Thursday, September 23, 2010

എഴുതാപ്പുറങ്ങള്‍ ...

ചീറിയടിക്കുന്ന കുളിര്‍ കാറ്റ് ഉള്‍ചില്ലകള്‍ പോലും ഉലയ്ക്കുന്നു.
ബസ്സിനു വെളിയില്‍ ഇലച്ചാര്‍ത്തുകളുടെ ആര്‍ദ്രത.
അരയ്ക്കു താഴെ നനഞ്ഞൊട്ടിയ വസ്ത്രങ്ങളോടെ കമ്പിയില്‍ തൂങ്ങിയാടുന്ന മത്സ്യകന്യകമാര്‍ ‍..

  പുതിയ ബാച്ചിന്റെ ആരംഭം.മഴവില്ലു തീര്‍ത്ത് ഒഴുകുന്ന കണങ്കാലുകള്‍ ‍....
"കേരളത്തിലെ ഡിഗ്രികോളേജുകളെല്ലാം സമീപഭാവിയില്‍ വനിതാകോളേജുകളായി മാറും"
എന്ന  പ്രസ്താവന മനസ്സിന്റെ ചുമരില്‍തൂക്കി ക്ലാസ്സില്‍ കയറി...
ക്ലാസ് റൂമിലെത്തിയപ്പോള്‍ പെണ്‍പടയ്ക്കിടയില്‍ പതുങ്ങിയിരിക്കുന്ന അഞ്ചാറ് ആമ്പിള്ളേര്‍..
ഉള്ളിലുണര്‍ന്ന കൌതുകം ചുണ്ടിലെത്തും മുന്‍പേ നുള്ളിയൊടിച്ചു.

   അപരിചിതത്വത്തിന്റെ മഞ്ഞുരുകാത്ത ക്ലാസ്സിലേക്ക് വൈകലിന്റെ പരുങ്ങലോടെയാണ് അന്നും അവനെത്തിയത്.
കൂട്ടത്തില്‍ ചേര്‍ന്നപ്പോള്‍ ആ ശരീരം വേറിട്ടു നിന്നു.ദൃഡമായ, പൊക്കമുള്ള്ല രൂപം.
നീണ്ട കൈകാലുകള്‍..ഇവന്‍ ഗ്രൌണ്ടില്‍ കസറും! ഞാനെന്തിനോ അങ്ങനെ ചിന്തിച്ചു.

   എന്നും വൈകി മാത്രം എത്തുന്ന അവനുമായി എത്രയോ വട്ടം പിന്നീട് കോര്‍ത്തു.
ട്യൂട്ടറുടെ അധികാരം കാട്ടാനുള്ള  കൂടിക്കാഴ്ചകള്‍!
അവന്‍ മുന്നില്‍ വിനീതനാവുമ്പോള്‍ മാത്രം തൃപ്തി നേടുന്ന അദ്ധ്യാപിക.

     സംവാദങ്ങള്‍ സജീവമാകുന്ന ക്ലാസ്സിലെ അപൂര്‍വ്വാവസരങ്ങളില്‍   അവന്‍  മറ്റൊരാളാണ്.
മാധ്യമങ്ങള്‍ സ്ത്രീയെ ഉപഭോഗ വസ്തുവാക്കിയെന്ന നീനയുടെ വാദം അവനെ തെല്ലൊന്നുമല്ല അരിശം കൊള്ളിച്ചത്.

“ഇവളുമാരെന്തിനാ നിന്ന്  കൊടുക്ക്ന്നേ..സോപ്പ് പതയ്ന്നത് മേത്താന്ന് മനസ്സിലാവ്ന്നില്ലേ..“

വായാടിയായ നീന പോലും ചൂളിപ്പോയി.

“അറിഞ്ഞൂടായ്റ്റാണെങ്കില്‍  ക്ഷമിക്കാം, ഇത് കാശിന് വേണ്ട്യന്നാ..ന്നിട്ട് ചാരിത്ര്യപ്രസംഗോം.“ അവന്‍ അടിവരയിടും.

