Sunday, July 3, 2011

അന്ന് സന്ധ്യയ്ക്ക്..

ഊടുവഴികളില്‍ ആടിയുലഞ്ഞ് ഉണര്‍ന്ന ഓര്‍മ്മകളിലാണ് ബസ്സിറക്കം. കാലോ ഞാനോ ആദ്യം എന്ന  തര്‍ക്കത്തിനൊടുവില്‍ രണ്ടും  വീണു. നടക്കാന്‍ പഠിച്ച വഴിയില്‍ കാലിടറുന്നതിന്റെ സുഖത്തില്‍  വഴികളോട് പരിചയം പുതുക്കി.

"അമ്മേന്റെ കണ്ണടയും മുമ്പ് ഒന്ന് തിരിഞ്ഞു നോക്കാന്‍ തോന്നീല്ലല്ലോ നിനിക്ക്’.“ വടക്കേക്കരയിലെ വാസന്തി എളേമ്മയാണ്.  ഈ പ്രായത്തിലും എന്തൊരോര്‍മ്മ. കണ്ടാ തിരിയുമെന്ന് തന്നെ വിചാരിച്ചില്ല. അവര്‍ക്ക് മാത്രല്ല ഇന്നാട്ടില്‍ പലര്‍ക്കും പറയാന്‍ പലതും കാണും‍..ഒതുക്കുകല്ലുകള്‍ ചവിട്ടിക്കയറുമ്പോള്‍ ഇളകാതിരിക്കാന്‍ ശ്രദ്ധിച്ചു രഘു. മുകളിലെ കല്ല് ഇപ്പോഴും ഉറക്കാതെ തന്നെ.  മുറ്റത്ത് തലങ്ങും വിലങ്ങും വരച്ച കള്ളികള്‍ .  പെറ്റിക്കോട്ടിട്ട രണ്ട് പെണ്‍കുട്ടികള്‍ ഒറ്റക്കാലില്‍ എന്തോ കളിയിലാണ്.  കുറച്ച് നേരം മുഖത്തേക്ക് നോക്കി നിന്ന ചുവപ്പു റിബ്ബണ്‍ അകത്തേക്ക് ഓടി അമ്മയുമായെത്തി.

  ഇറങ്ങിയ വര്‍ഷങ്ങളെണ്ണി തിരിച്ചുകയറുമ്പോള്‍ കാലുകള്‍ക്ക് ഭാരം കൂടിയതുപോലെ.   പടിഞ്ഞിറ്റയിലെ ഇരുട്ടിന് അമ്മയുടെ മണം.

  പൂപ്പല്‍ പിടിച്ച ചാരുകസേരയില്‍ മലര്‍ന്ന്കിടന്നു.  പറമ്പിലെ കൊന്നമരത്തില്‍ ഇക്കുറിയും രണ്ടുമൂന്നു മെലിഞ്ഞപൂക്കുലകള്‍ .  ചേദിയില്‍ ചോണനുറുമ്പുകള്‍ ഇഴയുന്ന നാട്ടുമാങ്ങകള്‍ !  ടൌണിലെ തുണിക്കടയുടെ പേരെഴുതിയ ചില്ലുഗ്ലാസ്സില്‍ സുധ ചായ കൊണ്ടുവന്നു. കുട്ടികളെയും അവളേയും ഒരുമിച്ച് കണ്ടപ്പോ സങ്കടം തോന്നി.  കരുണേട്ടനുമൊത്ത് കുറച്ചുകൂടെ മെച്ചപ്പെട്ടൊരു ജീവിതം കിട്ടുമായിരുന്നോ ഇവള്‍ക്ക്?  പിന്നെ ആരാണ് ഇവളെ കല്യാണം കഴിച്ചത്?..എവിടെയാണ്? അവളുമായി ബന്ധപ്പെട്ട് മനസ്സിലുദിച്ച ചോദ്യങ്ങള്‍ ആറ്റിലെ മീനിനെപ്പോലെ ഉള്ളില്‍ത്തന്നെ നീന്തി.

