Tuesday, February 21, 2012

രമണൻ

മെയ് മാസത്തിന്റെ ചൂടിൽ അരിയും മുന്നേ വാടിവീഴുന്ന പുല്ലുകൾ. അവൾക്കൊപ്പം ആദ്യമായി അവിടേക്ക് വന്നപ്പോൾ പതുപതുത്ത പച്ചമെത്തപോലിരുന്നു ഇവിടം.കൺ വെട്ടത്തെങ്ങുമില്ലല്ലൊ. അവൾ, നിങ്ങൾക്കു വേണ്ടി ഞാനവളെ ചന്ദ്രികയെന്നു പറയാം. അഞ്ചാറു പശുക്കളെക്കൊണ്ടു ജീവിച്ചു പോരുന്നവളെ ചന്ദ്രികയെന്ന് എന്തിനു പറയണം എന്നൊന്നും ചോദിക്കണ്ട. വഴിയേ പറയാം. ഓർമ്മ വെച്ച നാൾ മുതൽ ഇവളെ ഞാൻ കാണുന്നതാണ്. എന്നെക്കാൾ ലേശം മൂപ്പുണ്ട്. വിദ്യാഭ്യാസം കഷ്ടി. നല്ല ബുദ്ധിയായിരുന്നു പഠിക്കാനെന്ന് ഇവൾടമ്മ എന്നും പറയും. ഇളയതുങ്ങളെ പഠിക്കാനയച്ച് അവൾ കുടുംബഭാരം ചുമക്കാൻ തുടങ്ങിയതാണ്.

അവധിക്കാലങ്ങളിൽ ഞാനും ചേരും പുല്ലുചെത്താൻ. വീട്ടിലെ വയറൊട്ടിയ പശൂന് ഇത്തിരി പച്ച കൊടുക്കാൻ. പുല്ലുചെത്താനറിയാത്ത, കത്തിപിടിക്കാനറിയാത്ത ഞാൻ അവൾക്ക് ആ സമയങ്ങളിൽ ഒരു തലവേദനയാകും. എന്നാലും അവളതു സഹിക്കും. ‘നിനക്ക് രമണൻ പാടാനറിയാമോ’? എനിക്കു വേണ്ടി പുല്ല് ചെത്തുന്നതിനിടയിൽ നിവർന്ന് നിന്ന് അവൾ ചോദിച്ചു. കുഞ്ഞിരാമൻ മാഷിന്റെ നേർത്ത സ്വരത്തിൽകുറച്ച് ഭാഗം ഞാൻ ഓർത്തെടുത്തു.

പുളകം പോൽ കുന്നിൻ പുറത്തു വീണ
പുതുമൂടൽ മഞ്ഞല പുൽകി നീക്കി
.....അവളും ഏറ്റുപാടി

ഒരുകൊച്ചു കാറ്റെങ്ങാൻ വന്നുപോയാൽ
തുരുതുരെ പൂമഴയായി പിന്നെ.

കാറ്റിൽ ഉതിർന്നു വീണ മഞ്ഞുകണങ്ങളേറ്റുകൊണ്ട് അറിയുന്നതു വരെ ഞങ്ങളന്ന് ചേർന്നുപാടി.

‘ബുക്ക് എന്റെ വീട്ടിലുണ്ട്.അതു മുഴ്വോനും പഠിക്ക്.ന്നിട്ട് നമ്മക്ക് പാടണം.’
അവൾ ഒരു ലഹരിയിലെന്നോണം പറഞ്ഞു.
അവൾക്ക് പരിചയമുള്ള ലോകമായതിനാലാവണം ഒരു വിശുദ്ധ ഗ്രന്ഥത്തിനു കൊടുക്കുന്ന സ്ഥാനം ആ പുസ്തകത്തിനു കിട്ടിയത്.

