Saturday, December 24, 2011

മഞ്ഞുരുകാത്ത വെളുപ്പാംകാലങ്ങൾ

“അറുപത്താറിലെ ഇരുകരമുട്ടിയ വെള്ളപ്പൊക്കം ഓർമ്മേണ്ടോ അച്ഛന്.? അന്നല്ലേ ഓന്റെ ജനനം. കരക്കാട്ടിടത്തിലെ യശ്മാനൻ അന്നേ പറഞ്ഞതാ നല്ല നാളാന്ന്. “

‘പിന്നില്ലാണ്ട്..അന്ന് ഞാൻ ചീത്തപ്പാറ പൊനം വാള്ന്ന കാലം.‘
സ്വതവേ ചൊറിയുന്ന കഷണ്ടിയിൽ വട്ടം തടവി അച്ചപ്പൻ.

നിറം മങ്ങിയ ഒരു വൈകുന്നേരക്കാഴ്ച്ച നേരമല്ലാത്ത നേരത്ത് കടന്നുവന്നത് കണ്ട് അവൾ തല കുടഞ്ഞ് അത് ദൂരെക്കളഞ്ഞു.

‘ദി ഹെവൻസ് ‘ അപ്പാർട്ട്മെന്റിൽ പതഞ്ഞൊഴുകുന്ന പ്രളയത്തിനു നടുവിലായിരുന്നു അപ്പോൾ അയാൾ. പാതിയടയുന്ന കണ്ണിൽ കുന്നുമ്പുറത്തിരുന്നു കാണുന്ന അസ്തമയ സൂര്യന്റെ ചുവപ്പ്. ചുറ്റിലും ചുവന്ന കവിളുകളും കണ്ണുകളുമുള്ള മനുഷ്യർ പുളഞ്ഞുനടക്കുന്നു. മുത്തുപതിച്ച പട്ടുസാരി അവളുടെ ദേഹത്ത് കനത്തോടെ തൂങ്ങുന്നുണ്ട്. കൂട്ടിൽ നിന്ന് പുറത്തേക്ക് പാറുന്ന തേനീച്ചകളെപ്പോലെ ഓരോരുത്തരായി യാത്ര പറഞ്ഞിറങ്ങുന്നു. ‘യു ആർ ലക്കി’ പോവും മുൻപ് അവളുടെ കൈത്തലം ഞെരിച്ച് ചിലർ കാതിൽ പറഞ്ഞു. കയ്യിൽ ചൊറിയൻ പുഴു ഇഴഞ്ഞതുപോലെ . തിളപ്പിച്ച വെള്ളത്തിൽ അവൾ പലതവണ കൈ കഴുകി.

വെളുവെളുത്തൊരു ഫ്രോക്കിൽ മെഴുകുപ്രതിമപോലെ ഉറങ്ങുന്ന മകൾ. ഒട്ടും മുഷിയാതെ സൂക്ഷിച്ച ഉടുപ്പിലും ആ വിയർത്ത മുഖത്തും അവൾ കൌതുകത്തോടെ നോക്കി. കാലമിത്ര കഴിഞ്ഞിട്ടും തനിക്കു പിടിതരാത്തതിനോടെല്ലാം ചേർന്നു നിൽക്കാൻ ഇവൾക്കു എളുപ്പത്തിൽ കഴിയുന്നു. കഴിഞ്ഞ മാസം ഇവളുടെ ബർത്ത്ഡേയ്ക്കും ഇതുപോലെ, കീ കൊടുത്താൽ മാത്രം ചലിക്കുന്നൊരു പാവയെപ്പോലെയാണ് തോന്നിയത് . ഫിറ്റ് ചെയ്ത പുഞ്ചിരി മായാതെ, എല്ലാ വിയർത്ത കിസ്സുകളും ഏറ്റുവാങ്ങി ചടങ്ങു പൂർത്തിയാക്കി അച്ഛന്റെ യശസ്സുയർത്തിയ മകൾ.

ശ്രീകോവിലിനു പിന്നിലെ കല്ലിൽ ഇത്തവണയും കാലു തട്ടിയ പെൺകുട്ടി നടയ്ക്കൽ പ്രസാദത്തിനു കാത്തു നിൽക്കുന്നു. .
പേര്..........
നാള്..........
ഒന്നുമില്ല ഓർമ്മയിൽ. ആകെ പരിഭ്രമിച്ച് തിരിഞ്ഞോടി........

സ്വപ്നത്തിൽ നിന്ന് വിയർത്തെഴുന്നേറ്റിട്ടും കാ‍ലടിയിലറിയുന്ന വയൽ വരമ്പിന്റെ തണുപ്പിൽ ആ ഇരുട്ടത്തും അവൾ എന്തൊക്കെയോ തിരഞ്ഞുകൊണ്ടിരുന്നു..

10 comments:

 1. പറഞ്ഞു പറഞ്ഞു ക്ലീഷേ ആയ ഒരു വിഷയം കുറച്ച് വാക്കുകളില്‍ മോശമില്ലാതെ അവതരിപ്പിക്കാന്‍ ശ്രമിച്ചു. കൂടുതല്‍ നല്ല രചനകള്‍ക്ക് ആശംസകള്‍ .

  ReplyDelete
 2. ശ്ശൊ ..പെട്ടെന്ന് തീര്‍ന്നു പോയീ.
  കുറച്ചും കൂടി പറ.

  ReplyDelete
 3. കുറച്ച് കൂടി ആകാമായിരുന്നു...

  ReplyDelete
 4. ഇതിനാണോ ആറ്റിക്കുറുക്കുക എന്നു പറയുന്നത്?

  ReplyDelete
 5. വായിക്കാൻ തുടങ്ങവേ തീർന്നുപോയി.

  ReplyDelete
 6. തരക്കെടില്ലാന്നു തോന്നി

  ReplyDelete
 7. പേര്..........
  നാള്..........
  ഒന്നുമില്ല ഓർമ്മയിൽ. ആകെ പരിഭ്രമിച്ച് തിരിഞ്ഞോടി........

  ReplyDelete
 8. കൂടുതല്‍ നല്ല രചനകള്കായി കാത്തിരിക്കുന്നു....സസ്നേഹം

  ReplyDelete
 9. (ഇനിയും) ആറ്റിക്കുറുക്കലില്‍ പ്രശ്നമൊന്നുമില്ല-
  അവ്യക്തമായതങ്ങനെത്തന്നെ സൂക്ഷിക്കുകയും
  വ്യക്തമായത് പൂര്‍ത്തീകരിക്കയുമാകാമായിരുന്നു (എന്നെന്റെ മനസ്സില്‍ തോന്നുന്നു)

  ഈ ശ്രമം അഭിനന്ദനീയം.
  ഇനിയും തുടരട്ടെ

  ReplyDelete