Sunday, March 13, 2011

നിഴല്‍ക്കൂത്തുകള്‍

ചില ദിവസങ്ങളങ്ങനെയാണ്.  വിഷാദമേഘങ്ങള്‍ പെയ്യാതെ, തോരാതെ പ്രഭാതം മുഴുവന്‍ വിങ്ങിനില്‍ക്കും.  കാരണമന്വേഷിച്ചിട്ട്  കാര്യമില്ല.  ഓര്‍മ്മനൂല്‍ പിടിച്ച് പിറകോട്ട് പോയാല്‍  കുരുക്കിലാവും.  പലയിടങ്ങളും അഴിച്ചെടുക്കാനാവാതെ വിട്ടുകളയണം പിന്നെ.

ഇന്നിപ്പോ അതന്നെ അവസ്ഥ.  ക്ലിനിക്കിന്റെ  ഗെയ്റ്റ്  കടന്നപ്പോഴും തെളിഞ്ഞിട്ടില്ല.  പരിശോധനാ മുറിയില്‍ ചാഞ്ഞിരുന്ന് അല്പം കാറ്റിന്, വെളിച്ചത്തിന് പ്രാര്‍ത്ഥിച്ചു.  പിടിതരാതെ പലവഴി ഉരുളുന്ന പന്തുപോലെ  മനസ്സ്.  കണ്ണടച്ചിരുന്നതല്ലാതെ ഇരുട്ടോ വെളിച്ചമോ ഉണ്ടാകുന്നില്ല.


ഇന്നെന്തായിരുന്നു രാവിലെ..?  എന്തിനെന്നറിയാതെ ശാഠ്യം  കാട്ടിയ  മോളോ, സ്വയം മറന്നു  വാര്‍ത്തകളില്‍ മുഴുകിയ  അവള്‍ടച്ഛനോ?   അതോ, രാത്രിയില്‍ വന്ന അമ്മയുടെ കോളോ? വയസ്സേറെയായി  അച്ഛന്..  ഇപ്പോ കേള്‍വിയും കുറഞ്ഞിരിക്കുന്നു.  മറന്നിട്ടല്ല .  ഫോണിലും സംസാരിക്കാന്‍ പറ്റാതാവുമ്പോ അച്ഛനങ്ങനെ പലതും തോന്നുന്നുണ്ടാവും.  എന്നാല്‍  അമ്മയ്ക്കറിയരുതോ ഒരു വീട്ടിലെ തത്രപ്പാടുകള്‍ .!

‘ഗുഡ് മോര്‍ണിംഗ്  മാഡം...”

ഹൊ ! എവിടെ നിന്നോ തെറിച്ചുവീണ പോലെ...!  നിഷ ഹാഫ് ഡോര്‍   തുറന്ന് അകത്തു വന്നതാണ്.     ഒന്നു പതുക്കെ  സംസാരിക്കാന്‍  അവളോട്  എത്രയോ വട്ടം പറഞ്ഞിട്ടുണ്ട് ‍‍.    പൊടുന്നനെയുള്ള വിളികളില്‍  ഹൃദയമിടിപ്പു പോലും നിലച്ചതായി തോന്നും.  അല്ലെങ്കിലെന്തിനവളെ പറയണം! കൊക്കിനെപ്പോലെയിരുന്നു തപസ്സു ചെയ്യേണ്ട സ്ഥലമാണോ ഇത്?


“ഒരു പേഷ്യന്റ് വന്നിട്ടുണ്ട്.  അകത്തേക്കു വിടട്ടെ..?”

വേണമെന്നോ വേണ്ടെന്നോ വ്യക്തമാകാതെ ഞാന്‍ തലയാട്ടി.  ഉദ്യോഗസ്ഥദമ്പതിക‍ള്‍ .  ആര്‍ക്കാണ് രോഗമെന്നറിയാന്‍ പ്രയാസം.  മനോരോഗാശുപത്രികളുടെ പ്രത്യേകതയാണിത്.  പുറമേക്ക്  നല്ല  ആരോഗ്യമുള്ളവര്‍‍.  ഒറ്റ നോട്ടത്തിലൊന്നും തിരിച്ചറിയില്ല.