ഇന്നാ വനത്തിലെ കാഴ്ചകാണാൻ..
കയ്യിലൊരുവാര പുല്ലുമായി അവൾ വരുന്നുണ്ട് . എന്റെ ചന്ദ്രികേ, നിനക്കിപ്പൊഴും ചങ്ങമ്പുഴ തന്നെയോ കവി?
‘പശൂനെ കൊടുത്തല്ലോ,പിന്നെന്തിനാ നീ ഈ കുന്നുകേറിവന്നത് ‘
അവൾ തിരക്കി.
‘നിന്നെക്കാണാൻ‘ ഞാൻ പറഞ്ഞു. അവൾക്ക് വിശ്വാസം വരാത്തപോലെ
“ഓ....അതൊന്നുമല്ല. വല്ല കവിതയും എഴുതാനാവും. കുട്ട്യോളാ പറഞ്ഞത് നീയിപ്പം കവിതയൊക്കെ എഴുതുംന്ന്.”

‘ഈ ഒണങ്ങിയ കുന്നിൻപുറത്തോ ചന്ദ്രികേ..‘

‘കളിയാക്കണ്ട. ഞാൻ ചന്ദ്രികയെപ്പോലെയൊന്നുമാവില്ല. ‘

‘അപ്പം രമണനൊക്കെയായി..പറപറ ആരാ‘

‘ദേ..വേണ്ട കെട്ടോ നേരം ഉച്ചയായി .പശു തൊള്ള തുറക്കുന്നുണ്ടാകും.‘

നേരിയ തിളക്കം ആ പൊരിവെയിലിന്റെ കത്തലിനിടയിലും അവളുടെ കണ്ണിൽ എന്നൊക്കെ പറയുന്നത് ക്ലീഷെ ആയേക്കും. എന്നാലും ഉള്ളതു പറയട്ടെ അവളിൽ പ്രണയം കണ്ടു. അതെനിക്കൊരു സുഖമുള്ള അറിവായിരുന്നു. ഇത്രയും കഷ്ടപ്പാടുകൾക്കിടയിലും അവൾക്ക് ആശ്വസിക്കാൻ സ്വന്തമായൊരു സ്വപ്നം...

ഒന്നു കറങ്ങി വരാം..നീ അപ്ലത്തെക്കും പണിതീർക്ക്.
ഞാൻ കുന്നിന്റെ മറുപുറം തേടി.

കൂറ്റൻ പാറക്കെട്ടുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്നൊരു മനോഹരമായ ഉറവയുണ്ടവിടെ. ക്യാമറയിലൊപ്പിയെടുക്കാൻ വേറെയും പല കാഴ്ച്ചകൾ. ഇതെല്ലാമൊന്നു അപ് ലോഡ് ചെയ്ത് പോസ്റ്റിയാൽ കിട്ടാൻ പോകുന്ന കമന്റുകൾ !താഴത്തെ വ്യൂ കിട്ടാൻ പാറക്കെട്ടിന്റെ മേലേക്ക് അള്ളിപ്പിടിച്ചുകേറുമോഴാണ് പാട്ടു കേട്ടത്.

‘ഈ പുഴയും സന്ധ്യകളും.. ‘മൊബൈലിൽ നിന്നാണ്. മരത്തണലിൽ പാട്ട്കേട്ട് കിടക്കുന്നഒരു ചെറുപ്പക്കാരൻ. നമുക്കവനെ രമണൻഎന്നു വിളിക്കാമല്ലോ ഇനി . മമ തോഴിചന്ദ്രികാരമണനല്ലോ ഇവൻ .എന്റെ അന്ത:കരണം പറഞ്ഞു.

ചന്ദ്രികേ എന്നിൽ നിന്നാ രഹസ്യം
ഇനിയും മറച്ചു പിടിക്കയാണോ?

അവളും ചിരിച്ചു
പാടില്ല പാടില്ല നമ്മെ നമ്മൾ
പാടേ മറന്ന് പറഞ്ഞു കൂടാ

ലവൻ വെറുമൊരാട്ടിടയനല്ല. സ്റ്റഡി ലീവിനു പശൂനെ തീറ്റുന്ന ഒരു കാശുകാരൻ നസ്രാണിപ്പയ്യൻ. കൈവിട്ടു കളിക്കല്ലേ ചന്ദ്രികേ. പക്ഷേ ദിവ്യമായ സ്നേഹത്താൽ പൂക്കുകയായിരുന്നു അവൾ.

