Thursday, August 26, 2010

ഒന്നും പറയാതെങ്ങനെ......


          
           മഴ പെയ്യുന്നത് എന്നില്‍ ത്തന്നെയാണ്..

ഉള്ളില്‍ ആരൊക്കെയോ നനയുന്നുണ്ട്..

നനഞ്ഞ കുടക്കീഴില്‍ വെളുത്ത ജുബ്ബയില്‍ നനഞ്ഞൊട്ടിയ ഒരു രൂപം

മാറിമാറി വരുന്ന നിറങ്ങളില്‍ ആ രൂപം തെളിയുന്നു; വീണ്ടും മങ്ങുന്നു...

കൈകാല്‍ കുടഞ്ഞു ചിരിക്കുന്ന ഒരു പെണ്‍കുഞ്ഞ്..

നനഞ്ഞ മണ്ണില്‍ ഓടിമറയുന്ന കൊലുസ്സണിഞ്ഞ കുഞ്ഞുകാലടികള്‍..

പയ്യെ പട്ടുപാവാടയില്‍, പിന്നിയിട്ട മുടിയിഴയില്‍...കവിള്‍ത്തുടുപ്പില്‍, മെയ്യഴകില്‍..

അവള്‍ വളരുന്നു.  '


കുടഞ്ഞെറിഞ്ഞ ഉറക്കം  !  ഇല്ല..ഇനി ഇന്നും ഉറങ്ങാനാവില്ല........

ഇതിപ്പൊ പതിവായിരിക്കുന്നു..

ഉറക്കത്തില്‍ സ്വപ്നമായി കടന്നു വരുന്ന എന്റെ..........

.ഈശ്വരാ.............എന്റെ ആര് ?

ധന്വന്തരംകുഴമ്പിന്റെ മണം വലിച്ചെടുത്ത് മുത്തശ്ശിയുടെ മടിത്തട്ടില്‍ കിടക്കുമ്പോള്‍ കണ്ണുകളും പെയ്യുകയായിരുന്നു.


‘ന്താ ന്റെ കുട്ടീ ഇത്? പെണ്‍കുട്ട്യോള്‍ ഒരു പ്രായത്തി വേണ്ടതെല്ലാം നിഷേധിച്ചാ ഇങ്ങനൊക്കെ സ്വപ്നം കാണും! ’

ഇല്ല മുത്തശ്ശീ..പറയാന്‍ വയ്യെനിക്ക്..ആരും അറിഞ്ഞിട്ടില്ല ഇതൊന്നും.. അന്യനാട്ടില്‍ ഉദ്യോഗസ്ഥലത്ത് എന്തോ ഒരടുപ്പം എന്നതില്‍ക്കവിഞ്ഞ് മറ്റൊന്നും ആര്‍ക്കും അറിയില്ല..

ഉള്ളിലൊരു തുടിപ്പായി അവളെ അറിഞ്ഞതു മുതല്‍ ഞാന്‍..

ആരോടും പറയാനായില്ല..

അതിനു മുന്‍പേ....മഴയില്‍ ഞാന് തനിച്ചായത്..

പിന്നെ മനസ്സിന്റെ ആഘാതം കൊണ്ടാവണം നിലയ്ക്കാത്ത ചുവപ്പു കൈത്തോടില്‍  അവളും ഒഴുകിപ്പോയത്...

ചേര്‍ന്നു കരയാന്‍ ഒരു  നെഞ്ചു പോലുമില്ലാതെ അന്ന്..


 ‘എന്തിനമ്മാ ഇങ്ങനെ തനിയെ..?’


ഇപ്പൊ ഈ ചോദ്യമാണു അവള്‍ ആവര്‍ത്തിക്കുന്നത്..


