Sunday, July 24, 2011

അങ്ങനെ ഒരോണക്കാലത്ത്..

വഴിവിളക്കിന്റെ കീഴിൽ ഉറുമ്പുകളെപ്പോലെ ഒന്നിനു പിറകെ മറ്റൊന്നായി തൊട്ടു നിൽക്കുന്ന വണ്ടികളുടെ നീണ്ട നിര. ഏറെ നേരമായി അവൾ ഈ ട്രാഫിക് ബ്ലോക്കിലാണ്‍. പുറത്ത് ഉത്രാടപ്പാച്ചലിലാണ്‍ നാട്. ചിന്നിപ്പെയ്യുന്ന ചിങ്ങമഴയത്ത് കൈകളിൽ ഓണച്ചരക്കുകളുമായി നീങ്ങുന്ന ആളുകൾ.



പച്ചക്കറികളും പൂക്കളും നിരന്ന ഓണച്ചന്തയുടെ സമൃദ്ധി. തിരക്കേറി ഓടുന്ന ജനങ്ങൾ. തെരുവു കച്ചവടക്കാരുടെ വിലപേശലുകൾ. ഇതിനിടെ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ്‍ അവളവനെ കാണുന്നത്. പലജാതിയിലുള്ള മറുനാടൻ പൂവുകൾക്കിടയിലൂടെ തലനീട്ടുന്ന ജമന്തിപ്പൂവിൽ കൈ വെച്ചതേയുള്ളു. ‘നാലു മുഴം’ എന്ന് കരുത്തുറ്റൊരു കൈ അതിന്മേല്‍ പതിച്ചു. ‘പകുതി എനിക്കും തരുമോ?’ പൂക്കാരൻ മിണ്ടുന്നില്ല. അവൾ വാങ്ങിയ ആളോട് ചോദ്യം ആവർത്തിച്ചു. അപ്പോഴാണ്‍, എവിടെയോ ഏറെ പരിചയമുണ്ടായിരുന്ന ആ മുഖം.. അവളെക്കാൾ മുന്നേ തിരിച്ചറിഞ്ഞുവെന്നതു പോലെ അയാൾ പൂക്കൾ മുഴുവനായി അവൾക്ക് നേരെ നീട്ടി.

‘ദാ, എട്ത്തോളൂ..’

ഞാറ്റുവേലക്കാറ്റു പോലെ വന്നൊരാൾത്തിരക്ക് അവരെ വീശിയകറ്റി. തിരക്കിലൂളയിട്ട് എന്തൊക്കെയോ വാങ്ങിക്കൂട്ടി. ബാക്ക് സീറ്റിൽ കവറുകളോടൊപ്പം ചാഞ്ഞുറങ്ങുന്ന കുട്ടികൾ. അവൾ റേഡിയോ ഓൺ ചെയ്ത് വോള്യം കുറച്ച് വെച്ചു. ‘….മുഗ്ദ്ധമിക്കാഴ്ച്ച തന്നെയൊരോണം..’ ഓണപ്പാട്ടിന്റെ ചിന്തേറി പട്ടണവും ചൂടും തിരക്കും കടന്ന് അവൾ പഴയൊരു പൂക്കാലം വരെ ചെന്നു….



കുന്നിൻ ചെരിവിലെ പൂക്കുലകളും വിളഞ്ഞ് നെൽക്കതിരു വീണുകിടക്കുന്ന വരമ്പുകളും നിറഞ്ഞ കൈത്തോടുകളും തൊട്ടറിഞ്ഞ് ആരവത്തോടെ പറന്നു നടക്കുന്ന കുട്ടിസംഘം. കുറ്റിമുൾച്ചെടികളിൽ കുരുങ്ങുന്ന പാവാടത്തുമ്പിനെ പറിച്ചെടുത്ത് കൂട്ടത്തിനൊപ്പമെത്താൻ കിതക്കുന്നവർ. നനഞ്ഞ കരിയിലയിൽ ചവിട്ടി വീഴുന്നവർ, കുത്തിയിരുന്ന് കാക്കപ്പൂവിറുക്കുന്നവർ, പരന്ന പാറപ്പുറം മായ കാട്ടി അവരെ കളിപ്പിക്കുന്നുമുണ്ട്.. ഇറുക്കുന്നിടത്തല്ല അപ്പുറമാണ്‍ പൂക്കളധികമെന്ന്.. അവിടെത്തുമ്പോ ഇപ്പുറമെന്ന്..!



