Tuesday, November 16, 2010

സമയതീരത്ത്

എന്തുകൊണ്ടിങ്ങനെ...

നീയതാലോചിച്ചിട്ടുണ്ടോ..?
ഒന്നും കരുതിയപോലെ അല്ല ! !
എന്നെങ്കിലുമൊരിക്കല്‍ കണ്ടുമുട്ടുമ്പോല്‍ നിന്‍റെ ഒരു നോക്കില്‍ വിടരുമെന്നു താലോലിച്ച പുളകത്തിന്‍ പൂക്കള്‍ ,
പൊയ്പ്പോയ ശിശിരത്തിനൊന്നും കൈമോശം വരാതെ കാത്തുവച്ച പരിഭവപത്രങ്ങള്‍ ‍...

നിന്‍റെ ഉള്ളിലും അങ്ങനെ ചിലതില്ലെ ..?!

എന്നിട്ടും ,
സമാഗമത്തിന്റെ നെഞ്ചിപ്പിടിപ്പുകള്‍ കവിളിലൊരു പൂക്കളം തീര്‍ത്തില്ല;
കണ്ണുകളിടഞ്ഞ് മിഴി ദൂരങ്ങള്‍ക്കിടയില്‍ നാണത്തിന്റെ ചെമ്പകങ്ങള്‍ പൂത്തില്ല.
കാഴ്ചകളില്‍ പണ്ടെന്ന പോലെ ശരീരം ഒരു വിറയലില്‍ ചാറ്റല്‍ മഴയിളിലകിയില്ല
മനസ്സിന്‍റെ കാണാചില്ലകളുലഞ്ഞില്ല; .

നീയും,

വിയര്‍പ്പണിഞ്ഞില്ല.

കണ്ണാലെന്നെയുഴിഞ്ഞില്ല.
നിശ്വാസങ്ങളാലെന്നെ പൊള്ളിച്ചില്ല.

ഉച്ച ,ഉച്ചിയില്‍ പതിവു വെയിലായിത്തന്നെ നിന്നു.
നിന്‍റെ ഒപ്പം എത്താന്‍ നടത്തത്തിന്റെ കൊടുമുടിയില്‍ ഞാന്‍ മാത്രം കിതച്ചു .

കരിമ്പാറക്കെട്ടുകളില്‍ പതം വന്ന കാലടികള്‍ നെയ്പ്പുല്ലിന്‍ നാമ്പുകള്‍ ഞെരിച്ചു..
മഞ്ഞപ്പുള്ളിയിട്ടൊരു തുമ്പിപ്പെണ്ണ് നിന്റെ , പിന്നെ എന്‍റെ കാതോരം വന്നു മടങ്ങി.

എന്നോടൊന്നും പറയാതെ ...

തണുത്തുറഞ്ഞ ഐസ്ക്രീമില്‍ മേശപകുത്തിരുന്ന് ,നമ്മള്‍ തെല്ലിട, രണ്ടു ശീത പാളികളായി നീണ്ട നിശ്വാസം പങ്കു വെച്ചു

എന്റെ മോന്റെ പനിയും നിന്റെ പെണ്ണിന്റെ ശാഠ്യവും മൌനത്തിന്റെ ഇടവേളകളില്‍ നമുക്ക് കൂട്ടായി
അലര്‍ജി ചികിത്സയില്‍ മിടുക്കനായ ഡോക്ടറുടെ വിലാസം എനിക്കും ,.
എന്റെ ഫോണ്‍ നമ്പര്‍ നിനക്കും ...

സംസാരിക്കുമ്പോളനങ്ങുന്ന നിന്റെ ഇടതു ചെന്നിയിലെ നീല ഞരമ്പിലേക്ക് അറിയാതുയര്‍ന്ന കൈ പലതായിപറന്ന മുടിയിഴകളൊതുക്കാനായി പറഞ്ഞയച്ച് ഞാനടക്കം കാട്ടി . ഐസ് പരലുകള്‍ വരിയിട്ട ചൊടികളിലേക്ക് നീങ്ങുന്ന
വിരല്‍ത്തുമ്പിനെ ചില്ലുപാത്രത്തിന്റെ മരവിപ്പിലേക്ക് നീയും..

