Saturday, October 23, 2010

തുലാമഴ

‘ഇതെന്റെ ഓര്‍മ്മയ്ക്ക്..ഈ നിമിഷങ്ങളുടെ സ്നേഹത്തിന്..’

എന്റെ വലതു കയ്യില്‍ ഒരു പുസ്തകം ചേര്‍ത്തു വച്ച് ചുമലില്‍
തല ചായ്ച്ച് അവളിറങ്ങി..

നേര്‍ത്തൊരു മയക്കത്തിന്റെ നൂല്‍‌പ്പാലത്തിലേക്ക് ആടിയുലഞ്ഞ് വഴുതിയിറങ്ങുകയായിരുന്നു ഞാന്‍ ‍.
എവിടെയോ ഒന്നു തട്ടി വീണതു പോലെ !
കണ്‍പോളകള്‍ വലിച്ചെടുത്തപ്പോഴാണ് അരികിലവളെ കണ്ടത്.
ജീന്‍സിന്റെ പോക്കറ്റില്‍ നിന്നു കര്‍ച്ചീഫ് വലിച്ചെടുക്കാനായി അവള്‍ പകുതിയൊന്നനങ്ങി..
അവളുടെ കൈമുട്ടുകള്‍ മാറിലിടിച്ചപ്പോഴാണ് ഞാന്‍ പൂര്‍ണ്ണമായും ആ സന്ധ്യയിലേക്ക് മടങ്ങിയത്.

“സോറി ‘

അവള്‍ മെല്ലെ ഒന്നു മന്ദഹസിച്ചു.

ചുവന്നു വീര്‍ത്ത കണ്‍പീലികള്‍ ‍.
ഇടയ്ക്കിടെ ബാഗില്‍ തെരുപ്പിടിക്കുന്ന കൈകള്‍ .
കണ്ണടച്ച് സീറ്റിലേക്കു ചാഞ്ഞുള്ള ഇരിപ്പ്....
..എനിക്കവളെ എവിടെയോ അറിയാനായി..

പുറത്ത് ഇരുട്ട് പരന്നു തുടങ്ങി..
ഈ നേരത്ത് എങ്ങോട്ടവും ഇവള്‍ ‍..?
ബസ്സില്‍ സ്ത്രീകളായി ഞങ്ങള്‍ രണ്ടുപേരുമേ ഇപ്പോഴുള്ളൂ..

‘എങ്ങോട്ടാ..?’ ഞാന്‍ തിരക്കി.

അവള്‍ വിറയ്ക്കുന്ന ചൊടികളോടെ ഇടയിലുള്ള ഒരു ടൌണിന്റെ പേരു പറഞ്ഞു.

‘ അവ്ടെ?? ‘....അവളൊന്നും മിണ്ടിയില്ല.

“ന്താ മോളേ..സുഖമില്ലേ...? ഞാന്‍ മെല്ലെ അവളെയൊന്നു തൊട്ടു.

‘ഏയ്....’ എന്നിലേക്കു പാറിവീണ കണ്ണുകളില്‍ നനവ് പൊടിയാന്‍ തുടങ്ങി.

പെട്ടെന്ന് ഒരു തേങ്ങലോടെ അവളെന്റെ ചുമലിലേക്കു ചാഞ്ഞു..പിന്നെ പെയ്തു...

‘എന്താ കുട്ടീ...ന്തു പറ്റി?’

‘ഒന്നും ചോദിക്കല്ലേ...’

‘ഇല്ല..സാരമില്ല..’

ചേര്‍ത്തുപിടിച്ച കൈകളില്‍ വീഴുന്ന അവളുടെ കണ്ണീര്‍ത്തുള്ളികള്‍ എന്നെ പൊള്ളിച്ചു.
കിതപ്പുകള്‍ നേര്‍ത്തു നേര്‍ത്തില്ലാതെയായപ്പോള്‍ അവള്‍ മെല്ലെ നിവര്‍ന്നു.