‘മടുപ്പു തോന്നീട്ടില്ലേ ഒരിക്കലും?ചുറ്റുമുള്ള ലോകം അവരിലേക്കു മാത്രം ഒതുങ്ങുന്നതു കാണുമ്പൊ.. .തീരുമാനങ്ങള്‍ തിരുത്തണമെന്നു തോന്നീട്ടില്ലേ ഒരിക്കലും? ’


ആ കണ്ണുകള്‍ ഉത്തരമാണു തേടുന്നത്..


എങ്ങനെ പറയും ഞാനിവളോട്...? ഇവള്‍ക്കെന്തു പ്രായം വരും? അന്നു മൂന്നാഴ്‌ച പ്രായം വയറ്റില്‍..പക്ഷേ ഈ രൂപം? മനസ്സിലാവ്വോ എന്റെ വികാരങ്ങള്‍.? എന്നിലെ സ്ത്രീയുടെ ഋതുപ്പകര്‍ച്ചകള്‍..?


‘അമ്മാ ,ജനിച്ചിരുന്നെങ്കില്‍  21 വയസ്സാ ഇപ്പൊ എന്റെ പ്രായം.ഒരു കല്യാണൊക്കെ ആകാവുന്ന പ്രായം.(ഒരു കുറുമ്പു ചിരി ആ ചൊടികളില്‍) മനസ്സിലാവും എനിക്ക്. അമ്മ പറയൂ..’


‘നീ പിറക്കാതിരുന്നത് നന്നായി കുട്ടീ..ഈ ലോകം അത്ര സുഖല്ല ഇപ്പൊള്‍. അതും നിന്നേപ്പോലെ ഒരു സുന്ദരിക്കുട്ടിക്ക്..നീ വളരുന്നതു കാണുമ്പൊ എന്റെ ചങ്കിടിച്ചേനെ !’


ഏകാന്തത ആസ്വദിക്കുന്നു എന്നു ഈ കണ്ണില്‍ നോക്കി പറയാന്‍ വയ്യെനിക്ക്..


പറഞ്ഞു...                           


‘ ഭീകരം ഈ ഒറ്റയടിപ്പാതയിലെ യാത്ര..പക്ഷേ മോളേ...

ഓര്‍മ്മയിലെ വന്യസ്നേഹത്തിരകള്‍....

അലയടിയൊതുങ്ങാത്ത സാഗരം...

എന്നിലെ മുത്തിനെ കവര്‍ന്നെടുത്ത ദുരിതക്കടല്‍..

ഒന്നും മായുന്നില്ല...

നീയെങ്കിലും എനിക്ക് നഷ്ടപ്പെടാന്‍ പാടില്ലായിരുന്നു.....’


ആ കണ്ണില്‍ കൌതുകം..


‘എനിക്കെന്തെല്ലാമാണു നഷ്ടമായത് അല്ലേ അമ്മാ?’


വാസന്തയൌവ്വനം ആ മിഴിയില്‍...


എന്തെല്ലാം അറിയാനുണ്ട് ഇവള്‍.!

ഒളിവുകള്‍ക്കപ്പുറത്ത് അവളുടെ സ്വകാര്യതകളില്‍ മാത്രം കൌതുകമുള്ള ഒരു ലോകം..

ഒപ്പം വളരുന്ന ആണ്‍കുട്ടിക്ക് മാത്രം വളര്‍ച്ചകള്‍ ആഘോഷമാകുന്നത്..

ഒപ്പത്തിനൊപ്പമെത്തിയാല്‍ പോലും നിഷേധിക്കപ്പെടുന്ന വ്യക്തിത്വം..


പറഞ്ഞുതുടങ്ങിയപ്പോള്‍ ഒരു വാഗ് ഗംഗ തന്നെ പിറവിയെടുക്കുകയായിരുന്നു.. കുത്തിയൊലിച്ചൊഴുകിയ ആ ഒഴുക്കില്‍ മനസ്സിനകത്ത് മന്ത്രക്കുടുക്കയില്‍

ഒളിച്ചു വെച്ചതെല്ലാം മൂടു തുറന്നു പുറത്തു ചാടി...

