Saturday, September 18, 2010

മാമ്പഴക്കാലം

    അവസാനത്തെ  പരീക്ഷയും കഴിഞ്ഞു.
മനസ്സിനിപ്പോള്‍ ഒരു അപ്പൂപ്പന്‍ താടിയുടെ  ഭാരം  പോലുമില്ല.
ഒന്നിനു പിറകെ ഒന്നായി  പറന്നു  പോയ  പുസ്തകസഞ്ചികള്‍  മേശത്തലപ്പില്‍   ചിണുങ്ങി.
ഞങ്ങള്‍ പരസ്പരം നോക്കി. ആറു മിഴികളിലും  പൂത്തിരി. 
വരുംദിനങ്ങളിലെ  ആഘോഷപ്പെരുമ്പറകള്‍  നെഞ്ചിടിപ്പായി.

   പറഞ്ഞുറപ്പിച്ച  പോലെ മാഞ്ചുവട്ടില്‍  വട്ടമൊപ്പിച്ചപ്പോല്‍ തോരാത്ത വിശേഷപ്പെരുമഴ. താഴോട്ടുവീഴുന്ന മാമ്പഴങ്ങള്‍ മധുരച്ചാറായി ഞങ്ങളില്‍  ഒലിച്ചിറങ്ങി.ഇത്   മധ്യവേനല്‍  അവധിക്കാലത്ത് തറവാട്ടുവീട്ടില്‍ ഞങ്ങളുടെ പതിവു സമാഗമം.പലയിടങ്ങളിലായി ചിതറിത്തെറിച്ച ഞങ്ങള്‍ കുട്ടികള്‍ക്ക്  ഒത്തുചേരലിന്റെ ആഘോഷം.

   വയല്‍ത്തീരത്തെ തറവാട്ടു വീട്.  അച്ചപ്പനും അച്ചമ്മയും നിറയുന്നയിടം.തറവാട്ടുവീട്ടില്‍  നിന്നു കുറച്ച്അകലെയാണു ഞങ്ങളുടെ താമസം.അതേ അകലത്തില്‍  മറ്റൊരു ദിശയില്‍  ഇളയച്ഛനും കുടുംബവും .അമ്പലത്തറയില്‍  നിന്നു ഒഴിവുകാലത്തെത്തുന്ന അമ്മാവന്റെ  മക്കളാണ് ഞങ്ങള്‍ക്കിടയില്‍  അന്നത്തെ വിദേശികള്‍ ‍. വല്ല്യമ്മയുടെ മക്കളും അവരുടെ മക്കളുമായി വേറെയും ചിലര്‍ ...പേരക്കുട്ടികളെല്ലാരേയും ഒന്നിച്ചുകാണുന്ന മേളത്തില്‍  വെറുതെ ചിരിച്ചുകൊണ്ടു നടക്കുന്ന അച്ചമ്മ.

      ‘അത്രടം വരെ എന്റൊപ്പം വെരുന്നാ നീ’?

   ബാലസാമിയുടെ വീട്ടിലേക്ക് മോരു വങ്ങാനുള്ള പോക്കാണു അച്ചമ്മ.ഞാന്‍ പെട്ടെന്നു തന്നെ കൂട്ടത്തില്‍  നിന്നൂരി അച്ചമ്മയില്‍  ചേര്‍ന്നു.. എനിക്കേറെ  ഇഷ്ടമാണ് ആ  യാത്രകള് ‍.   ഉടുപ്പുപെട്ടിയില്‍    നിന്നെടുത്ത കൈതയും ഇലഞ്ഞിയും മണക്കുന്ന  വേഷ്ടിയില്‍ , കാച്ചെണ്ണ  മണക്കുന്ന  വെള്ളിനാരിഴകളില്‍     എനിക്കു
മുന്നില്‍ അച്ചമ്മ എന്നും ഒരു വിസ്മയമായിരുന്നു.ഇടവഴികളിലൂടെ  അച്ചമ്മയോടൊപ്പം നടക്കുമ്പോ  പറയുന്ന കാര്യങ്ങളാണ്  എന്റെ നാട്ടറിവുപെട്ടിയിലെ  മഞ്ചാടികളാവുന്നത്..

