Thursday, September 23, 2010

എഴുതാപ്പുറങ്ങള്‍ ...

ചീറിയടിക്കുന്ന കുളിര്‍ കാറ്റ് ഉള്‍ചില്ലകള്‍ പോലും ഉലയ്ക്കുന്നു.
ബസ്സിനു വെളിയില്‍ ഇലച്ചാര്‍ത്തുകളുടെ ആര്‍ദ്രത.
അരയ്ക്കു താഴെ നനഞ്ഞൊട്ടിയ വസ്ത്രങ്ങളോടെ കമ്പിയില്‍ തൂങ്ങിയാടുന്ന മത്സ്യകന്യകമാര്‍ ‍..

  പുതിയ ബാച്ചിന്റെ ആരംഭം.മഴവില്ലു തീര്‍ത്ത് ഒഴുകുന്ന കണങ്കാലുകള്‍ ‍....
"കേരളത്തിലെ ഡിഗ്രികോളേജുകളെല്ലാം സമീപഭാവിയില്‍ വനിതാകോളേജുകളായി മാറും"
എന്ന  പ്രസ്താവന മനസ്സിന്റെ ചുമരില്‍തൂക്കി ക്ലാസ്സില്‍ കയറി...
ക്ലാസ് റൂമിലെത്തിയപ്പോള്‍ പെണ്‍പടയ്ക്കിടയില്‍ പതുങ്ങിയിരിക്കുന്ന അഞ്ചാറ് ആമ്പിള്ളേര്‍..
ഉള്ളിലുണര്‍ന്ന കൌതുകം ചുണ്ടിലെത്തും മുന്‍പേ നുള്ളിയൊടിച്ചു.

   അപരിചിതത്വത്തിന്റെ മഞ്ഞുരുകാത്ത ക്ലാസ്സിലേക്ക് വൈകലിന്റെ പരുങ്ങലോടെയാണ് അന്നും അവനെത്തിയത്.
കൂട്ടത്തില്‍ ചേര്‍ന്നപ്പോള്‍ ആ ശരീരം വേറിട്ടു നിന്നു.ദൃഡമായ, പൊക്കമുള്ള്ല രൂപം.
നീണ്ട കൈകാലുകള്‍..ഇവന്‍ ഗ്രൌണ്ടില്‍ കസറും! ഞാനെന്തിനോ അങ്ങനെ ചിന്തിച്ചു.

   എന്നും വൈകി മാത്രം എത്തുന്ന അവനുമായി എത്രയോ വട്ടം പിന്നീട് കോര്‍ത്തു.
ട്യൂട്ടറുടെ അധികാരം കാട്ടാനുള്ള  കൂടിക്കാഴ്ചകള്‍!
അവന്‍ മുന്നില്‍ വിനീതനാവുമ്പോള്‍ മാത്രം തൃപ്തി നേടുന്ന അദ്ധ്യാപിക.

     സംവാദങ്ങള്‍ സജീവമാകുന്ന ക്ലാസ്സിലെ അപൂര്‍വ്വാവസരങ്ങളില്‍   അവന്‍  മറ്റൊരാളാണ്.
മാധ്യമങ്ങള്‍ സ്ത്രീയെ ഉപഭോഗ വസ്തുവാക്കിയെന്ന നീനയുടെ വാദം അവനെ തെല്ലൊന്നുമല്ല അരിശം കൊള്ളിച്ചത്.

“ഇവളുമാരെന്തിനാ നിന്ന്  കൊടുക്ക്ന്നേ..സോപ്പ് പതയ്ന്നത് മേത്താന്ന് മനസ്സിലാവ്ന്നില്ലേ..“

വായാടിയായ നീന പോലും ചൂളിപ്പോയി.

“അറിഞ്ഞൂടായ്റ്റാണെങ്കില്‍  ക്ഷമിക്കാം, ഇത് കാശിന് വേണ്ട്യന്നാ..ന്നിട്ട് ചാരിത്ര്യപ്രസംഗോം.“ അവന്‍ അടിവരയിടും.

“സന്ധ്യയാല്‍  വീട്ട്ക്കേറാനാവൂല്ല..സീരിയല്‍   സുന്ദരിമാര്‍ടെ മൂക്കു ചീറ്റല്‍..”

“നീ പറ ! മറ്റെന്ത് റിലാക്സേഷന്‍ കൊടുക്കും നമ്മുടെ അമ്മമാര്‍ക്ക് ആ സമയത്ത് ? പുലരും മുന്‍പേ തുടങ്ങിയ
പണിയൊതുങ്ങി , ഒരല്പം നടു നീര്‍ക്കുമ്പോള്‍ അതെങ്കില്‍ അത് ..അവരൊന്നു കണ്ടോട്ടെ..ആ സമയത്ത് അവരോട്
ഇന്റലക്ച്വല്‍ തിങ്കിങ്ങ് എന്നു പറയാതെ...”മറ്റൊരിക്കല്‍ നീന കടം വീട്ടി..എന്തുകൊണ്ടോ പിന്നെ അന്നവന്‍ മൌനിയായി.