ആ നേരങ്ങളില്‍ സത്യമായും ഞാനോര്‍ത്തത് ഫ്രിഡ്ജില്‍ വെക്കാന്‍ മറന്നുപോയ അരിമാവു
തന്നെയാണ്..ഇടക്കിടെ വിറച്ച ഫോണിനോട് നീ “ദാ ഇറങ്ങി “ എന്ന് ചിലമ്പിക്കൊണ്ടിരുന്നു..
എനിക്കോ നിനക്കോ തിടുക്കമേറെയെന്നു തിരക്കുന്ന നെടുവീര്‍പ്പുകള്‍ ‍....

തിരികെ ,
ഒരുമിച്ചുള്ള യാത്രയില്‍ ഓര്‍ക്കാന്‍ ,അലയാന്‍ ഒരുപാട് ഓര്‍മ്മകളുണ്ടായിരുന്നിട്ടും ഞാന്‍ തളര്‍ന്നുറങ്ങി.
നീയപ്പോ എന്തു ചെയ്തു? മുന്നില്‍ തുറന്നിരുന്ന മാഗസിനില്‍ ‍...?

അറിഞ്ഞിട്ടും തട്ടിയെറിഞ്ഞകന്ന്..
പതിമൂന്നു വര്‍ഷം...
ഒരിക്കല്‍‌പ്പോലും നീ എന്നെ ഓര്‍ത്തിരുന്നില്ലേ..?
മുനയൊടിഞ്ഞ ചോദ്യശരങ്ങള്‍ ആവനാഴിയില്‍ ഒതുങ്ങിക്കിടന്നു.
ട്രയിനിന്റെ താളത്തിനൊത്ത് പരസ്പരം അനങ്ങിയുരുമ്മി എന്നിട്ടും നമ്മളെന്താണ് കുലുക്കിയുണര്‍ത്താനാഞ്ഞത്?

കുടഞ്ഞെടുത്തിട്ടും പിടഞ്ഞകന്നത്?

മടക്കിപ്പിടിച്ച മാഗസിന്‍ കൊണ്ട് എന്നെ തട്ടിയുണര്‍ത്തി നീ പോകാനൊരുങ്ങി.

ഇനി രണ്ടു വഴി..

“ഇതു വച്ചോ...ഇതേ തരാനുള്ളു..”

ഒരു ഞൊടിയിലെപ്പോഴോ നിന്റെ കണ്‍കോണില്‍ കുസൃതി.
ചുരുട്ടിപ്പിടിച്ച ഒരു തുണ്ടു കടലാസ് എന്റെ നേര്‍ക്ക് നീട്ടി.

പിജി ക്ലാസ്സില്‍ നോട്ടിനുള്ളില്‍ തിരുകിയ കുറിമാനം ഞാനോര്‍ത്തു..

“പെണ്ണേ ..,എന്റെ വാരിയെല്ല് നിന്റട്ത്തുണ്ടോ..?”

ഓര്‍മ്മയിലിത്തവണ ഞാനൊന്നുലഞ്ഞു.സമ്മതിക്കുന്നു.
വിറയ്ക്കുന്ന വിരലുകള്‍ നിവര്‍ത്തുന്ന വെള്ളച്ചുരുള്‍..


നീ പൂരിപ്പിച്ചു..

“:ടിക്കറ്റ് ചെക്കിങ്ങിനു വരുമ്പോ കൊടുത്തേക്ക്....”

പതിവു പോലെ ,

നമ്മളിക്കുറിയും വാഗ്ദാനമൊന്നും നല്‍കിയില്ല.

26 comments:

  1. നല്ല ഒഴുക്കോടെ കഥ പറഞ്ഞു... മനോഹരമായ അവതരണം.

