Tuesday, November 16, 2010

സമയതീരത്ത്

എന്തുകൊണ്ടിങ്ങനെ...

നീയതാലോചിച്ചിട്ടുണ്ടോ..?
ഒന്നും കരുതിയപോലെ അല്ല ! !
എന്നെങ്കിലുമൊരിക്കല്‍ കണ്ടുമുട്ടുമ്പോല്‍ നിന്‍റെ ഒരു നോക്കില്‍ വിടരുമെന്നു താലോലിച്ച പുളകത്തിന്‍ പൂക്കള്‍ ,
പൊയ്പ്പോയ ശിശിരത്തിനൊന്നും കൈമോശം വരാതെ കാത്തുവച്ച പരിഭവപത്രങ്ങള്‍ ‍...

നിന്‍റെ ഉള്ളിലും അങ്ങനെ ചിലതില്ലെ ..?!

എന്നിട്ടും ,
സമാഗമത്തിന്റെ നെഞ്ചിപ്പിടിപ്പുകള്‍ കവിളിലൊരു പൂക്കളം തീര്‍ത്തില്ല;
കണ്ണുകളിടഞ്ഞ് മിഴി ദൂരങ്ങള്‍ക്കിടയില്‍ നാണത്തിന്റെ ചെമ്പകങ്ങള്‍ പൂത്തില്ല.
കാഴ്ചകളില്‍ പണ്ടെന്ന പോലെ ശരീരം ഒരു വിറയലില്‍ ചാറ്റല്‍ മഴയിളിലകിയില്ല
മനസ്സിന്‍റെ കാണാചില്ലകളുലഞ്ഞില്ല; .

നീയും,

വിയര്‍പ്പണിഞ്ഞില്ല.

കണ്ണാലെന്നെയുഴിഞ്ഞില്ല.
നിശ്വാസങ്ങളാലെന്നെ പൊള്ളിച്ചില്ല.

ഉച്ച ,ഉച്ചിയില്‍ പതിവു വെയിലായിത്തന്നെ നിന്നു.
നിന്‍റെ ഒപ്പം എത്താന്‍ നടത്തത്തിന്റെ കൊടുമുടിയില്‍ ഞാന്‍ മാത്രം കിതച്ചു .

കരിമ്പാറക്കെട്ടുകളില്‍ പതം വന്ന കാലടികള്‍ നെയ്പ്പുല്ലിന്‍ നാമ്പുകള്‍ ഞെരിച്ചു..
മഞ്ഞപ്പുള്ളിയിട്ടൊരു തുമ്പിപ്പെണ്ണ് നിന്റെ , പിന്നെ എന്‍റെ കാതോരം വന്നു മടങ്ങി.

എന്നോടൊന്നും പറയാതെ ...

തണുത്തുറഞ്ഞ ഐസ്ക്രീമില്‍ മേശപകുത്തിരുന്ന് ,നമ്മള്‍ തെല്ലിട, രണ്ടു ശീത പാളികളായി നീണ്ട നിശ്വാസം പങ്കു വെച്ചു

എന്റെ മോന്റെ പനിയും നിന്റെ പെണ്ണിന്റെ ശാഠ്യവും മൌനത്തിന്റെ ഇടവേളകളില്‍ നമുക്ക് കൂട്ടായി
അലര്‍ജി ചികിത്സയില്‍ മിടുക്കനായ ഡോക്ടറുടെ വിലാസം എനിക്കും ,.
എന്റെ ഫോണ്‍ നമ്പര്‍ നിനക്കും ...

സംസാരിക്കുമ്പോളനങ്ങുന്ന നിന്റെ ഇടതു ചെന്നിയിലെ നീല ഞരമ്പിലേക്ക് അറിയാതുയര്‍ന്ന കൈ പലതായിപറന്ന മുടിയിഴകളൊതുക്കാനായി പറഞ്ഞയച്ച് ഞാനടക്കം കാട്ടി . ഐസ് പരലുകള്‍ വരിയിട്ട ചൊടികളിലേക്ക് നീങ്ങുന്ന
വിരല്‍ത്തുമ്പിനെ ചില്ലുപാത്രത്തിന്റെ മരവിപ്പിലേക്ക് നീയും..

ആ നേരങ്ങളില്‍ സത്യമായും ഞാനോര്‍ത്തത് ഫ്രിഡ്ജില്‍ വെക്കാന്‍ മറന്നുപോയ അരിമാവു
തന്നെയാണ്..ഇടക്കിടെ വിറച്ച ഫോണിനോട് നീ “ദാ ഇറങ്ങി “ എന്ന് ചിലമ്പിക്കൊണ്ടിരുന്നു..
എനിക്കോ നിനക്കോ തിടുക്കമേറെയെന്നു തിരക്കുന്ന നെടുവീര്‍പ്പുകള്‍ ‍....

തിരികെ ,
ഒരുമിച്ചുള്ള യാത്രയില്‍ ഓര്‍ക്കാന്‍ ,അലയാന്‍ ഒരുപാട് ഓര്‍മ്മകളുണ്ടായിരുന്നിട്ടും ഞാന്‍ തളര്‍ന്നുറങ്ങി.
നീയപ്പോ എന്തു ചെയ്തു? മുന്നില്‍ തുറന്നിരുന്ന മാഗസിനില്‍ ‍...?

അറിഞ്ഞിട്ടും തട്ടിയെറിഞ്ഞകന്ന്..
പതിമൂന്നു വര്‍ഷം...
ഒരിക്കല്‍‌പ്പോലും നീ എന്നെ ഓര്‍ത്തിരുന്നില്ലേ..?
മുനയൊടിഞ്ഞ ചോദ്യശരങ്ങള്‍ ആവനാഴിയില്‍ ഒതുങ്ങിക്കിടന്നു.
ട്രയിനിന്റെ താളത്തിനൊത്ത് പരസ്പരം അനങ്ങിയുരുമ്മി എന്നിട്ടും നമ്മളെന്താണ് കുലുക്കിയുണര്‍ത്താനാഞ്ഞത്?

കുടഞ്ഞെടുത്തിട്ടും പിടഞ്ഞകന്നത്?

മടക്കിപ്പിടിച്ച മാഗസിന്‍ കൊണ്ട് എന്നെ തട്ടിയുണര്‍ത്തി നീ പോകാനൊരുങ്ങി.

ഇനി രണ്ടു വഴി..

“ഇതു വച്ചോ...ഇതേ തരാനുള്ളു..”

ഒരു ഞൊടിയിലെപ്പോഴോ നിന്റെ കണ്‍കോണില്‍ കുസൃതി.
ചുരുട്ടിപ്പിടിച്ച ഒരു തുണ്ടു കടലാസ് എന്റെ നേര്‍ക്ക് നീട്ടി.

പിജി ക്ലാസ്സില്‍ നോട്ടിനുള്ളില്‍ തിരുകിയ കുറിമാനം ഞാനോര്‍ത്തു..

“പെണ്ണേ ..,എന്റെ വാരിയെല്ല് നിന്റട്ത്തുണ്ടോ..?”

ഓര്‍മ്മയിലിത്തവണ ഞാനൊന്നുലഞ്ഞു.സമ്മതിക്കുന്നു.
വിറയ്ക്കുന്ന വിരലുകള്‍ നിവര്‍ത്തുന്ന വെള്ളച്ചുരുള്‍..


നീ പൂരിപ്പിച്ചു..

“:ടിക്കറ്റ് ചെക്കിങ്ങിനു വരുമ്പോ കൊടുത്തേക്ക്....”

പതിവു പോലെ ,

നമ്മളിക്കുറിയും വാഗ്ദാനമൊന്നും നല്‍കിയില്ല.

Saturday, November 6, 2010

നൂല്‍പ്പാലം കടന്ന്..

ജനാലയ്ക്കപ്പുറം പെയ്യുന്ന ചാറ്റല്‍ മഴയെ തന്നിലെ വരള്‍ച്ചയിലേക്ക് ക്ഷണിച്ചു ഗായത്രി.
അസ്ഥികള്‍ നുറുങ്ങുന്ന വേദന.. വേവുന്ന ദേഹം..
കണ്ണു പൂട്ടി ഡോക്ടര്‍ പ്രിയംവദയുടെ വാക്കുകളുരുവിട്ടു.

“അബ് നോര്‍മ്മലാണെന്നു നടിച്ചോളൂ..അതാ കുട്ടിക്കു നല്ലത്..”

ഒരു സീരിയസ്സ് കേസ് അറ്റന്റ് ചെയ്ത് രാത്രി വൈകി വീട്ടിലെത്താനുള്ള തത്രപ്പാടിലായിരുന്നത്രേ ഡോക്ടര്‍ .വഴിയരികില്‍ ആരോ പറിച്ചെറിഞ്ഞ നിലയില്‍ കണ്ട യുവതി യാത്ര മുടക്കി.കാറിനുള്ളിലേക്ക് അവളെ വലിച്ചിട്ട് തിരികെ ഹോസ്പിറ്റലിലെത്തി.പ്രാഥമിക പരിശോധനയില്‍ തന്നെ കണ്ണില്‍‌പ്പെട്ട ചീന്തിയിട്ട മുറിപ്പാടുകള്‍ക്ക് നൂറു നാവുകളായിരുന്നു.മരണത്തിന്റെ തൂവല്‍ സ്പര്‍ശം കാത്തുനിന്നവളെ വീണ്ടും നോവുകളിലേക്ക് തിരിച്ചെത്തിച്ചതിന്റെ ക്ഷമാപണം.