“അടിസ്ഥാന പരമായ പ്രശ്നങ്ങളെ വിശാലമായ ക്യാന്‍വാസില്‍  തിരിച്ചറിഞ്ഞ് നാം പ്രതികരിക്കണം” ക്ലാസിലെ നേതാവ്

“എന്തോന്നു പ്രതികരണാ സജീ നിങ്ങ പറയ്ന്നേ ..അംബാനിയും ബിര്‍ളയും തീരുമാനിക്കുന്ന ഇന്നിന്റെ നയങ്ങള്‍!
വാചകമടിക്കാതെ നിങ്ങ ചെയ്തു കാണിക്ക്..”..

ഷേക്സ്പിയറോ കാളിദാസനോ ഭരതനോ അരിസ്റ്റോട്ടിലോ ക്ലാസ്സില്‍ നിറയുമ്പോള്‍ അവന്‍ പിന്‍ ബെഞ്ചില്‍ ഡസ്ക്കില്‍
ശിരസ്സു ചേര്‍ത്ത് ഉറങ്ങുകയാവും.

ക്ഷതമേല്‍ക്കപ്പെടുന്ന  അദ്ധ്യാപിക “നിന്റുമ്മയെ ഒന്നു കാണണം” എന്നു കണ്ണുരുട്ടി.

“എന്താ റ്റീച്ചറെ..ഇന്നലെ തീരെ ഒറങ്ങീല..അതാ...”

പിറകെ വന്നിട്ടും അടങ്ങാത്ത എന്നിലെ രോഷം !
അനുസരണക്കേട്, വായനയില്ലായ്മ, അലസത..ഡിപ്പാര്‍ട്ട്മെന്റിന്റെ വാതില്‍ക്കല്‍   വരെ
ഏറെ ആരോപണങ്ങള്‍ ഞാനവനില്‍  ചാര്‍ത്തി.  എന്റെ ജ്വലിക്കുന്ന കണ്ണുകളെ അവന്‍ നേരിടാറില്ല.

   ഞായറാഴ്ച..എന്റെ ഉറക്കപ്പകല്‍..ജനല്‍   കുത്തിത്തുളച്ചെത്തുന്ന ഇളവെയില്‍
പുതച്ച്...എന്നില്‍   തന്നെ ഒളിച്ച്....അന്നു ഒരു  യാത്രയ്ക്കും തയ്യാറാവാത്തതാണ്.
എന്നിട്ടും പോവേണ്ടി വന്നു!
അടുത്ത ബന്ധുവിന്റെ കല്യാണം. നാലാളു കൂടുന്നതല്ലേ..വേഷം കെട്ടി, കുട്ടികളേയും കൂട്ടി ഇറങ്ങി.ആദ്യമായാണ് ബസ്സില്‍..
മുമ്പൊരിക്കല്‍   വണ്ടിയില്‍  ചെന്ന് ആ മുറ്റത്തേക്കു ചാടിയ ഓര്‍മ്മയേയുള്ളു..
സ്റ്റോപ്പിലെത്തുമ്പോള്‍ പറയണമെന്നു കണ്ടക്ടറെ ശട്ടം കെട്ടീട്ടുണ്ടെങ്കിലും ഒരു പരിഭ്രമം..
കുട്ടികളേം കൊണ്ട് പരിചയമില്ലത്തിടത്ത് ആദ്യമാണ്..

 “ഓയ്..ദാ, ഇബ്ടിറങ്ങിക്കൊ..ചക്കരക്കല്ല് “

പിടഞ്ഞിറങ്ങി..ഇനി??
ഓട്ടോയാണ് പ്രതീക്ഷ..അവര്‍ക്കറിയണമല്ലോ നാട്ടിലെ കല്യാണങ്ങള്‍..

“എന്താ ഏച്ചീ ഇത്..അയ്മ്പതുറുപ്യക്ക്  അഞ്ഞൂറിന്റെ ഈ നോട്ട് തന്നാ നമ്മയെന്താ ചെയ്യണ്ടെ?
അന്റട്ത്തില്ല..നിങ്ങ ആ പീട്യേ പോയി ചില്ലറയാക്ക് ..“

 ഈ ശബ്ദം ...??!!
ഞെട്ടിത്തിരിഞ്ഞു നോക്കി.റാഷിദ്.!!! നിരത്തിവച്ച മീന്‍ കൂമ്പാരത്തിനു പിന്നില്‍...
   ശ്വസം നിലച്ചതു പോലെ തോന്നി..മോന്റെ കൈത്തണ്ടയില്‍  അറിയാതെ  എന്റെ പിടി മുറുകി..
ഒരു നിമിഷം എന്റെ കണ്ണുകളുമായി ഇടഞ്ഞപ്പോള്‍ അവിടെ ഒരു സൂര്യന്‍ തന്നെ കണ്ടു.