    ReplyDelete
  2. നന്നായിട്ടുണ്ട് ..ടീച്ചറിന്റെ കഥകളില്‍ കാവ്യഭംഗിയാണ് ദര്ശിയ്ക്കാന്‍ കഴിയുക .നല്ല ഭാഷ .എവിടെയോ ഒരു നൊമ്പരം കോറിയിടുന്നു വായിച്ചപ്പോള്‍ .ആശംസകള്‍....

    ReplyDelete
  3. ടീച്ചര്‍ കവിത എഴുതണം ,
    അതാണ്‌ നല്ലത്.....

    ReplyDelete
  4. oru kavitha vayikunna bhangiyanu thonniyath

    ReplyDelete
  5. മുനയൊടിഞ്ഞ ചോദ്യശരങ്ങള്‍ ആവനാഴിയില്‍ ഒതുങ്ങിക്കിടന്നു

    പെണ്ണേ ..,എന്റെ വാരിയെല്ല് നിന്റട്ത്തുണ്ടോ..?

    ശക്തമായ വരികള്‍.
    ഭാവുകങ്ങള്‍.

    ReplyDelete
  6. നല്ല വായനാ സുഖം തന്ന എഴുത്ത്
    പിന്നെ പലരും പറഞ്ഞ പോലെ ഒരു കവിത ......
    വരികളിലുടെ ഇറങ്ങി വരുമ്പോള്‍ പലപ്പോഴും
    മനസ്സില്‍ തോന്നി ഒരു കവിത നിറഞ്ഞു നില്‍ക്കുന്നല്ലോ എന്ന്
    ഇഷ്ട്ടമായി ...തുടരുക ....ഭാവുകങ്ങള്‍

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ഈ പ്രണയമറിഞ്ഞവര്‍ക്കെല്ലാം നന്ദി..
    ജയിംസ് സണ്ണി പാറ്റൂര്‍
    ചിന്നവീടര്‍
    രാജേഷ്
    ശ്രീ
    ബൈജു
    ജൈന്‍
    റാംജി
    പ്രവാസം..ഷാജി രഘുവരന്‍
    ഹരിപ്രിയ
    .............നന്ദി.

    ReplyDelete
  9. നന്നായിരിക്കുന്നു ടീച്ചര്‍ .............

    ReplyDelete
  10. തണുത്തുറഞ്ഞ ഐസ്ക്രീമില്‍ മേശപകുത്തിരുന്ന് ,നമ്മള്‍ തെല്ലിട, രണ്ടു ശീത പാളികളായി നീണ്ട നിശ്വാസം പങ്കു വെച്ചു...
    വായിച്ചു കഴിയുന്നത് വരെയും ഒരു കവിത എന്ന് തന്നെയാണ് കരുതിയത്‌...ഇത് കഥയായിരുന്നെങ്കില്‍ ഇനി കവിത മാത്രം എഴുതുക...

    ReplyDelete
  11. നല്ലൊരു കവിതയെ കഥയായി കളഞ്ഞു കുളിച്ചുട്ടോ.....
    നല്ല വരികള്‍..!

    ReplyDelete
  12. കാവ്യഭംഗിയുള്ള ഈ കഥയെനിക്കിഷ്ടായി...

    ReplyDelete
  13. മഞ്ഞപ്പുള്ളിയിട്ടൊരു തുമ്പിപ്പെണ്ണ് നിന്റെ , പിന്നെ എന്‍റെ കാതോരം വന്നു മടങ്ങി.

    എന്നോടൊന്നും പറയാതെ ...

    :)

    ReplyDelete
  14. മനോഹരമായിരിക്കുന്നു!
    ഇത് ശരിക്കും അനുഭവിച്ചറിഞ്ഞയാളാണ് ഞാനും!
    കണ്ടപ്പോൾ ഒന്നും പറയാനുണ്ടായിരുന്നില്ല...!

    ReplyDelete
  15. കവിത, അങ്ങനെയാ തോന്നിയത്, വായനാസുഖമുള്ളതായി.

    ReplyDelete