“സന്ധ്യയാല്‍  വീട്ട്ക്കേറാനാവൂല്ല..സീരിയല്‍   സുന്ദരിമാര്‍ടെ മൂക്കു ചീറ്റല്‍..”

“നീ പറ ! മറ്റെന്ത് റിലാക്സേഷന്‍ കൊടുക്കും നമ്മുടെ അമ്മമാര്‍ക്ക് ആ സമയത്ത് ? പുലരും മുന്‍പേ തുടങ്ങിയ
പണിയൊതുങ്ങി , ഒരല്പം നടു നീര്‍ക്കുമ്പോള്‍ അതെങ്കില്‍ അത് ..അവരൊന്നു കണ്ടോട്ടെ..ആ സമയത്ത് അവരോട്
ഇന്റലക്ച്വല്‍ തിങ്കിങ്ങ് എന്നു പറയാതെ...”മറ്റൊരിക്കല്‍ നീന കടം വീട്ടി..എന്തുകൊണ്ടോ പിന്നെ അന്നവന്‍ മൌനിയായി.

“അടിസ്ഥാന പരമായ പ്രശ്നങ്ങളെ വിശാലമായ ക്യാന്‍വാസില്‍  തിരിച്ചറിഞ്ഞ് നാം പ്രതികരിക്കണം” ക്ലാസിലെ നേതാവ്

“എന്തോന്നു പ്രതികരണാ സജീ നിങ്ങ പറയ്ന്നേ ..അംബാനിയും ബിര്‍ളയും തീരുമാനിക്കുന്ന ഇന്നിന്റെ നയങ്ങള്‍!
വാചകമടിക്കാതെ നിങ്ങ ചെയ്തു കാണിക്ക്..”..

ഷേക്സ്പിയറോ കാളിദാസനോ ഭരതനോ അരിസ്റ്റോട്ടിലോ ക്ലാസ്സില്‍ നിറയുമ്പോള്‍ അവന്‍ പിന്‍ ബെഞ്ചില്‍ ഡസ്ക്കില്‍
ശിരസ്സു ചേര്‍ത്ത് ഉറങ്ങുകയാവും.

ക്ഷതമേല്‍ക്കപ്പെടുന്ന  അദ്ധ്യാപിക “നിന്റുമ്മയെ ഒന്നു കാണണം” എന്നു കണ്ണുരുട്ടി.

“എന്താ റ്റീച്ചറെ..ഇന്നലെ തീരെ ഒറങ്ങീല..അതാ...”

പിറകെ വന്നിട്ടും അടങ്ങാത്ത എന്നിലെ രോഷം !
അനുസരണക്കേട്, വായനയില്ലായ്മ, അലസത..ഡിപ്പാര്‍ട്ട്മെന്റിന്റെ വാതില്‍ക്കല്‍   വരെ
ഏറെ ആരോപണങ്ങള്‍ ഞാനവനില്‍  ചാര്‍ത്തി.  എന്റെ ജ്വലിക്കുന്ന കണ്ണുകളെ അവന്‍ നേരിടാറില്ല.