     തമിഴ്ചുവയില്‍  സംസാരിക്കുന്ന മഠത്തിലുള്ളവരുമായി നല്ല  അടുപ്പമാണ്   അച്ചമ്മയ്ക്ക്.  അവര്       തമിഴ് ബ്രാഹ്മണരാണത്രേ.കരക്കാട്ടിടം നായനാന്മാരുടെ  വ്യവഹാര കാര്യങ്ങള്‍ നോക്കാനും പാചക കാര്യങ്ങള്‍ക്ക് മേല്‍ നോട്ടത്തിനുമായിപാലക്കാട് എണ്ണപ്പാടം അഗ്രഹാരത്തില്‍  നിന്നു വന്നവരാണ് ഈ ബ്രഹ്മണര്‍.മദ്രാസ് ഹൈക്കോടതിയില്‍   നായന്മാരുടെ    കേസു    നടത്താന്‍    തമിഴും   ഇംഗ്ലീഷും   വശമുള്ള   വക്കീലന്മാരെ ആവശ്യമായതിനാല്‍  സംഘമേശ്വരയ്യര്  എന്ന  വ്യവഹാരപ്പട്ടരേയും  സഹോദരനും      പാചകവിദഗ്ദ്ധനായ രാമലിംഗപ്പട്ടരേയും  നായനാന്മാര്‍  ഇവിടേക്ക്  കൊണ്ടുവന്നതാണ്.  മക്കളും ബന്ധുക്കളുമായി കൂടുതല്‍  പേര്‍ ഇവിടേക്ക് വന്നതോടെ  ഇവരുടെ വീടുള്‍ ‌പ്പെടുന്ന ഭാഗം ‘സാമിമൊട്ട‘യായി. ബസ്സ്റ്റോപ്പിനു പോലും പിന്നീട്
ആ പേരു  വന്നത്   അങ്ങനെയാണ്.

       ‘എന്താടോ വിശേഷം?‘

      ഉമ്മറത്തെ   ചാരുകസേരയിലിരുന്ന്  മുഴങ്ങുന്ന  സ്വരത്തില്‍  ബാലസാമി     അച്ചമ്മയോട്  ചോദിച്ചു. ഉച്ചമയക്കത്തിന്റെ ആലസ്യത്തില്‍  ആ ശരീരം  ഒന്നിളകി.എനിക്കജ്ഞാതമായ  ഒരു വ്യവസ്ഥിതിയുടെ അസ്ഥികൂടം പോലെ ആ വീടും പരിസരവും എന്റെ മുന്നില്‍  നിറഞ്ഞു പരന്നു കിടന്നു…

      ‘ ആരെടാ പേരയില്‍ ?’

      വരാന്തയില്‍ നിന്നു അച്ചപ്പന്‍ ഒച്ചയിടുന്നു.ഉലഞ്ഞിളകുന്ന പേരയില്‍  നിന്നു ആരോ താഴെ വീണു !

     ‘എന്തൊരു തലയാ പെണ്ണേ ഇത്?കൊറച്ച് എണ്ണ തേച്ച് ഇതൊന്നൊതുക്കിക്കൂടെ?

