി ചുമരില്‍ തൂങ്ങും , നന്ദി
  August 20, 2010 4:40 AM

  ReplyDelete
 10. ഒരു യാത്രയുണ്ട് ഈത്തവണ അങ്ങോട്ട്..ചില ഓർമ്മകളിലേക്ക്...അതിനു മുൻപ് അക്ഷരങ്ങൾ കൊണ്ട് മനസ്സിൽ ഓർത്ത് വെക്കാൻ ചില അടയാളങ്ങൾ
  ...നന്നായിട്ടുണ്ട്..നന്ദി..

  ReplyDelete
 11. നല്ല പ്രകൃതി ഭംഗി...

  ReplyDelete
 12. ഉദ്യമത്തിന്‌ അഭിനന്ദനങ്ങൾ! കുറച്ചു കൂടെ ഉഷാറാക്കാമായിരുന്നു എന്നു തോന്നി...മാടായി കോളേജിൽ പഠിക്കുമ്പോൾ മാടായിപാറയുടെ കുറേ ചൂടേറ്റിട്ടുണ്ട്‌.. അതിനാൽ അറിയാം .. എങ്കിലും ചെറിയ തെറ്റു കടന്നു കൂടിയോ എന്ന് തോന്നുന്നു വടുകുന്നക്ഷേത്രത്തെ കുറിച്ച്‌ പറഞ്ഞപ്പോൾ!

  എന്തായാലും അഭിനന്ദനങ്ങൾ അർഹിക്കുന്നു.. യാത്ര തുടരുക

  ReplyDelete
 13. ഞാനും വരുന്നു. ആ കക്കപ്പുവുകള്‍ മുഴുവന്‍ എനിക്ക് പറിച്ചെടുക്കണം !!!

  ReplyDelete
 14. പാറയെ മുഴുവനായി അറിഞ്ഞുകൊണ്ട് ആർക്കും അവിടെനിന്നു മടങ്ങാനാകില്ല.. അത്രയേറെ ആഴവും പരപ്പുമുണ്ട് അവിടുത്തെ ചരിത്രങ്ങൾക്ക്.......
  ‌@ അബിനു :നാടിന്റെ തുടിപ്പുകൾ നശിക്കാതെ നോക്കാം നമുക്ക്...
  @ ലിഡിയ :വരു.........സ്വാഗതം..ഏറ്റവും നല്ല അവസ്ഥയിൽ പാറയെ അറിയാനാകട്ടെ..
  @നീലത്താമര :ഏതു ഫ്രൈമിലും അതിമനോഹരമായ സ്ഥലം..
  എന്റെ ക്യാമറക്ക് ഒപ്പിയെടുക്കനായത് വളരെ കുറച്ചുമാത്രം.
  @മാനവധ്വനി :സന്ദർശനത്തിനു നന്ദി.. എഴുതാനിരുന്നപ്പൊ തന്നെ പറയാനുള്ളതിന്റെ വ്യാപ്തി അൽഭുതപ്പെടുത്തിയിരുന്നു.......പിന്നെ ഒന്നു ഓടി വരാംന്ന് മാത്രം കരുതി..സത്യം പറഞ്ഞാൽ അതിശയം കൊണ്ട് വാ പൊളിച്ചിരിപ്പാ ഞാൻ...അത്രയേറെ പ്രത്യ്യേകതകളുള്ള ഒരു സ്ഥലം !
  തെറ്റുകൾ തിരുത്തീട്ടു പോകൂ...
  @ഹേമാംബിക : വരൂ......പൂക്കാലം തീരും മുൻപേ........

  ReplyDelete
 15. നല്ല ചിത്രങ്ങള്‍ ;അവതരണം.
  മടായിപ്പാറ,കാക്കപ്പൂക്കള്‍
  എല്ലാം നന്നായി

  ReplyDelete
 16. സുന്ദരമീ ഭൂമി !!

  ReplyDelete
 17. എന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മകളറങ്ങുന്ന ഭൂമി ആദ്യ പ്രണയം തളിരിട്ടതും അതു തകർന്നടിഞ്ഞതും ഇവിടെ വച്ച്. പിന്നെ വി എച് എസ് ഇ യിൽ പഠിക്കുന്ന കാലത്ത് ...കറങ്ങീയടിച്ച എന്റെ സ്വപ്ന ഭൂമി.. നന്ദി ചേച്ചി ഒരിക്കൽ കൂടി ആ കലത്തേക്കു കൂട്ടികൊണ്ടു പോയതിനു

  ReplyDelete
 18. ആരോടും പറയാതെ ഇത് എപ്പോഴാ പോയത്. കൊള്ളാം നന്നായി വിവരിച്ചിട്ടുണ്ട്. നേരില്‍ കണ്ടു നടന്ന ഒരു പ്രതീതി വായിച്ചു കഴിഞ്ഞപ്പോള്‍. ചിത്രങ്ങള്‍ എല്ലാം തന്നെ വളരെ മനോഹരം.