ഏതു കൊമ്പിലെ പൂവും പറിച്ച് പങ്കുവെച്ച് അവന്റെ കൂടെ നടക്കുമ്പോ പൂക്കളുടെ സൂക്ഷിപ്പുകാരി മാത്രമാണ്‍ അവൾ ! നശിപ്പിക്കാതെ പൂവിറുക്കാൻ നല്ല ശ്രദ്ധ വേണം. കൂട്ടം പലതായി പിരിഞ്ഞ് പല വഴിയായി. ചെമ്പൻ പാറപ്പുറത്തവർ കിതപ്പാറ്റിയിരുന്നു. പാറക്കുളത്തിൽ കൈയും മുഖവും കഴുകി. ചെരിപ്പിട്ട് തിരിയാനാഞ്ഞതും അപ്പുറത്തേക്ക് കാൽ വഴുതി വീഴുകയായിരുന്നു. വള്ളിപ്പടർപ്പിലും കുറ്റിയിലുമൊക്കെപ്പിടിച്ച് മുകളിലേക്ക് വലിയും തോറും ഓരോന്നായി പൊട്ടിയടർന്നു. വെപ്രാളത്തോടെ ഓടി വന്ന അവന്റെ കൈയ്യിൽ പിടുത്തം കിട്ടിയെങ്കിലും അവനെയും വലിച്ച് താഴേക്ക് പതിച്ചു. കുത്തനെയുള്ള കുന്നിൻ ചെരിവ് രണ്ടുപേരും ഉരുണ്ടിറങ്ങി. എത്ര നേരമുരുണ്ടെന്നോ, നേരമെത്ര കഴിഞ്ഞെന്നോ അറിഞ്ഞില്ല. കണ്ണ് തുറന്നപ്പോ കൈകോർത്തുപിടിച്ച് തൊട്ടുതൊട്ട് അവനുണ്ടായിരുന്നു കൂടെ. ഒരു കുസൃതിച്ചിരിയോടെ രണ്ടുപേരും തിരികെ ജീവിതത്തിലേക്ക് പിടഞ്ഞെണീറ്റു. തൊട്ടാവാടിയും കുറ്റിച്ചെടികളും ദേഹത്തു നിന്ന് തട്ടിക്കളഞ്ഞ്, പരസ്പരം താങ്ങി, ഒന്നും മിണ്ടാതെ മുകളിലെത്തി. അപ്പൊഴേക്കും അടുത്തെവിടെനിന്നോ കൂടുകാർ അവരെ വിളിച്ച് നടക്കുന്നത് കേൾക്കാമായിരുന്നു. തിരികെ, നിറഞ്ഞ പൂക്കൂടയുമായുള്ള നടപ്പിൽ പൂവിന്റെ ഭാരം പോലുമില്ലാത്തൊരു മനസ്സുമായി അവൾ ഏറ്റവും പിറകിലായിരുന്നു.



ജമന്തിപ്പൂക്കൾക്കുമേൽ അവിചാരിതമായി വീണ്ടും കൊരുത്ത കൈവിരലുകളുടെ ഔചിത്യമോർത്തപ്പോൽ അവളിൽ കൌമാരത്തിന്റെ നാണം പൂത്തു.



‘വണ്ടി എട്ക്ക്.. നടുറോഡിലാണോ സ്വപ്നം കാണുന്ന് !” വണ്ടിയുടെ ഗ്ലാസ്സ് തട്ടിക്കൊണ്ട് പുറത്തുനിന്നൊരാക്രോശം.. കൂടെ ഒരു പറ്റം ആളുകൾ, മുന്നിൽ റോഡ് ശൂന്യമായി പാതയൊരുക്കി. പിറകിൽ ഉറുമ്പിന്‍ പറ്റങ്ങളുമായി അവൾ യാത്ര തുടർന്നു.