ഒടുവില്‍............

കമിഴ്‌ത്തിയ കുടുക്കയ്ക്കു വെളിയില്‍ ആശ്വസിച്ചത് ഞാന്‍ തന്നെയല്ലേ...!

ഉണരേണ്ടത് സത്യത്തിലേക്കെങ്കില്‍ ഞാനീ പുതപ്പില്‍  ഒന്നുകൂടെ ചുരുളട്ടെ...

Friday, August 20, 2010

മാടായിപാറയുടെ ഹൃദയത്തിലേയ്ക്കൊരു യാത്ര !

ഇന്ന് പകല്  ഒരു യാത്ര പോരുന്നോ എന്നോടൊപ്പം?
ഈ ഞാന് ആരെന്നാവും അല്ലേ? രണ്ടര വര്ഷം മുമ്പ് മലയോര ഗ്രാമത്തിന്റെ ശീതളിമയില് നിന്നും മാടായിപ്പാറയെന്ന അല്ഭുതഭൂമികയിലേക്ക് ഉദ്യോഗാര്ത്ഥം എത്തിച്ചേര്ന്നതാണു ഞാന്. എത്രയോ നാളുകളെടുത്തു ഇവിടുത്തെ വിചിത്രമായ കാലാവസ്ഥകളോട് എന്റെ ശരീരമൊന്നു പൊരുത്തപ്പെടാന്..കാറ്റിന്, മഴയ്ക്ക്, വെയിലിന് ഒക്കെ പല ഭാവങ്ങളാണ് പാറയില്… മുപ്പതിലേറെ കിലോമീറ്റല് താണ്ടി സമയത്തെത്തിച്ചേരാല് തത്രപ്പെടുന്നതിനിടയില് ചവിട്ടടിയിലെ പാറയെ ഞാനറിയാന്  ശ്രമിച്ചതേയില്ല..

 പയ്യെപ്പയ്യെ പഴയങ്ങാടി എന്ന ചരിത്രമുറങ്ങുന്ന മണ്ണ് എന്നെ മാടി വിളിച്ചു.അവിടുത്തെ അല്ഭുതങ്ങളിലെക്ക് എന്നെ ക്ഷണിച്ചു.കാണും തോറും കൌതുകമുണര്ത്തുന്ന കാഴ്ച്ചകള്........കേട്ടറിഞ്ഞ ചരിത്രങ്ങള്...എനിക്ക് കൂടുതലറിയാന്  തിടുക്കമായി..

ഒരല്പ്പം ചരിത്രം പറഞ്ഞു തരട്ടെ? അതു നമ്മുടെ മുന്നോട്ടുള്ള യാത്രക്ക് സഹായകമാകും.

 ഏഴിമല രാജവംശത്തിലെ രാജാവായ നന്ദന് പാഴിയുദ്ധത്തില് ആയ് രാജവംശത്തിലെ രാജാവായ ആയ് എയ്നനെ വധിച്ചതായി അകനാനൂറില് പറയുന്നു.ഈ പാഴി മാടായിപ്പാറയാണെന്നും പാഴി അങ്ങാടിയാണു പഴയങ്ങാടി എന്നും വിശ്വസിക്കുന്നു.ഉത്തരകേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളായ വടുകുന്ദശിവക്ഷേത്രവും മാടായിക്കാവും മാടായിപ്പാറയിലാണ്.ധാരാളം ഐതിഹ്യങ്ങള് മാടായിക്കാവുമായി ബന്ധപ്പെട്ട് ദേശവാസികള് വിശ്വസിക്കുന്നുണ്ട്.അതിലേറ്റവും പ്രസിദ്ധം ദാരികാസുരനിഗ്രഹവുമായി ബന്ധപ്പെട്ടാണ്.ദാരികവധം. കഴിഞ്ഞിട്ടും രോഷമടങ്ങാത്ത ദേവി എരിയുന്ന കണ്ണ് കൊണ്ട് നോക്കിയതാണത്രേ എരിപുരം.മീനചൂടില് എരിയുന്ന പാറയില് നിന്നു അഗ്നി തന്നെ വമിക്കുന്നതു കാണുമ്പോ ആരും ഇക്കഥ വിശ്വസിച്ചുപോകും!