“ഡോക്ടര്‍ ,  ഞങ്ങളെ രക്ഷിക്കണം” പരുങ്ങല്‍  മറയ്ക്കാന്‍  ശ്രമിച്ച്  ഭര്‍ത്താവ് തന്നെ തുടങ്ങി.

“ഇവള്‍ .. ഇവള്‍ക്കെന്തു പറ്റീന്നറീല.  ഒന്നിലും ശ്രദ്ധയില്ല.  ഓര്‍മ്മ തന്നെ ഇല്ലാണ്ടായതു പോലെ.  ജോലിക്കു പോകാനാകാതെ കുറച്ചു ദിവസായി.." തുടരാനാവാതെ  ചുണ്ടുകള്‍  വിറച്ച്  അയാള്‍ എന്റെ നേരെ നോക്കി.

ഒരേ സമയം രണ്ടുപേരും രോഗികളാണെന്നും  കേടു വന്ന ഉപകരണം നല്‍കുന്ന അസ്വസ്ഥതയില്‍ ആണ് അയാളെന്നും എനിക്കു തോന്നി.

“ആദ്യൊക്കെ അശ്രദ്ധയാന്നേ തോന്നീള്ളു ഡോക്ടര്‍ ‍.  ചെയ്തോണ്ടിരിക്കുന്നത് അപ്പാടെ മറന്ന് മറ്റൊന്നിലെത്തും.  പതിവായി ഇവള്‍ ഓര്‍മ്മപ്പെടുത്താറുള്ളതൊക്കെ  ഇല്ലാണ്ടായി.  ഗ്യാസ് ബുക്കിംഗ്, ഫോണ്‍ ബില്ല്, ഇലക് ട്രിസിറ്റി ബില്ല്, കുട്ടികളുടെ ഫീസ്, ലോണ്‍ അടവുകള്‍  ഇവയൊന്നും  ഇവളുടെ ലോകത്തിപ്പോ ഇല്ല.   എന്റേം പിള്ളേര്‍ടേം   ഡ്രസ്സ് അയേണ്‍ ചെയ്യാനും അത് ഭംഗീല്‍  ഒതുക്കി വെക്കാനുമൊക്കെ ഇവള്‍ക്ക്  വല്യ ഇഷ്ടാര്‍ന്നു.  ഡ്രെസ്സൊക്കെ  ഓരോന്നായി കത്തിപ്പോവാന്‍  തുടങ്ങിയപ്പോ അത് നിര്‍ത്തി.  പിന്നെ അവള്‍ടെ  ഡ്രെസ്സ്  ഞാന്‍ അയേണ്‍ ചെയ്യുന്നത് നോക്കി ചിരിച്ചോണ്ട് അങ്ങനെ നിക്കും.  അടുപ്പത്തിരുന്നു കരിഞ്ഞുപോയ പാത്രങ്ങളിപ്പോ ഒരു കൂനയോളമായി..  അതൊക്കെ പോട്ടെന്നുവെക്കാം.., ഗ്യാസടുപ്പ് ഓഫ്  ചെയ്യാന്‍  മറക്ക്വ, ഓഫീസില്‍ പോകുമ്പോ വാതില്‍  അടക്കാതെ ‍പോവ്വ്വ , കുട്ടികളുടെ ബാഗില്‍ ടിഫിന്‍ വെക്കാന്‍  മറക്ക്വ..  ഇങ്ങനെ കാര്യങ്ങള്‍ അപകടമായിത്തുടങ്ങി.  ഇവള്‍ടെ  ആപ്പീസീന്നു  വരുന്ന  പരാതി കേക്കാനാവാത്തോണ്ട് ഫോണെടുക്കാന്‍  തന്നെ മടിയാ എനിക്കിപ്പൊ.  ചുട്ടു പൊള്ളുന്ന അയേണ്‍ ബോക്സില്‍ പിടിച്ച് കുഞ്ഞുമോളുടെ വലതു കൈ പൊള്ളിപ്പോയി..  ഒന്നും ഇവളറിഞ്ഞേയില്ല..  എനിക്ക്,  .. എനിക്കിപ്പൊ പേടിയാ ഡോക്ടര്‍   ഇവളെ  പുറത്തു വിടാനും  വീട്ടിനകത്തിരുത്താനും. രക്ഷിക്കണം..”