  കുഴമ്പും എണ്ണയും ഒഴിഞ്ഞ് അവളെക്കുറിച്ചൊരോര്‍മ്മയില്ല.  അമ്മേടെ ശുശ്രൂഷ ഇവളുടെ മാത്രം കാര്യമെന്ന പോലാര്‍ന്നു ഞാനടക്കം മറ്റെല്ലാര്‍ക്കും. കണ്ണിലെ നിസ്സംഗഭാവം നേരിടാനാകുന്നില്ല.  വര്‍ഷങ്ങള്‍ക്ക് ശേഷം കൂടപ്പിറപ്പിനെ കാണുന്നതിന്റെ അതിശയമോ ഈര്‍ഷ്യയോ ഒന്നും ആ മുഖത്തില്ല. അതോ താനീ കസേരയില് കാലങ്ങളായി കെടപ്പുണ്ടായിരുന്നോ..? അലഞ്ഞ് വിഴുപ്പുകൂടിയ മരവിപ്പുകളുടെ ഭാണ്ഡം പോലെ.

  ഇരുട്ടുപരന്നപ്പോഴേക്കും ഉറക്കത്തിലായ ഗ്രാമം. അങ്ങിങ്ങ് മിന്നിക്കാണുന്ന ഇലക്ട്രിക് ബള്‍ബുകളില്‍ നാട്ടിനൊരു അപരിചിത ഭാവം.  കുളിമുറിയില്‍ വെള്ളത്തിനു ചൂടു പാകമാക്കി.  എത്രയോ നീരൊഴുക്കുകളറിഞ്ഞ ദേഹം.  എന്നിട്ടും വീടിന്റെ ശീലങ്ങള്‍ ! കരിന്തിരി കത്തും പോലെ മങ്ങിക്കത്തുന്ന ബള്‍ബിന്റെ കാരുണ്യത്തില്‍ വെള്ളം കോരി. ചരിഞ്ഞ പറമ്പില്‍ നിന്ന് കെട്ടിയുയര്‍ത്തിയ ആള്‍മറ കാലപ്പഴക്കത്തില്‍ വിണ്ടുപോയിരിക്കുന്നു.  കുളിമുറിയുടെ നിലത്തോളം അകന്നിരിക്കുന്ന വിടവ്.

  ഓട്ടുകരണ്ടിയിലുണ്ടാക്കിയ കായയുപ്പേരി, ചുട്ട പപ്പടം, മോര് ..ഇപ്പോഴും തന്റെ നാവിന്റെ രുചി ഇതൊക്കെത്തന്നെയാണോ..!

  രാത്രിവണ്ടിക്ക് വരുന്ന വീട്ടുകാരനു കൂടിയാണ് ഈ സദ്യ. “ഇവര്ടച്ഛന്ന് ടൌണില് ഹോട്ടലിലാ പണി. രണ്ടാഴ്ച്ച കൂടുമ്പോഴാ വരുന്നത്. ഇന്നെത്തും.  നാളെ വിഷുവല്ലേ. “

  “മുട്ട് ഇടണ്ട. പൊലര്‍ച്ചെ കണി കാണാന്‍ ഇറങ്ങണ്ടതാ.’ മുകളിലേക്ക് ഏണിപ്പടികള്‍ കയറുമ്പോ അമ്മയാണോ താഴെ നിന്ന് പറയുന്നത്.. മുഴുവനായി നിവരാത്ത പായയില്‍ കാലു നീട്ടിയിരുന്ന് പുകച്ചുരുളുകളെ  ജനലഴികള്‍ക്കിടയിലൂടെ പറഞ്ഞുവിട്ടു.