‘ഇന്ന് ഒരു വല്ലാത്ത ദിവസമായിരുന്നു... ! ’

‘.......ഉം..’

‘മറ്റൊന്നും പറയാന്‍ വയ്യ...’

‘വേണ്ട..മനസ്സു കൈവിടാതിരിക്കൂ..’

മറ്റെന്തു പറയും ഇവളോട്?!
എവിടെയോ മുള പൊട്ടിയ വാത്സല്യത്തിന്റെ തണുപ്പില്‍
ഞാനാ തുടുത്ത കൈകളില്‍ വിരല്‍ കോര്‍ത്തു..

..പെയ്തിറങ്ങുന്ന മേഘം പൊലെ..

ഇറങ്ങിപ്പോകുന്ന അവളെ നോക്കി ഞാന്‍ മനസ്സിലോര്‍ത്തു.

പുറത്ത് ഇരുട്ട് പരക്കുന്നു.

ഇത്രയും വൈകാറില്ല.
പതിവില്ലാതെ വൈകിട്ട് ഒരു മീറ്റിംഗ്.
വണ്ടിയുമായി കാത്തിരിപ്പുണ്ട്.
ബസ്സില്‍ നിന്നിറങ്ങുമ്പോള്‍ത്തന്നെ ആ മുഖത്തെ പരിഭവം കണ്ടു.
മുഖത്ത് നോക്കാതെ വണ്ടിയില്‍ കയറി.
കാത്തിരിപ്പിന്റെ ദേഷ്യമോ..അതോ കുട്ടികളുമായി...?
വീടെത്തും വരെ മൌനം മുറിഞ്ഞില്ല.

ചിതറിക്കിടക്കുന്ന നോട്ടുബുക്കുകളിലൂടെ..
കലമ്പുന്ന പാത്രങ്ങളിലൂടെ...
നീന്തിക്കരയ്ക്കണഞ്ഞപ്പോള്‍ പാതിരാവായി..

നനഞ്ഞ മുടിയിഴകളുമായി അല്പമൊന്നിരുന്നപ്പോഴാണ്
ആ പുസ്തകം വീണ്ടും ഓര്‍ത്തത്..അവളെയും..

അവളുടെ ഡയറിയാണ്..!
ചില പേജുകളില്‍ മാത്രം ജീവിതമുള്ളവ.

" ഫെബ്:10
അച്ഛനു പിന്നെയും കൂടുതലായി..
ഷേവ് ചെയ്യാത്ത നരച്ച താടി രോമങ്ങളില്‍ അച്ഛന് ഒരു സന്ന്യാസിയുടെ തേജസ്സ്..
ആശുപത്രിയുടെ വെളുത്ത മിനുത്ത ചുമരുകള്‍ക്കുള്ളില്‍ എന്റെ സ്വപ്നങ്ങളിലെ നിറങ്ങള്‍ അലിഞ്ഞുചേര്‍ന്നു.
നെഞ്ചിടിപ്പിന്റെ പതിഞ്ഞ താളം...
ഏതു ശ്രുതിയിലാണ് ഈ താളം എന്നെ പണ്ട് ഉറക്കിയത്...?

മാര്‍ച്ച്:4

വെണ്‍ മേഘങ്ങള്‍ക്കിടയില്‍ ചന്ദ്രനെപ്പോലെ അച്ഛന്‍ ശാന്തനായുറങ്ങുന്നു.
ബോധാബോധങ്ങളുടെ നൂല്‍പ്പാലം കടന്നിക്കരെയെത്തുന്ന അപൂര്‍വ്വ നിമിഷങ്ങള്‍ .
എന്നെ തൊടുന്ന നോട്ടങ്ങള്‍ വായിച്ചെടുക്കുന്നില്ല.

അതാ അമ്മ..
അന്നത്തെ അതേ ചുവപ്പു സാരി..

എത്ര കൊതിച്ചിട്ടുണ്ട് പിന്നീട് ഒന്നു കാണാന്‍..
വന്നിട്ടില്ല........