Thursday, July 14, 2011

ബ്ലോഗന്മാരുടെ ശ്രദ്ധയ്ക്ക്

    ശ്രീകുമാര്‍ തിരക്കിലാണ്. കയ്യെത്തും ദൂരത്ത് നോക്കുന്ന സാധങ്ങള്‍ കാണണമെന്ന് പണ്ടൊന്നും ശ്രീകുമാരനിത്ര നിര്‍ബന്ധമുണ്ടായിരുന്നില്ല. ഇതിപ്പൊ അങ്ങനാണോ? ആറുമണിക്ക് മുന്‍പ് റെയില്‍വെ സ്റ്റേഷനിലെത്തണം. വൈകിയാല്‍ സകല പ്ലാനും തെറ്റും.  നീല ഷര്‍ട്ടിന് ക്രീം പാന്റോ, പച്ച ഷര്‍ട്ടിന് കറുപ്പു പാന്റോ കൂടുതല്‍ ചേരുക എന്ന ചോദ്യത്തിന് ഉത്തരം കൊടുക്കാതെ നടപ്പാണ് ശ്രീകുമാരപത്നി.

    ശ്രീകുമാര്‍ അങ്ങനെ വെറുമൊരു കുമാറൊന്നുമല്ല.  അറിയപ്പെടുന്നൊരു ബ്ലോഗറാണ്. ബ്ലോഗര്‍ ശ്രീലനെ നാലാളറിയും. പിള്ളേര്‍ക്ക് നാലക്ഷരം പറഞ്ഞു കൊടുക്കാന്‍ പറയുമ്പോഴാണ് ശ്രീകുമാറില്‍ സാധാരണയായി ശ്രീലന്‍ ആവേശിക്കുക എന്നത്  പത്നി നിഷക്ക് മാത്രമറിയാവുന്ന സൃഷ്ടി രഹസ്യം.


    കുറ്റം പറയരുതല്ലോ..നിഷ ഒരു കശ്മല അല്ല. ഏതൊരു മഹാന്റെയും... എന്നൊക്കെ പറയും പോലെ ശ്രീലന്റെ എഴുത്തിന്റെ മുന്നിലും, എന്തിന് പിന്നില്‍ പോലും നിഷ തന്നെ. പോസ്റ്റില്‍ ശ്രീ കാട്ടുന്ന കയ്യടക്കത്തിലും (മറ്റെവിടെയും അതില്ലെങ്കിലും) നിരീക്ഷണ ചാതുരിയിലും  മതിപ്പുള്ളവള്‍.  നോക്കീം കണ്ടും നിന്നില്ലെങ്കില്‍ തന്നേം പിടിച്ച് കഥാപാത്രമാക്കി പോസ്റ്റിക്കളയും എന്ന ധാരണയുള്ളവള്‍ .

    സ്വന്തം വീട്ടിലൊരു ചടങ്ങ് നടക്കുമ്പോ ഭര്‍ത്താവിനൊപ്പം ഞെളിഞ്ഞ് നിൽക്കാന്‍ ഏതു ഭാര്യക്കും ആഗ്രഹം കാണും. ബ്ലോഗ് മീറ്റും കല്യാണവും എന്നൊരു ടൈ ശ്രീലനെ ഒട്ടും കണ്‍ഫ്യൂഷ്യനാക്കിയില്ല.  നൂറുകണക്കിന് ഫോളോവേര്‍സും ആയിരക്കണക്കിന് ആരാധകരുമുള്ളൊരു ബ്ലോഗര്‍  മറിച്ചെന്ത് തീരുമാനിക്കാന്‍! ഭര്‍ത്താവിന്റെ സന്തോഷങ്ങളെ നിഷേധിക്കേണ്ടെന്ന് സിമ്പതി വര്‍ക്കൌട്ട് ചെയ്ത ഏതോ നിമിഷത്തില്‍ അവള്‍ സമ്മതിച്ചു പോയതാണ്. എന്നാല്‍ പരിധി വിട്ടുള്ള ഈ ആവേശം അവള്‍ക്ക് (അവളും ഒരു ശരാശരി മല്ലു ഭാര്യ അല്ലേ..?!) ആശങ്ക തോന്നിക്കാതിരുന്നില്ല.

