Thursday, August 26, 2010

ഒന്നും പറയാതെങ്ങനെ......


          
           മഴ പെയ്യുന്നത് എന്നില്‍ ത്തന്നെയാണ്..

ഉള്ളില്‍ ആരൊക്കെയോ നനയുന്നുണ്ട്..

നനഞ്ഞ കുടക്കീഴില്‍ വെളുത്ത ജുബ്ബയില്‍ നനഞ്ഞൊട്ടിയ ഒരു രൂപം

മാറിമാറി വരുന്ന നിറങ്ങളില്‍ ആ രൂപം തെളിയുന്നു; വീണ്ടും മങ്ങുന്നു...

കൈകാല്‍ കുടഞ്ഞു ചിരിക്കുന്ന ഒരു പെണ്‍കുഞ്ഞ്..

നനഞ്ഞ മണ്ണില്‍ ഓടിമറയുന്ന കൊലുസ്സണിഞ്ഞ കുഞ്ഞുകാലടികള്‍..

പയ്യെ പട്ടുപാവാടയില്‍, പിന്നിയിട്ട മുടിയിഴയില്‍...കവിള്‍ത്തുടുപ്പില്‍, മെയ്യഴകില്‍..

അവള്‍ വളരുന്നു.  '


കുടഞ്ഞെറിഞ്ഞ ഉറക്കം  !  ഇല്ല..ഇനി ഇന്നും ഉറങ്ങാനാവില്ല........

ഇതിപ്പൊ പതിവായിരിക്കുന്നു..

ഉറക്കത്തില്‍ സ്വപ്നമായി കടന്നു വരുന്ന എന്റെ..........

.ഈശ്വരാ.............എന്റെ ആര് ?

ധന്വന്തരംകുഴമ്പിന്റെ മണം വലിച്ചെടുത്ത് മുത്തശ്ശിയുടെ മടിത്തട്ടില്‍ കിടക്കുമ്പോള്‍ കണ്ണുകളും പെയ്യുകയായിരുന്നു.


‘ന്താ ന്റെ കുട്ടീ ഇത്? പെണ്‍കുട്ട്യോള്‍ ഒരു പ്രായത്തി വേണ്ടതെല്ലാം നിഷേധിച്ചാ ഇങ്ങനൊക്കെ സ്വപ്നം കാണും! ’

ഇല്ല മുത്തശ്ശീ..പറയാന്‍ വയ്യെനിക്ക്..ആരും അറിഞ്ഞിട്ടില്ല ഇതൊന്നും.. അന്യനാട്ടില്‍ ഉദ്യോഗസ്ഥലത്ത് എന്തോ ഒരടുപ്പം എന്നതില്‍ക്കവിഞ്ഞ് മറ്റൊന്നും ആര്‍ക്കും അറിയില്ല..

ഉള്ളിലൊരു തുടിപ്പായി അവളെ അറിഞ്ഞതു മുതല്‍ ഞാന്‍..

ആരോടും പറയാനായില്ല..

അതിനു മുന്‍പേ....മഴയില്‍ ഞാന് തനിച്ചായത്..

പിന്നെ മനസ്സിന്റെ ആഘാതം കൊണ്ടാവണം നിലയ്ക്കാത്ത ചുവപ്പു കൈത്തോടില്‍  അവളും ഒഴുകിപ്പോയത്...

ചേര്‍ന്നു കരയാന്‍ ഒരു  നെഞ്ചു പോലുമില്ലാതെ അന്ന്..


 ‘എന്തിനമ്മാ ഇങ്ങനെ തനിയെ..?’


ഇപ്പൊ ഈ ചോദ്യമാണു അവള്‍ ആവര്‍ത്തിക്കുന്നത്..


‘മടുപ്പു തോന്നീട്ടില്ലേ ഒരിക്കലും?ചുറ്റുമുള്ള ലോകം അവരിലേക്കു മാത്രം ഒതുങ്ങുന്നതു കാണുമ്പൊ.. .തീരുമാനങ്ങള്‍ തിരുത്തണമെന്നു തോന്നീട്ടില്ലേ ഒരിക്കലും? ’


ആ കണ്ണുകള്‍ ഉത്തരമാണു തേടുന്നത്..


എങ്ങനെ പറയും ഞാനിവളോട്...? ഇവള്‍ക്കെന്തു പ്രായം വരും? അന്നു മൂന്നാഴ്‌ച പ്രായം വയറ്റില്‍..പക്ഷേ ഈ രൂപം? മനസ്സിലാവ്വോ എന്റെ വികാരങ്ങള്‍.? എന്നിലെ സ്ത്രീയുടെ ഋതുപ്പകര്‍ച്ചകള്‍..?


‘അമ്മാ ,ജനിച്ചിരുന്നെങ്കില്‍  21 വയസ്സാ ഇപ്പൊ എന്റെ പ്രായം.ഒരു കല്യാണൊക്കെ ആകാവുന്ന പ്രായം.(ഒരു കുറുമ്പു ചിരി ആ ചൊടികളില്‍) മനസ്സിലാവും എനിക്ക്. അമ്മ പറയൂ..’


‘നീ പിറക്കാതിരുന്നത് നന്നായി കുട്ടീ..ഈ ലോകം അത്ര സുഖല്ല ഇപ്പൊള്‍. അതും നിന്നേപ്പോലെ ഒരു സുന്ദരിക്കുട്ടിക്ക്..നീ വളരുന്നതു കാണുമ്പൊ എന്റെ ചങ്കിടിച്ചേനെ !’