നോര്‍മ്മലാണോ താന്‍ ‍?
നേര്‍ത്തൊരോളം പോലെ ഓര്‍മ്മകളുടെ ഊയലാട്ടം .
ഒന്നിനു പിന്നാലെ ഒന്നായി ചില ചിത്രങ്ങള്‍ ..
ചിലത് തെളിഞ്ഞ്..
ചിലതിന് ചലനങ്ങളുടെ , നിശ്വാസങ്ങളുടെ ചടുലതാളം..
ദൂരത്ത് ഒരിടത്ത് ഒരു പരിചിത മുഖം..
അടുത്തും അകന്നും...
കുറച്ചൊന്നു മിനക്കെട്ടാല്‍ തനിക്കീ ചിത്രങ്ങള്‍ നന്നായി എഡിറ്റ് ചെയ്തെടുക്കാനാവുമെന്നത് ഭാരമേറിയ ഒരറിവായി ഗായത്രിക്ക്..

“ടീവീലൊക്കെ ഇന്നു കുട്ടിയാ...”

മരുന്നുമായെത്തിയ വെള്ളയുടുപ്പിന്റെ ചിരിക്കോണില്‍ പരിഹാസം..
സുഖാന്വേഷികള്‍ ഡോക്ടറിന്റെ ഫോണും ചൂടാക്കുന്നുണ്ട്..

കുളക്കടവിന്റെ അവസാനത്തെ പടിയില്‍ ഒന്നു പടിഞ്ഞിരിക്കാന്‍ തോന്നി ഗായത്രിക്ക്..
ബാക്കിയെല്ലാം സ്വപ്നമായിരുന്നെന്നു പറയുന്ന ഒരു തിരിച്ചുപോക്ക്...

സൂപ്പര്‍മാര്‍ക്കറ്റും ബാറും റെസ്റ്റോറന്റും ലോഡ്ജുകളും നിറഞ്ഞ ആ പടുകൂറ്റന്‍ കെട്ടിടം സെമസ്റ്റര്‍ എക്സാം നാളുകളില്‍ കാണുന്ന ദു:സ്വപ്നങ്ങളിലൊന്നായിരുന്നെങ്കില്‍ .....

അല്ലെങ്കില്‍ ഇല്ലിക്കാടുകള്ക്കിടയിലൂടെ കുഞ്ഞാറ്റക്കിളിയുടെ കൂടന്വേഷിച്ചുള്ള പോക്കില്‍ എപ്പോഴും കിഴുക്കു തരുന്ന ചെക്കന്‍ പറഞ്ഞുതന്ന അതിശയ കഥകളിലൊന്ന്...

റൂം നമ്പര്‍ 310 ന്റെ വാതില്‍ക്കലെത്തിയപ്പോള്‍ തന്റെ ശ്വാസഗതി കൂടുന്നതായിത്തോന്നി ഡോക്ടര്‍ പ്രിയംവദയ്ക്ക്.കാര്യങ്ങളെന്നേ തന്റെ കൈവിട്ടിരിക്കുന്നു.310 ലെ പേഷ്യന്റ് ഇന്നൊരു പൊതുമുതലാണ്.അപ്പപ്പോഴുള്ള വിവരങ്ങളറിയാന്‍ ധാരാളം പേരുണ്ട്.വെളിയിലിരിക്കുന്ന തോരാത്ത കണ്ണുകളെ നേരിടാന്‍ വയ്യ.നിറങ്ങളെഴുതുന്ന കഥകളിലെവിടെയും തന്റെ കുട്ടിയെ കാണാനാവാതെ വിഹ്വലയായ ഒരമ്മ.പിണഞ്ഞഞരമ്പുകളുള്ള കാലുകള്ക്കു താങ്ങാനാകാത്ത ഭാരത്താല്‍ ഒരച്ഛന്‍ ‍..

“അവള്ക്കു വേണ്ടി സംസാരിച്ചാല്‍ കൂട്ടിക്കൊടുപ്പുകാരി ഡോക്ടറമ്മ തന്നെയാവും ..ഓര്‍ത്തോ”

അവസാനം വന്ന കോളും ആവര്‍ത്തിച്ചു.

“വയ്യാവേലി തലയില്‍ കേറ്റണ്ട..കുട്ടികളുടെ കാര്യം ഓര്‍മ്മ വേണം..”
സോക്സ് വലിച്ചു കയറ്റുന്നതിനിടെ പിറുപിറുപ്പ്..

“സുന്ദരിയായി വേണം പോകാന്‍..ഇതാ നിനക്ക് പാകമാവും ”

നീട്ടിയ പാക്കറ്റ് ഗായത്രി വലിച്ചുവാങ്ങി.ചുവന്നു കലങ്ങിയ ഒരു കണ്ണും അവള്‍ കണ്ടില്ല.

വണ്ടിയില്നിന്ന്ചാടിയിറങ്ങി.പുറത്ത്പുരുഷാരം.
കലോത്സവവേദിയിലേക്കെന്ന താളത്തില്‍ അവള്‍ നടന്നു.

“ഇനിയെന്തെങ്കിലും പറയാനുണ്ടോ?” മജിസ്ട്രേറ്റ് ആവര്‍ത്തിച്ചു.

അവള്‍ പെട്ടെന്ന് ഒരു കുട്ടിയായി.

“അയ്യേ...ഈ ഡ്രസ്സ് ഇങ്ങക്കൊട്ടും ചേരുന്നില്ല...അന്നത്തെ ആ വെളുത്ത ടീഷര്‍ട്ട് നല്ല ഭംഗീണ്ടാര്‍ന്നു ..“

ഒരു കള്ളച്ചിരിയോടെ അവള്‍ വിരല്‍ കടിച്ചു.

മജിസ്ട്രേറ്റ് വിയര്‍ത്തു.

പറഞ്ഞതൊന്നും മറന്നിട്ടില്ല.പ്രിയംവദ ഒന്നു നെടുവീര്‍പ്പിട്ടു.

“ഈ കുട്ടി പറയുന്നതെല്ലാം ശര്യന്നാവും.ഇയാളെപ്പറ്റി ഇന്നലേം ഞാനൊരു കഥ കേട്ടു.”

ഭര്‍ത്താവിന്റെ നാക്കിനെ ഡോക്ടര്‍ ദഹിപ്പിക്കുന്നൊരു നോട്ടത്താല്‍ ഒതുക്കി.

വിധിപറയല്‍ മാറ്റിവെച്ച സ്വാതന്ത്ര്യത്തിലേക്ക് അവളിറങ്ങി.

ചിതറിത്തെറിച്ചകലുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ തന്റെ നോട്ടത്തില്‍ നിന്നു വഴുതിമാറുന്ന രണ്ടു കണ്ണുകള്‍ ...
ആഴക്കടലിന്റെ ഏതു ചുഴിയില്‍ വച്ചാണ് ഈ വിരല്‍ത്തുമ്പ് ഊര്‍ന്നകന്നത്..
അവളൊരിക്കല്‍ക്കൂടി തിരിഞ്ഞു നോക്കി ..

വിജയ്..

കണ്ടെത്തലിന്റെ ആ നിമിഷത്തില്‍ അവള്‍ക്ക് പൊട്ടിച്ചിരിക്കാന്‍തോന്നി... ഉറക്കെയുറക്കെ...

Saturday, October 23, 2010

തുലാമഴ

‘ഇതെന്റെ ഓര്‍മ്മയ്ക്ക്..ഈ നിമിഷങ്ങളുടെ സ്നേഹത്തിന്..’

എന്റെ വലതു കയ്യില്‍ ഒരു പുസ്തകം ചേര്‍ത്തു വച്ച് ചുമലില്‍
തല ചായ്ച്ച് അവളിറങ്ങി..

നേര്‍ത്തൊരു മയക്കത്തിന്റെ നൂല്‍‌പ്പാലത്തിലേക്ക് ആടിയുലഞ്ഞ് വഴുതിയിറങ്ങുകയായിരുന്നു ഞാന്‍ ‍.
എവിടെയോ ഒന്നു തട്ടി വീണതു പോലെ !
കണ്‍പോളകള്‍ വലിച്ചെടുത്തപ്പോഴാണ് അരികിലവളെ കണ്ടത്.
ജീന്‍സിന്റെ പോക്കറ്റില്‍ നിന്നു കര്‍ച്ചീഫ് വലിച്ചെടുക്കാനായി അവള്‍ പകുതിയൊന്നനങ്ങി..
അവളുടെ കൈമുട്ടുകള്‍ മാറിലിടിച്ചപ്പോഴാണ് ഞാന്‍ പൂര്‍ണ്ണമായും ആ സന്ധ്യയിലേക്ക് മടങ്ങിയത്.

“സോറി ‘

അവള്‍ മെല്ലെ ഒന്നു മന്ദഹസിച്ചു.

ചുവന്നു വീര്‍ത്ത കണ്‍പീലികള്‍ ‍.
ഇടയ്ക്കിടെ ബാഗില്‍ തെരുപ്പിടിക്കുന്ന കൈകള്‍ .
കണ്ണടച്ച് സീറ്റിലേക്കു ചാഞ്ഞുള്ള ഇരിപ്പ്....
..എനിക്കവളെ എവിടെയോ അറിയാനായി..

പുറത്ത് ഇരുട്ട് പരന്നു തുടങ്ങി..
ഈ നേരത്ത് എങ്ങോട്ടവും ഇവള്‍ ‍..?
ബസ്സില്‍ സ്ത്രീകളായി ഞങ്ങള്‍ രണ്ടുപേരുമേ ഇപ്പോഴുള്ളൂ..

‘എങ്ങോട്ടാ..?’ ഞാന്‍ തിരക്കി.

അവള്‍ വിറയ്ക്കുന്ന ചൊടികളോടെ ഇടയിലുള്ള ഒരു ടൌണിന്റെ പേരു പറഞ്ഞു.

‘ അവ്ടെ?? ‘....അവളൊന്നും മിണ്ടിയില്ല.

“ന്താ മോളേ..സുഖമില്ലേ...? ഞാന്‍ മെല്ലെ അവളെയൊന്നു തൊട്ടു.