    നാലു തവണ വിളിച്ചിട്ടും അമ്മായിയപ്പന്‍ ഫോൺ എടുക്കാത്തതിനൊക്കെ ക്ഷമയുടെ നെല്ലിപ്പലയോളം ക്ഷമിച്ച് പിന്നേം വിളിച്ച് മോളേം കുട്ട്യോളേം കൂട്ടിക്കോണ്ടു പോകാന്‍ ശട്ടം കെട്ടി. സ്വൈര്യമായി, ബാധ്യതകളെല്ലാമൊഴിച്ച് ബല്ലൂണ്‍ പോലെ പൊങ്ങുന്നൊരു മനസ്സുമായി സ്റ്റേഷനിലെത്തി.  പറഞ്ഞതു പോലെ ഓരോരുത്തരായി കൂട്ടത്തിലേക്ക് ഓരോ സ്റ്റോപ്പില്‍ നിന്ന് ജോയിന്‍ ചെയ്യാന്‍ തുടങ്ങിയതോടെ പെരുമഴയത്ത് തുള്ളിച്ചാടുന്ന കുട്ടിയെപ്പോലെയായി മനസ്സ്. ദാഹജലവും സപ്ലേയുമായി ‘നൂലനും’ ചേര്‍ന്നപ്പോ തുടങ്ങും മുന്‍പേ ആവര്‍ത്തിച്ച് നാലു മിസ്സ് കാളിലൂടെ ഓർമ്മയുണ്ടെന്ന് വാമഭാഗത്തെ അറിയിച്ച ശേഷം ശ്രീലന്റെ തലയുടെ പ്രധാന ഭാഗങ്ങള്‍ തിരക്കിട്ട മറ്റ് ചര്‍ച്ചകള്‍ക്കായി അറേഞ്ച്മെന്റ്സ് തുടങ്ങി. രാവേറെ ചെന്ന് റൂമില്‍ സെറ്റിലാവുമ്പോഴേക്കും പലരും സ്വിച്ച് ഓഫായിരുന്നു.

    കാത്തിരുന്ന പ്രഭാതം.  പതിവിലും നേരത്തെ ശ്രീലന്‍ ഉണര്‍ന്നൊരുങ്ങി. വീടിനേക്കുറിച്ചോര്‍ക്കുമ്പോഴേ വീര്‍ത്തു വന്ന മുഖം കണ്ണാടിയില്‍ കണ്ടപ്പോള്‍ ആ ചിന്ത തന്നെ തട്ടിയെറിഞ്ഞു. വരാനിരിക്കുന്ന ആരാധകവൃന്ദങ്ങള്‍ക്കു മുന്നില്‍ വിനീതനാകേണ്ടതിന്റെ റിഹേര്‍സല്‍ തുടങ്ങി. 



    പട്ടും പൊന്നും കണ്ട് നടക്കുന്നതിനിടയിലും കമേഴ്സ്യല്‍  ബ്രേക്കെടുത്ത് കണവനെ വിളിച്ചു കൊണ്ടിരുന്നു നിഷ. ഇത്രേം ഗ്യാപ്പില്‍ ശ്രീ മിസ്സാവുമ്പോഴൊക്കെ സംഗതി റോങ്ങാവാറുണ്ട്. കല്യാണവും കളവാണവും തരത്തിലൊന്ന് കഴിച്ചുകൂട്ടി അവള്‍ വീട്ടിലേക്കോടി.

    ബ്ലോഗ് മീറ്റ് ലൈവ്.. തുടങ്ങിയിട്ട്  കുറെ നേരമായി. വലുതും ചെറുതുമായ ബ്ലോഗര്‍മാരും ബ്ലോഗിണികളും നിറഞ്ഞ ഹാള്‍. അരങ്ങ് കൊഴുപ്പിക്കുന്ന സുന്ദരനായ അവതാരകന്‍ . പാട്ട്, കളികള്‍ ..അതിനിടയില്‍ ഓടി നടക്കുന്ന ശ്രീ ശ്രീ ശ്രീലന്‍.  സുന്ദരിമാരോടൊത്ത് ചിരിച്ച് കുഴയുന്ന ആ ബൂലോക മാണിക്യത്തെക്കണ്ട് ചുവന്ന മുഖവും നിറഞ്ഞ കണ്ണുകളുമായി നിഷ ശയ്യാവലംബിയായി.