അവൻ കാട്ടിക്കൊടുക്കുന്ന ലോകങ്ങൾ,അനുഭവങ്ങൾ .അതിശയങ്ങളാകും ഇവൾക്ക്.
ഇപ്പോൾ എന്തു പറഞ്ഞാലും തലേക്കേറില്ല.

സമൃദ്ധമായി മഴ പെയ്ത ഒരു കർക്കിടകസന്ധ്യയിൽ അവളെന്നെ തേടിയെത്തി.
“ചന്ദ്രിക മരിക്കാൻ പാടുണ്ടോ?“

കണ്ണിലൂടെയും മഴപെയ്തുകൊണ്ട് അവൾ ചോദിച്ചു.
‘ഇല്ല.‘

ഞാൻഒന്നുമാലോചിക്കാതെ മറുപടി പറഞ്ഞു.
‘അതുകൊണ്ട് ഞാനവനെ കൊന്നു. ‘ അവൾ തിരികെ നടന്നു ..

13 comments:

  1. അടിപൊളി ചന്ദ്രികയാണല്ലോ!
    റോമിയോ മസ്റ്റ് ഡൈ! രമണനും! അല്ലേ!?

    ശരിയാണ് മരിക്കാൻ പാടില്ല; ഒരു ചന്ദ്രികയും!

    ReplyDelete
  2. കൊന്നല്ലോ.ഇനിയൊന്നും പറയുന്നില്ല.പരിണാമഗുപ്തിയൊഴികെ ഗതി നന്നായി.Gud!

    ReplyDelete
  3. അത് നന്നായി കൊട് കൈ..

    ReplyDelete
  4. ഇത് പുതിയ ചന്ദ്രികമാര്‍ വാഴും കാലം.. പെട്ടന്ന് പൃഥിരാജിന്റെ ഒരു സിനിമയുടെ (പേരു മറന്നു) ക്ലൈമാക്സ് ഓര്‍ത്തുപോയി..

    ReplyDelete
    Replies
    1. ആധുനിക ചന്ദ്രികമാര്‍ അങ്ങിനെയാണ് ല്ലേ,
      എങ്കിലും ചന്ദ്രികേ....

      Delete
  5. എത്ര കുറവാ ഈ ചന്ദ്രികമാർ ഇപ്പോഴും, സംശയമുണ്ടെങ്കിൽ ഇന്നത്തെ പത്രം വായിയ്ക്കു, ടി വി കാണൂ......അപ്പോ മരുന്നിനെങ്കിലും ഇമ്മാതിരി ഒരു ചന്ദ്രിക ഇരിയ്ക്കട്ടെ......

    ഇഷ്ടപ്പെട്ടു.

    ReplyDelete
  6. അങ്ങനെ വേണം ..ക്ലൈമാക്സ്‌ ..അത് അങ്ങ്ട്ട് കലക്കി ...അല്ല പിന്നെ .....ഹൃദ്യം...

    ReplyDelete
  7. അത് നന്നായി ..ഒരു മരണത്തിനു പ്രണയം കടപെട്ടിരിക്കുന്നു

    ReplyDelete
  8. കാലത്തിനൊത്തുയര്‍ന്ന ചന്ദിക.
    ഓരോ പ്രായവും ആ പ്രായത്തിനനുസരിച്ച വികാരങ്ങളെ തലയില്‍ കയറ്റാറുണ്ട്
    ഇഷ്ടായി.

    ReplyDelete
  9. ചന്ദ്രികയ്ക്ക് പ്രതികരണശേഷി കിട്ടിയല്ലോ... അതിഷ്ടായി...!

    ReplyDelete
  10. പാടില്ല പാടില്ല നമ്മെ നമ്മൾ
    പാടേ മറന്ന് പറഞ്ഞു കൂട.....

    കലക്കന്‍....... ആധുനിക ചന്ദ്രിക യെ ശ്ശി പിടിച്ചു...

    ReplyDelete
  11. വായിച്ചു
    രസിച്ചു

    ReplyDelete
  12. നന്നായിട്ടുണ്ട് ടീച്ചറേ........

    ReplyDelete