‘ഏയ്....’ എന്നിലേക്കു പാറിവീണ കണ്ണുകളില്‍ നനവ് പൊടിയാന്‍ തുടങ്ങി.

പെട്ടെന്ന് ഒരു തേങ്ങലോടെ അവളെന്റെ ചുമലിലേക്കു ചാഞ്ഞു..പിന്നെ പെയ്തു...

‘എന്താ കുട്ടീ...ന്തു പറ്റി?’

‘ഒന്നും ചോദിക്കല്ലേ...’

‘ഇല്ല..സാരമില്ല..’

ചേര്‍ത്തുപിടിച്ച കൈകളില്‍ വീഴുന്ന അവളുടെ കണ്ണീര്‍ത്തുള്ളികള്‍ എന്നെ പൊള്ളിച്ചു.
കിതപ്പുകള്‍ നേര്‍ത്തു നേര്‍ത്തില്ലാതെയായപ്പോള്‍ അവള്‍ മെല്ലെ നിവര്‍ന്നു.

‘ഇന്ന് ഒരു വല്ലാത്ത ദിവസമായിരുന്നു... ! ’

‘.......ഉം..’

‘മറ്റൊന്നും പറയാന്‍ വയ്യ...’

‘വേണ്ട..മനസ്സു കൈവിടാതിരിക്കൂ..’

മറ്റെന്തു പറയും ഇവളോട്?!
എവിടെയോ മുള പൊട്ടിയ വാത്സല്യത്തിന്റെ തണുപ്പില്‍
ഞാനാ തുടുത്ത കൈകളില്‍ വിരല്‍ കോര്‍ത്തു..

..പെയ്തിറങ്ങുന്ന മേഘം പൊലെ..

ഇറങ്ങിപ്പോകുന്ന അവളെ നോക്കി ഞാന്‍ മനസ്സിലോര്‍ത്തു.

പുറത്ത് ഇരുട്ട് പരക്കുന്നു.

ഇത്രയും വൈകാറില്ല.
പതിവില്ലാതെ വൈകിട്ട് ഒരു മീറ്റിംഗ്.
വണ്ടിയുമായി കാത്തിരിപ്പുണ്ട്.
ബസ്സില്‍ നിന്നിറങ്ങുമ്പോള്‍ത്തന്നെ ആ മുഖത്തെ പരിഭവം കണ്ടു.
മുഖത്ത് നോക്കാതെ വണ്ടിയില്‍ കയറി.
കാത്തിരിപ്പിന്റെ ദേഷ്യമോ..അതോ കുട്ടികളുമായി...?
വീടെത്തും വരെ മൌനം മുറിഞ്ഞില്ല.

ചിതറിക്കിടക്കുന്ന നോട്ടുബുക്കുകളിലൂടെ..
കലമ്പുന്ന പാത്രങ്ങളിലൂടെ...
നീന്തിക്കരയ്ക്കണഞ്ഞപ്പോള്‍ പാതിരാവായി..

നനഞ്ഞ മുടിയിഴകളുമായി അല്പമൊന്നിരുന്നപ്പോഴാണ്
ആ പുസ്തകം വീണ്ടും ഓര്‍ത്തത്..അവളെയും..

അവളുടെ ഡയറിയാണ്..!
ചില പേജുകളില്‍ മാത്രം ജീവിതമുള്ളവ.

" ഫെബ്:10
അച്ഛനു പിന്നെയും കൂടുതലായി..
ഷേവ് ചെയ്യാത്ത നരച്ച താടി രോമങ്ങളില്‍ അച്ഛന് ഒരു സന്ന്യാസിയുടെ തേജസ്സ്..
ആശുപത്രിയുടെ വെളുത്ത മിനുത്ത ചുമരുകള്‍ക്കുള്ളില്‍ എന്റെ സ്വപ്നങ്ങളിലെ നിറങ്ങള്‍ അലിഞ്ഞുചേര്‍ന്നു.
നെഞ്ചിടിപ്പിന്റെ പതിഞ്ഞ താളം...
ഏതു ശ്രുതിയിലാണ് ഈ താളം എന്നെ പണ്ട് ഉറക്കിയത്...?

മാര്‍ച്ച്:4

വെണ്‍ മേഘങ്ങള്‍ക്കിടയില്‍ ചന്ദ്രനെപ്പോലെ അച്ഛന്‍ ശാന്തനായുറങ്ങുന്നു.
ബോധാബോധങ്ങളുടെ നൂല്‍പ്പാലം കടന്നിക്കരെയെത്തുന്ന അപൂര്‍വ്വ നിമിഷങ്ങള്‍ .
എന്നെ തൊടുന്ന നോട്ടങ്ങള്‍ വായിച്ചെടുക്കുന്നില്ല.

അതാ അമ്മ..
അന്നത്തെ അതേ ചുവപ്പു സാരി..

എത്ര കൊതിച്ചിട്ടുണ്ട് പിന്നീട് ഒന്നു കാണാന്‍..
വന്നിട്ടില്ല........

പിന്നെന്തിനാണിപ്പോള്‍ ...

നോട്ടം അച്ഛനില്‍ മാത്രമാണ്..എന്നെ കാണുന്നതേയില്ല.
നീട്ടുന്ന ആ കയ്യില്‍ അച്ഛന്‍ തൊടുമോ?

പിന്നിലാരൊക്കെയോ ചേരുന്നുണ്ട്..
കുഞ്ഞിരാമന്മാഷ്,ജോര്‍ജ്ജേട്ടന്‍ ‍,അപ്പൂപ്പന്‍ ‍,...
പിന്നെയും എനിക്കു പേരറിയാത്ത ഒരുപാട് മുഖങ്ങള്‍ ..........
അവരൊരാള്‍ക്കൂട്ടം തന്നെയാകുന്നു..
ഇവരെല്ലാം എന്തിനിവിടെ..?

ഇല്ല.......ഞാന്‍ വിട്ടു തരില്ല.....!
ശോഷിച്ച ആ ദേഹത്തിനു മേല്‍ ഞാന്‍ കമിഴ്ന്നു വീണു.
ഏതൊരിടത്താണു ഇവരാരും കാണാതെ ഈ ദേഹം ഞാനൊന്നു സൂക്ഷിക്കേണ്ടത്...?!

ഏപ്രില്‍:15

ആരും കണിയൊരുക്കാനില്ലാത്തൊരു വിഷു...


..........


ജൂണ്‍:17

നിനക്കറിയില്ലേ വിളിച്ചാല്‍ ഞാന്‍ വരുമെന്ന്..!!!?

ഒക്ടോ:18

എത്രയോ വട്ടം സ്വപ്നത്തില്‍ കണ്ട ജനല്‍ വിരികള്‍..
മേഘപാളികള്‍ക്കിടയിലെന്നോണം നിന്നോടൊത്തുള്ള യാത്ര..
നിശ്ചലമായ നിമിഷങ്ങള് ‍....
പറഞ്ഞുതീരാത്ത സ്വപ്നങ്ങള്‍ നിനക്ക്...
കയറാന്‍ ബാക്കിയുള്ള പടവുകള്‍ ...

ഒരു ചുവടു പോലും എന്നോടോത്ത് ഇനി നിനക്ക് നടക്കാനുള്ളതായി നീ പറഞ്ഞില്ല....
..............

അമ്മ ഒന്ന് വന്നെങ്കില്‍ ..."


ഈ ദിവസം?!
നേരം പുലരാനിനി കുറച്ചു സമയം കൂടി...

Friday, October 8, 2010

തമസോമാ...

അങ്ങനെയൊരുനാള്‍ വെറുതേ തോന്നുകയായിരുന്നു മാറാലകള്‍ തുടച്ചുമാറ്റാന്‍ ....അവള്‍ക്കെന്തും അങ്ങനെയാണ്.
മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച് ഒന്നും ചെയ്യാനാകില്ല.ഒരോന്നങ്ങു തോന്നും.. പിന്നെ ഉടനെ അത് ചെയ്യണം.
ചുരുണ്ടുനീണ്ട മുടിയിഴകളില്‍ കുരുക്കുകള്‍ വീണപ്പോള്‍ അങ്ങനെയൊരു തോന്നലിലായിരുന്നു അത് മുറിച്ചെറിഞ്ഞത്..
ക്ലാവു പിടിച്ച , നിറം മങ്ങിയ ഓര്‍മ്മച്ചിത്രങ്ങളാണ് ഇപ്പോള്‍ ഈ ചിന്ത കൊണ്ടുവന്നത്..ഞരമ്പുകളിലൂടെ വിവരമറിഞ്ഞ് നിവരാനാകാതെ ഉള്ളില്‍ ഞെരിഞ്ഞിരിക്കുകയായിരുന്ന പലരുമൊന്നനങ്ങി.

അഴിഞ്ഞുലഞ്ഞ മുടിയൊതുക്കി ഇളകി വീഴാതെ വരിഞ്ഞുകെട്ടി.
എല്ലാ ജനാലകളും വെളിച്ചത്തിനായി തുറന്നിട്ടു..
അവളുടെ ഉള്‍ച്ചുമരുകള്‍ പുതിയൊരുണര്‍വ്വില്‍ ഒന്നു തെളിഞ്ഞു.
വെളിച്ചം കണ്ണിലടിച്ച് ഈര്‍ഷ്യയോടെ മുഖം തിരിച്ചവര്‍ക്കു നേരെ
കണ്ണാടികള്‍ കുസൃതിയോടെ പ്രതിബിംബങ്ങള്‍ കാട്ടി..
സ്വപ്നങ്ങളുടെ പുല്‍നാമ്പുകള്‍ വിശ്വാസം വരാതെ കണ്ണിറുക്കി നോക്കി.
പഴകിയ പൊടികളുമായി ഒരേറ്റുമുട്ടല്‍ വേണ്ടിവരും.