    കല്യാണപ്പന്തലില്‍ പ്രത്യേകിച്ച് ടെന്‍ഷന്‍ ഒന്നുമില്ലാതിരുന്ന കുട്ടികള്‍ സദ്യയുണ്ട ആലസ്യത്തില്‍ നേരത്തേയുറങ്ങി. തിരിച്ചുള്ള യാത്ര നാടെത്തും വരെ സുഖായിരുന്നു ശ്രീലന്.   തന്റെ നെലേം വെലേം അറിയാത്ത സഹധര്‍മ്മിണിയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ പൂര്‍വ്വാശ്രമം തന്നെ വെറുത്തു ശ്രീലന്‍.

    പാതിരായ്ക്ക് വീടണഞ്ഞ ശ്രീലനു മുഖം കൊടുക്കാതെ നിഷ പ്രതികാരിയായി.  അടച്ചു വെച്ച ഭക്ഷണം പാത്രങ്ങള്‍ തല്ലിയിട്ടിട്ടാണെങ്കിലും മുഴുവനും കഴിച്ചു. S ആകൃതിയില്‍ പരിഭവിച്ചു കിടക്കുന്ന നിഷയ്ക്ക് എതിര്‍ദിശയില്‍ കിടന്ന് ശ്രീകുമാരൻ ആലോചിക്കുകയായിരുന്നു.

    എന്തായിരുന്നു ‘ദേവസേന’പറയാന്‍ ബാക്കി വെച്ചത്?  “വൈഡൂര്യ‘യെ  കാറു വരെ കൊണ്ടുവിടണമായിരുന്നോ? ആ പഹയന്‍ ‘ചെകുത്താന്‍’ കണ്ടമാനം ഷൈന്‍ ചെയ്തു കളഞ്ഞു. അവനിപ്പൊ എന്തെഴുതിയാലും നൂറു കമന്റാ. ചവറ് ! എന്റെ പോസ്റ്റിലോട്ടൊന്നും അമവനിപ്പൊ വരാറെയില്ല. അവന്റെ ഇമ്മാസത്തെ പോസ്റ്റിനും ഞാന്‍  കമന്റിയതാ.  വിളിച്ചൊന്നു ചീത്തപറഞ്ഞാലോ? അല്ലെങ്കില്‍ വേണ്ട. ഒരു അനോണി ബ്ലോഗുണ്ടാക്കി തെറി പറയാം.  കാര്യങ്ങള്‍ തലയ്ക്കകത്ത് ഇങ്ങനെ കുഴയുമ്പോഴാണ് നിഷയ്ക്ക് ജലദോഷം പിടിച്ചത്. ചീറ്റലും തുമ്മലുമായി അതു പിന്നെ മൂര്‍ച്ഛിച്ചു.

    “ബ്ലോഗ് മീറ്റാ പോലും ! ഞാന്‍ കണ്ടു നിങ്ങടെ തനി നെറം. നാണോമില്ലേ മനുഷ്യാ..‘

    ലൈവ്..!! ഇവളതെപ്പോ...? ‘ നീ മിണ്ടണ്ട.കണ്ടവന്റെ കൂടെയൊക്കെ കറങ്ങിത്തിരിഞ്ഞ് ഇപ്പം എന്റെ മെക്കിട്ട് കേറണ്ട.’ (നമ്മളോടാ കളി !)

   ഇവളിത്ര ചീപ്പാണോ?ആരാധകരല്ലേ ഒരു ബ്ലോഗറുടെ ശക്തി?  നൂറ് നൂറു കമന്റുകള്‍ കിട്ടുന്ന പോസ്റ്റുകളെക്കുറിച്ചോര്‍ത്തപ്പോൾ തന്നെ ശ്രീലന് കുളിരു കോരി. നിഷ ഏങ്ങലടിയില്‍ തന്നെ. അല്ലേലും കാര്യപ്പെട്ട വല്ലതും ആലോചിക്കുമ്പം ഇവള്‍ക്കീ ബാക്ക് ഗ്രൌണ്ട് മ്യൂസിക്ക് പതിവാ.