“ടീച്ചറെന്താ ഈട?  ഇത്  മക്കളാ ..??” അവന്‍ അടുത്തെത്തി

മോനെ പിടിക്കാനാഞ്ഞ കയ്യില്‍    ഒന്നു നോക്കി അവന്‍ പിന്‍ വലിച്ചു.

 “മീന്‍ നാറും !“         അവന്‍ ചിരിച്ചു.

എന്റെ ബാലിശമായ ശാസനകള്‍ക്ക് മുന്നില്‍   കുനിഞ്ഞ ആ ശിരസ്സ്  ഇപ്പോള്‍  ഉയര്‍ന്നിരിക്കുന്നു.
പൊക്കത്തിനപ്പുറവും ഞാനവനു മുന്നില്‍   തീരെ ചെറുതായതു പോലെ..
മെല്ലെ ശ്വാസഗതി തിരിച്ചു കിട്ടിയപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു.

“കല്യാണപ്പൊരേലേക്കാ?ഓട്ടോക്കു പോണ്ട ദൂരൊന്ന്വില്ല.ന്റെ പൊരേന്റപ്രത്താ..
ഉമ്മാ..ആട നിന്നാ..ടീച്ചറേം കൂട്ട്..”

കയ്യില്‍   മീന്‍ സഞ്ചിയുമായി മുന്നില്‍  നടക്കുന്ന ഒരു വൃദ്ധ തിരിഞ്ഞു നിന്നു.
കുഴിഞ്ഞ ആ കണ്ണുകളും ഒട്ടിയ വയറിനു മേല്‍   ആടിക്കളിക്കുന്ന മേല്‍ ക്കുപ്പായവും
ഒരായുസ്സിന്റെ കഥ തന്നെ എന്നോട് പറഞ്ഞു.

അവര്‍ക്കു പിന്നിലായി ശിരസ്സു കുനിച്ചു  നടന്നത് നിറയുന്ന കണ്ണുകളെ ഒളിക്കാനാണെന്നു
ഒരിക്കലും അവനറിയേണ്ട....

Saturday, September 18, 2010

മാമ്പഴക്കാലം

    അവസാനത്തെ  പരീക്ഷയും കഴിഞ്ഞു.
മനസ്സിനിപ്പോള്‍ ഒരു അപ്പൂപ്പന്‍ താടിയുടെ  ഭാരം  പോലുമില്ല.
ഒന്നിനു പിറകെ ഒന്നായി  പറന്നു  പോയ  പുസ്തകസഞ്ചികള്‍  മേശത്തലപ്പില്‍   ചിണുങ്ങി.
ഞങ്ങള്‍ പരസ്പരം നോക്കി. ആറു മിഴികളിലും  പൂത്തിരി. 
വരുംദിനങ്ങളിലെ  ആഘോഷപ്പെരുമ്പറകള്‍  നെഞ്ചിടിപ്പായി.

   പറഞ്ഞുറപ്പിച്ച  പോലെ മാഞ്ചുവട്ടില്‍  വട്ടമൊപ്പിച്ചപ്പോല്‍ തോരാത്ത വിശേഷപ്പെരുമഴ. താഴോട്ടുവീഴുന്ന മാമ്പഴങ്ങള്‍ മധുരച്ചാറായി ഞങ്ങളില്‍  ഒലിച്ചിറങ്ങി.ഇത്   മധ്യവേനല്‍  അവധിക്കാലത്ത് തറവാട്ടുവീട്ടില്‍ ഞങ്ങളുടെ പതിവു സമാഗമം.പലയിടങ്ങളിലായി ചിതറിത്തെറിച്ച ഞങ്ങള്‍ കുട്ടികള്‍ക്ക്  ഒത്തുചേരലിന്റെ ആഘോഷം.

   വയല്‍ത്തീരത്തെ തറവാട്ടു വീട്.  അച്ചപ്പനും അച്ചമ്മയും നിറയുന്നയിടം.തറവാട്ടുവീട്ടില്‍  നിന്നു കുറച്ച്അകലെയാണു ഞങ്ങളുടെ താമസം.അതേ അകലത്തില്‍  മറ്റൊരു ദിശയില്‍  ഇളയച്ഛനും കുടുംബവും .അമ്പലത്തറയില്‍  നിന്നു ഒഴിവുകാലത്തെത്തുന്ന അമ്മാവന്റെ  മക്കളാണ് ഞങ്ങള്‍ക്കിടയില്‍  അന്നത്തെ വിദേശികള്‍ ‍. വല്ല്യമ്മയുടെ മക്കളും അവരുടെ മക്കളുമായി വേറെയും ചിലര്‍ ...പേരക്കുട്ടികളെല്ലാരേയും ഒന്നിച്ചുകാണുന്ന മേളത്തില്‍  വെറുതെ ചിരിച്ചുകൊണ്ടു നടക്കുന്ന അച്ചമ്മ.