എത്രയോ ആവര്‍ത്തി വിരലുകളും കണ്ണുകളും ഉഴിഞ്ഞെടുത്ത അക്ഷരക്കൂട്ടങ്ങള്‍ പുറം ചട്ടയ്ക്ക് വെളിയിലേക്ക് ചാടിവരാനാഞ്ഞു.
വേണ്ട ! കരുതലോടെ ഉള്ളിലേക്ക് തിരുകി.
പൊടികള്‍ ..ഓര്‍മ്മച്ചീളുകള്‍ ..
ഊതിയകറ്റുമ്പോള്‍ കണ്ണിലിറങ്ങുന്ന നോവ്..

“പുസ്തകോം തുറന്നു കിനാവു കണ്ടോ...മഴ വെരുന്ന്ണ്ട്..
അയലീന്ന് തുണിയെട്ത്ത് അകത്ത് വെക്ക്..“

വര്‍ഷങ്ങളുടെ ചുവരുകള്‍ക്കപ്പുറത്ത് നിന്നു അമ്മയാണ് ഓര്‍മ്മിപ്പിക്കുന്നത്..
അക്ഷരങ്ങള്‍ വരച്ചുകൊടുത്ത അവളുടെ കൌമാര സങ്കല്പങ്ങള്‍ ..
വിന്ധ്യന്റെ വിസ്താരമിയന്ന ശാദ്വലവനികളില്‍ മണ്ഡോദരിയോടൊപ്പം ഒരു
യാത്രയുടെ സ്വപ്നത്തിലായിരുന്നു രാവണന്‍ ‍..
വംശോദ്ധാരകനായ , വീരനായ , പുരുഷനായ രാവണന്‍
പ്രേയസിക്കു മുന്നില്‍ മൃദുലഭാവങ്ങളിലൂടെ പ്രൌഢി നേടുന്നതു കണ്ട് അവളും തരളിതയായി..

വിശാലമായ സ്വീകരണ മുറി..
പുസ്തകങ്ങള്‍ നിറഞ്ഞ ഷെല്‍ഫുകള്‍ ..
ഈ മുറിക്കു മാത്രമുള്ള പ്രത്യേകതയാണിത്..
പല കള്ളികളുള്ളത്..
ഒന്നിരുന്നാല്‍ തന്നെ കണ്ണില്‍‌പ്പെടുന്ന ചില്ലലമാര.
പതിച്ചുകിട്ടിയ കൊച്ചുകള്ളികളില്‍ സാമ്രാജ്യമൊതുക്കുന്ന ചക്രവര്‍ത്തിമാര്‍,

“നീയാ ജനലടക്ക്..”

വെളിച്ചം കണ്ണില്‍ കുത്തിയെന്ന് ചിലമ്പി തിരിഞ്ഞു കിടക്കുന്ന അച്ചമ്മ.
അടുത്തേക്കു ചെന്ന് തന്നിലേക്ക് നീളുന്ന ആ ഉണങ്ങിയ കൈകളില്‍ അവള്‍ കൈ ചേര്‍ത്തു.
പ്രായം ബലപ്പെടുത്തിയ ആ എല്ലിന്‍ കഷണത്തിനു തലമുറകളുടെ തണുപ്പ്…

ഹാന്‍ഡില്‍ തിരിച്ച് അവള്‍ അടുത്ത മുറി തുറന്നു.
അയാള്‍ ഇറങ്ങിയിട്ട് അധിക നേരം ആയിട്ടില്ല..
ഇപ്പോഴും പരക്കുന്ന ബ്ലൂമാന്റെ ഗന്ധം ..
നക്ഷത്രാലം‌കൃതമായ നീലാകാശവിരിക്കുമേല്‍ മേശപ്പുറം ശൂന്യമായിരുന്നു.
ലാപ് ടോപ് ഒഴിച്ചിട്ട ഇടത്തെ അവളൊന്നു നോക്കി.
വൈകിട്ട് നവോഡയെ തല്‍‌പ്പത്തിലിരുത്തുന്ന ഭാവത്തോടെ അവിടെ കുടിയിരുത്തപ്പെട്ടുകഴിഞ്ഞാല്‍ അവള്‍ക്ക് അപരിചിതമായ ഏതോ ലോകത്തേക്ക് യന്ത്രവിരലില്‍ വിരല്‍ത്തുമ്പു കോര്‍ത്ത് അയാള്‍ യാത്രയാവും.സ്വിച്ച് ഓണ്‍ ചെയ്യുന്നതു വരെ മാത്രമാണ് അയാള്‍ ചലനമുള്ള ഒരു മനുഷ്യനാവുന്നത്..തെളിഞ്ഞു വരുന്ന ജനാലകള്‍ ഒരോന്നായി തുറന്നു തുറന്ന്...പച്ചവെളിച്ചങ്ങളിലൂടെ അയാള്‍ ഊളിയിട്ടിറങ്ങും.ശേഷിക്കുന്ന പ്രജ്ഞയില്ലാത്ത രൂപത്തിനു കാവലാളായി അവളുറങ്ങാതിരിക്കും.

പരസ്പരം സംസാരിക്കാത്തതിനാല്‍ അയാളുടെ കണ്ണുകളെ അവളിപ്പോള്‍ കാണാറില്ല.ഇടതിങ്ങിയ കണ്‍പീലികളുള്ള കാന്തശക്തിയുള്ള കണ്ണുകള്‍ ..
അതിലൂടെ അയാളുടെ മനസ്സിലേക്കെത്താനുള്ള വഴിയും അവള്‍ മറന്നിരിക്കുന്നു.ചുമരലമാരയിലെ ഫോട്ടോ എടുത്ത് ഇപ്പോഴും അതില്‍ ഇപ്പോഴും അഗ്നി ശേഷിക്കുന്നുണ്ടോ എന്നു നോക്കി...വിരലുകൊണ്ടൊന്ന് തുടച്ചപ്പോള്‍ ചിതറിപ്പോയ തന്റെ മുഖം കണ്ട് അവള്‍ അവിടെ നിന്നിറങ്ങി.

ഊരിയെറിഞ്ഞ വസ്ത്രങ്ങള്‍ ചിതറിക്കിടക്കുന്ന മോന്റെ മുറി.
അവന്റെ വളര്‍ച്ച ചുമരിലൂടെ അവളറിഞ്ഞു.
ചുമരില്‍ തൂക്കിനിറച്ച അര്‍ദ്ധനഗ്നരൂപങ്ങള്‍ .
അവള്‍ അവിടെ പറിച്ചുമാറ്റിയ മിക്കിമൌസിന്റെ അവശിഷ്ടം തേടി..
കട്ടിലില്‍ അലസമായിട്ട മൊബൈല്‍ ചാര്‍ജറുകള്‍ ‍..
പുത്തന്‍ സൌഹൃദങ്ങള്‍ ചവിട്ടിക്കേറി പുതുമകള്‍ തേടനുള്ള അവന്റെ വ്യഗ്രതകള്‍ ..
കട്ടിലിനടിയില്‍ നിന്ന് പഴയ കീബോര്‍ഡ് വലിച്ചെടുത്തു അതിന്റെ നെഞ്ചില്‍
പതിയെ ഒന്നു തലോടി.
അവനതു വായിക്കുന്നതു കാണുമ്പോള്‍ ഉള്ളില്‍ ചുരന്നു വരുന്ന പാലില്‍ ഒരിക്കല്‍കൂടി
അവനെയൊന്നു അലിയിച്ചെടുക്കാനായെങ്കില്‍ ‍..
കട്ടിലില്‍ നിരന്നു കിടക്കുന്ന ടീഷര്‍ട്ടുകള്‍ ഷെല്‍ഫിലേക്ക് തള്ളുമ്പോള്‍ താഴേക്കുരുണ്ടു വീണ കുഞ്ഞു സ്വെറ്റര്‍.
ഇളം മേനിയുടെ ഗന്ധം പഴകിപ്പൊടിഞ്ഞ് മൂക്കിലടിച്ചുകേറി..
പത്തുമാസം ഉള്ളിലെടുത്തിട്ടും തന്റേതായതൊന്നും അവനിലേക്ക് പകരാനാവാഞ്ഞ ഗര്‍ഭപാത്രത്തെയോര്‍ത്ത്
അവള്‍ക്ക് ലജ്ജ തോന്നി.

തുറക്കാനിനിയുമെത്ര വാതിലുകള്‍ ‍.!

ഉപയോഗിക്കാത്തതിനാല്‍ തുറക്കാന്‍ പണിയുണ്ടിതിന്..
ഒന്നു തൊട്ടപ്പോള്‍ തട്ടിന്‍പുറത്തു നിന്ന് തലയിലേക്ക് ഉരുണ്ടുവീഴുന്ന ഭാണ്ഡങ്ങള്‍ ..
അതില്‍നിന്നു ചിതറിക്കലമ്പുന്ന ഒറ്റച്ചിലങ്ക..
ചിലന്തികള്‍ കൂടു കെട്ടിയ അരികുകള്‍ ‍..
തുടച്ചെടുത്തപ്പോള്‍ അടര്‍ന്നുപോവുന്ന വര്‍ണ്ണങ്ങള്‍ ‍..ചോര പൊടിയുന്ന ഭിത്തികള്‍ ..

വലക്കെട്ടുകളുടെ കവചം പൊളിയാതിരിക്കട്ടെ..