 വടുകുന്ദ ശിവക്ഷേത്രത്തിനു മുന്‍പിലാണ് നാം നില്‍ക്കുന്നത്!
 ക്രുദ്ധയായ ദേവിയെ ശാന്തയാക്കാന്  ശിവന് മധുരം നല്കി.. നീരാടാനൊരു തടാകം നിര്മ്മിച്ചു..അതാണു വടുകുന്ദ ശിവക്ഷേത്രവും വടുകുന്ദതടാകവും എന്നൊരു വിശ്വാസവും ഇവിടെയുണ്ട്.

മീനമാസത്തിലെ പൂരം നാളില് ഭഗവതിയുടെ തിടമ്പ് ഈ തടാകത്തില് ആറാടിക്കുന്നതിനെയാണു പൂരം കുളി എന്നു പറയുന്നത്.

ഇവിടെ വിവിധയിനം പൂക്കള്‍ സമൃദ്ധമായി വളരുന്നു. ഏതാനും ചിലവയെ പരിചയപെടുത്താം.

ഇതാണ്` പൂതപ്പൂവ്
                    
                                                                
.ഇത് കാക്കപ്പൂവ്..ഓണം ഇക്കുറി നേരത്തെയാണ്..കാക്കപ്പൂക്കള്‍ നീലപ്പരവതാനി വിരിക്കാന്‍  തുടങ്ങുന്നതേയുള്ളു.

തുമ്പപ്പൂക്കള്‍
                                                                  
ഓണപ്പൂക്കള്‍
                                                                      
നോക്കൂ കൃഷ്ണപ്പൂവ്  !
പാറപ്പുറത്ത് ധാരാളമായി കാണപ്പെടുന്ന ഒരിനം പൂവാണിത്. ഇതിനെപ്പറ്റി ഒരു വിശ്വാസമുണ്ട് ഇവിടുത്തെ പെണ്കുട്ട്യോള്ക്ക്..ഇടതു കാല് വിരലുകള് കൊണ്ട് ഈ പൂവ് പറിച്ച് വലതു കൈ കൊണ്ട് എടുത്ത് തലയില് ചൂടിയാല് അന്നത്തെ ദിവസം ശുഭമത്രേ..പാറപ്പുറത്ത് അവളുമാരുടെ ഒറ്റക്കാൽ നര്ത്തനം ഒരു പതിവു കാഴ്ച്ചയാണ്.........
   
ഡ്രൊസേറ ഇന്ഡിക് . (കടുപ്പം തന്നെ!)
ഇവള് ആളൊരല്പം പിശകാണു കെട്ടോ
തന്നിലെ ഗന്ധം കൊണ്ട്  വശീകരിച്ചടുപ്പിച്ച് ചെറുജീവികളെ അകത്താക്കുകയാണ് ഇവളുടെ പണി.
Droseraceae എന്ന കുടുംബത്തില് പെടുന്നു.
                                                
വിടരുന്ന കള്ളിപ്പൂവ്...!
അമ്മ കള്ളിയാണേലും മോളു കൊള്ളാം അല്ലേ?
   