   ഞായറാഴ്ച..എന്റെ ഉറക്കപ്പകല്‍..ജനല്‍   കുത്തിത്തുളച്ചെത്തുന്ന ഇളവെയില്‍
പുതച്ച്...എന്നില്‍   തന്നെ ഒളിച്ച്....അന്നു ഒരു  യാത്രയ്ക്കും തയ്യാറാവാത്തതാണ്.
എന്നിട്ടും പോവേണ്ടി വന്നു!
അടുത്ത ബന്ധുവിന്റെ കല്യാണം. നാലാളു കൂടുന്നതല്ലേ..വേഷം കെട്ടി, കുട്ടികളേയും കൂട്ടി ഇറങ്ങി.ആദ്യമായാണ് ബസ്സില്‍..
മുമ്പൊരിക്കല്‍   വണ്ടിയില്‍  ചെന്ന് ആ മുറ്റത്തേക്കു ചാടിയ ഓര്‍മ്മയേയുള്ളു..
സ്റ്റോപ്പിലെത്തുമ്പോള്‍ പറയണമെന്നു കണ്ടക്ടറെ ശട്ടം കെട്ടീട്ടുണ്ടെങ്കിലും ഒരു പരിഭ്രമം..
കുട്ടികളേം കൊണ്ട് പരിചയമില്ലത്തിടത്ത് ആദ്യമാണ്..

 “ഓയ്..ദാ, ഇബ്ടിറങ്ങിക്കൊ..ചക്കരക്കല്ല് “

പിടഞ്ഞിറങ്ങി..ഇനി??
ഓട്ടോയാണ് പ്രതീക്ഷ..അവര്‍ക്കറിയണമല്ലോ നാട്ടിലെ കല്യാണങ്ങള്‍..

“എന്താ ഏച്ചീ ഇത്..അയ്മ്പതുറുപ്യക്ക്  അഞ്ഞൂറിന്റെ ഈ നോട്ട് തന്നാ നമ്മയെന്താ ചെയ്യണ്ടെ?
അന്റട്ത്തില്ല..നിങ്ങ ആ പീട്യേ പോയി ചില്ലറയാക്ക് ..“

 ഈ ശബ്ദം ...??!!
ഞെട്ടിത്തിരിഞ്ഞു നോക്കി.റാഷിദ്.!!! നിരത്തിവച്ച മീന്‍ കൂമ്പാരത്തിനു പിന്നില്‍...
   ശ്വസം നിലച്ചതു പോലെ തോന്നി..മോന്റെ കൈത്തണ്ടയില്‍  അറിയാതെ  എന്റെ പിടി മുറുകി..
ഒരു നിമിഷം എന്റെ കണ്ണുകളുമായി ഇടഞ്ഞപ്പോള്‍ അവിടെ ഒരു സൂര്യന്‍ തന്നെ കണ്ടു.

“ടീച്ചറെന്താ ഈട?  ഇത്  മക്കളാ ..??” അവന്‍ അടുത്തെത്തി

മോനെ പിടിക്കാനാഞ്ഞ കയ്യില്‍    ഒന്നു നോക്കി അവന്‍ പിന്‍ വലിച്ചു.

 “മീന്‍ നാറും !“         അവന്‍ ചിരിച്ചു.

എന്റെ ബാലിശമായ ശാസനകള്‍ക്ക് മുന്നില്‍   കുനിഞ്ഞ ആ ശിരസ്സ്  ഇപ്പോള്‍  ഉയര്‍ന്നിരിക്കുന്നു.
പൊക്കത്തിനപ്പുറവും ഞാനവനു മുന്നില്‍   തീരെ ചെറുതായതു പോലെ..
മെല്ലെ ശ്വാസഗതി തിരിച്ചു കിട്ടിയപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു.

“കല്യാണപ്പൊരേലേക്കാ?ഓട്ടോക്കു പോണ്ട ദൂരൊന്ന്വില്ല.ന്റെ പൊരേന്റപ്രത്താ..
ഉമ്മാ..ആട നിന്നാ..ടീച്ചറേം കൂട്ട്..”

കയ്യില്‍   മീന്‍ സഞ്ചിയുമായി മുന്നില്‍  നടക്കുന്ന ഒരു വൃദ്ധ തിരിഞ്ഞു നിന്നു.
കുഴിഞ്ഞ ആ കണ്ണുകളും ഒട്ടിയ വയറിനു മേല്‍   ആടിക്കളിക്കുന്ന മേല്‍ ക്കുപ്പായവും
ഒരായുസ്സിന്റെ കഥ തന്നെ എന്നോട് പറഞ്ഞു.