പഴകിയ ആല്‍ബങ്ങളുടെ ഇടയില്‍ അമര്‍ന്നൊതുങ്ങിയ കാര്‍വര്‍ണ്ണരൂപം കണ്ട് ചിരിക്കാനാണ് അവള്‍ക്ക് ആദ്യം തോന്നിയത്.
തന്നെപ്പോലെ തന്നെ ഈ വീട്ടിലൊരിടം കിട്ടാതെ പോയ ആത്മാവ്..
എന്നിട്ടും വിടാത്ത കുറുമ്പ് ചുണ്ടില്‍..
കൈനീട്ടിയെടുത്ത് വലക്കെട്ടുകളഴിച്ചു.
കഴുത്തിലെ മാലയില്‍ കോര്‍ത്തിട്ട സേഫ്റ്റിപ്പിന്നെടുത്ത് ഓടക്കുഴലില്‍ ദ്വാരമിട്ടു.
പീലി തുടച്ച് , വനമാല തിളക്കി ആ നീണ്ട നയനങ്ങളില്‍ തന്നെത്തന്നെ ഒളിപ്പിച്ചു.
പിടിവിടാനാവാതെ ആ രൂപത്തെ അവള്‍ നെഞ്ചോടു ചേര്‍ത്തു.

നെഞ്ചിടിപ്പിന്റെ ആവേഗം.
നീലവിരിയിക്കുമേല്‍ നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയില്‍ അവളാ രൂപം ചേര്‍ത്തു.
കണ്ണെത്തും ദൂരത്ത്... കയ്യെത്തും ദൂരത്ത്...

തുറക്കാനിനിയുമേറെ വാതിലുകള്‍ ...

Thursday, September 23, 2010

എഴുതാപ്പുറങ്ങള്‍ ...

ചീറിയടിക്കുന്ന കുളിര്‍ കാറ്റ് ഉള്‍ചില്ലകള്‍ പോലും ഉലയ്ക്കുന്നു.
ബസ്സിനു വെളിയില്‍ ഇലച്ചാര്‍ത്തുകളുടെ ആര്‍ദ്രത.
അരയ്ക്കു താഴെ നനഞ്ഞൊട്ടിയ വസ്ത്രങ്ങളോടെ കമ്പിയില്‍ തൂങ്ങിയാടുന്ന മത്സ്യകന്യകമാര്‍ ‍..

  പുതിയ ബാച്ചിന്റെ ആരംഭം.മഴവില്ലു തീര്‍ത്ത് ഒഴുകുന്ന കണങ്കാലുകള്‍ ‍....
"കേരളത്തിലെ ഡിഗ്രികോളേജുകളെല്ലാം സമീപഭാവിയില്‍ വനിതാകോളേജുകളായി മാറും"
എന്ന  പ്രസ്താവന മനസ്സിന്റെ ചുമരില്‍തൂക്കി ക്ലാസ്സില്‍ കയറി...
ക്ലാസ് റൂമിലെത്തിയപ്പോള്‍ പെണ്‍പടയ്ക്കിടയില്‍ പതുങ്ങിയിരിക്കുന്ന അഞ്ചാറ് ആമ്പിള്ളേര്‍..
ഉള്ളിലുണര്‍ന്ന കൌതുകം ചുണ്ടിലെത്തും മുന്‍പേ നുള്ളിയൊടിച്ചു.

   അപരിചിതത്വത്തിന്റെ മഞ്ഞുരുകാത്ത ക്ലാസ്സിലേക്ക് വൈകലിന്റെ പരുങ്ങലോടെയാണ് അന്നും അവനെത്തിയത്.
കൂട്ടത്തില്‍ ചേര്‍ന്നപ്പോള്‍ ആ ശരീരം വേറിട്ടു നിന്നു.ദൃഡമായ, പൊക്കമുള്ള്ല രൂപം.
നീണ്ട കൈകാലുകള്‍..ഇവന്‍ ഗ്രൌണ്ടില്‍ കസറും! ഞാനെന്തിനോ അങ്ങനെ ചിന്തിച്ചു.

   എന്നും വൈകി മാത്രം എത്തുന്ന അവനുമായി എത്രയോ വട്ടം പിന്നീട് കോര്‍ത്തു.
ട്യൂട്ടറുടെ അധികാരം കാട്ടാനുള്ള  കൂടിക്കാഴ്ചകള്‍!
അവന്‍ മുന്നില്‍ വിനീതനാവുമ്പോള്‍ മാത്രം തൃപ്തി നേടുന്ന അദ്ധ്യാപിക.

     സംവാദങ്ങള്‍ സജീവമാകുന്ന ക്ലാസ്സിലെ അപൂര്‍വ്വാവസരങ്ങളില്‍   അവന്‍  മറ്റൊരാളാണ്.
മാധ്യമങ്ങള്‍ സ്ത്രീയെ ഉപഭോഗ വസ്തുവാക്കിയെന്ന നീനയുടെ വാദം അവനെ തെല്ലൊന്നുമല്ല അരിശം കൊള്ളിച്ചത്.

“ഇവളുമാരെന്തിനാ നിന്ന്  കൊടുക്ക്ന്നേ..സോപ്പ് പതയ്ന്നത് മേത്താന്ന് മനസ്സിലാവ്ന്നില്ലേ..“

വായാടിയായ നീന പോലും ചൂളിപ്പോയി.

“അറിഞ്ഞൂടായ്റ്റാണെങ്കില്‍  ക്ഷമിക്കാം, ഇത് കാശിന് വേണ്ട്യന്നാ..ന്നിട്ട് ചാരിത്ര്യപ്രസംഗോം.“ അവന്‍ അടിവരയിടും.

“സന്ധ്യയാല്‍  വീട്ട്ക്കേറാനാവൂല്ല..സീരിയല്‍   സുന്ദരിമാര്‍ടെ മൂക്കു ചീറ്റല്‍..”

“നീ പറ ! മറ്റെന്ത് റിലാക്സേഷന്‍ കൊടുക്കും നമ്മുടെ അമ്മമാര്‍ക്ക് ആ സമയത്ത് ? പുലരും മുന്‍പേ തുടങ്ങിയ
പണിയൊതുങ്ങി , ഒരല്പം നടു നീര്‍ക്കുമ്പോള്‍ അതെങ്കില്‍ അത് ..അവരൊന്നു കണ്ടോട്ടെ..ആ സമയത്ത് അവരോട്
ഇന്റലക്ച്വല്‍ തിങ്കിങ്ങ് എന്നു പറയാതെ...”മറ്റൊരിക്കല്‍ നീന കടം വീട്ടി..എന്തുകൊണ്ടോ പിന്നെ അന്നവന്‍ മൌനിയായി.

“അടിസ്ഥാന പരമായ പ്രശ്നങ്ങളെ വിശാലമായ ക്യാന്‍വാസില്‍  തിരിച്ചറിഞ്ഞ് നാം പ്രതികരിക്കണം” ക്ലാസിലെ നേതാവ്

“എന്തോന്നു പ്രതികരണാ സജീ നിങ്ങ പറയ്ന്നേ ..അംബാനിയും ബിര്‍ളയും തീരുമാനിക്കുന്ന ഇന്നിന്റെ നയങ്ങള്‍!
വാചകമടിക്കാതെ നിങ്ങ ചെയ്തു കാണിക്ക്..”..

ഷേക്സ്പിയറോ കാളിദാസനോ ഭരതനോ അരിസ്റ്റോട്ടിലോ ക്ലാസ്സില്‍ നിറയുമ്പോള്‍ അവന്‍ പിന്‍ ബെഞ്ചില്‍ ഡസ്ക്കില്‍
ശിരസ്സു ചേര്‍ത്ത് ഉറങ്ങുകയാവും.

ക്ഷതമേല്‍ക്കപ്പെടുന്ന  അദ്ധ്യാപിക “നിന്റുമ്മയെ ഒന്നു കാണണം” എന്നു കണ്ണുരുട്ടി.

“എന്താ റ്റീച്ചറെ..ഇന്നലെ തീരെ ഒറങ്ങീല..അതാ...”

പിറകെ വന്നിട്ടും അടങ്ങാത്ത എന്നിലെ രോഷം !
അനുസരണക്കേട്, വായനയില്ലായ്മ, അലസത..ഡിപ്പാര്‍ട്ട്മെന്റിന്റെ വാതില്‍ക്കല്‍   വരെ
ഏറെ ആരോപണങ്ങള്‍ ഞാനവനില്‍  ചാര്‍ത്തി.  എന്റെ ജ്വലിക്കുന്ന കണ്ണുകളെ അവന്‍ നേരിടാറില്ല.

   ഞായറാഴ്ച..എന്റെ ഉറക്കപ്പകല്‍..ജനല്‍   കുത്തിത്തുളച്ചെത്തുന്ന ഇളവെയില്‍
പുതച്ച്...എന്നില്‍   തന്നെ ഒളിച്ച്....അന്നു ഒരു  യാത്രയ്ക്കും തയ്യാറാവാത്തതാണ്.
എന്നിട്ടും പോവേണ്ടി വന്നു!
അടുത്ത ബന്ധുവിന്റെ കല്യാണം. നാലാളു കൂടുന്നതല്ലേ..വേഷം കെട്ടി, കുട്ടികളേയും കൂട്ടി ഇറങ്ങി.ആദ്യമായാണ് ബസ്സില്‍..
മുമ്പൊരിക്കല്‍   വണ്ടിയില്‍  ചെന്ന് ആ മുറ്റത്തേക്കു ചാടിയ ഓര്‍മ്മയേയുള്ളു..
സ്റ്റോപ്പിലെത്തുമ്പോള്‍ പറയണമെന്നു കണ്ടക്ടറെ ശട്ടം കെട്ടീട്ടുണ്ടെങ്കിലും ഒരു പരിഭ്രമം..
കുട്ടികളേം കൊണ്ട് പരിചയമില്ലത്തിടത്ത് ആദ്യമാണ്..

 “ഓയ്..ദാ, ഇബ്ടിറങ്ങിക്കൊ..ചക്കരക്കല്ല് “

പിടഞ്ഞിറങ്ങി..ഇനി??
ഓട്ടോയാണ് പ്രതീക്ഷ..അവര്‍ക്കറിയണമല്ലോ നാട്ടിലെ കല്യാണങ്ങള്‍..