      ‘അത്രടം വരെ എന്റൊപ്പം വെരുന്നാ നീ’?

   ബാലസാമിയുടെ വീട്ടിലേക്ക് മോരു വങ്ങാനുള്ള പോക്കാണു അച്ചമ്മ.ഞാന്‍ പെട്ടെന്നു തന്നെ കൂട്ടത്തില്‍  നിന്നൂരി അച്ചമ്മയില്‍  ചേര്‍ന്നു.. എനിക്കേറെ  ഇഷ്ടമാണ് ആ  യാത്രകള് ‍.   ഉടുപ്പുപെട്ടിയില്‍    നിന്നെടുത്ത കൈതയും ഇലഞ്ഞിയും മണക്കുന്ന  വേഷ്ടിയില്‍ , കാച്ചെണ്ണ  മണക്കുന്ന  വെള്ളിനാരിഴകളില്‍     എനിക്കു
മുന്നില്‍ അച്ചമ്മ എന്നും ഒരു വിസ്മയമായിരുന്നു.ഇടവഴികളിലൂടെ  അച്ചമ്മയോടൊപ്പം നടക്കുമ്പോ  പറയുന്ന കാര്യങ്ങളാണ്  എന്റെ നാട്ടറിവുപെട്ടിയിലെ  മഞ്ചാടികളാവുന്നത്..

     തമിഴ്ചുവയില്‍  സംസാരിക്കുന്ന മഠത്തിലുള്ളവരുമായി നല്ല  അടുപ്പമാണ്   അച്ചമ്മയ്ക്ക്.  അവര്       തമിഴ് ബ്രാഹ്മണരാണത്രേ.കരക്കാട്ടിടം നായനാന്മാരുടെ  വ്യവഹാര കാര്യങ്ങള്‍ നോക്കാനും പാചക കാര്യങ്ങള്‍ക്ക് മേല്‍ നോട്ടത്തിനുമായിപാലക്കാട് എണ്ണപ്പാടം അഗ്രഹാരത്തില്‍  നിന്നു വന്നവരാണ് ഈ ബ്രഹ്മണര്‍.മദ്രാസ് ഹൈക്കോടതിയില്‍   നായന്മാരുടെ    കേസു    നടത്താന്‍    തമിഴും   ഇംഗ്ലീഷും   വശമുള്ള   വക്കീലന്മാരെ ആവശ്യമായതിനാല്‍  സംഘമേശ്വരയ്യര്  എന്ന  വ്യവഹാരപ്പട്ടരേയും  സഹോദരനും      പാചകവിദഗ്ദ്ധനായ രാമലിംഗപ്പട്ടരേയും  നായനാന്മാര്‍  ഇവിടേക്ക്  കൊണ്ടുവന്നതാണ്.  മക്കളും ബന്ധുക്കളുമായി കൂടുതല്‍  പേര്‍ ഇവിടേക്ക് വന്നതോടെ  ഇവരുടെ വീടുള്‍ ‌പ്പെടുന്ന ഭാഗം ‘സാമിമൊട്ട‘യായി. ബസ്സ്റ്റോപ്പിനു പോലും പിന്നീട്
ആ പേരു  വന്നത്   അങ്ങനെയാണ്.

       ‘എന്താടോ വിശേഷം?‘

      ഉമ്മറത്തെ   ചാരുകസേരയിലിരുന്ന്  മുഴങ്ങുന്ന  സ്വരത്തില്‍  ബാലസാമി     അച്ചമ്മയോട്  ചോദിച്ചു. ഉച്ചമയക്കത്തിന്റെ ആലസ്യത്തില്‍  ആ ശരീരം  ഒന്നിളകി.എനിക്കജ്ഞാതമായ  ഒരു വ്യവസ്ഥിതിയുടെ അസ്ഥികൂടം പോലെ ആ വീടും പരിസരവും എന്റെ മുന്നില്‍  നിറഞ്ഞു പരന്നു കിടന്നു…

      ‘ ആരെടാ പേരയില്‍ ?’

      വരാന്തയില്‍ നിന്നു അച്ചപ്പന്‍ ഒച്ചയിടുന്നു.ഉലഞ്ഞിളകുന്ന പേരയില്‍  നിന്നു ആരോ താഴെ വീണു !

     ‘എന്തൊരു തലയാ പെണ്ണേ ഇത്?കൊറച്ച് എണ്ണ തേച്ച് ഇതൊന്നൊതുക്കിക്കൂടെ?