      അനുസരണയില്ലാതെ പറന്നു നടക്കുന്ന എന്റെ ചുരുളന്‍  മുടിയില്‍  തടവി  അച്ചമ്മ  ഒരു   പേന്‍ ചീര്‍പ്പുമായി  എന്നെ  പിടിച്ചിരുത്തി. താഴെ കളിക്കൂട്ടങ്ങള്‍ തോട്ടില്‍ ജലചക്രം കറക്കുമ്പോള്‍ , തോര്‍ത്തുമുണ്ടില്‍ പരല്‍മീന്‍ പിടിക്കുമ്പോള്‍ ,മാമ്പഴങ്ങള്‍പകുത്തെടുക്കുമ്പോള്‍ ‍,മൈലാഞ്ചിയിലകള്‍പറിച്ചെടുത്ത് അരക്കാനൊരുങ്ങുമ്പോള്‍‍
. ഞാന്‍ ‍... ഞാന്‍  മാത്രമെങ്ങനെയാ ക്ഷമയോടെ  ഈ   കൊലപാതകത്തിന്   കൂട്ടിരിക്കേണ്ടത്?. എന്നെ  വലിച്ചെടുത്ത് ഓടാനൊരുങ്ങുമ്പോള്‍ പിറകില്‍  അച്ചമ്മയുടെ ശക്തമായ പിറുപിറുപ്പ് കേള്‍ക്കാമായിരുന്നു.

        രാത്രി..    റാന്തല്‍  വിളക്കിന്റെ  വെളിച്ചത്തില്‍   മുന്നിലെ വിശാലമായ പാടത്തേക്ക് നോക്കുമ്പോള്‍  ഭീതിപ്പെടുത്തുന്ന  നിശബ്ദത. ചീവീടുകളുടെ  ചെവി തുളക്കുന്ന  കരച്ചില് ‍. ഇരുട്ടില്‍  ഞാന്‍   അമ്മയെ ഓര്‍ത്തു..  വരാന്തയില്‍  കാലു നീട്ടിയിരിക്കുന്ന അച്ചമ്മയ്ക്ക്  തുമ്മാന്‍(മുറുക്കാന്‍ ‍) ഇടിച്ചുകൊടുത്ത് ചേര്‍ന്നിരുന്നപ്പൊള്‍ എനിക്കു മുന്നില്‍   നാടന്‍ പാട്ടിന്റേയും കഥകളുടേയും  മണിച്ചെപ്പു   തുറന്നുകിട്ടി...
നിലത്ത് പായകള്‍ നിരത്തി വിശേഷങ്ങള്‍ക്കിടയില്‍  എപ്പോഴോ ഞങ്ങള്‍ ഉറങ്ങി.

       പലതരം കിളികളുടെ ഉണര്‍ത്തുപാട്ടു കേട്ട് അവ ഏതാണെന്നു വേര്‍തിരിച്ചെടുക്കാന്‍   ശ്രമിച്ചുകൊണ്ട്  കിടപ്പായിരുന്നു രാവിലെ..വല്ലാത്തൊരു നിലവിളി അച്ചമ്മയില്‍ നിന്നുണ്ടായപ്പോള്‍ എല്ലാരും   ഉണര്‍ന്നു..
തുറന്നു  കിടക്കുന്ന  വാതിലില്‍ നോക്കി  തലയ്ക്ക്  കൈ  വെക്കുന്ന  അച്ചമ്മ.എനിക്കൊന്നും മനസ്സിലായില്ല. പിടഞ്ഞെണീറ്റപ്പോല്‍ എന്റെ കാലുകളില്‍  ഉരുളന്‍ കല്ലുകള്‍ തടഞ്ഞു.ഞങ്ങളുടെ തലഭാഗത്തായി പിന്നെയും കല്ലുകള്‍.അച്ചമ്മയുടെ  കട്ടിലിന്‍ കീഴെ മറ്റൊരെണ്ണം..അടുക്കളയിലെ ചോറ്റിന്‍ കലം  താഴെ തൈച്ചോട്ടില്‍..
എല്ലാ മുഖങ്ങളിലും ഭീതി നിറഞ്ഞു.പെട്ടെന്നാണ് ഇളയമ്മ അത് കണ്ടു പിടിച്ചത്.