ഏകാന്തത ആസ്വദിക്കുന്നു എന്നു ഈ കണ്ണില്‍ നോക്കി പറയാന്‍ വയ്യെനിക്ക്..


പറഞ്ഞു...                           


‘ ഭീകരം ഈ ഒറ്റയടിപ്പാതയിലെ യാത്ര..പക്ഷേ മോളേ...

ഓര്‍മ്മയിലെ വന്യസ്നേഹത്തിരകള്‍....

അലയടിയൊതുങ്ങാത്ത സാഗരം...

എന്നിലെ മുത്തിനെ കവര്‍ന്നെടുത്ത ദുരിതക്കടല്‍..

ഒന്നും മായുന്നില്ല...

നീയെങ്കിലും എനിക്ക് നഷ്ടപ്പെടാന്‍ പാടില്ലായിരുന്നു.....’


ആ കണ്ണില്‍ കൌതുകം..


‘എനിക്കെന്തെല്ലാമാണു നഷ്ടമായത് അല്ലേ അമ്മാ?’


വാസന്തയൌവ്വനം ആ മിഴിയില്‍...


എന്തെല്ലാം അറിയാനുണ്ട് ഇവള്‍.!

ഒളിവുകള്‍ക്കപ്പുറത്ത് അവളുടെ സ്വകാര്യതകളില്‍ മാത്രം കൌതുകമുള്ള ഒരു ലോകം..

ഒപ്പം വളരുന്ന ആണ്‍കുട്ടിക്ക് മാത്രം വളര്‍ച്ചകള്‍ ആഘോഷമാകുന്നത്..

ഒപ്പത്തിനൊപ്പമെത്തിയാല്‍ പോലും നിഷേധിക്കപ്പെടുന്ന വ്യക്തിത്വം..


പറഞ്ഞുതുടങ്ങിയപ്പോള്‍ ഒരു വാഗ് ഗംഗ തന്നെ പിറവിയെടുക്കുകയായിരുന്നു.. കുത്തിയൊലിച്ചൊഴുകിയ ആ ഒഴുക്കില്‍ മനസ്സിനകത്ത് മന്ത്രക്കുടുക്കയില്‍

ഒളിച്ചു വെച്ചതെല്ലാം മൂടു തുറന്നു പുറത്തു ചാടി...

ഒടുവില്‍............

കമിഴ്‌ത്തിയ കുടുക്കയ്ക്കു വെളിയില്‍ ആശ്വസിച്ചത് ഞാന്‍ തന്നെയല്ലേ...!

ഉണരേണ്ടത് സത്യത്തിലേക്കെങ്കില്‍ ഞാനീ പുതപ്പില്‍  ഒന്നുകൂടെ ചുരുളട്ടെ...

12 comments:

  1. ജനനമരണങ്ങൾ ഒരു പ്രഹേളികയല്ല,യാഥാർഥ്യമാണെന്നറിയുക.

    ReplyDelete
  2. തീര്‍ച്ചയായും കരുത്തുള്ള ഒരെഴുത്തുകാരിയുടെ രചന. ഒതുക്കമുള്ള ശക്തമായ വാക്കുകള്‍. ഇനിയും നല്ല നല്ല കഥകള്‍ക്ക് പിറവി നല്‍കാന്‍ ഈ കൈകള്‍ക്കു കഴിയുമെന്നതില്‍ സംശയമില്ല.
    അഭിനന്ദനങ്ങള്‍.
    അടുത്തതിനായി കാക്കുന്നു.
    ഓഫ്: കാക്കകള്‍ ഇവിടെയുമെത്തിയോ? :-)

    ReplyDelete
  3. കാമ്പുള്ള എഴുത്ത്.
    ഇഷ്ടപ്പെട്ടു.

    ReplyDelete
  4. ഇല്ലാത്ത ഒരു ഇരുപത്തൊന്നുകാരിയുടെ ഇന്നത്തെ അനുഭവങ്ങള്‍ പറഞ്ഞ രീതി വളരെ ഗംഭീരം. കാര്യം മാത്രം പറഞ്ഞ നല്ലെഴുത്ത്.

    ReplyDelete
  5. ഒന്നു പറയാന്‍ വിട്ടുപോയി.
    ചിത്രം നന്നായി.സ്വന്തം രചനയാണൊ?

    ReplyDelete
  6. എല്ലാ അഭിപ്രായങ്ങൾക്കും നന്ദി..

    ReplyDelete
  7. ഉണരേണ്ടത് സത്യത്തിലേക്കെങ്കില്‍ ഞാനീ പുതപ്പില്‍ ഒന്നുകൂടെ ചുരുളട്ടെ...

    ഈയൊരു വരിയിൽ നിന്നു തന്നെ ഇന്നത്തെ സമൂഹത്തിന്റെ പ്രതിഛായ എടുത്തു കാണിക്കുന്നു.
    കഥ വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  8. നന്നായിരിക്കുന്നു ഈ എഴുത്ത് ..
    ചില ചറിയ വരികളില്‍ കുറെ കാര്യങ്ങള്‍ പറയുവാന്‍
    കഴിഞ്ഞിരിക്കുന്നു ...നല്ല ശൈലിയും ..ഇഷ്ട്ടമായി
    ഭാവുകങ്ങള്‍ ...........

    ReplyDelete