Thursday, February 23, 2012

പയ്യാവൂർ ഊട്ടുത്സവം ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌- ഒരു കൂട്ടുത്സവക്കാഴ്ച

പയ്യാവൂർഊട്ടുത്സവം പലതുകൊണ്ടും മറ്റ് ഉത്സവങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. നാടിന്റെ എല്ലാ അതിർത്തികളും ഭേദിച്ച് സ്നേഹത്തിന്റെയും ഒരുമയുടേയും വിസ്മയക്കാഴ്ചകളൊരുക്കുന്ന ഉത്സവം. ദേശഭാഷകളുടെ അതിരുകൾക്കപ്പുറം ഒരുമയുടെ കഥപറയുന്ന ആഘോഷം. കാർഷിക സംസ്കാരത്തിന്റെ പൊലിമ തുളുമ്പുന്ന ആചാരങ്ങൾ.വ്യത്യസ്ത ദേശങ്ങളുടേയും സംസ്കാരങ്ങളുടേയും സംഗമഭൂമിയായി ഒരു നാട് മാറുന്ന കാലം.
വില്ലാളി വീരനായ അർജുനൻ പരമശിവനിൽ നിന്നും പാശുപതാസ്‌ത്രലബ്‌ധിക്കായി ശിവനെ തപസ്സുചെയ്‌തു. ഏറെക്കാലം കഴിഞ്ഞപ്പോൾ ഭഗവാൻ ഭക്തനെ പരിക്ഷിക്കാൻ തീരുമാനിച്ചു. ശിവപാർവതിമാർ കിരാതവേഷമെടുത്തുവന്നു ഈ സമയം മുകാസുരൻ പന്നിയുടെ രൂപത്തിൽ തപസ്വിയായ അർജുനനുനേർക്കടുത്തു. കിരാതനും കിരീടിയും ഒരേസമയം പന്നിയെ അമ്പെയ്‌തു. സുരകവധത്തിന്‌ രണ്ടുപേരും അവകാശവാദമുന്നയിച്ചു. തർക്കംമൂത്ത്‌ പൊരിഞ്ഞ യുദ്ധമായി അസ്‌ത്രപ്രയോഗത്തിൽ കോപിഷ്‌ഠനായ കിരാതൻ തന്റെ വലതുകാൽകൊണ്ട്‌ അർജുനനെ പിറകോട്ട്‌ തോണ്ടിയെറിഞ്ഞു.അർജുനൻ വീണസ്ഥലം വെകാലൂരെന്നും കാലാന്തരത്തിൽ പയ്യാവൂരെന്നു പേരു വന്നു. ഇതാണ്‌ സ്ഥാലനാമ ഐതിഹ്യം.

പിൽക്കാലത്ത് അവിടെ നടത്തിപ്പോന്നിരുന്ന ഉത്സവം വറുതിയുടെ ഏതോ പൌരാണിക കാലത്ത് അവർക്ക് തങ്ങളുടെ ആരാധ്യദേവനായ പയ്യാവൂരപ്പനെ ഊട്ടാൻ നിവൃത്തികേടായി. അന്ന് രൂപമെടുത്ത ആശയമാണ് കുടകരുടെ അരിക്കാഴ്ച്ച മുതൽ ചൂളിയാടിന്റെ പഴക്കാഴ്ച്ച വരെ. മുറ തെറ്റാതെ ഇന്നത്തെ തലമുറയും അത് പാലിച്ചു പോരുന്നു എന്നത് ചെറിയ കാര്യമല്ല.

ശിവക്ഷേത്രത്തിലെ ഊട്ടുത്സവത്തിന് മുന്നോടിയായി ഊട്ടറിയിക്കാന്‍ കോമരത്തച്ചന്‍ കുടകിലേക്ക് പുറപ്പെടും. കുടകിലെ മുണ്ടയോടന്‍ ബഹുരിയന്‍ വീട്ടുകാരെ ഊട്ടറിയിച്ചതിനുശേഷം മടങ്ങും. ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന പ്രധാന ചടങ്ങുകളില്‍ ഒന്നാണിത്. കാട്ടിലൂടെ കാല്‍നടയായാണ് യാത്ര. കോമരത്തച്ചന്റെ ക്ഷണം സ്വീകരിച്ച് കാളപ്പുറത്ത് ഊട്ടിനുള്ള അരിയുമായി കുടകര്‍ പയ്യാവൂരിലെത്തും. കുടകരും മലയാളികളും ഒത്തൊരുമിച്ച് നടത്തുന്ന ഉത്സവമാണ് പയ്യാവൂര്‍ ശിവക്ഷേത്ര ഊട്ടുത്സവം . കുടകിലെ മുണ്ടയോടന്‍, ബഹൂരിയന്‍ തറവാട്ടുകാരുടെ നേതൃത്വത്തിൽഅതിര്‍ത്തിവനത്തിലൂടെ 40 കിലോമീറ്ററോളം സഞ്ചരിച്ചാണ് കുടകര്‍ കാളപ്പുറത്ത് അരി എത്തിക്കുന്നത് . ആചാരങ്ങളും അനുഷ്ഠാനങ്ങളും ജനനന്മയ്ക്ക് ഉപയോഗപ്പെടുമ്പോഴേ സാർത്ഥകമാകുന്നുള്ളു. മാത്സര്യബുദ്ധികളുടെ ഇക്കാലത്തും അന്യം നിന്നു പോകാതെ തലമുറകൾ ഏറ്റെടുത്തു നടത്തുന്ന ദേശങ്ങളുടെ ഒരുമയുടെ ഈ കൂട്ടുത്സവം ചരിത്രത്തിൽ വിരളമായേക്കാം.

