Sunday, July 24, 2011

അങ്ങനെ ഒരോണക്കാലത്ത്..

വഴിവിളക്കിന്റെ കീഴിൽ ഉറുമ്പുകളെപ്പോലെ ഒന്നിനു പിറകെ മറ്റൊന്നായി തൊട്ടു നിൽക്കുന്ന വണ്ടികളുടെ നീണ്ട നിര. ഏറെ നേരമായി അവൾ ഈ ട്രാഫിക് ബ്ലോക്കിലാണ്‍. പുറത്ത് ഉത്രാടപ്പാച്ചലിലാണ്‍ നാട്. ചിന്നിപ്പെയ്യുന്ന ചിങ്ങമഴയത്ത് കൈകളിൽ ഓണച്ചരക്കുകളുമായി നീങ്ങുന്ന ആളുകൾ.



പച്ചക്കറികളും പൂക്കളും നിരന്ന ഓണച്ചന്തയുടെ സമൃദ്ധി. തിരക്കേറി ഓടുന്ന ജനങ്ങൾ. തെരുവു കച്ചവടക്കാരുടെ വിലപേശലുകൾ. ഇതിനിടെ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ്‍ അവളവനെ കാണുന്നത്. പലജാതിയിലുള്ള മറുനാടൻ പൂവുകൾക്കിടയിലൂടെ തലനീട്ടുന്ന ജമന്തിപ്പൂവിൽ കൈ വെച്ചതേയുള്ളു. ‘നാലു മുഴം’ എന്ന് കരുത്തുറ്റൊരു കൈ അതിന്മേല്‍ പതിച്ചു. ‘പകുതി എനിക്കും തരുമോ?’ പൂക്കാരൻ മിണ്ടുന്നില്ല. അവൾ വാങ്ങിയ ആളോട് ചോദ്യം ആവർത്തിച്ചു. അപ്പോഴാണ്‍, എവിടെയോ ഏറെ പരിചയമുണ്ടായിരുന്ന ആ മുഖം.. അവളെക്കാൾ മുന്നേ തിരിച്ചറിഞ്ഞുവെന്നതു പോലെ അയാൾ പൂക്കൾ മുഴുവനായി അവൾക്ക് നേരെ നീട്ടി.

‘ദാ, എട്ത്തോളൂ..’

ഞാറ്റുവേലക്കാറ്റു പോലെ വന്നൊരാൾത്തിരക്ക് അവരെ വീശിയകറ്റി. തിരക്കിലൂളയിട്ട് എന്തൊക്കെയോ വാങ്ങിക്കൂട്ടി. ബാക്ക് സീറ്റിൽ കവറുകളോടൊപ്പം ചാഞ്ഞുറങ്ങുന്ന കുട്ടികൾ. അവൾ റേഡിയോ ഓൺ ചെയ്ത് വോള്യം കുറച്ച് വെച്ചു. ‘….മുഗ്ദ്ധമിക്കാഴ്ച്ച തന്നെയൊരോണം..’ ഓണപ്പാട്ടിന്റെ ചിന്തേറി പട്ടണവും ചൂടും തിരക്കും കടന്ന് അവൾ പഴയൊരു പൂക്കാലം വരെ ചെന്നു….



കുന്നിൻ ചെരിവിലെ പൂക്കുലകളും വിളഞ്ഞ് നെൽക്കതിരു വീണുകിടക്കുന്ന വരമ്പുകളും നിറഞ്ഞ കൈത്തോടുകളും തൊട്ടറിഞ്ഞ് ആരവത്തോടെ പറന്നു നടക്കുന്ന കുട്ടിസംഘം. കുറ്റിമുൾച്ചെടികളിൽ കുരുങ്ങുന്ന പാവാടത്തുമ്പിനെ പറിച്ചെടുത്ത് കൂട്ടത്തിനൊപ്പമെത്താൻ കിതക്കുന്നവർ. നനഞ്ഞ കരിയിലയിൽ ചവിട്ടി വീഴുന്നവർ, കുത്തിയിരുന്ന് കാക്കപ്പൂവിറുക്കുന്നവർ, പരന്ന പാറപ്പുറം മായ കാട്ടി അവരെ കളിപ്പിക്കുന്നുമുണ്ട്.. ഇറുക്കുന്നിടത്തല്ല അപ്പുറമാണ്‍ പൂക്കളധികമെന്ന്.. അവിടെത്തുമ്പോ ഇപ്പുറമെന്ന്..!