    അങ്ങോട്ടുമിങ്ങോട്ടും വക്കുകള്‍ സ്മാഷ് ചെയ്ത്  തളര്‍ന്ന് എപ്പൊഴോ രണ്ടുപേരും അഭിമുഖമായി. കിതപ്പോടെ ഒരു ഗ്യാപ്പിട്ടപ്പോഴാണ് നിഷ യാത്ര ചെയ്ത് തളര്‍ന്ന കാന്തന്റെ മുഖം നോക്കിയത്. ഒരു നിമിഷം കൊണ്ട് കാതരയായി അവള്‍ ശ്രീലന്റെ നെഞ്ചോട് ചേര്‍ന്നു. മെല്ലെ ഒന്നു തോണ്ടി.

  “ശ്രീ.. ശ്രീയേട്ടാ..എന്നിട്ട്..എങ്ങനുണ്ടേർന്നു മീറ്റ്?”

    വലതു കൈ കൊണ്ട് അവളെ ചേര്‍ത്ത് പിടിച്ച് ശ്രീലന്‍ മൊഴിഞ്ഞു.

    ‘ഗംഭീരം..ഇതുവരെ കണ്ടതില്‍ മികച്ചത്..” ഉരുകുന്ന പരിഭവങ്ങളില്‍ വിശേഷങ്ങള്‍ ചിറകു വിടര്‍ത്തി. ആ നിമിഷത്തിലാണ് ശ്രീയുടെ ഫോണ്‍ ചിലച്ചതും നിഷ അറ്റന്റ് ചെയ്തതും..
    ഫോണിലൊരു കിളിക്കൊഞ്ചൽ.

    ‘‘ശ്രീ.........വീട്ടിലെത്തിയോടാ.. കുട്ടാ...?’‘

   ദാരികനിഗ്രഹം കഴിഞ്ഞ കാളിയെപ്പോലെ കൈയ്യില്‍ ഫോണുമായി മുടിയഴിച്ചുള്ള ആ‍ നില്‍പ്പ് കണ്ടപ്പോള്‍ ശ്രീലന് യാതോരു ഉപമയും വന്നില്ല.

Sunday, July 3, 2011

അന്ന് സന്ധ്യയ്ക്ക്..

ഊടുവഴികളില്‍ ആടിയുലഞ്ഞ് ഉണര്‍ന്ന ഓര്‍മ്മകളിലാണ് ബസ്സിറക്കം. കാലോ ഞാനോ ആദ്യം എന്ന  തര്‍ക്കത്തിനൊടുവില്‍ രണ്ടും  വീണു. നടക്കാന്‍ പഠിച്ച വഴിയില്‍ കാലിടറുന്നതിന്റെ സുഖത്തില്‍  വഴികളോട് പരിചയം പുതുക്കി.

"അമ്മേന്റെ കണ്ണടയും മുമ്പ് ഒന്ന് തിരിഞ്ഞു നോക്കാന്‍ തോന്നീല്ലല്ലോ നിനിക്ക്’.“ വടക്കേക്കരയിലെ വാസന്തി എളേമ്മയാണ്.  ഈ പ്രായത്തിലും എന്തൊരോര്‍മ്മ. കണ്ടാ തിരിയുമെന്ന് തന്നെ വിചാരിച്ചില്ല. അവര്‍ക്ക് മാത്രല്ല ഇന്നാട്ടില്‍ പലര്‍ക്കും പറയാന്‍ പലതും കാണും‍..ഒതുക്കുകല്ലുകള്‍ ചവിട്ടിക്കയറുമ്പോള്‍ ഇളകാതിരിക്കാന്‍ ശ്രദ്ധിച്ചു രഘു. മുകളിലെ കല്ല് ഇപ്പോഴും ഉറക്കാതെ തന്നെ.  മുറ്റത്ത് തലങ്ങും വിലങ്ങും വരച്ച കള്ളികള്‍ .  പെറ്റിക്കോട്ടിട്ട രണ്ട് പെണ്‍കുട്ടികള്‍ ഒറ്റക്കാലില്‍ എന്തോ കളിയിലാണ്.  കുറച്ച് നേരം മുഖത്തേക്ക് നോക്കി നിന്ന ചുവപ്പു റിബ്ബണ്‍ അകത്തേക്ക് ഓടി അമ്മയുമായെത്തി.