കുംഭമാസത്തിന്റെ തിളയ്കുന്ന ചൂടിലേക്ക് നൂറുകണക്കിനാളുകൾ വെള്ളമുണ്ടുടുത്ത് , തോർത്ത് പുതച്ച് നഗ്നപാദരായി തങ്ങളുടെ കാഴ്ച്ചകൾ ദേവനു സമർപ്പിക്കാനായി എത്തിക്കുന്നു. അവിടെ ക്ഷേത്രസന്നിധിയിൽ ,പയ്യാറ്റുവയലിൽ ആനയും അമ്പാരിയുമായി ക്ഷേത്രം ഭാരവാഹികൾ,നാട്ടുകാർ,നെയ്യമൃതുകാർ എന്നിവർ ചേർന്ന് കാഴ്ചയെ വരവേൽക്കുന്നു.

പഴക്കം ചെന്ന ജനനന്മകളുൾക്കൊള്ളുന്ന ഒരു ഫോക് പാരമ്പര്യം ഇക്കഥകളിലുണ്ട്. എത് പ്രതിസന്ധികളേയും തരണം ചെയ്യാനാകുന്ന കർമ്മനിരതരായ ഒരു പൂർവ്വികപാരമ്പര്യം കൂടി ഈ ഉത്സവം നമ്മെ ഓർമ്മിപ്പിക്കും.

7 comments:

  1. എത് പ്രതിസന്ധികളേയും തരണം ചെയ്യാനാകുന്ന കർമ്മനിരതരായ ഒരു പൂർവ്വികപാരമ്പര്യം കൂടി ഈ ഉത്സവം നമ്മെ ഓർമ്മിപ്പിക്കും.

    പഴയ ആചാരങ്ങളില്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചാല്‍ ഇന്ന് ഉപേക്ഷിച്ചിരിക്കുന്ന പല കാര്യങ്ങളും അന്നത്തെ ഓരോ സംഭവങ്ങളിലും നമ്മള്‍ ഉള്പ്പെട്ടപ്പോള്‍ നാം അറിയാതെ നമുക്കത് ഗുണമായി ഭാവിച്ചിരുന്നു എന്ന് കാണാം.

    ReplyDelete
  2. ഉത്സവങ്ങളുടെ സമയത്ത് വ്യത്യസ്തമായ ഉത്സവങ്ങൾ...

    ReplyDelete
  3. നാടിനു ഭരണകൂടത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിരുകള്‍ നിശ്ചയിക്കപ്പെടാതിരുന്നപ്പോള്‍ തുടങ്ങിയ ആചാരങ്ങള്‍....

    നമ്മുടെ പൈതൃകമായി നിലനില്‍ക്കട്ടെ അവയെല്ലാം...

    ReplyDelete
  4. നാട്ടില്‍ ഉത്സവകാലമായി ല്ലേ... ഓരോ ഉത്സവങ്ങളുടെ പിന്നിലും ഇതുപോലെ ഓരോ കഥകള്‍ ... അറിയാക്കഥകളിലേക്കുള്ള ഈ വഴികാട്ടല്‍ നന്നായി ട്ടോ...

    ReplyDelete
  5. ഇവിടെ വന്നിരുന്നൂ വായിച്ച്,പുതിയ അറിവാണു ഇരിപ്പിടത്തിൽ കാണാം

    ReplyDelete
  6. ഓരോരോ ദേശത്ത് വ്യത്യസ്തങ്ങളായ ഉത്സവങ്ങളും,ഐതിഹ്യങ്ങളും.
    പരിചയപ്പെടുത്തിയത് നന്നായി.
    ആശംസകള്‍

    ReplyDelete
  7. utsava kaazhchakal manoharmayi...... blogil puthiya post. HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane......

    ReplyDelete