      അനുസരണയില്ലാതെ പറന്നു നടക്കുന്ന എന്റെ ചുരുളന്‍  മുടിയില്‍  തടവി  അച്ചമ്മ  ഒരു   പേന്‍ ചീര്‍പ്പുമായി  എന്നെ  പിടിച്ചിരുത്തി. താഴെ കളിക്കൂട്ടങ്ങള്‍ തോട്ടില്‍ ജലചക്രം കറക്കുമ്പോള്‍ , തോര്‍ത്തുമുണ്ടില്‍ പരല്‍മീന്‍ പിടിക്കുമ്പോള്‍ ,മാമ്പഴങ്ങള്‍പകുത്തെടുക്കുമ്പോള്‍ ‍,മൈലാഞ്ചിയിലകള്‍പറിച്ചെടുത്ത് അരക്കാനൊരുങ്ങുമ്പോള്‍‍
. ഞാന്‍ ‍... ഞാന്‍  മാത്രമെങ്ങനെയാ ക്ഷമയോടെ  ഈ   കൊലപാതകത്തിന്   കൂട്ടിരിക്കേണ്ടത്?. എന്നെ  വലിച്ചെടുത്ത് ഓടാനൊരുങ്ങുമ്പോള്‍ പിറകില്‍  അച്ചമ്മയുടെ ശക്തമായ പിറുപിറുപ്പ് കേള്‍ക്കാമായിരുന്നു.

        രാത്രി..    റാന്തല്‍  വിളക്കിന്റെ  വെളിച്ചത്തില്‍   മുന്നിലെ വിശാലമായ പാടത്തേക്ക് നോക്കുമ്പോള്‍  ഭീതിപ്പെടുത്തുന്ന  നിശബ്ദത. ചീവീടുകളുടെ  ചെവി തുളക്കുന്ന  കരച്ചില് ‍. ഇരുട്ടില്‍  ഞാന്‍   അമ്മയെ ഓര്‍ത്തു..  വരാന്തയില്‍  കാലു നീട്ടിയിരിക്കുന്ന അച്ചമ്മയ്ക്ക്  തുമ്മാന്‍(മുറുക്കാന്‍ ‍) ഇടിച്ചുകൊടുത്ത് ചേര്‍ന്നിരുന്നപ്പൊള്‍ എനിക്കു മുന്നില്‍   നാടന്‍ പാട്ടിന്റേയും കഥകളുടേയും  മണിച്ചെപ്പു   തുറന്നുകിട്ടി...
നിലത്ത് പായകള്‍ നിരത്തി വിശേഷങ്ങള്‍ക്കിടയില്‍  എപ്പോഴോ ഞങ്ങള്‍ ഉറങ്ങി.

       പലതരം കിളികളുടെ ഉണര്‍ത്തുപാട്ടു കേട്ട് അവ ഏതാണെന്നു വേര്‍തിരിച്ചെടുക്കാന്‍   ശ്രമിച്ചുകൊണ്ട്  കിടപ്പായിരുന്നു രാവിലെ..വല്ലാത്തൊരു നിലവിളി അച്ചമ്മയില്‍ നിന്നുണ്ടായപ്പോള്‍ എല്ലാരും   ഉണര്‍ന്നു..
തുറന്നു  കിടക്കുന്ന  വാതിലില്‍ നോക്കി  തലയ്ക്ക്  കൈ  വെക്കുന്ന  അച്ചമ്മ.എനിക്കൊന്നും മനസ്സിലായില്ല. പിടഞ്ഞെണീറ്റപ്പോല്‍ എന്റെ കാലുകളില്‍  ഉരുളന്‍ കല്ലുകള്‍ തടഞ്ഞു.ഞങ്ങളുടെ തലഭാഗത്തായി പിന്നെയും കല്ലുകള്‍.അച്ചമ്മയുടെ  കട്ടിലിന്‍ കീഴെ മറ്റൊരെണ്ണം..അടുക്കളയിലെ ചോറ്റിന്‍ കലം  താഴെ തൈച്ചോട്ടില്‍..
എല്ലാ മുഖങ്ങളിലും ഭീതി നിറഞ്ഞു.പെട്ടെന്നാണ് ഇളയമ്മ അത് കണ്ടു പിടിച്ചത്.