  ഇറങ്ങിയ വര്‍ഷങ്ങളെണ്ണി തിരിച്ചുകയറുമ്പോള്‍ കാലുകള്‍ക്ക് ഭാരം കൂടിയതുപോലെ.   പടിഞ്ഞിറ്റയിലെ ഇരുട്ടിന് അമ്മയുടെ മണം.

  പൂപ്പല്‍ പിടിച്ച ചാരുകസേരയില്‍ മലര്‍ന്ന്കിടന്നു.  പറമ്പിലെ കൊന്നമരത്തില്‍ ഇക്കുറിയും രണ്ടുമൂന്നു മെലിഞ്ഞപൂക്കുലകള്‍ .  ചേദിയില്‍ ചോണനുറുമ്പുകള്‍ ഇഴയുന്ന നാട്ടുമാങ്ങകള്‍ !  ടൌണിലെ തുണിക്കടയുടെ പേരെഴുതിയ ചില്ലുഗ്ലാസ്സില്‍ സുധ ചായ കൊണ്ടുവന്നു. കുട്ടികളെയും അവളേയും ഒരുമിച്ച് കണ്ടപ്പോ സങ്കടം തോന്നി.  കരുണേട്ടനുമൊത്ത് കുറച്ചുകൂടെ മെച്ചപ്പെട്ടൊരു ജീവിതം കിട്ടുമായിരുന്നോ ഇവള്‍ക്ക്?  പിന്നെ ആരാണ് ഇവളെ കല്യാണം കഴിച്ചത്?..എവിടെയാണ്? അവളുമായി ബന്ധപ്പെട്ട് മനസ്സിലുദിച്ച ചോദ്യങ്ങള്‍ ആറ്റിലെ മീനിനെപ്പോലെ ഉള്ളില്‍ത്തന്നെ നീന്തി.

  കുഴമ്പും എണ്ണയും ഒഴിഞ്ഞ് അവളെക്കുറിച്ചൊരോര്‍മ്മയില്ല.  അമ്മേടെ ശുശ്രൂഷ ഇവളുടെ മാത്രം കാര്യമെന്ന പോലാര്‍ന്നു ഞാനടക്കം മറ്റെല്ലാര്‍ക്കും. കണ്ണിലെ നിസ്സംഗഭാവം നേരിടാനാകുന്നില്ല.  വര്‍ഷങ്ങള്‍ക്ക് ശേഷം കൂടപ്പിറപ്പിനെ കാണുന്നതിന്റെ അതിശയമോ ഈര്‍ഷ്യയോ ഒന്നും ആ മുഖത്തില്ല. അതോ താനീ കസേരയില് കാലങ്ങളായി കെടപ്പുണ്ടായിരുന്നോ..? അലഞ്ഞ് വിഴുപ്പുകൂടിയ മരവിപ്പുകളുടെ ഭാണ്ഡം പോലെ.

  ഇരുട്ടുപരന്നപ്പോഴേക്കും ഉറക്കത്തിലായ ഗ്രാമം. അങ്ങിങ്ങ് മിന്നിക്കാണുന്ന ഇലക്ട്രിക് ബള്‍ബുകളില്‍ നാട്ടിനൊരു അപരിചിത ഭാവം.  കുളിമുറിയില്‍ വെള്ളത്തിനു ചൂടു പാകമാക്കി.  എത്രയോ നീരൊഴുക്കുകളറിഞ്ഞ ദേഹം.  എന്നിട്ടും വീടിന്റെ ശീലങ്ങള്‍ ! കരിന്തിരി കത്തും പോലെ മങ്ങിക്കത്തുന്ന ബള്‍ബിന്റെ കാരുണ്യത്തില്‍ വെള്ളം കോരി. ചരിഞ്ഞ പറമ്പില്‍ നിന്ന് കെട്ടിയുയര്‍ത്തിയ ആള്‍മറ കാലപ്പഴക്കത്തില്‍ വിണ്ടുപോയിരിക്കുന്നു.  കുളിമുറിയുടെ നിലത്തോളം അകന്നിരിക്കുന്ന വിടവ്.