തെളിനീര്ത്തടങ്ങള്‍.    പാറയില് പലയിടത്തും ഇത്തരം തടങ്ങളുണ്ട്.
                                                       
ജൂതക്കുളം
ജൂതന്മാര്  ഇവിടെ വന്നുവെന്നതിനെ സാധൂകരിക്കുന്നു ഈ കുളം.
       വാല്‍ക്കണ്ണാടി രീതിയില് പണിത ഈ കുളം ജൂതന്മാരുടെ രീതിയാണല്ലോ
                                                                            .
ഇതും ജൂതന്മാരുടെ ശേഷിപ്പ് തന്നെ! കുളത്തോട് ചേര്ന്നു തറകെട്ടിയ വൃക്ഷപരിപാലനം
                                                                        
ഇതു കണ്ടോ?....ഇതാണ് ഏഴിലം പാല!
     എനിക്കൊരല്പം പേടിയൊക്കെ തോന്നുന്നുണ്ട്..അതിനു ചുവട്ടില് കാണുന്നത് ബലിത്തറയാണ്.നമുക്കല്പം മാറി നടക്കാം കെട്ടോ..  
                                                   
ദൂരെ എഴിമല.  ഹനുമാന്‍    മൃത സഞ്ജീവനി കൊണ്ടു പോകുമ്പൊ അതില്നിന്നും അടര്ന്നു വീണൊരു ഭാഗമെന്നും ഐതിഹ്യം! അവിടുന്നു വീശുന്ന ഔഷധ ഗുണമുള്ള കാറ്റ്..
അങ്ങകലെ തെങ്ങിന് തോപ്പുകള്ക്കും ആകാശത്തിനുമിടയില്  അറബിക്കടലാണു..എന്റെ ക്യമറ പരാജയപ്പെടുന്നു അതൊന്നു ഒപ്പിയെടുക്കാന്‍
                                            
കണ്ണേ..........മടങ്ങുക
                                                      
നെഞ്ചു കീറുന്നൊരു കാഴ്ചയിലേക്കാണ് ഇനി ഞാന്  നിങ്ങളെ കൊണ്ടു പോകുന്നത്.   പാറയുടെ കരയുന്ന മുഖം..

തിരുഹൃദയരക്തം കുടിക്കാന്‍.....
                                             
നെഞ്ചു കീറരുതേ....ഖനനം മൂലം പാറയിലുണ്ടായ വിള്ളലുകള്‍
                                                              
 ധാതു ലവണങ്ങളുടെ സമ്പത്തു കൊണ്ടും ഇവിടം ധന്യമാണല്ലോ..ഗുണങ്ങള് ശാപമാവുന്ന ഒരു അവസ്ഥ! ഒരല്പം വിവരങ്ങള്‍.
1957 -ല് വടുകുന്ദ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള പ്രദേശം ചൈനാക്ലേ വര്ക്സ് എന്നപേരില് രജിസ്റ്റര്  ചെയ്തു.
1973 ഇല് ഈ സ്ഥാപനം സൂപ്പര് ക്ലേസ് ആന്റ് മിനറല് മൈനിങ്ങ് കമ്പനി എന്ന പ്രൈവറ്റ് കമ്പനിയായി മാറി.76ഇല് ധനനഷ്ടവും തൊഴിലാളി പ്രശ്നവുമോക്കെ കാണിച്ച് കേരള സര്ക്കാര് ഏറ്റെടുത്ത് കേരള ക്ലേയ്സ് ആന്റ് സെറമിക് പ്രൊഡക്റ്റ് ലിമിട്ടഡ് കമ്പനിയാക്കി മാറ്റുകയും ചെയ്തു.കഴിഞ്ഞ 30ഇലേറ വർഷങ്ങളായി 120 അടിയിലേറെ ഉയരമുള്ള കുന്നു തുരന്നുമേൽപ്പാറയും മണ്ണും പൊടിച്ച് കളഞ്ഞ് ചൈനാക്ലേ എന്ന ചേടിപ്പൊടി  തമിഴ്നാട്ടിലേക്കും പോണ്ടിച്ചേരിയിലേക്കും കയറ്റി അയക്കുന്നു! നെഞ്ചു തുരന്നു വെടിമരുന്നു നിറച്ച് ഈ  പൈതൃക ഭൂമിയില്  സ്ഫോടനങ്ങൾ ഉണ്ടാക്കുന്നു!