ഇതുപോലൊരു രാത്രിയിലാണ് കരുണേട്ടനുമായി ഇടയേണ്ടി വന്നത്. കൂട്ടുകാരന്റെ അനിയത്തിയെ സ്നേഹിക്കുന്നത് പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുന്നതിനേക്കാള്‍ വലിയ തെറ്റായിട്ടാണ് അന്ന് തോന്നിയിരുന്നത്.  അറിഞ്ഞപ്പോ ചതി എന്നേ തോന്നിയുള്ളു. റേഷന്‍ കടയ്ക്ക് മുന്നിലന്ന് ഒരുപാട് തിരക്കുണ്ടായിരുന്നു. ഒരൊറ്റ മനസ്സ് പോലെ നടന്നവനെയാണ് തല്ലിയിടേണ്ടി വന്നത്.   നാട് മുഴുവന്‍ കാഴ്ച്ചക്കാരായ ആ സന്ധ്യയ്ക്ക് ശേഷം എങ്ങോട്ടെങ്കിലും പോയാ മാത്രം മതിയെന്നായി.  നാടിനും വീടിനും കൊള്ളാത്തവന് ഏത് നേരവും ഒരുപോലെ.  അമ്മയെക്കണ്ട് ഇറങ്ങാനാണ് അകത്ത് കയറിയത്. കട്ടിലിനടിയിലെ പലകപ്പെട്ടിയില്‍ നിന്ന് അമ്മയുടെ കാതിലെ തക്കയിലൊന്ന് എടുത്തത് മുന്‍പേ തീരുമാനിച്ചിട്ടൊന്നുമല്ല.

 പുലരുവോളം ചിത്രങ്ങള്‍ നിറഞ്ഞ തിരശ്ശീലയായിരുന്നു മനസ്സ്.
“കുഞ്ഞേട്ടാ..വാ.. മെല്ലെ..കണ്ണ് തുറക്കല്ലേ..”
കാതങ്ങള്‍ ഒരൊറ്റ വിളിയാലെ  അരികിലായി.  പടികള്‍ പിടിച്ച് ഇറങ്ങിച്ചെന്നത്  അമ്മയുടെ കമ്മലൊരുക്കിയ കണിയിലേക്കാണ്.  ഒറ്റത്തക്കയുടെ തിളക്കം. തൂങ്ങുന്ന കാതിന്റെ തണുപ്പ്. കണിപ്പലകയില്‍ ചമ്രം പടിഞ്ഞിരുന്ന്  രഘു ഓരോന്നായി എണ്ണാന്‍ തുടങ്ങി..ചക്ക,മാങ്ങ,തേങ്ങ,വെള്ളരിക്ക..കൊന്നപ്പൂ .പഞ്ചങ്ങളഞ്ചും..

8 comments:

  1. ഇറങ്ങിയ വര്‍ഷങ്ങളെണ്ണി തിരിച്ചുകയറുമ്പോള്‍ കാലുകള്‍ക്ക് ഭാരം കൂടിയതുപോലെ.

    nannayi... touching lines
    congrats

    ReplyDelete
  2. നല്ല കഥ. ഇഷ്ടപ്പെട്ടു. കഥ പറഞ്ഞ ശൈലി കൊള്ളാം. വര്‍ഷങ്ങള്‍ക്കു ശേഷം മടങ്ങിയെത്തിയവന്റെ ഉള്ളിലെ നീറ്റല്‍ അനുഭവമാകുന്നു. അഭിനന്ദനം..

    ReplyDelete
  3. കൊള്ളാം.
    ഓർമ്മകൾ...
    നീറ്റലുകൾ...

    ReplyDelete
  4. കഥ ഇഷ്ട്ടായി..!
    രണ്ടു വട്ടം വായിക്കേണ്ടിവന്നു ബന്ധങ്ങളുടെ കുരുക്കഴിക്കാന്‍..!
    ആഖ്യാനം അല്‍പ്പംകൂടി ലളിതമാക്കിയാല്‍ ഒറ്റവായനയില്‍ ഒതുക്കാം..!
    ഇനിയും എഴുതുക..
    ഒത്തിരി ആശംസകള്‍..!

    ReplyDelete
  5. ഒരു നല്ല എഴുത്തിനുള്ള ആശംസകൾ എത്ര നൽകാൻ പറ്റുവോ അത്രയും തന്നിരിക്കുന്നു.

    ReplyDelete
  6. വളരെ നന്നായിടുണ്ട്. എങ്കിലും കുരുക്കുകള്‍ കുറച്ചുകൂടി അഴിക്കാമായിരുന്നു. വല്ലപ്പോഴും ഈ വഴിയും വരുമല്ലോ http://www.swapnajaalakam.com

    ReplyDelete
  7. nalla kadha....................bandhangalum snehavum.....nostalgic.......

    ReplyDelete
  8. നല്ല ഭാഷ .
    ഒരു എം.ടി. കഥ വായിച്ച സുഖം.

    ReplyDelete