  ReplyDelete
 19. നല്ല വിവരണവും ചിത്രങ്ങളും ..മാടായിപ്പാറ ഇപ്പോള്‍ കണ്ടു .നമുക്ക് ചുറ്റിനുമുള്ള പല പ്രദേശങ്ങളിലും മഹത്തായ ചരിത്രത്തിന്റെ ശേഷിപ്പുകള്‍ കാണാന്‍ കഴിയും..കണ്ണ് തുറന്നു നോക്കണം .ഇവിടെ ഈ തുറന്നു പിടിച്ച കണ്ണുകള്‍ കണ്ടതെല്ലാം അനുവാചകരും കാണുന്നു എന്നത് കൊണ്ട് തന്നെ ഈ പോസ്റ്റ്‌ വളരെ ഹൃദ്യം....ആശംസകള്‍..

  ReplyDelete
 20. നല്ല വിവരണം....ഒരു ഡോക്യുമെന്ററി കണ്ടതുപോലുണ്ട്....

  "വേരുകൾ ചികഞ്ഞ് ആ ആഴത്തിന്റെ സങ്കീര്‍തകളില്‍ അത്ഭുതം കൂറാം................"

  അത്ഭുതം കൂറാന്‍ ഞമ്മളും ഉണ്ട് ചങ്ങായീ...
  അത്ഭുതം കൂറാന്‍ ഞമ്മളും ഉണ്ട് ചങ്ങായീ...

  ReplyDelete
 21. നല്ല വിവരണവും ചിത്രങ്ങളും.....ആ പാറയുടെ മുകളില്‍ നീന്ന് ഇതൊക്കെ നോക്കിക്കാണുന്ന അനുഭവം വായിക്കുമ്പോള്‍

  ReplyDelete
 22. background ലെ ചിത്രം കാരണമാണെന്ന് തോന്നുന്ന് പേജ് ലോഡിങ്ങിന്‍ സമയമെടുക്കുന്നു

  ReplyDelete
 23. യാത്ര ഇഷ്ടപ്പെട്ടു എന്നയുമ്പോള്‍ സന്തോഷം തോന്നുന്നു..എല്ലാര്‍ക്കും നന്ദി

  ReplyDelete
 24. ഞാന്‍ ഇന്നാണ് കേട്ടോ ഈ ബ്ലോഗ്‌ വായിച്ചതു...നന്നായിരിക്കുന്നു...വടക്കന്‍ മലബാര്‍ എനിക്ക് അധികം പരിചയമില്ലാതെ സ്ഥലമാണ്...അവിടേക്ക് കൊണ്ടുപോയതില്‍ നന്ദി..സിന്ധുവിന്റെ മറ്റു ബ്ലോഗുകളും ഉടനെ വായിക്കുന്നതാണ്

  ReplyDelete
 25. കൊള്ളാം ഈ വിവരണവും ചിത്രങ്ങളും
  കള്ളി ചെടികള്‍ പലതരം കണ്ടിട്ടുണ്ടെങ്കിലും
  കള്ളിപൂവ് എന്‍റെ കണ്ണില്‍ ആദ്യമായാണ് ...നന്ദി

  ReplyDelete
 26. പാറപ്പുറത്ത് അവളുമാരുടെ ഒറ്റക്കാൽ നര്ത്തനം ഒരു പതിവു കാഴ്ച്ചയാണ്.. :))

  നല്ല് പോസ്റ്റ്, എന്റെ നാട്ടിലെത്തിയ ഒരു പ്രതീതി ഉണ്ടാക്കി.
  നന്ദി

  ReplyDelete
 27. എഴോക്കാരനായ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു

  ReplyDelete
 28. നല്ല കുറിപ്പ്‌. കാഴ്‌ചയും അന്വേഷണവുമുണ്ട്‌. അങ്ങനെ പോര ഇനി. സമഗ്രമായൊരു വിവരശേഖരണത്തിന്‌ ഞങ്ങള്‍ പദ്ധതിയിടുന്നുണ്ട്‌.

  ReplyDelete
 29. കാക്കപ്പൂവിന്റെ ക്ലോസപ്പ് വ്യൂ വേണായിരുന്നു.

  ReplyDelete