അവര്‍ക്കു പിന്നിലായി ശിരസ്സു കുനിച്ചു  നടന്നത് നിറയുന്ന കണ്ണുകളെ ഒളിക്കാനാണെന്നു
ഒരിക്കലും അവനറിയേണ്ട....

15 comments:

 1. മലബാറിന്റെ ഗ്രാമ്യഭാഷയെ നന്നായി ഇണക്കിചേര്‍ത്തിരിയ്ക്കുന്നു. അനുഭവത്തിന്റെ സുഗന്ധമുള്ള നല്ല എഴുത്ത്. അഭിനന്ദനങ്ങള്‍..!

  ReplyDelete
 2. വായിച്ച്‌ തുടങ്ങിയപ്പോള്‍, പോസ്റ്റിലെ തന്നെ ഏതെങ്കിലും ഒരു വാക്യം മോട്ടിച്ച് അഭിപ്രായത്തിന്റെ കൂടെ ചേര്ക്ക്ണം എന്നാണ് കരുതിയത്‌. അവസാനം മനസ്സിലായി പോസ്റ്റു മുഴുവനായി കമന്റ് ബോക്സില്‍ വീണ്ടും ഇടുന്നത് ശരിയല്ലെന്ന്. അതുകൊണ്ട് മാത്രം ചെയ്യുന്നില്ല. സുന്ദരമായ എഴുത്ത്. വീണ്ടും കാണാം......

  ReplyDelete
 3. കൈയടക്കമുള്ള കഥ... നന്നായിരിക്കുന്നു... ആശംസകള്‍ ...

  ReplyDelete
 4. സുഗന്ധി തന്നെ...നല്ല അവതരണം, ആനുകാലിക വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചത്‌ രീതിയും നന്നായി കേട്ടോ..keep it up.

  ReplyDelete
 5. നല്ല എഴുത്ത്. അഭിനന്ദനങ്ങള്‍...

  ReplyDelete
 6. ഒരു നിമിഷം എന്റെ കണ്ണുകളുമായി ഇടഞ്ഞപ്പോള്‍ അവിടെ ഒരു സൂര്യന്‍ തന്നെ കണ്ടു.
  സുന്ദരമായ എഴുത്ത്...

  ReplyDelete
 7. ബിജു
  ആളവന്‍താന്‍
  വിനുവേട്ടന്‍
  പ്രവാസി
  ജിഷാദ്
  എബിന്‍
  രാജേഷ്
  ലിഡിയ........എല്ലാര്‍ക്കും നന്ദി...

  ReplyDelete
 8. വളരെ ടച്ചിങ്ങായ കഥ. അഭിനന്ദനങ്ങള്‍.

  ReplyDelete
 9. നന്നായിരിക്കുന്നു ടീച്ചറെ :) എനിക്കിഷ്ടായി

  ReplyDelete
 10. ഭാവനയുടെ വളം വായന തന്നെ .സമയക്കുറവുണ്ട്,എങ്കിലും വായിക്കാം .നന്ദി

  ReplyDelete
 11. കുമാരന്‍
  ജീവന്‍
  അന്‍സാരി....സന്ദര്‍ശനത്തിനു നന്ദി

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. ഹൃദയസ്പര്‍ശിയായ ഇത്തരം ജീവിതം ഉള്‍നാടുകളില്‍ കാണാന്‍ കഴിയും , എന്നോടൊപ്പം പഠിച്ചിരുന്ന സുഹ്രത്തുക്കളെ ഞാന്‍ ഓര്‍ത്തു പോയി ,ഒരുപാട് നന്ദി,,, ജീവിതാനുഭവം വ്യെക്തമായി ഇവിടെ പകര്‍ത്താന്‍ കഴിഞ്ഞതിനെ അഭിനന്നിക്കുന്നു

  ReplyDelete