      ’അമ്മയുടെ കഴുത്തിലെ മാല എവ്ടെ?‘

     ചിത്രം തെളിയുന്നു. മോഷണമാണു കാര്യം..ഒരു പക്ഷേ ഞങ്ങള്‍ ഉണര്‍ന്നാല്‍  കിഴുക്കാനാവാം ഈ
ഉരുളന്‍ കല്ലുകള്‍ ..  ഹൊ...       ആ    ചിന്തയില്‍ത്തന്നെ   ഞാന്‍ കണ്ണുകള്‍ അറിയാതെ   ഇറുക്കിയടച്ചു പോയി.കേസായി..  പോലീസുകാര്‍  വന്നു  തെളിവെടുത്തു.  ഞാന്‍   ആദ്യമായി  യൂണിഫോമിട്ട   ഒരു പോലീസുകാരനെ അടുത്തു കാണുന്നത് അന്നായിരുന്നു.അവര്‍ പോയ ശേഷം ഞങ്ങള്‍   തൈച്ചോട്ടില്‍
ചെന്ന്    ‘കള്ളന്റെ ‘  കാല്പാട്   ഭീതിയോടെ   നോക്കിക്കണ്ടു. വല്യ  പുരോഗതിയൊന്നും  ആ  കേസിനു പിന്നീടുണ്ടായില്ല.  മക്കളൊക്കെ  ചേര്‍ന്നു  അതുപോലൊരു  മാല  വീണ്ടും  പണിയിപ്പിച്ച് അച്ചമ്മയുടെ കഴുത്തിലിട്ടു പിന്നീട്.

     വിഷുവിനു  വീട്ടില്‍  കണി  കണ്ടതിനു  ശേഷം   തറവാട്ടിലേക്ക്  ഒരു   യാത്രയുണ്ട്   ഞങ്ങള്‍ക്ക്.      വിഷുക്കണിയുടെ  നിറസമൃദ്ധിയില്‍  അച്ചപ്പന്‍  തരുന്ന  കൈനീട്ടം..!   (അതെന്നും ഇരുപത്തിയഞ്ചു  പൈസയായിരുന്നു.)

       അതിനു ശേഷം കാവിലേക്കുള്ള യാത്ര.ആഡംബരമേതുമില്ലത്തൊരു കൊച്ചു വനമാണ് ഞങ്ങളുടെ കാവ്. അപൂര്‍വമായ ഇനം വള്ളികളും മരങ്ങളും നിറഞ്ഞ ആ കാവ് ഞങ്ങളുടെ നാടിന്റെ ആത്മാവു തന്നെ! പ്രാകൃതമായ മണ്‍ കാളകളുടെ രൂപങ്ങളും മറ്റും നിറഞ്ഞ ആ കാവിലെ ആരാധനാരീതികള്‍  ആര്യമാണൊ  ദ്രാവിഡമാണോ എന്നറിയാനായി  ഇപ്പോഴും വേരുകള്‍  ചികയുന്നുണ്ട്.

  പുലര്‍കാലത്ത് വയല്‍ വരമ്പിലൂടെ  കാല്പാദം  മുതല്‍ നെറുക  വരെ  തുളഞ്ഞു  കയറുന്ന  കുളിരറിഞ്ഞ് , കാക്കപ്പൂവും തൊട്ടാവാടിയും  ചവിട്ടി .. ഇങ്ങനെ  എത്ര  യാത്രകള്‍ .......!

Wednesday, September 8, 2010

ഒരു മയില്‍ പ്പീലി

സ്കൂളിന്റെ മുറ്റത്തെത്തിയപ്പോള്‍ തന്നെ കേട്ടത് മണിയൊച്ചയാണ്.
ഇന്റര്‍വെല്‍ ….!
ഒരല്‍പ്പം പഴയ ശബ്ദത്തില്‍ അതെന്നില്‍ പ്രതിധ്വനിച്ചു...
ഏഴാം ക്ലാസിന്റെ രണ്ടാം ബെഞ്ചിലേക്ക്  കൂട്ടിക്കൊണ്ടുപോയി.
മണിയടിക്കുന്നതും കാത്ത് അക്ഷമയോടെയിരിക്കുന്ന ഞാന്‍ ...
മാഷ് ക്ലാസില്‍  നിന്നിറങ്ങിയതും ഒരോട്ടമായിരുന്നു കിണറ്റുകരയിലേക്ക്..
ഓ..!വൈകിപ്പോയി..കയറിനിങ്ങേത്തല വരെ കൈക്കലാക്കിയിരിക്കുന്നു ഓരോ കൈകള്‍ .
ഒടുവില്‍ അനിതയോടു കെഞ്ചി ഒരു കുമ്പിള്‍ വെള്ളം കൈക്കുടന്നയില്‍ വാങ്ങിക്കുടിച്ച് മടങ്ങി.
കാഞ്ഞിരമരച്ചുവട്ടില്‍വരച്ച കളത്തില്‍ ഷൈനിയും സംഘവും രാവിലെ ബാക്കി വച്ച കളികള്‍ തുടരുന്നു..
ഞാന്‍ നേരത്തെ തന്നെ ഔട്ടായിരുന്നു..ഇനിയിപ്പൊ കളി തീരും വരെ ഇവിടിരുന്നു കാണാം..

‘നീയാ കണക്ക് ചെയ്തോ?’..
      