  ഓട്ടുകരണ്ടിയിലുണ്ടാക്കിയ കായയുപ്പേരി, ചുട്ട പപ്പടം, മോര് ..ഇപ്പോഴും തന്റെ നാവിന്റെ രുചി ഇതൊക്കെത്തന്നെയാണോ..!

  രാത്രിവണ്ടിക്ക് വരുന്ന വീട്ടുകാരനു കൂടിയാണ് ഈ സദ്യ. “ഇവര്ടച്ഛന്ന് ടൌണില് ഹോട്ടലിലാ പണി. രണ്ടാഴ്ച്ച കൂടുമ്പോഴാ വരുന്നത്. ഇന്നെത്തും.  നാളെ വിഷുവല്ലേ. “

  “മുട്ട് ഇടണ്ട. പൊലര്‍ച്ചെ കണി കാണാന്‍ ഇറങ്ങണ്ടതാ.’ മുകളിലേക്ക് ഏണിപ്പടികള്‍ കയറുമ്പോ അമ്മയാണോ താഴെ നിന്ന് പറയുന്നത്.. മുഴുവനായി നിവരാത്ത പായയില്‍ കാലു നീട്ടിയിരുന്ന് പുകച്ചുരുളുകളെ  ജനലഴികള്‍ക്കിടയിലൂടെ പറഞ്ഞുവിട്ടു.

ഇതുപോലൊരു രാത്രിയിലാണ് കരുണേട്ടനുമായി ഇടയേണ്ടി വന്നത്. കൂട്ടുകാരന്റെ അനിയത്തിയെ സ്നേഹിക്കുന്നത് പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുന്നതിനേക്കാള്‍ വലിയ തെറ്റായിട്ടാണ് അന്ന് തോന്നിയിരുന്നത്.  അറിഞ്ഞപ്പോ ചതി എന്നേ തോന്നിയുള്ളു. റേഷന്‍ കടയ്ക്ക് മുന്നിലന്ന് ഒരുപാട് തിരക്കുണ്ടായിരുന്നു. ഒരൊറ്റ മനസ്സ് പോലെ നടന്നവനെയാണ് തല്ലിയിടേണ്ടി വന്നത്.   നാട് മുഴുവന്‍ കാഴ്ച്ചക്കാരായ ആ സന്ധ്യയ്ക്ക് ശേഷം എങ്ങോട്ടെങ്കിലും പോയാ മാത്രം മതിയെന്നായി.  നാടിനും വീടിനും കൊള്ളാത്തവന് ഏത് നേരവും ഒരുപോലെ.  അമ്മയെക്കണ്ട് ഇറങ്ങാനാണ് അകത്ത് കയറിയത്. കട്ടിലിനടിയിലെ പലകപ്പെട്ടിയില്‍ നിന്ന് അമ്മയുടെ കാതിലെ തക്കയിലൊന്ന് എടുത്തത് മുന്‍പേ തീരുമാനിച്ചിട്ടൊന്നുമല്ല.

 പുലരുവോളം ചിത്രങ്ങള്‍ നിറഞ്ഞ തിരശ്ശീലയായിരുന്നു മനസ്സ്.
“കുഞ്ഞേട്ടാ..വാ.. മെല്ലെ..കണ്ണ് തുറക്കല്ലേ..”
കാതങ്ങള്‍ ഒരൊറ്റ വിളിയാലെ  അരികിലായി.  പടികള്‍ പിടിച്ച് ഇറങ്ങിച്ചെന്നത്  അമ്മയുടെ കമ്മലൊരുക്കിയ കണിയിലേക്കാണ്.  ഒറ്റത്തക്കയുടെ തിളക്കം. തൂങ്ങുന്ന കാതിന്റെ തണുപ്പ്. കണിപ്പലകയില്‍ ചമ്രം പടിഞ്ഞിരുന്ന്  രഘു ഓരോന്നായി എണ്ണാന്‍ തുടങ്ങി..ചക്ക,മാങ്ങ,തേങ്ങ,വെള്ളരിക്ക..കൊന്നപ്പൂ .പഞ്ചങ്ങളഞ്ചും..