നല്ല കുടുംബത്തിലെ പെണ്ണ്.   ഇല്ലായ്മകളും  വല്ലായ്മകളും  പങ്കിട്ട് ജീവിതത്തിന്റെ  താഴ്വാരത്തെത്തിയവര്‍ . പാവം, അപ്പോഴേക്കും അവളുടെ  ഓര്‍മ്മച്ചിറകുകള്‍  മുറിഞ്ഞു പോയിരിക്കുന്നു.

വാരിച്ചുറ്റിയ സാരിയില്‍ മേഘത്തുണ്ടു പോലൊരു മനസ്സുമായിരിക്കുന്ന സ്ത്രീ രൂപം.  വിവശനായിപ്പോയ  ഭര്‍ ത്താവിനേയും എന്നെയും മാറിമാറി നോക്കുന്ന കണ്ണുകളില്‍  നിസ്സഹായത.  പുറം കാഴ്ചയിലെ ശാന്തത  അവളുടെ ഉള്ളിലെ  ഇരമ്പുന്ന കടലോളം കൊണ്ടുപോയി.  ഊണ്‍ മേശയോളം നീളുന്ന കൈവിരലുകളുള്ള, വിഭജിക്കപ്പെട്ട  ഇരുപത്തിനാലു മണിക്കൂറുകളുള്ള, ആള്‍ക്കൂട്ടങ്ങളിലെവിടെയോ സ്വയം നഷ്ടപ്പെട്ട,  എന്റെ തന്നെ പ്രതിബിംബം.  ഉള്ളില്‍ക്കിടന്നു ഊയലാടുന്ന ചില  ദൃശ്യങ്ങള്‍  തെളിമയോടെ മുന്നിലെത്തിയതുപോലെ.

നഗര വെളിച്ചത്തില്‍ പരസ്പരം കണ്ടുമുട്ടേണ്ടിവരുമ്പോള്‍  “നിനക്കൊന്നു വൃത്തീല്‍ നടന്നാലെന്താ “ എന്ന് ഇയാളും പറയുന്നുണ്ടാവും...  ഇവള്‍ക്കും വൈകുന്നേരങ്ങളില്‍ മേശമേലടച്ചുവച്ച  പലഹാരങ്ങള്‍  വിഴുങ്ങി ട്യൂഷന്‍ സെന്ററുകളിലേക്കോടുന്ന കുഞ്ഞുങ്ങളുണ്ടാവും...  ഇരുട്ടത്ത്  തിരിച്ചെത്തുമ്പോള്‍ അവരും "അമ്മയ്ക്ക് ഒരല്പം നേരത്തെ വന്നാലെന്താ.. “ എന്നു പരാതിപ്പെടുന്നുണ്ടാവും,  പ്രായമായ അച്ഛനമ്മമാരുടെ പിന്‍വിളികളുണ്ടാകും, ഓഫീസിലെ നൂറായിരം കുരുക്കുകളില്‍ കാല്‍തട്ടി വീഴുന്നുണ്ടാകും,  പറഞ്ഞറിയിക്കാനാവാത്ത അസ്വാസ്ഥ്യങ്ങളില്‍ സ്വകാര്യമായി മരണത്തെ വിളിക്കുന്നുണ്ടാകും, സ്വയം മറന്നിട്ടും പെണ്ണാണെന്നു പലരും ഓര്‍മ്മപ്പെടുത്തുന്നുണ്ടാകും...

ഇറങ്ങിച്ചെന്ന കണ്ണുകളുടെ ആഴങ്ങളില്‍  എനിക്ക് വഴി തെറ്റി.
ഇരുള്‍  മൂടിയ ഏതോ അറയില്‍ അയാളുടെ ശബ്ദം അപ്പോഴും പ്രതിദ്ധ്വനിച്ചു. 

പുതുമഴയത്ത് ഒഴുകാന്‍ ചാലു കണ്ടെത്തുന്ന മഴവള്ളപ്പാച്ചിലുകള്‍ പോലെ, ഇറക്കിവെക്കലിന്റെ  ആശ്വാസത്തില്‍ മേശമേല്‍  മുന്നോട്ടാഞ്ഞ്  ഞാനവളുടെ തണുത്ത കൈവിരല്‍  തൊട്ടു.  ആകാശവിരിക്കു കീഴില്‍  എന്റെ ഭാഷ മനസ്സിലാകുന്നവള്‍ ..  പതിഞ്ഞ ശബ്ദത്തില്‍  മിണ്ടിത്തുടങ്ങുമ്പോള്‍  ഞങ്ങളുടെ ഹൃദയമിടിപ്പുകള്‍ക്ക് ഒരേ താളമായിരുന്നു..