ഓമനയുടെ തോണ്ടല്‍ ..
അയ്യോ..! ഇല്ല..ഞാനും മറന്നു !
ഇന്നു തല്ലു കിട്ടിയതു തന്നെ.
അവളോടൊപ്പം തലകുത്തി മറിഞ്ഞിട്ടും കണക്ക് ശരിയാകുന്നില്ല..
പെന്‍സില്‍ കൊണ്ടു കോറി തലയോടു വരെ വേദനിച്ചു..
ഇനിയിപ്പോ ഒരു വഴി മൊയ്തീന്റെ നോട്ടാണ്.. അവന്‍ കണക്കില്‍ കേമനാ..
പക്ഷേ എനിക്കു തരില്ല !

'ഞാനുമായി തെറ്റാ..നീ ചോദിക്ക് ‘.

ഓമന അവനെ തപ്പുമ്പോഴേക്കും പപ്പന്മാഷ് ക്ലാസിലെത്തി.
ഹോം വര്‍ക്കിലേ തുടങ്ങൂ..ഉറപ്പാ..
എന്താപ്പൊ ഒരു വഴി? തലങ്ങും വിലങ്ങും സൂത്രവാക്യങ്ങള്‍ ചേര്‍ത്തു കൂട്ടിയപ്പൊ എവിടെയൊക്കെയോ കുരുക്കഴിയുന്നു.
ഹായ് ! ശരിയായിപ്പോയി. ഓമനയെ ആംഗ്യത്താല്‍   അറിയിച്ചു. അവള്‍ നോട്ടിനു കൈ നീട്ടുന്നു. ഇതെങ്ങനെയങ്ങെത്തിക്കും?
വരാന്തയിലൂടെ നടന്നെത്തിയ ജനാര്‍ദ്ദനന്‍ മാഷ് വാതില്‍ ക്കല്‍  നിന്നു. പപ്പന്മാഷ് പുറത്തിറങ്ങി..
എന്തോ സീരിയസ് ഡിസ്കഷന്‍  ..രണ്ടു പേരും സ്റ്റാഫ് റൂമിലേക്ക്..
ക്ലാസ് കണ്‍ട്രോള്‍ ലീഡര്‍ ഉണ്ണിക്കൃഷ്ണനായി.
ഇനിയത്തെ പിരിയഡ് കുഞ്ഞിരാമന്‍ മാഷാണ്..
‘നളിനി’ ബാക്കിഭാഗത്തിനു കാത്തിരുന്നു..
             ‘ഉച്ചയായ് തണലിലാഞ്ഞു പുസ്തകം
              വച്ചു മല്ലികയിറുത്തിരുന്നതും
              മെച്ചമാര്‍ന്ന ചെറു മാല കെട്ടിയെന്‍  
              കൊച്ചുവാര്‍മുടിയിലങ്ങണിഞ്ഞതും’
സൌമ്യമായ സ്വരത്തില്‍ മാഷിന്നലെ പാടിത്തന്ന വരികള്‍ എത്ര മനോഹരം!
മലയാളം ബുക്ക് തുറന്നു ഒന്നൂടെ വായിച്ചു..
ദിവാകരനും നളിനിയും ഹൈമവതഭൂവും എല്ലാം എല്ലാം മനസ്സില്‍ തെളിയുന്നു..
വാക്കുകള്‍ കൊണ്ട് ഇങ്ങനെയൊരു ലോകം സൃഷ്ടിച്ചെടുക്കുന്നത് എങ്ങനെയാണ്?!
പാഠഭാഗം കുറച്ചു വരികളേയുള്ളു..ശേഷം കഥയും മാഷ് പറഞ്ഞു തന്നു.
ദിവാകരയോഗിയുടെ കയ്യിലേക്ക് തന്റെ പ്രാണന്‍ സമര്‍പ്പിച്ച് സാഫല്യമടഞ്ഞ നളിനിയെ എനിക്കു മനസ്സിലായില്ല..
..എങ്ങനെയാ അത് ശുഭമാവുക? അവള്‍ മരിക്കയല്ലേ ചെയ്തത്..
മാഷിന്റെ ഭാവം കണ്ടപ്പോ കൂടുതലൊന്നും ചോദിക്കാനും തോന്നീല്ല.
ഉച്ചയ്ക്ക് പ്ലാവിന്‍ ചോട്ടില്‍ വട്ടമിട്ട് ഉണ്ണാനിരുന്നപ്പോള്‍ ഞാന്‍ ഒന്നൂടെ മേലോട്ട് നോക്കി.
ഇന്നലെ എന്റെ ചോറ്റുപാത്രത്തില്‍ വൃത്തികേടാക്കിയ കാക്ക അവ്ടെങ്ങാനുമുണ്ടോ?
ചമ്മന്തിയും കണ്ണിമാങ്ങയും മീനും ഉപ്പേരിയും മണക്കുന്ന ഊണ്!
...........
വെള്ളിയാഴ്ച്ച ലാസ്റ്റ് പിരിയഡ്!
ഞങ്ങളുടെ ക്ലാസ്സിന്റെ ക്ലീനിങ്ങ് ടൈം.
ഇന്റെര്‍വെല്‍ സമയത്തു തന്നെ ഞങ്ങള്‍ കൂട്ടമായി പാടത്തെത്തി.
ഞങ്ങള്‍ ക്കു വേണ്ടി പശുക്കള്‍ സമ്മാനിച്ച ചൂടുള്ളതും ഇല്ലാത്തതുമായ ചാണകം വാരി സഞ്ചിയിലാക്കി.
മുരളിയുടെ അമ്മ വിളിച്ചു പറഞ്ഞു..