“എന്താ ഏച്ചീ ഇത്..അയ്മ്പതുറുപ്യക്ക്  അഞ്ഞൂറിന്റെ ഈ നോട്ട് തന്നാ നമ്മയെന്താ ചെയ്യണ്ടെ?
അന്റട്ത്തില്ല..നിങ്ങ ആ പീട്യേ പോയി ചില്ലറയാക്ക് ..“

 ഈ ശബ്ദം ...??!!
ഞെട്ടിത്തിരിഞ്ഞു നോക്കി.റാഷിദ്.!!! നിരത്തിവച്ച മീന്‍ കൂമ്പാരത്തിനു പിന്നില്‍...
   ശ്വസം നിലച്ചതു പോലെ തോന്നി..മോന്റെ കൈത്തണ്ടയില്‍  അറിയാതെ  എന്റെ പിടി മുറുകി..
ഒരു നിമിഷം എന്റെ കണ്ണുകളുമായി ഇടഞ്ഞപ്പോള്‍ അവിടെ ഒരു സൂര്യന്‍ തന്നെ കണ്ടു.

“ടീച്ചറെന്താ ഈട?  ഇത്  മക്കളാ ..??” അവന്‍ അടുത്തെത്തി

മോനെ പിടിക്കാനാഞ്ഞ കയ്യില്‍    ഒന്നു നോക്കി അവന്‍ പിന്‍ വലിച്ചു.

 “മീന്‍ നാറും !“         അവന്‍ ചിരിച്ചു.

എന്റെ ബാലിശമായ ശാസനകള്‍ക്ക് മുന്നില്‍   കുനിഞ്ഞ ആ ശിരസ്സ്  ഇപ്പോള്‍  ഉയര്‍ന്നിരിക്കുന്നു.
പൊക്കത്തിനപ്പുറവും ഞാനവനു മുന്നില്‍   തീരെ ചെറുതായതു പോലെ..
മെല്ലെ ശ്വാസഗതി തിരിച്ചു കിട്ടിയപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു.

“കല്യാണപ്പൊരേലേക്കാ?ഓട്ടോക്കു പോണ്ട ദൂരൊന്ന്വില്ല.ന്റെ പൊരേന്റപ്രത്താ..
ഉമ്മാ..ആട നിന്നാ..ടീച്ചറേം കൂട്ട്..”

കയ്യില്‍   മീന്‍ സഞ്ചിയുമായി മുന്നില്‍  നടക്കുന്ന ഒരു വൃദ്ധ തിരിഞ്ഞു നിന്നു.
കുഴിഞ്ഞ ആ കണ്ണുകളും ഒട്ടിയ വയറിനു മേല്‍   ആടിക്കളിക്കുന്ന മേല്‍ ക്കുപ്പായവും
ഒരായുസ്സിന്റെ കഥ തന്നെ എന്നോട് പറഞ്ഞു.

അവര്‍ക്കു പിന്നിലായി ശിരസ്സു കുനിച്ചു  നടന്നത് നിറയുന്ന കണ്ണുകളെ ഒളിക്കാനാണെന്നു
ഒരിക്കലും അവനറിയേണ്ട....

Saturday, September 18, 2010

മാമ്പഴക്കാലം

    അവസാനത്തെ  പരീക്ഷയും കഴിഞ്ഞു.
മനസ്സിനിപ്പോള്‍ ഒരു അപ്പൂപ്പന്‍ താടിയുടെ  ഭാരം  പോലുമില്ല.
ഒന്നിനു പിറകെ ഒന്നായി  പറന്നു  പോയ  പുസ്തകസഞ്ചികള്‍  മേശത്തലപ്പില്‍   ചിണുങ്ങി.
ഞങ്ങള്‍ പരസ്പരം നോക്കി. ആറു മിഴികളിലും  പൂത്തിരി. 
വരുംദിനങ്ങളിലെ  ആഘോഷപ്പെരുമ്പറകള്‍  നെഞ്ചിടിപ്പായി.

   പറഞ്ഞുറപ്പിച്ച  പോലെ മാഞ്ചുവട്ടില്‍  വട്ടമൊപ്പിച്ചപ്പോല്‍ തോരാത്ത വിശേഷപ്പെരുമഴ. താഴോട്ടുവീഴുന്ന മാമ്പഴങ്ങള്‍ മധുരച്ചാറായി ഞങ്ങളില്‍  ഒലിച്ചിറങ്ങി.ഇത്   മധ്യവേനല്‍  അവധിക്കാലത്ത് തറവാട്ടുവീട്ടില്‍ ഞങ്ങളുടെ പതിവു സമാഗമം.പലയിടങ്ങളിലായി ചിതറിത്തെറിച്ച ഞങ്ങള്‍ കുട്ടികള്‍ക്ക്  ഒത്തുചേരലിന്റെ ആഘോഷം.

   വയല്‍ത്തീരത്തെ തറവാട്ടു വീട്.  അച്ചപ്പനും അച്ചമ്മയും നിറയുന്നയിടം.തറവാട്ടുവീട്ടില്‍  നിന്നു കുറച്ച്അകലെയാണു ഞങ്ങളുടെ താമസം.അതേ അകലത്തില്‍  മറ്റൊരു ദിശയില്‍  ഇളയച്ഛനും കുടുംബവും .അമ്പലത്തറയില്‍  നിന്നു ഒഴിവുകാലത്തെത്തുന്ന അമ്മാവന്റെ  മക്കളാണ് ഞങ്ങള്‍ക്കിടയില്‍  അന്നത്തെ വിദേശികള്‍ ‍. വല്ല്യമ്മയുടെ മക്കളും അവരുടെ മക്കളുമായി വേറെയും ചിലര്‍ ...പേരക്കുട്ടികളെല്ലാരേയും ഒന്നിച്ചുകാണുന്ന മേളത്തില്‍  വെറുതെ ചിരിച്ചുകൊണ്ടു നടക്കുന്ന അച്ചമ്മ.

      ‘അത്രടം വരെ എന്റൊപ്പം വെരുന്നാ നീ’?

   ബാലസാമിയുടെ വീട്ടിലേക്ക് മോരു വങ്ങാനുള്ള പോക്കാണു അച്ചമ്മ.ഞാന്‍ പെട്ടെന്നു തന്നെ കൂട്ടത്തില്‍  നിന്നൂരി അച്ചമ്മയില്‍  ചേര്‍ന്നു.. എനിക്കേറെ  ഇഷ്ടമാണ് ആ  യാത്രകള് ‍.   ഉടുപ്പുപെട്ടിയില്‍    നിന്നെടുത്ത കൈതയും ഇലഞ്ഞിയും മണക്കുന്ന  വേഷ്ടിയില്‍ , കാച്ചെണ്ണ  മണക്കുന്ന  വെള്ളിനാരിഴകളില്‍     എനിക്കു
മുന്നില്‍ അച്ചമ്മ എന്നും ഒരു വിസ്മയമായിരുന്നു.ഇടവഴികളിലൂടെ  അച്ചമ്മയോടൊപ്പം നടക്കുമ്പോ  പറയുന്ന കാര്യങ്ങളാണ്  എന്റെ നാട്ടറിവുപെട്ടിയിലെ  മഞ്ചാടികളാവുന്നത്..

     തമിഴ്ചുവയില്‍  സംസാരിക്കുന്ന മഠത്തിലുള്ളവരുമായി നല്ല  അടുപ്പമാണ്   അച്ചമ്മയ്ക്ക്.  അവര്       തമിഴ് ബ്രാഹ്മണരാണത്രേ.കരക്കാട്ടിടം നായനാന്മാരുടെ  വ്യവഹാര കാര്യങ്ങള്‍ നോക്കാനും പാചക കാര്യങ്ങള്‍ക്ക് മേല്‍ നോട്ടത്തിനുമായിപാലക്കാട് എണ്ണപ്പാടം അഗ്രഹാരത്തില്‍  നിന്നു വന്നവരാണ് ഈ ബ്രഹ്മണര്‍.മദ്രാസ് ഹൈക്കോടതിയില്‍   നായന്മാരുടെ    കേസു    നടത്താന്‍    തമിഴും   ഇംഗ്ലീഷും   വശമുള്ള   വക്കീലന്മാരെ ആവശ്യമായതിനാല്‍  സംഘമേശ്വരയ്യര്  എന്ന  വ്യവഹാരപ്പട്ടരേയും  സഹോദരനും      പാചകവിദഗ്ദ്ധനായ രാമലിംഗപ്പട്ടരേയും  നായനാന്മാര്‍  ഇവിടേക്ക്  കൊണ്ടുവന്നതാണ്.  മക്കളും ബന്ധുക്കളുമായി കൂടുതല്‍  പേര്‍ ഇവിടേക്ക് വന്നതോടെ  ഇവരുടെ വീടുള്‍ ‌പ്പെടുന്ന ഭാഗം ‘സാമിമൊട്ട‘യായി. ബസ്സ്റ്റോപ്പിനു പോലും പിന്നീട്
ആ പേരു  വന്നത്   അങ്ങനെയാണ്.

       ‘എന്താടോ വിശേഷം?‘

      ഉമ്മറത്തെ   ചാരുകസേരയിലിരുന്ന്  മുഴങ്ങുന്ന  സ്വരത്തില്‍  ബാലസാമി     അച്ചമ്മയോട്  ചോദിച്ചു. ഉച്ചമയക്കത്തിന്റെ ആലസ്യത്തില്‍  ആ ശരീരം  ഒന്നിളകി.എനിക്കജ്ഞാതമായ  ഒരു വ്യവസ്ഥിതിയുടെ അസ്ഥികൂടം പോലെ ആ വീടും പരിസരവും എന്റെ മുന്നില്‍  നിറഞ്ഞു പരന്നു കിടന്നു…

      ‘ ആരെടാ പേരയില്‍ ?’