      ’അമ്മയുടെ കഴുത്തിലെ മാല എവ്ടെ?‘

     ചിത്രം തെളിയുന്നു. മോഷണമാണു കാര്യം..ഒരു പക്ഷേ ഞങ്ങള്‍ ഉണര്‍ന്നാല്‍  കിഴുക്കാനാവാം ഈ
ഉരുളന്‍ കല്ലുകള്‍ ..  ഹൊ...       ആ    ചിന്തയില്‍ത്തന്നെ   ഞാന്‍ കണ്ണുകള്‍ അറിയാതെ   ഇറുക്കിയടച്ചു പോയി.കേസായി..  പോലീസുകാര്‍  വന്നു  തെളിവെടുത്തു.  ഞാന്‍   ആദ്യമായി  യൂണിഫോമിട്ട   ഒരു പോലീസുകാരനെ അടുത്തു കാണുന്നത് അന്നായിരുന്നു.അവര്‍ പോയ ശേഷം ഞങ്ങള്‍   തൈച്ചോട്ടില്‍
ചെന്ന്    ‘കള്ളന്റെ ‘  കാല്പാട്   ഭീതിയോടെ   നോക്കിക്കണ്ടു. വല്യ  പുരോഗതിയൊന്നും  ആ  കേസിനു പിന്നീടുണ്ടായില്ല.  മക്കളൊക്കെ  ചേര്‍ന്നു  അതുപോലൊരു  മാല  വീണ്ടും  പണിയിപ്പിച്ച് അച്ചമ്മയുടെ കഴുത്തിലിട്ടു പിന്നീട്.

     വിഷുവിനു  വീട്ടില്‍  കണി  കണ്ടതിനു  ശേഷം   തറവാട്ടിലേക്ക്  ഒരു   യാത്രയുണ്ട്   ഞങ്ങള്‍ക്ക്.      വിഷുക്കണിയുടെ  നിറസമൃദ്ധിയില്‍  അച്ചപ്പന്‍  തരുന്ന  കൈനീട്ടം..!   (അതെന്നും ഇരുപത്തിയഞ്ചു  പൈസയായിരുന്നു.)

       അതിനു ശേഷം കാവിലേക്കുള്ള യാത്ര.ആഡംബരമേതുമില്ലത്തൊരു കൊച്ചു വനമാണ് ഞങ്ങളുടെ കാവ്. അപൂര്‍വമായ ഇനം വള്ളികളും മരങ്ങളും നിറഞ്ഞ ആ കാവ് ഞങ്ങളുടെ നാടിന്റെ ആത്മാവു തന്നെ! പ്രാകൃതമായ മണ്‍ കാളകളുടെ രൂപങ്ങളും മറ്റും നിറഞ്ഞ ആ കാവിലെ ആരാധനാരീതികള്‍  ആര്യമാണൊ  ദ്രാവിഡമാണോ എന്നറിയാനായി  ഇപ്പോഴും വേരുകള്‍  ചികയുന്നുണ്ട്.

  പുലര്‍കാലത്ത് വയല്‍ വരമ്പിലൂടെ  കാല്പാദം  മുതല്‍ നെറുക  വരെ  തുളഞ്ഞു  കയറുന്ന  കുളിരറിഞ്ഞ് , കാക്കപ്പൂവും തൊട്ടാവാടിയും  ചവിട്ടി .. ഇങ്ങനെ  എത്ര  യാത്രകള്‍ .......!

14 comments:

 1. This post is being listed by Keralainside.net.This post is also added in to favourites [ തിരെഞ്ഞെടുത്ത പ്പോസ്റ്റുകൾ]category..
  you can add posts in to favourites category by clicking 'Add to favourites' link below every post..... visit Keralainside.net.- The Complete Malayalam Flash Aggregattor ..
  thank you..

  ReplyDelete
 2. നാട്ടറിവുപെട്ടിയിലെ മഞ്ചാടികളാവുന്ന വിശേഷപ്പെരുമഴ..
  :-)

  ReplyDelete
 3. ഒരോട്ടപ്രദക്ഷിണം അല്ലേ ?