‘തോട്ടിലിറങ്ങേണ്ട..നല്ല ആഴമുണ്ട്’

കൈകള്‍ കഴുകി.ക്ലാസിലെത്തി ബക്കറ്റിലെ വെള്ളത്തിലേക്ക് ചാണകം ചേര്‍ത്ത് കുഴമ്പാക്കി.
പിരിച്ചെടുത്തു വാങ്ങിയ ഒരു കുഞ്ഞു കുപ്പി കറുപ്പു മഷിയും അതിലേക്കൊഴിച്ചു..
റെഡി! ഇനി മെഴുകിയാല്‍ മതി.
ബെഞ്ചും ഡെസ്ക്കും അടുക്കിവച്ച് ഒരു മൂലയില്‍ നിന്നു തുടങ്ങി.
കുറ്റിച്ചൂലുകളാല്‍ ഒരു ഗ്രൂപ്പ് വര്‍ക്ക്..
കൂട്ടത്തില്‍ സീനിയറായ ഉഷക്ക് പിടിച്ചില്ല..

‘എല്ലാരും മാറി നിക്ക്’ 

അവള്‍ കൈ കൊണ്ട് അതിമനോഹരമായി മെഴുകുന്നത് ഞങ്ങള്‍ നോക്കി നിന്നു.
ഒരടയാളവും ബാക്കിവെക്കാതെ കുന്നും കുഴിയും നിറഞ്ഞ ആ നിലത്ത് അവള്‍ കറുപ്പു ചേര്‍ത്തു.
ഇന്നു ഞങ്ങള്‍ വരാന്തയില്‍ നിന്നാണു ദേശീയ ഗാനം ചൊല്ലുക.
ക്ലാസ്സ് റൂം ഉണങ്ങേണ്ടതുണ്ട്.
ലോങ്ബെല്‍ ..!

.......“ദാ, ഇതാണു സ്മാര്‍ട്ട് ക്ലാസ്സ് റൂം..,അത് കമ്പ്യൂട്ടര്‍ലാബ്,അതിനപ്പുറം സ്റ്റാഫ് റൂം,ഇത് കുട്ടികളൊരുക്കുന്ന പൂന്തോട്ടമാണ്..“

എനിക്കൊപ്പം നടന്നു വരുന്ന ജയചന്ദ്രന്‍മാഷ് സ്കൂളിന്റെ പുതിയ മുഖം കാണിച്ചു തരികയാണ്.
സിമന്റിട്ട്  മിനുക്കിയ തറയും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പുത്തന്‍ സാങ്കേതികസൌകര്യങ്ങളുമായി തലയെടുപ്പോടെ നില്‍ക്കുന്ന ആ കെട്ടിടത്തില്‍ ഞാന്‍ എന്നെത്തന്നെ  തേടുകയായിരുന്നു.
പുസ്തകസഞ്ചി പേറുന്ന, സ്വന്തം ‘വാട്ടര്‍ബോട്ടിലിലെ ‘ വെള്ളത്തെ മാത്രം വിശ്വസിക്കാന്‍ വിധിക്കപ്പെട്ട എനിക്കു ചുറ്റും കൂടിയ കുരുന്നുകളോട് സഹതാപം  തോന്നുന്നതും കരുത്തുറ്റ ഈ പുത്തന്‍ തലമുറയോടൊപ്പം  നില്‍ക്കുമ്പോഴും എന്റെ ടൈംമെഷീന്‍ പുറകിലോട്ട് പായുന്നതും ഞാന്‍ പഴഞ്ചനായതു കൊണ്ടാണോ? 
........ അറിയില്ല.                        

“മയില്‍ പ്പീലി ആകാശം കാട്ടാതെ..അടച്ചു വെക്ക്”
   
ഉള്ളിലിരുന്നു ആരോ ഓര്‍മ്മിപ്പിക്കുന്നു.
അതെ.. ഞാനെന്റെ ഓര്‍മ്മപ്പുസ്തകം അടച്ചു വെക്കട്ടെ….