അടരുകളില് നിന്നു അടര്‍ത്തിമാറ്റിയ ഉരുളന് കല്ലുകളും അവയ്ക്കടിയില് കരിയുടെ അംശം കുറഞ്ഞ ലിഗ്നേറ്റിന്റെ അടരുകളും ആണു ഈ കൂന.
ശുദ്ധ ജല സഞ്ചയങ്ങള്  വിഷമയമാകുന്നു. കിണറുകളില്  ജലത്തിന്റെ പി എച്ച് മൂല്യം 3ല് താഴുന്നു. സള്ഫേറ്റ്, ഫോസ്ഫേറ്റ്, ഇരുമ്പ് എന്നിവയുടെ അംശങ്ങള്  വര്ദ്ധിക്കുന്നു.ധാരാളം കിണറുകള് ഉപയോഗശൂന്യമായി.കൃഷിയിടങ്ങള് തരിശാവുന്നു.

ഇതിനെതിരായി പ്രവര്ത്തനങ്ങൾ നടക്കാതില്ല. 90കളില് തന്നെ ഇതിനെതിരായി Environmental conservation group( E.C.G) എന്ന പേരില്  മാടായിപ്പാറ സംരക്ഷണ സമിതി നിലവില്  വന്നിരുന്നു..
പരിസ്ഥിതി സംഘടനയായ സീക്കിന്റെ (society for Environmental Education in Kerala) പ്രവര്ത്തനങ്ങളും നിസ്തുലമാണ്. മാടായി കോളേജ് ഇക്കൊ-ഫ്രെണ്ട്‍ലി ക്ലബ്ബും ഈ ജൈവഭൂമിക്കു വേണ്ടി ശബ്ദമുയര്ത്തുന്നുണ്ട്.. ഭൂമിയെ രക്ഷിക്കാന്‍ നമുക്ക് കഴിയട്ടെ!

ഇന്നിനി നമുക്ക് മടങ്ങിയാലോ..? ചരിത്രവും സംസ്കാരവും ജൈവികതയും അറിയാന് ഇനി പിന്നൊരിക്കല് പാറയുടെ അടുത്ത വശത്തേക്ക് നമുക്ക് പോകാം.വേരുകൾ ചികഞ്ഞ് ആ ആഴത്തിന്റെ സങ്കീര്ണ്ണതകളീല് അല്ഭുതം കൂറാം................

Sunday, August 1, 2010

സ്മൃതികളുടെ മാതൃപൂജ





മലയാള സാഹിത്യം ഒരു മാറ്റത്തിനു വേണ്ടി കാതോർത്തിരുന്നപ്പൊഴാണു മാധവിക്കുട്ടി എന്ന തൂലികാനാമവുമായി അവരെത്തുന്നത്.പതിനഞ്ചാം വയസ്സിൽ അവരെഴുതിയ ‘എന്റെ കഥ“ കണ്ട് പകച്ചുപോയ സമൂഹം പിന്നീട് നിർഭയമയ വികാരാവിഷ്ക്കരണത്തിന്റെയും ഭ്രമാത്മകത്വത്തിന്റെയും ധീരമായ പരീക്ഷണങ്ങൾക്ക് സാക്ഷിയായി.സ്ത്രീ മനസ്സിന്റെ ആന്തരഭാവങ്ങളുടെ തീവ്രമായ പ്രകാശനം മാധവിക്കുട്ടിയെ വിഗ്രഹ ഭഞ്ജകയാക്കി.ആത്മാവിനെ സ്പർശിച്ചു കൊണ്ട് അവരെഴുതിയ കഥകളിൽ പെണ്മനസ്സുകൾ തങ്ങളെത്തന്നെ കണ്ടെത്തുകയായിരുന്നു.