പിന്നെന്തിനാണിപ്പോള്‍ ...

നോട്ടം അച്ഛനില്‍ മാത്രമാണ്..എന്നെ കാണുന്നതേയില്ല.
നീട്ടുന്ന ആ കയ്യില്‍ അച്ഛന്‍ തൊടുമോ?

പിന്നിലാരൊക്കെയോ ചേരുന്നുണ്ട്..
കുഞ്ഞിരാമന്മാഷ്,ജോര്‍ജ്ജേട്ടന്‍ ‍,അപ്പൂപ്പന്‍ ‍,...
പിന്നെയും എനിക്കു പേരറിയാത്ത ഒരുപാട് മുഖങ്ങള്‍ ..........
അവരൊരാള്‍ക്കൂട്ടം തന്നെയാകുന്നു..
ഇവരെല്ലാം എന്തിനിവിടെ..?

ഇല്ല.......ഞാന്‍ വിട്ടു തരില്ല.....!
ശോഷിച്ച ആ ദേഹത്തിനു മേല്‍ ഞാന്‍ കമിഴ്ന്നു വീണു.
ഏതൊരിടത്താണു ഇവരാരും കാണാതെ ഈ ദേഹം ഞാനൊന്നു സൂക്ഷിക്കേണ്ടത്...?!

ഏപ്രില്‍:15

ആരും കണിയൊരുക്കാനില്ലാത്തൊരു വിഷു...


..........


ജൂണ്‍:17

നിനക്കറിയില്ലേ വിളിച്ചാല്‍ ഞാന്‍ വരുമെന്ന്..!!!?

ഒക്ടോ:18

എത്രയോ വട്ടം സ്വപ്നത്തില്‍ കണ്ട ജനല്‍ വിരികള്‍..
മേഘപാളികള്‍ക്കിടയിലെന്നോണം നിന്നോടൊത്തുള്ള യാത്ര..
നിശ്ചലമായ നിമിഷങ്ങള് ‍....
പറഞ്ഞുതീരാത്ത സ്വപ്നങ്ങള്‍ നിനക്ക്...
കയറാന്‍ ബാക്കിയുള്ള പടവുകള്‍ ...

ഒരു ചുവടു പോലും എന്നോടോത്ത് ഇനി നിനക്ക് നടക്കാനുള്ളതായി നീ പറഞ്ഞില്ല....
..............

അമ്മ ഒന്ന് വന്നെങ്കില്‍ ..."


ഈ ദിവസം?!
നേരം പുലരാനിനി കുറച്ചു സമയം കൂടി...

3 comments:

  1. ഒറ്റ വാക്കില്‍ ഒരു വിലയിരുത്തല്‍ അസാധ്യം. വളരെ ചുരുക്കം വാക്കുകളിലൂടെ ഒരു ജീവിതം തന്നെ വരച്ചു കാണിച്ചിരിക്കുന്നു. മനസ്സിന്റെ വിങ്ങലുകള്‍ ഒരു സ്നേഹ സ്പര്‍ശനത്തില്‍ പെയ്തിറങ്ങുമ്പോള്‍ എന്ത് മാത്രം ആശ്വസ്സിച്ചിരിക്കണം ആ മനസ്സ്. ഒരു സാന്ത്വന വാക്ക് പോലും പറയാന്‍ ആരും ഇല്ലാതാവുന്ന അവസ്ഥ ..... അത് ഭയാനകം തന്നെ.

    പറഞ്ഞുതീരാത്ത സ്വപ്നങ്ങള്‍.........
    കയറാന്‍ ബാക്കിയുള്ള പടവുകള്‍ ........

    ഹൃദയസ്പര്‍ശിയായ വാക്കുകള്‍ ..............

    ("സുഗന്ധിക്ക്" എല്ലാ വിധ ഭാവുകങ്ങളും .)

    ReplyDelete
  2. നല്ല ഒരു രചന ...
    ഭാവുകങ്ങള്‍ ....

    ReplyDelete