20 comments:

  1. ഒരവസ്ഥ ..പരസ്പരം തിരിച്ചറിഞ്ഞു ..പക്ഷെ അവള്‍ പരിഹരിക്കപ്പെടാവുന്ന ഒരു പ്രശ്നം ആണോ ? എങ്ങും എത്തീല്ലല്ലോ .....?

    ReplyDelete
  2. പുതുമഴയത്ത് ഒഴുകാന്‍ ചാലു കണ്ടെത്തുന്ന മഴവള്ളപ്പാച്ചിലുകള്‍ പോലെ, ഇറക്കിവെക്കലിന്റെ ആശ്വാസത്തില്‍ മേശമേല്‍ മുന്നോട്ടാഞ്ഞ് ഞാനവളുടെ തണുത്ത കൈവിരല്‍ തൊട്ടു. ആകാശവിരിക്കു കീഴില്‍ എന്റെ ഭാഷ മനസ്സിലാകുന്നവള്‍ .. പതിഞ്ഞ ശബ്ദത്തില്‍ മിണ്ടിത്തുടങ്ങുമ്പോള്‍ ഞങ്ങളുടെ ഹൃദയമിടിപ്പുകള്‍ക്ക് ഒരേ താളമായിരുന്നു......................................poortheekarikkaan iniyumere undennu thonunnuvenkilum parayaathe thanne poortheekaranam saadhyamaayirikkunnu good work,,

    ReplyDelete
  3. നന്നായി എഴുതി സുഗന്ധി മാഢം
    :-)

    ReplyDelete
  4. നന്നായിരിക്കുന്നു ഈ എഴുത്ത് ...
    തുടക്കം വളരെ ഇഷ്ട്ടമായി ............

    ReplyDelete
  5. ഒരു കഥപറയാൻ വന്നതാണന്നു തോന്നു .പിന്നെ എന്തേ നിന്നുപോയി...തലയുണ്ട് വാലില്ല

    ReplyDelete
  6. വായനക്കെത്തിയവര്‍ക്കെല്ലാം നന്ദി.
    @രമേശ്‌ അരൂര്‍: പരസ്പരമുള്ള തിരിച്ചറിവു തന്നെ ഇവരെപ്പോലുള്ളവര്‍ക്കു ധാരാളമാണ്.
    @ബൈജു,ഉപാസന,ബച്ചു,പ്രവാസം ഷാജി രഘുവരന്‍:വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും ഒരുപാട് നന്ദി.
    @ പാവപ്പെട്ടവന്‍: മനസ്സിലായില്ല..ഒരല്പം പരിഗണനയേ ഇവര്‍ക്കൊക്കെ വേണ്ടൂ..അതുകൊണ്ടു തന്ന് മറ്റൊരവസാനം തോന്നുന്നില്ല.

    ReplyDelete
  7. പെട്ടെന്ന് അവസാനിച്ചലോ? നന്നായിട്ടുണ്ട്, ആശംസകൾ!ഇനിയും എഴുതൂ...

    ReplyDelete
  8. പരിഗണനകള്‍ കൊടുത്തും പ്രതിബിംബം തിരിച്ചറിഞ്ഞും ഒരു പൊസിറ്റീവ് എനെര്‍ജി പ്രവഹിച്ചു.
    ഇഷ്ടപ്പെട്ടു.

    ReplyDelete
  9. തുടക്കത്തില്‍ ഒരു നീണ്ട കഥ വായിക്കുവാന്‍ പോകുകയാണ് എന്ന് തോന്നി. പക്ഷെ പറയാനുള്ളത് പറഞ്ഞ് സിന്ധു പെട്ടെന്ന് നിര്‍ത്തി.

    ഭാര്യയെ ജോലിക്ക് വിടരുത്. അല്ലെങ്കില്‍ ഭര്‍ത്താവ് ജോലിക്ക് പോകരുത് അതെയുള്ളു ഇതിന് പോവഴി. ആര് വേണം എന്ന് പരസ്പരം ആലോചിച്ച് തീരുമാനിക്കുക.