നാലപ്പാട്ടെ സാഹിത്യത്തറവാട്ടിൽ ജനിച്ചുവളർന്ന കമലക്ക് ചെറുപ്പം മുതൽ തന്നെ തന്റെതുമാത്രമായ ഒരു ലോകമുണ്ടായിരുന്നു.തനിക്കു ചുറ്റും കണ്ട കാഴ്ചകളോരോന്നും മനസ്സിന്റെ ചെപ്പിലടുക്കിവെച്ച് കാലാന്തരതിൽ കഥകളുടെ മുത്തായി രൂപാന്തരപ്പെടുത്തുകയായിരുന്നു. പട്ടണപ്പരിഷ്ക്കാരങ്ങളിലും മറുനാടൻ ഭാഷകളിലും ജീവിക്കുംബൊഴും കൈപ്പിടിയിൽ നിന്നു ഊർന്നുപോകാതെ അവർ സൂക്ഷിച്ച ലളിതമധുരമായ ആ ഭാഷ ഏതൊരു മലയാളിയിലും അസൂയ ഉണർത്തിയിരുന്നു.നഗരജീവിതത്തിന്റെയും പ്രവാസത്തിന്റെയും സങ്കീർണ്ണതകൾ മലയാളസാഹിത്യം ആദ്യമറിഞ്ഞത് അവരിലൂടെയായിരുന്നു.കണ്ണുകളിൽ,ശബ്ദത്തിൽ,ചിന്തയിൽ,ഭാഷയിൽ എല്ലാം സ്നേഹം മാത്രം ചാലിച്ചെടുത്തിട്ടും സ്നേഹത്തെക്കുറിച്ച് പറയാൻ തനിക്കൊരു ഭാഷ വേണമെന്നു പരിതപിച്ച ആ വിശ്വകഥാകാരി എന്നും ഒരു വിസ്മയം തന്നെ!
തനിക്കൊപ്പം നടന്നെത്താനാവാതെ തളർന്നു ഒടുവിൽ അസഭ്യം പറഞ്ഞു തൃപ്തി തേടുന്ന ഒരു ജനതയ്ക്കു വേണ്ടി ആയിരുന്നില്ല അവർ എഴുതിയത്..തന്നെക്കാൾ വേഗത്തിൽ നടത്ത ശീലമാവുന്ന ഒരു തലമുറയെ അവർ കാണുന്നുണ്ടായിരുന്നു.കാലം തെറ്റിവന്നുവെന്നു തിരിച്ചറിഞ്ഞിട്ടും തനിക്കു പറയാനുള്ളത് ഇനി വരാനുള്ളവർക്കു വേണ്ടി പറഞ്ഞുവച്ചേ അവർ പോയുള്ളൂ..
ചടുലമായ സ്നേഹ സങ്കൽപ്പങ്ങളുടെ ഈ ഭാഷയ്ക്കു മുന്നിlൽ ലോകം നമിക്കുകയയിരുന്നു.പ്രണയവും രതിയും ഉദാത്ത ഭാവത്തിൽ ആ എഴുത്തിൽ നാം കണ്ടു.ശ്ലീലാശ്ലീലങ്ങളുടെ അതിർവരമ്പുകൾ അലിഞ്ഞില്ലാതാവുന്നത് കാട്ടിത്തന്നു.സ്ത്രീത്വത്തിന്റെ ശക്തിയും ഭംഗിയും ആവാഹിച്ചെടുത്ത് ചാരുതയോടെ അവർ വരച്ചു കാട്ടിയപ്പോൾ അതൊരു നവ്യമായ വായനാനുഭൂതിയായി..
മലയാളം തന്നെ സ്നേഹിക്കുന്നതിൽ പിശുക്ക് കാട്ടുന്നു എന്ന പരിഭവത്തോടെ കേരളം വിട്ട കമലയേയും അവരുടെ കൃതികളേയും ഇപ്പോഴും ശരിയായി വായിച്ചെടുക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല..!