      വരാന്തയില്‍ നിന്നു അച്ചപ്പന്‍ ഒച്ചയിടുന്നു.ഉലഞ്ഞിളകുന്ന പേരയില്‍  നിന്നു ആരോ താഴെ വീണു !

     ‘എന്തൊരു തലയാ പെണ്ണേ ഇത്?കൊറച്ച് എണ്ണ തേച്ച് ഇതൊന്നൊതുക്കിക്കൂടെ?

      അനുസരണയില്ലാതെ പറന്നു നടക്കുന്ന എന്റെ ചുരുളന്‍  മുടിയില്‍  തടവി  അച്ചമ്മ  ഒരു   പേന്‍ ചീര്‍പ്പുമായി  എന്നെ  പിടിച്ചിരുത്തി. താഴെ കളിക്കൂട്ടങ്ങള്‍ തോട്ടില്‍ ജലചക്രം കറക്കുമ്പോള്‍ , തോര്‍ത്തുമുണ്ടില്‍ പരല്‍മീന്‍ പിടിക്കുമ്പോള്‍ ,മാമ്പഴങ്ങള്‍പകുത്തെടുക്കുമ്പോള്‍ ‍,മൈലാഞ്ചിയിലകള്‍പറിച്ചെടുത്ത് അരക്കാനൊരുങ്ങുമ്പോള്‍‍
. ഞാന്‍ ‍... ഞാന്‍  മാത്രമെങ്ങനെയാ ക്ഷമയോടെ  ഈ   കൊലപാതകത്തിന്   കൂട്ടിരിക്കേണ്ടത്?. എന്നെ  വലിച്ചെടുത്ത് ഓടാനൊരുങ്ങുമ്പോള്‍ പിറകില്‍  അച്ചമ്മയുടെ ശക്തമായ പിറുപിറുപ്പ് കേള്‍ക്കാമായിരുന്നു.

        രാത്രി..    റാന്തല്‍  വിളക്കിന്റെ  വെളിച്ചത്തില്‍   മുന്നിലെ വിശാലമായ പാടത്തേക്ക് നോക്കുമ്പോള്‍  ഭീതിപ്പെടുത്തുന്ന  നിശബ്ദത. ചീവീടുകളുടെ  ചെവി തുളക്കുന്ന  കരച്ചില് ‍. ഇരുട്ടില്‍  ഞാന്‍   അമ്മയെ ഓര്‍ത്തു..  വരാന്തയില്‍  കാലു നീട്ടിയിരിക്കുന്ന അച്ചമ്മയ്ക്ക്  തുമ്മാന്‍(മുറുക്കാന്‍ ‍) ഇടിച്ചുകൊടുത്ത് ചേര്‍ന്നിരുന്നപ്പൊള്‍ എനിക്കു മുന്നില്‍   നാടന്‍ പാട്ടിന്റേയും കഥകളുടേയും  മണിച്ചെപ്പു   തുറന്നുകിട്ടി...
നിലത്ത് പായകള്‍ നിരത്തി വിശേഷങ്ങള്‍ക്കിടയില്‍  എപ്പോഴോ ഞങ്ങള്‍ ഉറങ്ങി.

       പലതരം കിളികളുടെ ഉണര്‍ത്തുപാട്ടു കേട്ട് അവ ഏതാണെന്നു വേര്‍തിരിച്ചെടുക്കാന്‍   ശ്രമിച്ചുകൊണ്ട്  കിടപ്പായിരുന്നു രാവിലെ..വല്ലാത്തൊരു നിലവിളി അച്ചമ്മയില്‍ നിന്നുണ്ടായപ്പോള്‍ എല്ലാരും   ഉണര്‍ന്നു..
തുറന്നു  കിടക്കുന്ന  വാതിലില്‍ നോക്കി  തലയ്ക്ക്  കൈ  വെക്കുന്ന  അച്ചമ്മ.എനിക്കൊന്നും മനസ്സിലായില്ല. പിടഞ്ഞെണീറ്റപ്പോല്‍ എന്റെ കാലുകളില്‍  ഉരുളന്‍ കല്ലുകള്‍ തടഞ്ഞു.ഞങ്ങളുടെ തലഭാഗത്തായി പിന്നെയും കല്ലുകള്‍.അച്ചമ്മയുടെ  കട്ടിലിന്‍ കീഴെ മറ്റൊരെണ്ണം..അടുക്കളയിലെ ചോറ്റിന്‍ കലം  താഴെ തൈച്ചോട്ടില്‍..
എല്ലാ മുഖങ്ങളിലും ഭീതി നിറഞ്ഞു.പെട്ടെന്നാണ് ഇളയമ്മ അത് കണ്ടു പിടിച്ചത്.

      ’അമ്മയുടെ കഴുത്തിലെ മാല എവ്ടെ?‘

     ചിത്രം തെളിയുന്നു. മോഷണമാണു കാര്യം..ഒരു പക്ഷേ ഞങ്ങള്‍ ഉണര്‍ന്നാല്‍  കിഴുക്കാനാവാം ഈ
ഉരുളന്‍ കല്ലുകള്‍ ..  ഹൊ...       ആ    ചിന്തയില്‍ത്തന്നെ   ഞാന്‍ കണ്ണുകള്‍ അറിയാതെ   ഇറുക്കിയടച്ചു പോയി.കേസായി..  പോലീസുകാര്‍  വന്നു  തെളിവെടുത്തു.  ഞാന്‍   ആദ്യമായി  യൂണിഫോമിട്ട   ഒരു പോലീസുകാരനെ അടുത്തു കാണുന്നത് അന്നായിരുന്നു.അവര്‍ പോയ ശേഷം ഞങ്ങള്‍   തൈച്ചോട്ടില്‍
ചെന്ന്    ‘കള്ളന്റെ ‘  കാല്പാട്   ഭീതിയോടെ   നോക്കിക്കണ്ടു. വല്യ  പുരോഗതിയൊന്നും  ആ  കേസിനു പിന്നീടുണ്ടായില്ല.  മക്കളൊക്കെ  ചേര്‍ന്നു  അതുപോലൊരു  മാല  വീണ്ടും  പണിയിപ്പിച്ച് അച്ചമ്മയുടെ കഴുത്തിലിട്ടു പിന്നീട്.

     വിഷുവിനു  വീട്ടില്‍  കണി  കണ്ടതിനു  ശേഷം   തറവാട്ടിലേക്ക്  ഒരു   യാത്രയുണ്ട്   ഞങ്ങള്‍ക്ക്.      വിഷുക്കണിയുടെ  നിറസമൃദ്ധിയില്‍  അച്ചപ്പന്‍  തരുന്ന  കൈനീട്ടം..!   (അതെന്നും ഇരുപത്തിയഞ്ചു  പൈസയായിരുന്നു.)

       അതിനു ശേഷം കാവിലേക്കുള്ള യാത്ര.ആഡംബരമേതുമില്ലത്തൊരു കൊച്ചു വനമാണ് ഞങ്ങളുടെ കാവ്. അപൂര്‍വമായ ഇനം വള്ളികളും മരങ്ങളും നിറഞ്ഞ ആ കാവ് ഞങ്ങളുടെ നാടിന്റെ ആത്മാവു തന്നെ! പ്രാകൃതമായ മണ്‍ കാളകളുടെ രൂപങ്ങളും മറ്റും നിറഞ്ഞ ആ കാവിലെ ആരാധനാരീതികള്‍  ആര്യമാണൊ  ദ്രാവിഡമാണോ എന്നറിയാനായി  ഇപ്പോഴും വേരുകള്‍  ചികയുന്നുണ്ട്.

  പുലര്‍കാലത്ത് വയല്‍ വരമ്പിലൂടെ  കാല്പാദം  മുതല്‍ നെറുക  വരെ  തുളഞ്ഞു  കയറുന്ന  കുളിരറിഞ്ഞ് , കാക്കപ്പൂവും തൊട്ടാവാടിയും  ചവിട്ടി .. ഇങ്ങനെ  എത്ര  യാത്രകള്‍ .......!

Wednesday, September 8, 2010

ഒരു മയില്‍ പ്പീലി

സ്കൂളിന്റെ മുറ്റത്തെത്തിയപ്പോള്‍ തന്നെ കേട്ടത് മണിയൊച്ചയാണ്.
ഇന്റര്‍വെല്‍ ….!
ഒരല്‍പ്പം പഴയ ശബ്ദത്തില്‍ അതെന്നില്‍ പ്രതിധ്വനിച്ചു...
ഏഴാം ക്ലാസിന്റെ രണ്ടാം ബെഞ്ചിലേക്ക്  കൂട്ടിക്കൊണ്ടുപോയി.
മണിയടിക്കുന്നതും കാത്ത് അക്ഷമയോടെയിരിക്കുന്ന ഞാന്‍ ...
മാഷ് ക്ലാസില്‍  നിന്നിറങ്ങിയതും ഒരോട്ടമായിരുന്നു കിണറ്റുകരയിലേക്ക്..
ഓ..!വൈകിപ്പോയി..കയറിനിങ്ങേത്തല വരെ കൈക്കലാക്കിയിരിക്കുന്നു ഓരോ കൈകള്‍ .
ഒടുവില്‍ അനിതയോടു കെഞ്ചി ഒരു കുമ്പിള്‍ വെള്ളം കൈക്കുടന്നയില്‍ വാങ്ങിക്കുടിച്ച് മടങ്ങി.
കാഞ്ഞിരമരച്ചുവട്ടില്‍വരച്ച കളത്തില്‍ ഷൈനിയും സംഘവും രാവിലെ ബാക്കി വച്ച കളികള്‍ തുടരുന്നു..
ഞാന്‍ നേരത്തെ തന്നെ ഔട്ടായിരുന്നു..ഇനിയിപ്പൊ കളി തീരും വരെ ഇവിടിരുന്നു കാണാം..