ഏതു കൊമ്പിലെ പൂവും പറിച്ച് പങ്കുവെച്ച് അവന്റെ കൂടെ നടക്കുമ്പോ പൂക്കളുടെ സൂക്ഷിപ്പുകാരി മാത്രമാണ്‍ അവൾ ! നശിപ്പിക്കാതെ പൂവിറുക്കാൻ നല്ല ശ്രദ്ധ വേണം. കൂട്ടം പലതായി പിരിഞ്ഞ് പല വഴിയായി. ചെമ്പൻ പാറപ്പുറത്തവർ കിതപ്പാറ്റിയിരുന്നു. പാറക്കുളത്തിൽ കൈയും മുഖവും കഴുകി. ചെരിപ്പിട്ട് തിരിയാനാഞ്ഞതും അപ്പുറത്തേക്ക് കാൽ വഴുതി വീഴുകയായിരുന്നു. വള്ളിപ്പടർപ്പിലും കുറ്റിയിലുമൊക്കെപ്പിടിച്ച് മുകളിലേക്ക് വലിയും തോറും ഓരോന്നായി പൊട്ടിയടർന്നു. വെപ്രാളത്തോടെ ഓടി വന്ന അവന്റെ കൈയ്യിൽ പിടുത്തം കിട്ടിയെങ്കിലും അവനെയും വലിച്ച് താഴേക്ക് പതിച്ചു. കുത്തനെയുള്ള കുന്നിൻ ചെരിവ് രണ്ടുപേരും ഉരുണ്ടിറങ്ങി. എത്ര നേരമുരുണ്ടെന്നോ, നേരമെത്ര കഴിഞ്ഞെന്നോ അറിഞ്ഞില്ല. കണ്ണ് തുറന്നപ്പോ കൈകോർത്തുപിടിച്ച് തൊട്ടുതൊട്ട് അവനുണ്ടായിരുന്നു കൂടെ. ഒരു കുസൃതിച്ചിരിയോടെ രണ്ടുപേരും തിരികെ ജീവിതത്തിലേക്ക് പിടഞ്ഞെണീറ്റു. തൊട്ടാവാടിയും കുറ്റിച്ചെടികളും ദേഹത്തു നിന്ന് തട്ടിക്കളഞ്ഞ്, പരസ്പരം താങ്ങി, ഒന്നും മിണ്ടാതെ മുകളിലെത്തി. അപ്പൊഴേക്കും അടുത്തെവിടെനിന്നോ കൂടുകാർ അവരെ വിളിച്ച് നടക്കുന്നത് കേൾക്കാമായിരുന്നു. തിരികെ, നിറഞ്ഞ പൂക്കൂടയുമായുള്ള നടപ്പിൽ പൂവിന്റെ ഭാരം പോലുമില്ലാത്തൊരു മനസ്സുമായി അവൾ ഏറ്റവും പിറകിലായിരുന്നു.



ജമന്തിപ്പൂക്കൾക്കുമേൽ അവിചാരിതമായി വീണ്ടും കൊരുത്ത കൈവിരലുകളുടെ ഔചിത്യമോർത്തപ്പോൽ അവളിൽ കൌമാരത്തിന്റെ നാണം പൂത്തു.



‘വണ്ടി എട്ക്ക്.. നടുറോഡിലാണോ സ്വപ്നം കാണുന്ന് !” വണ്ടിയുടെ ഗ്ലാസ്സ് തട്ടിക്കൊണ്ട് പുറത്തുനിന്നൊരാക്രോശം.. കൂടെ ഒരു പറ്റം ആളുകൾ, മുന്നിൽ റോഡ് ശൂന്യമായി പാതയൊരുക്കി. പിറകിൽ ഉറുമ്പിന്‍ പറ്റങ്ങളുമായി അവൾ യാത്ര തുടർന്നു.

10 comments:

  1. nannaayirikkunnu....oru onam vararaayi ennu ormippichu...thaanks.!!

    ReplyDelete
  2. പെറ്റി കേസ് ചാർജുചെയ്യണം ട്രാഫിക് ജാം ഉണ്ടാക്കിയതിന്.

    ReplyDelete
  3. “മുറ്റത്തു നിന്നു ഞാൻ തമ്പുരാട്ടീ
    മുഗ്ധമീക്കാഴ്ച തന്നെയൊരോണം....”

    എന്റെ മനസ്സിലുമുണ്ട് ആ പാട്ട്.
    എങ്ങനെ മറക്കാൻ ആ കാലം!?

    മനോഹരമായൊരു കുറിപ്പ്!

    ReplyDelete
  4. അപ്പോൾ അവനായിരുന്നു അല്ലേ?

    ReplyDelete
  5. നന്നായിരിക്കുന്നു,,,

    ReplyDelete
  6. മായ കാട്ടുന്ന പരന്ന പാറപ്പുറവും കാക്കപ്പൂക്കളും ഒക്കെ അന്യമാകുന്ന ഇന്നത്തെ കുരുന്നുകള്‍ക്ക് സമര്‍പ്പിക്കാം ഈ ഓണക്കാഴ്ച...

    ReplyDelete
  7. ഓണക്കാഴ്ച നന്നായി

    ReplyDelete
  8. പണ്ട്..വളരെ പണ്ട് പൂ തേടി ഇറങ്ങിയ ആ കുട്ടി സംഖത്തെ ഒരു നിമിഷം ഓര്‍ത്തു പോയി..

    ReplyDelete
  9. മനോഹരം ആയി ചുരുങ്ങിയ വരികളില്‍ എഴുതി

    ReplyDelete