  ReplyDelete
 4. പൊടി തട്ടിയെടുത്ത ഒർമ്മകൾ നന്നായി.തുടർന്നും എഴുതൂ...

  ReplyDelete
 5. ഓര്‍മ്മകള്‍ക്കു മാമ്പഴ മധുരം.....!

  ReplyDelete
 6. "രാത്രി..റാന്തല്‍ വിളക്കിന്റെ വെളിച്ചത്തില്‍ മുന്നിലെ വിശാലമായ പാടത്തേക്ക് നോക്കുമ്പോള്‍ ഭീതിപ്പെടുത്തുന്ന നിശബ്ദത.ചീവീടുകളുടെ ചെവി തുളക്കുന്ന കരച്ചില്‍"

  മനോഹരമായ എഴുത്ത്‌. ഉള്ളില്‍ ഒരു സസ്പ്പെന്‍സ്‌ നിറച്ച മോഷണ കഥയും തമിഴ്‌ ബ്രാമണരുടെ പശ്ചാത്തലത്തില്‍ പാടത്തിന്റെ പച്ചപ്പ്‌ എല്ലാം എനിക്കേറെ ഇഷ്ടായി. ആദ്യത്തെ ചിത്രവും ഭംഗിയായി.
  ആശംസകള്‍.

  ReplyDelete
 7. നന്നായീട്ടോ.....സസ്നേഹം

  ReplyDelete
 8. നാടാകെ മാറി..പരസ്പരം തിരിച്ചറിയാത്ത വിധം നമ്മളും..ഓര്‍മ്മകളെങ്കിലും ശേഷിച്ചെങ്കില്....
  keralainside,
  ലിഡിയ
  ,Kalavallabhan,
  krishnakumar,
  റാംജി,
  യാത്രികന്‍.............നന്ദി.

  ReplyDelete
 9. ഫെയ്സ് ബുക്കില്‍ നിന്ന്....
  .എന്റെ പ്രിയ കവിക്ക് നന്ദി...


  Balachandran Chullikkad
  ‎'മാഞ്ചുവട്ടില്‍ വട്ടമൊപ്പിച്ചപ്പോല്‍ തോരാത്ത വിശേഷപ്പെരുമഴ. താഴോട്ടുവീഴുന്ന മാമ്പഴങ്ങള്‍ മധുരച്ചാറായി ഞങ്ങളില്‍ ഒലിച്ചിറങ്ങി.ഇത് മധ്യവേനല്‍ അവധിക്കാലത്ത് തറവാട്ടുവീട്ടില്‍ ഞങ്ങളുടെ പതിവു സമാഗമം.പലയിടങ്ങളിലായി ചിതറിത്തെറിച്ച ഞങ്ങള്‍ കുട്ടികള്‍ക്ക് ഒത്തുചേരലിന്റെ ആഘോഷം.'

  ഇതു എന്റെയും കുട്ടിക്കാലം! നന്ദി സിന്ധു

  ReplyDelete
 10. നല്ല എഴുത്ത്... തുടരുക

  ReplyDelete
 11. ഗ്രാമവും നല്ല ഓര്‍മ്മകളും.
  ആശംസകള്‍

  ReplyDelete
 12. ഒർമ്മകൾ നന്നായി...

  ReplyDelete
 13. നഗരങ്ങള്‍ മെട്രോയും ..ഗ്രാമങ്ങള്‍ നഗരങ്ങളും ആകാന്‍ വെമ്പല്‍ കൊള്ളുന്ന ഈ വേളയില്‍ ..ഇനിയത്തെ തലമുറകള്‍ക്ക് മഞ്ചാടിയും മാമ്പഴവും ഒക്കെ വായിക്കാന്‍ മാത്രമുള്ളതാകുമോ?..

  ReplyDelete
 14. pettennu..entho onnudi vannu vayikkaan thonni..

  ReplyDelete