‘നീയാ കണക്ക് ചെയ്തോ?’..
      
ഓമനയുടെ തോണ്ടല്‍ ..
അയ്യോ..! ഇല്ല..ഞാനും മറന്നു !
ഇന്നു തല്ലു കിട്ടിയതു തന്നെ.
അവളോടൊപ്പം തലകുത്തി മറിഞ്ഞിട്ടും കണക്ക് ശരിയാകുന്നില്ല..
പെന്‍സില്‍ കൊണ്ടു കോറി തലയോടു വരെ വേദനിച്ചു..
ഇനിയിപ്പോ ഒരു വഴി മൊയ്തീന്റെ നോട്ടാണ്.. അവന്‍ കണക്കില്‍ കേമനാ..
പക്ഷേ എനിക്കു തരില്ല !

'ഞാനുമായി തെറ്റാ..നീ ചോദിക്ക് ‘.

ഓമന അവനെ തപ്പുമ്പോഴേക്കും പപ്പന്മാഷ് ക്ലാസിലെത്തി.
ഹോം വര്‍ക്കിലേ തുടങ്ങൂ..ഉറപ്പാ..
എന്താപ്പൊ ഒരു വഴി? തലങ്ങും വിലങ്ങും സൂത്രവാക്യങ്ങള്‍ ചേര്‍ത്തു കൂട്ടിയപ്പൊ എവിടെയൊക്കെയോ കുരുക്കഴിയുന്നു.
ഹായ് ! ശരിയായിപ്പോയി. ഓമനയെ ആംഗ്യത്താല്‍   അറിയിച്ചു. അവള്‍ നോട്ടിനു കൈ നീട്ടുന്നു. ഇതെങ്ങനെയങ്ങെത്തിക്കും?
വരാന്തയിലൂടെ നടന്നെത്തിയ ജനാര്‍ദ്ദനന്‍ മാഷ് വാതില്‍ ക്കല്‍  നിന്നു. പപ്പന്മാഷ് പുറത്തിറങ്ങി..
എന്തോ സീരിയസ് ഡിസ്കഷന്‍  ..രണ്ടു പേരും സ്റ്റാഫ് റൂമിലേക്ക്..
ക്ലാസ് കണ്‍ട്രോള്‍ ലീഡര്‍ ഉണ്ണിക്കൃഷ്ണനായി.
ഇനിയത്തെ പിരിയഡ് കുഞ്ഞിരാമന്‍ മാഷാണ്..
‘നളിനി’ ബാക്കിഭാഗത്തിനു കാത്തിരുന്നു..
             ‘ഉച്ചയായ് തണലിലാഞ്ഞു പുസ്തകം
              വച്ചു മല്ലികയിറുത്തിരുന്നതും
              മെച്ചമാര്‍ന്ന ചെറു മാല കെട്ടിയെന്‍  
              കൊച്ചുവാര്‍മുടിയിലങ്ങണിഞ്ഞതും’
സൌമ്യമായ സ്വരത്തില്‍ മാഷിന്നലെ പാടിത്തന്ന വരികള്‍ എത്ര മനോഹരം!
മലയാളം ബുക്ക് തുറന്നു ഒന്നൂടെ വായിച്ചു..
ദിവാകരനും നളിനിയും ഹൈമവതഭൂവും എല്ലാം എല്ലാം മനസ്സില്‍ തെളിയുന്നു..
വാക്കുകള്‍ കൊണ്ട് ഇങ്ങനെയൊരു ലോകം സൃഷ്ടിച്ചെടുക്കുന്നത് എങ്ങനെയാണ്?!
പാഠഭാഗം കുറച്ചു വരികളേയുള്ളു..ശേഷം കഥയും മാഷ് പറഞ്ഞു തന്നു.
ദിവാകരയോഗിയുടെ കയ്യിലേക്ക് തന്റെ പ്രാണന്‍ സമര്‍പ്പിച്ച് സാഫല്യമടഞ്ഞ നളിനിയെ എനിക്കു മനസ്സിലായില്ല..
..എങ്ങനെയാ അത് ശുഭമാവുക? അവള്‍ മരിക്കയല്ലേ ചെയ്തത്..
മാഷിന്റെ ഭാവം കണ്ടപ്പോ കൂടുതലൊന്നും ചോദിക്കാനും തോന്നീല്ല.
ഉച്ചയ്ക്ക് പ്ലാവിന്‍ ചോട്ടില്‍ വട്ടമിട്ട് ഉണ്ണാനിരുന്നപ്പോള്‍ ഞാന്‍ ഒന്നൂടെ മേലോട്ട് നോക്കി.
ഇന്നലെ എന്റെ ചോറ്റുപാത്രത്തില്‍ വൃത്തികേടാക്കിയ കാക്ക അവ്ടെങ്ങാനുമുണ്ടോ?
ചമ്മന്തിയും കണ്ണിമാങ്ങയും മീനും ഉപ്പേരിയും മണക്കുന്ന ഊണ്!
...........
വെള്ളിയാഴ്ച്ച ലാസ്റ്റ് പിരിയഡ്!
ഞങ്ങളുടെ ക്ലാസ്സിന്റെ ക്ലീനിങ്ങ് ടൈം.
ഇന്റെര്‍വെല്‍ സമയത്തു തന്നെ ഞങ്ങള്‍ കൂട്ടമായി പാടത്തെത്തി.
ഞങ്ങള്‍ ക്കു വേണ്ടി പശുക്കള്‍ സമ്മാനിച്ച ചൂടുള്ളതും ഇല്ലാത്തതുമായ ചാണകം വാരി സഞ്ചിയിലാക്കി.
മുരളിയുടെ അമ്മ വിളിച്ചു പറഞ്ഞു..

‘തോട്ടിലിറങ്ങേണ്ട..നല്ല ആഴമുണ്ട്’

കൈകള്‍ കഴുകി.ക്ലാസിലെത്തി ബക്കറ്റിലെ വെള്ളത്തിലേക്ക് ചാണകം ചേര്‍ത്ത് കുഴമ്പാക്കി.
പിരിച്ചെടുത്തു വാങ്ങിയ ഒരു കുഞ്ഞു കുപ്പി കറുപ്പു മഷിയും അതിലേക്കൊഴിച്ചു..
റെഡി! ഇനി മെഴുകിയാല്‍ മതി.
ബെഞ്ചും ഡെസ്ക്കും അടുക്കിവച്ച് ഒരു മൂലയില്‍ നിന്നു തുടങ്ങി.
കുറ്റിച്ചൂലുകളാല്‍ ഒരു ഗ്രൂപ്പ് വര്‍ക്ക്..
കൂട്ടത്തില്‍ സീനിയറായ ഉഷക്ക് പിടിച്ചില്ല..

‘എല്ലാരും മാറി നിക്ക്’ 

അവള്‍ കൈ കൊണ്ട് അതിമനോഹരമായി മെഴുകുന്നത് ഞങ്ങള്‍ നോക്കി നിന്നു.
ഒരടയാളവും ബാക്കിവെക്കാതെ കുന്നും കുഴിയും നിറഞ്ഞ ആ നിലത്ത് അവള്‍ കറുപ്പു ചേര്‍ത്തു.
ഇന്നു ഞങ്ങള്‍ വരാന്തയില്‍ നിന്നാണു ദേശീയ ഗാനം ചൊല്ലുക.
ക്ലാസ്സ് റൂം ഉണങ്ങേണ്ടതുണ്ട്.
ലോങ്ബെല്‍ ..!

.......“ദാ, ഇതാണു സ്മാര്‍ട്ട് ക്ലാസ്സ് റൂം..,അത് കമ്പ്യൂട്ടര്‍ലാബ്,അതിനപ്പുറം സ്റ്റാഫ് റൂം,ഇത് കുട്ടികളൊരുക്കുന്ന പൂന്തോട്ടമാണ്..“

എനിക്കൊപ്പം നടന്നു വരുന്ന ജയചന്ദ്രന്‍മാഷ് സ്കൂളിന്റെ പുതിയ മുഖം കാണിച്ചു തരികയാണ്.
സിമന്റിട്ട്  മിനുക്കിയ തറയും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പുത്തന്‍ സാങ്കേതികസൌകര്യങ്ങളുമായി തലയെടുപ്പോടെ നില്‍ക്കുന്ന ആ കെട്ടിടത്തില്‍ ഞാന്‍ എന്നെത്തന്നെ  തേടുകയായിരുന്നു.
പുസ്തകസഞ്ചി പേറുന്ന, സ്വന്തം ‘വാട്ടര്‍ബോട്ടിലിലെ ‘ വെള്ളത്തെ മാത്രം വിശ്വസിക്കാന്‍ വിധിക്കപ്പെട്ട എനിക്കു ചുറ്റും കൂടിയ കുരുന്നുകളോട് സഹതാപം  തോന്നുന്നതും കരുത്തുറ്റ ഈ പുത്തന്‍ തലമുറയോടൊപ്പം  നില്‍ക്കുമ്പോഴും എന്റെ ടൈംമെഷീന്‍ പുറകിലോട്ട് പായുന്നതും ഞാന്‍ പഴഞ്ചനായതു കൊണ്ടാണോ? 
........ അറിയില്ല.                        

“മയില്‍ പ്പീലി ആകാശം കാട്ടാതെ..അടച്ചു വെക്ക്”
   
ഉള്ളിലിരുന്നു ആരോ ഓര്‍മ്മിപ്പിക്കുന്നു.
അതെ.. ഞാനെന്റെ ഓര്‍മ്മപ്പുസ്തകം അടച്ചു വെക്കട്ടെ….