    ReplyDelete
  10. സുഗന്ധം പരത്തി ഒഴുകുന്ന വരികളിലൂടെ ഒരു സ്ത്രീ ജന്മം വരച്ചു കാട്ടിയല്ലോ സിന്ധൂ...അവസാനം, ഈ സമസ്യ പൂരിപ്പിക്കാന്‍ വായനക്കാരന് വിട്ടു കൊടുത്തത് വളരെ ഉചിതമായി...

    ReplyDelete
  11. 'ആകാശവിരിക്കു കീഴില്‍ എന്റെ ഭാഷ മനസ്സിലാകുന്നവള്‍',
    ചിന്തിപ്പിച്ചുകൊണ്ട് കഥ അവസാനിപ്പിച്ചത് നന്നായി.
    നല്ല കഥ. ആശംസകള്‍.

    ReplyDelete
  12. അവസാനമാണ് നന്നായത്. കഥ കുറച്ച് വായനക്കാർ ഊഹിക്കേണ്ടത് കൂടിയാണല്ലോ.

    ReplyDelete
  13. ഈ കഥാകാരിയുടെ, ഞാന്‍ വായിച്ചതില്‍ ഏറ്റവും മികച്ച രചന. തനതായ ഭാഷയും ശൈലിയും കഥാകാരി ആര്‍ജിച്ചിരിയ്ക്കുന്നു. മികച്ച ഒരു എഴുത്തുകാരിയുടെ വളര്‍ച്ചയിലെ ഒരു പടിയായി ഈ കഥയെ ഞാന്‍ അടയാളപ്പെടുത്തുന്നു. പലരും പറഞ്ഞപോലെ കഥയ്ക്ക് വാലില്ലാതായി തോന്നിയില്ല. കഥാകാരി പറയാനുദ്ദേശിച്ചത് പറഞ്ഞ് നിര്‍ത്തുന്നു. ബാക്കി വായനക്കാര്‍ക്ക് പൂരിപ്പിയ്ക്കാം. അതുതന്നെ കൈയടക്കത്തിന്റെ സാക്ഷ്യം.
    എല്ലാവിധ ആശംസകളും..! നല്ല രചനകള്‍ ഇനിയും വരട്ടെ..

    ReplyDelete
  14. കഥ ഇഷ്ടമായി. പരസ്പരം അറിയാൻ അതേ വേവ് ലെങ്തിൽ ഒരാളെക്കിട്ടിയ സന്തോഷം, അത് കഥയിൽ കിട്ടി.

    ReplyDelete
  15. ഇറങ്ങിച്ചെന്ന കണ്ണുകളുടെ ആഴങ്ങളില്‍ എനിക്ക് വഴി തെറ്റി.
    ഇരുള്‍ മൂടിയ ഏതോ അറയില്‍ അയാളുടെ ശബ്ദം അപ്പോഴും പ്രതിദ്ധ്വനിച്ചു......................

    ReplyDelete
  16. @ജ്യോതി:ഇവിടെ വരെ വന്നതിൽ നന്ദിയുണ്ട് കെട്ടോ...
    @റാംജി : തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്.
    @ജസ്റ്റിൻ:നന്ദി
    @കുഞ്ഞൂസ്:വായനയ്ക്കും കമന്റിനും നന്ദി.
    @സൈഫൽ,@കുമാരേട്ടൻ,@ബിജു,@ശ്രീ:,@ശ്രീകുമർകരിയാട്,@ചേച്ചിപ്പെണ്ണ്...........നന്ദി..

    ReplyDelete
  17. Pathinja sabdathil iniyum mindu sugandhi...

    ReplyDelete
  18. ആകാശവിരിക്കു കീഴില്‍ എന്റെ ഭാഷ മനസ്സിലാകുന്നവള്‍ .. പതിഞ്ഞ ശബ്ദത്തില്‍ മിണ്ടിത്തുടങ്ങുമ്പോള്‍ ഞങ്ങളുടെ ഹൃദയമിടിപ്പുകള്‍ക്ക് ഒരേ താളമായിരുന്നു..

    വളരെ ശരിയാണ്. പോസ്റ്റ്‌ ഇഷ്ടപെട്ടു.

    ReplyDelete